23 Feb 2013

ഭാരം നഷ്ടപ്പെടുന്നവര്‍

വിനോദ് 
മേഘക്കീറുകള്‍ക്കിടയിലൂടെ വെയില്‍നാളങ്ങള്‍ തിരി നീട്ടുന്നുണ്ട്. ദിവസങ്ങളായി മാനം തോരാതെ കണ്ണീരുപൊഴിച്ചു നില്ക്കുകയായിരുന്നു. ഇന്നിത്തിരി തെളിഞ്ഞിരിയ്ക്കുന്നു.
കള്ളക്കര്‍ക്കിടകമാണ്.
കര്‍ക്കിടകത്തില്‍ പത്ത് വെയിലെന്നാണ്.
“അച്ഛനും മക്കളുമായിട്ടിതെങ്ങോട്ടാ……..”
അമ്മയുടെ പിന്‍വിളി കേള്‍ക്കാതെന്നവണ്ണം കുട്ടികള്‍ നടന്നു. നീന്തല്‍ പഠിപ്പിയ്ക്കാമെന്ന് അച്ഛന്‍ വാക്കുകൊടുത്തതില്‍പ്പിന്നെ അവര്‍ വലിയ ആവേശത്തിലായിരുന്നു. മഴയൊന്നു തോര്‍ന്നു കിട്ടാന്‍ കുട്ടികള്‍ ആവത് പ്രാര്‍ത്ഥിച്ചിരുന്നു.
മഴക്കാലമാകുമ്പോള്‍ പാടവും തോടുകളുമെല്ലാമൊന്നായി കടല്‍ പോലെ പരന്ന് അനന്തതിയിലെയ്ക്ക് നീണ്ടുകിടക്കും. നീന്താന്‍ നല്ല രസമായിരിയ്ക്കും. ദൂരെ തെക്കന്‍തുരുത്ത് ഒരു പച്ച പൊട്ടുപോലെ കാണാം.
“ദേ മരുന്നു കഴിച്ചിട്ട് പൊയ്ക്കോളൂട്ടോ……”
നല്ല പകുതി വീണ്ടും അയാളെ ഓര്‍മ്മപ്പെടുത്തി.
മരുന്നെന്നു കേള്‍ക്കുന്നതുതന്നെ അയാള്‍ക്ക് കലിയാണ്. ഹൃദയവഴികളില്‍ തടസ്സങ്ങള്‍ നീങ്ങുവാനായി അയാള്‍ ഗുളികകള്‍ വാരി വിഴുങ്ങുവാന്‍ തുടങ്ങിയിട്ട് അനവധി നാളായി. നാസാരന്ധ്രങ്ങളിലെപ്പോഴും മരുന്നിന്റെ മണമാണ്.
മരുന്നിന് മരണത്തിന്റെ മനം മടുപ്പിയ്ക്കുന്ന ഗന്ധമാകുന്നു.
മരണം!
മരണത്തിനപ്പുറത്തെ ലോകത്തേക്കുറിച്ച് അയാളോര്‍ക്കുന്നു.
ശരീരമില്ലാത്തരുടെ ലോകം.
ഭാഷയില്ലാത്തവരുടെ, അല്ലെങ്കില്‍ ഭാഷ വേണ്ടാത്തവരുടെ ലോകം.
ഉറ്റവരോട് സംവദിയ്ക്കാന്‍ ഭാഷയില്ലാത്തവര്‍, ശബ്ദമില്ലാത്തവര്‍….
കുട്ടികള്‍ ഒരുപാട് മുന്നോട്ടു നടന്നിരുന്നു. അയാള്‍ തെല്ലതൃപ്തിയോടെ ഗുളികകള്‍ വാങ്ങി വിഴുങ്ങി, വെള്ളം കുടിച്ചെന്നു വരുത്തി.
“വയ്യായ്കണ്ടെന്ന വിചാരണ്ടായ്ക്കോട്ടെ……”
ചെറിയൊരു ഉപദേശത്തിന്റെ ഉപ്പേരി കൂടെ വിളമ്പി നല്ല പകുതി അടുക്കളയിലേയ്ക്ക് വലിഞ്ഞു.
മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പത്ത് ഒരു കാക്ക വന്നിരുന്ന് അക്ഷമയോടെ നീട്ടി വിളിച്ചു. വിരുന്നുകാരുണ്ടെന്നു തോന്നുന്നു. അയാള്‍ വേഗത്തില്‍ പടികളിറങ്ങി.
അപ്പഴേയ്ക്കും വെട്ടുവഴിയിലെ മഴക്കുഴികളില്‍ കാലിട്ടലമ്പി ഉണ്ണിക്കുട്ടനും അമ്മുവും വളവ് തിരിഞ്ഞു കഴിഞ്ഞിരുന്നു. ഉണ്ണിക്കുട്ടനാണ് ധൃതി കൂടുതല്‍. അവന്‍ അഞ്ചാം തരത്തില്‍ പഠിയ്ക്കുന്നു. അവന്റെ ക്ലാസ്സില്‍ ആര്‍ക്കും നീന്തലറിയില്ല. അമ്മുവിന്റെ ക്ലാസ്സില്‍ ആരും നീന്തലെന്ന് കേട്ടിട്ടുപോലുമില്ല. മണ്ണും വെള്ളവും ചളിയും വെള്ളക്കെട്ടുകളും പായലും പോളപ്പുല്ലുകളും ഒന്നും കാണാതെ കുട്ടികള്‍ വളരുന്നു.
ഗ്രാമത്തിനുചുറ്റും തോടുകളും വെള്ളക്കെട്ടുകളുമാണ്. കുട്ടികള്‍ നീന്തലറിയേണ്ടിയിരിയ്ക്കുന്നു. അപകടം പതിയിരിയ്ക്കുന്നതെവിടെയെന്നറിയില്ല. ജീവിതക്കടല്‍ നീന്തി കര പറ്റുവാന്‍ അവരെ എന്തെല്ലാം അഭ്യാസങ്ങള്‍ പഠിപ്പിയ്ക്കണം!
ചിന്തകള്‍ അയാളുടെ നടത്തത്തിന്റെ വേഗതകുറച്ചുവോ! അപ്പഴേയ്ക്കും കുട്ടികള്‍ കണ്‍വെട്ടത്തുനിന്നും മറഞ്ഞിരുന്നു.
കുട്ടികള്‍ വേഗത്തില്‍ സഞ്ചരിയ്ക്കുന്നു. അവരെ സ്വപ്നങ്ങള്‍ മാത്രം നയിയ്ക്കുന്നു. മുതിര്‍ന്നവര്‍ സ്വപ്നങ്ങള്‍ മറന്ന് ജീവിതത്തിന്റെ കെട്ടുമാറാപ്പും പേറി നിന്ന് കിതയ്ക്കുന്നു.
ഒപ്പമെത്തുന്നില്ല.
വളവു് തിരിഞ്ഞപ്പോഴേയ്ക്കും വല്ലാതെ കിതച്ചുപോയിരുന്നു അയാള്‍.
ഹൃദയം വല്ലാതെ മിടിയ്ക്കുന്നുവോ ?
അച്ഛന്‍ ഒപ്പമെത്താനായി വഴിയോരത്തെ പൂമരച്ചോട്ടില്‍ രണ്ടുപേരും കാത്തുനില്പുണ്ടായിരുന്നു. ആങ്ങളയും പെങ്ങളും കൂട്ടുകാരേപ്പോലെയാണ്. മൂത്തവന്‍ ഉണ്ണിക്കുട്ടന്‍. അവനെപ്പഴും അമ്മുവുമായി കന്നംകടിച്ചുകൊണ്ടിരിയ്ക്കും. കാണാതിരിയ്ക്കാനും വയ്യ. കാണുമ്പോള്‍ കന്നംകടിയ്ക്കാതിരിയ്ക്കാനും വയ്യ. സ്നേഹത്തിന്റെ ഓരോ രീതികള്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങി അമ്മു ചോദിച്ചു.
“ഇന്നു തന്നെ അക്കരയ്ക്ക് നീന്താന്‍ പറ്റ്വോ……?”
“മിടുക്ക്യാണെങ്കില്…….”
അങ്ങേ കൈയ്യില്‍ ഉണ്ണിക്കുട്ടനും തൂങ്ങി.
“നിയ്ക്ക് പറ്റ്വോ……..?”
“പിന്നെന്താ സംശയം…… രണ്ടാളും മിടുക്കരല്ലേ ?”
അപ്പഴേയ്ക്കും ചാറ്റല്‍ മഴ ചിണുങ്ങാന്‍ തുടങ്ങി.
“മഴ പെയ്യണ് ണ്ടല്ലോ കുട്ട്യോളെ………”
കുട്ടികളുടെ ഉത്സാഹം കണ്ടിട്ട് തിരിച്ചു നടക്കാന്‍ തോന്നിയില്ല. പാലത്തിന് മുകളിലൂടെ അവര്‍ നടന്നു. പാലത്തിന്റെ കൈവരികളില്‍ കാക്ക വന്നിരുന്ന് അക്ഷമനായ ഏതോ വിരുന്നുകാരന്റെ വരവറിയിച്ചു് വീണ്ടും കരഞ്ഞു.
പാലത്തിനപ്പുറം പുഞ്ചക്കണ്ടങ്ങളാണ്. പുഞ്ചക്കണ്ടങ്ങളും തോടുകളും കരകവിഞ്ഞ് ഒന്നായി ഒരു മഹാസാഗരം പോലെ മുന്നില്‍ നീണ്ടുകിടന്നു. അങ്ങേക്കര തൊട്ടു കിടക്കുന്ന നീല ജലാശയം നോക്കി ഒരല്പം നിന്നു അവര്‍. ആഫ്രിക്കന്‍ പായലിന്റെ തുണ്ടുകള്‍ അങ്ങിങ്ങ് ഒഴുകിനടക്കുന്നുണ്ട്. പോളപ്പുല്ലുകള്‍ ഒറ്റയ്ക്കും തറ്റയ്ക്കും തലപൊക്കിത്തുടങ്ങിയിരുന്നു. നേര്‍ത്ത മഴത്തുള്ളികള്‍ ജലപ്പരപ്പിനെ തൊട്ട് ഇക്കിളി കൂട്ടുന്നു.
“അച്ഛനെ ആരാ നീന്താന്‍ പഠിപ്പിച്ചത് ?”
അമ്മുവിന്റെ സംശയം.
“എന്റെ അച്ഛന്‍……..”
മുകളിലത്തെ കല്പടവില്‍ വസ്ത്രങ്ങളഴിച്ചുവച്ച് തോര്‍ത്തുമുണ്ടു് ചുറ്റി അവര്‍ കല്‍പ്പടവുകളിറങ്ങി. ഒപ്പം കുട്ടികളും. നേര്‍ത്ത ചാറ്റല്‍മഴയും ശീതക്കാറ്റും അവര്‍ക്ക് കളിരുപകര്‍ന്നു.
കല്‍പ്പടവുകളിറങ്ങുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നുവോ!
“അച്ഛാ, ഞാനാദ്യം…….”
ഉണ്ണിക്കുട്ടന്‍ തയ്യാറായിനിന്നു.
“ഞാനാദ്യം…….”
തണുത്തുവിറയ്ക്കുന്നുണ്ടെങ്കിലും അമ്മുവും ചിണുങ്ങി.
“നമ്മള്‍ക്കൊരു കാര്യം ചെയ്യാം, അകം പുറം നോക്കാം. അകം വീണാല്‍ അമ്മു, പുറം വീണാല്‍ ഉണ്ണിക്കുട്ടന്‍”
രണ്ടാള്‍ക്കും സമ്മതം.
വീണത് അകം.
അമ്മുവിന്റെ ഊഴം.
ഉണ്ണിക്കുട്ടന്റെ മുഖം തെല്ലൊന്നു വാടിയോ!
തണുത്ത ജലപ്പരപ്പിലേയ്ക്കിറങ്ങിയപ്പോള്‍ അമ്മുവിന് വിറയലും ഇക്കിളിയും. അവളുടെ കോമളമായ മുഖം ചിരിച്ചുലഞ്ഞു. അച്ഛന്റെ കൈത്തണ്ടയില്‍ കിടന്ന് അവള്‍ കൈകാലിട്ടടിച്ചു നീന്തി, തൊട്ടിലില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞിനെപ്പോലെ.
ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം………..
കരയ്ക്കലിരുന്ന് ഉണ്ണിക്കുട്ടന്‍ തിടുക്കം കൂട്ടി.
“അച്ഛാ, നി ഞാന്‍ ……….”
അടുത്തത് ഉണ്ണിക്കുട്ടന്റെ ഊഴമായിരുന്നു. കര്‍ക്കിടകത്തിലെ തണുത്ത തെളിനീരിന്റെ തലോടലേറ്റപ്പോള്‍ ഉണ്ണിക്കുട്ടനും ഇക്കിളികൊണ്ടു, ചിരിച്ചുലഞ്ഞു….. മേക്കരയിരുന്ന് അമ്മു കൈകൊട്ടി.
അച്ഛന്‍ അവനെ വട്ടം ചുഴറ്റി.
അപ്പഴേയ്ക്കും അമ്മുവിന് തിടുക്കം.
“നി ഞാന്‍……”
ഊഴമിട്ട് നീന്തി സമയം പോയതറിഞ്ഞില്ല. അയാള്‍ നന്നേ കിതച്ചുപോയിരുന്നു.
“മതി മക്കളേ, ഇനി അടുത്ത ദിവസമാവാം……”
ഉണ്ണിക്കുട്ടന്റെ തല തുവര്‍ത്തിക്കോടുക്കുമ്പോള്‍ അവന്‍ മുഖം കറുപ്പിച്ചുകാണിച്ചു.
അവര്‍ക്ക് മതിയായിട്ടില്ല.
ദൂരെ കാക്കാത്തിരുത്തു വരെ നീന്തണമവര്‍ക്ക്.
രണ്ടുപേരെയും തലതുവര്‍ത്തി കല്‍പ്പടവുകളില്‍ കയറ്റിയിരുത്തി.
“അച്ഛനിനി മുങ്ങാംകുഴിയിട്ട് കാണിച്ചുതരാം…..രണ്ടാളും ഇവിടിരുന്ന് കണ്ടോളൂ ”
അയാള്‍ ജലപ്പരപ്പിന്റെ ആഴങ്ങളിലേയ്ക്കൂളിയിട്ടു.
കരയിലിരുന്ന് കുട്ടികള്‍ അത്ഭുതം കൂറി. അച്ഛന്‍ എത്രസമയമാണ് വെള്ളത്തനടിയില്‍ ശ്വാസം വിടാതെ…….. അവര്‍ അച്ഛനെ പ്രോത്സാഹിപ്പിച്ചു.
ഒന്ന്, രണ്ട്, മൂന്ന്…….
നൂറ്, നൂറ്റൊന്ന്……
ഹൃദയം അതിന്റെ മിടിപ്പിന് താളം കൂട്ടിയിരുന്നെങ്കിലും അയാള്‍ നീന്തി. എത്ര കാലമായി ഇങ്ങനെ കൈകാലിട്ടടിച്ചിട്ട്! മധുരതരമായ കുട്ടിക്കാലത്തേയ്ക്കൂളിയിട്ടപ്പോള്‍ അമ്മത്തൊട്ടിലില്‍ കിടന്നാടുന്നപോലെത്തോന്നി അയാള്‍ക്ക്. എല്ലാമൊരു മിന്നായം പോലെ മനസ്സിമേയ്ക്കോടിയെത്തുന്നു. കൂട്ടുകാരോടൊത്ത് അക്കരയിക്കരെ നീന്തിക്കളിച്ചത്, പാലത്തിനുമുകളില്‍ നിന്നും കൂപ്പുകുത്തിയത്, മുങ്ങാംകുഴിയിട്ടു മത്സരിച്ചത്, എല്ലാമെല്ലാം…..
ആഴങ്ങളിലേയ്ക്ക് ഊളിയിട്ടപ്പോള്‍ നെഞ്ചിനകത്ത് എന്തോ ഒരു കനം പോലെ തോന്നി. എന്തോ വിങ്ങി നില്ക്കുന്നപോലെ.
ഹൃദയമിടിപ്പിന്റെ വേഗതതേറുന്നുവോ ?
അതോ തനിയ്ക്ക് തോന്നിയതാണോ?
അല്ല, ഹൃദയത്തിനുതാഴെ ആരോ സൂചികള്‍ കുത്തിക്കയറ്റുന്നു.
അമ്മേ………..
വേദന.
മതി, ഇനി തിരിച്ചൂളിയിടാം.
പക്ഷേ, കണ്ണിലിരുട്ടുകേറുന്നുവോ!
ഒന്നും കാണുന്നില്ലല്ലോ!
ഉണ്ണിക്കുട്ടാ……… അമ്മൂ………..
ശബ്ദമില്ലാതെ അയാള്‍ വിളിച്ചു.
വേദനകൊണ്ടയാള്‍ ആഴങ്ങളില്‍ ചുരുണ്ടുകൂടി.
കൈകാലുകള്‍ ആരോ വലിഞ്ഞുകെട്ടിയപോലെ……..
തനിയ്ക്കെല്ലാം നഷ്ടമാവുകയാണോ, ഈ ശരീരം തന്നെയും?
ദിക്കറിയാതെ, അയാള്‍ തുഴഞ്ഞു.
തുഴയാന്‍ കൈകളെവിടെ, കാലുകളെവിടെ………
കരയെവിടെ?
ഉണ്ണിക്കുട്ടാ….. അമ്മൂ……..
ശ്വാസം തൊണ്ടയില്‍ ത്തന്നെ കുരുങ്ങിക്കിടന്നു.
ഇല്ല, അയാള്‍ക്കൊന്നിനും കഴിയുന്നില്ല.
പിന്നെ എപ്പഴൊക്കെയോ തന്റെ ഭാരങ്ങളെല്ലാം ഒഴിഞ്ഞു പോകുന്നതറിഞ്ഞു അയാള്‍.
കൈകാലുകളുടെ…….
ശരീരത്തിന്റെ………
സ്വപ്നങ്ങളുടെ……….
ഇപ്പോള്‍ അയാള്‍ ഭാരമില്ലാത്തവന്‍, സര്‍വ്വതന്ത്രസ്വതന്ത്രന്‍. ചിന്തകള്‍ക്കൊപ്പം പറക്കാം. കെട്ടുപാടുകളില്ലാതെ അനന്തതയുടെ അറ്റങ്ങളിലേയ്ക്ക് ഒഴുകിനടക്കാം.
അയാള്‍ കുട്ടികളെയോര്‍ത്തു.
എന്റെ കുട്ടികള്‍! നല്ല പകുതി! ജീവിതപ്പടവുകളില്‍ ഞാന്‍ ഒറ്റയ്ക്കാക്കിപ്പോന്നവര്‍ !
അയാള്‍ കല്പടവില്‍ പറന്നുവന്നിരുന്നു. അരികില്‍ ഉണ്ണിക്കുട്ടനും അമ്മുവും ഇരുന്ന് കരഞ്ഞു.
അവര്‍ എണ്ണിത്തളര്‍ന്നിരുന്നു.
അച്ഛന്‍ വരാത്തതെന്തേ ?
അച്ഛാ……..
അവര്‍ എങ്ങലടിച്ചു.
അച്ഛനൊന്നൂല്ല്യ…… ഞാനിവിടുണ്ട് മക്കളേ…….. നിങ്ങളുടെ അരികെത്തന്നെ…..
വിളി കേള്‍ക്കാനാവുന്നില്ല. ശബ്ദം എവിടെയൊക്കെയോ കുരുങ്ങിക്കിടക്കുന്നു. കുട്ടികളെ ആശ്വസിപ്പിയ്ക്കാന്‍ അയാള്‍ കൈകള്‍ നീട്ടി. തൊടുമ്പോള്‍ ശരീരങ്ങള്‍ വഴുതിവഴുതിപ്പോകുന്നു. ഇല്ല, അയാള്‍ക്കൊന്നിനും കഴിയുന്നില്ല.
അയാള്‍ ചുറ്റും നോക്കി. ആരൊക്കെയോ ഓടിവരുന്നുണ്ട്. അവര്‍ കുട്ടികളോടെന്തൊക്കെയോ തിരക്കുന്നു. ചിലര്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടുന്നുണ്ട്. നിശ്ശബ്ദചിത്രങ്ങള്‍ പോലെ എല്ലാം അയള്‍ക്കുമുന്നിലൂടെ ഒഴുകി.
ശരീരം നഷ്ടപ്പെട്ട, ശബ്ദം നഷ്ടപ്പെട്ട, സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട ആ ലോകത്ത് ഒന്നും ചെയ്യുവാനില്ലാതെ അയാള്‍ നിന്നു.
പിന്നെന്തോ ഒര്‍ത്തിട്ടെന്നപോലെ അയാള്‍ കിഴക്കോട്ട് പറന്നു. വീട്ടില്‍ നല്ലപകുതി തിരക്കിലായിരുന്നു. അച്ഛനും മക്കള്‍ക്കും ദോശ ചുട്ടെടുക്കുകയായിരുന്നു അവള്‍.
മുറ്റത്തെ മൂവാണ്ടന്‍മാവിന്റെ കൊമ്പത്തിരുന്നു കരയാന്‍ കാക്കയില്ലായിരുന്നു.


/90046#ixzz2LWmw8xnk

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...