
അബ്ദുല്ലത്തീഫ് നീലേശ്വരം
1) ബദൽ മാർഗം
ഒരു മകൻ പിറന്നതോടെ സന്താന നിയന്ത്രണ മാർഗം അയാൾ സ്വീകരിച്ചു. കൂടുതൽ മക്കളെ
ആഗ്രഹിച്ച ഭാര്യ സങ്കടപ്പെട്ടു.
പെട്രോളിന് വില ഏറിയപ്പോൾ അയാൾ തന്റെ ഇരുചക്ര വാഹനം വിറ്റു. യാത്രയ്ക്കായി
ബസ് തിരഞ്ഞെടുത്തു.
സാമ്പത്തിക പ്രതിസന്ധിയിൽ പ്പെട്ട് കമ്പനി അയാളുടെ ശമ്പളം വെട്ടിക്കുറച്ചതോടെ
തീൻ വിഭവങ്ങളിലെ മെനുവിൽ മാറ്റം വരുത്തി അയാൾ പ്രശ്നം പരിഹരിച്ചു.
അയാളുടെ പടിപടിയായ പ്രവൃത്തിയിൽ ഭാര്യയും മകനും പ്രതിഷേധിച്ചു കൊണ്ടിരുന്നു.
അപ്രതീക്ഷിതമായി വിദേശമദ്യത്തിന് വിലയേറി. മദ്യപാനിയായ അയാൾ തന്റെ സങ്കടം
ഭാര്യയുമായി പങ്കു വെച്ചു. അവർ അയാളെ നോക്കി പൊട്ടിച്ചിരിച്ചു. “ചേട്ടൻ വിഷമിക്കുന്നതെന്തിനാണ്? അതിനും ഒരു മാർഗം തെളിയാതിരിക്കുകയില്ല.”
അയാൾ പതിവിലധികം മദ്യം അകത്താക്കി സന്തോഷത്തോടെ വീടണഞ്ഞു. പൂട്ടിയ വീടിന്റെ
വാതിലിന്റെ കൊളുത്തിൽ അയാളെ എതിരേറ്റത് ഒരു കത്തായിരുന്നു. അയാൾ കത്തു തുറന്നു. “ഇനി ഞങ്ങളേയും വെട്ടിക്കുറച്ചോളൂ”.
2) ദിശാബോധം
പ്രാർഥനാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ജനം തങ്ങളുടെ ദുഷ്ചെയ്തികൾ
ദേവാലയത്തിന് പുറത്ത് ഉപേക്ഷിച്ച് പശ്ചാതാപ വിവശരായി അകത്ത് കടന്നു. പ്രാർഥനാ
ഹാളിലെ പുരോഹിതന്റെ നീണ്ട പ്രഭാഷണങ്ങൾക്കൊടുവിൽ പുറത്തു കടന്ന ജനം
തങ്ങളുപേക്ഷിച്ചതെല്ലാം തിരിച്ചെടുത്ത ശേഷം അവർ പഴയ പടി ജീവിതത്തിലേക്ക് മടങ്ങി. .