22 Feb 2013

ഒന്നാം ഭാഷയും ക്ലാസിക്‌ പദവിയും









കെ. വാസുദേവൻ

മാതൃഭാഷയിലൂടെ അദ്ധ്യയനം നടത്തുമ്പോഴാണ്‌ വിദ്യാഭ്യാസത്തിന്‌ പൂർണ്ണത ലഭിക്കുന്നത്‌. ഈ മഹത്തായ സത്യം ലോകം മുഴുവൻ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാൽ ഇൻഡ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ മാതൃഭാഷ അദ്ധ്യയനമാദ്ധ്യമം അല്ലാതാകുന്ന തലതിരിഞ്ഞ അവസ്ഥ നിലവിലുണ്ട്‌. ഈ തലതിരിവ്‌ ഇൻഡ്യയിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന സാംസ്ക്കാരിക അധിനിവേശവുമായി ബന്ധപ്പെട്ടതാണ്‌. ഗാന്ധിജി സ്വതന്ത്രഭാരതത്തെ സ്വപ്നം കണ്ടത്‌ വേറൊരു തരത്തിലായിരുന്നു. അദ്ദേഹം ബോധനഭാഷയെക്കുറിച്ച്‌ എഴുതിയത്‌ ഇങ്ങനെ.
?'തങ്ങളുടേതല്ലാത്ത ഒരു ഭാഷയിൽ ബോധനം സ്വീകരിയ്ക്കുന്ന ഒരു രാജ്യത്തെ കുട്ടികൾ ആത്മഹത്യയാണു ചെയ്യുന്നതെന്ന്‌ എനിയ്ക്കുറപ്പുണ്ട്‌. അത്‌ അവരുടെ ജന്മാവകാശത്തെ അപഹരിയ്ക്കലാണ്‌. ഒരു വൈദേശികാദ്ധ്യയന ഭാഷ ചെറുപ്പക്കാരുടെ മേൽ അനാവശ്യമായ ഭാരം ചുമത്തുന്നു. അവരുടെ നൈസർഗിക സിദ്ധികളെ അപഹരിയ്ക്കുന്നു. വളർച്ച മുരടിയ്ക്കുന്നു. അവർ സ്വന്തം വീട്ടിലും, നാട്ടിലും അന്യരായി മാറുന്നു.'
വിദ്യാഭ്യാസം മാതൃഭാഷയിലൂടെയാണ്‌ നേടേണ്ടതെന്ന തത്വത്തിൽ ഗാന്ധിജിയ്ക്ക്‌ ലേശം പോലും സന്ദേഹമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം എന്ന പദം കൊണ്ട്‌ രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമായിരുന്നില്ല ഗാന്ധിജി ലക്ഷ്യം വച്ചതു. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടുകിടന്ന ഒരു ജനതയുടെ നാനാവിധത്തിലുള്ള പരാധീനതകളിൽ നിന്നുള്ള മോചനം  കൂടി ആയിരുന്നു. ചിലർ സ്വാതന്ത്ര്യത്തെ അധികാര കൈമാറ്റത്തിൽ ഒതുക്കാനോ ലഘൂകരിക്കാനോ ശ്രമിച്ചിരിയ്ക്കാം. (അക്കൂട്ടരാണ്‌ വിജയം കണ്ടതെന്ന്‌ പിൽക്കാലസ്വതന്ത്ര ഭാരതചരിത്രം വെളിപ്പെടുത്തുന്നു). അധികാരകൈമാറ്റത്തോടെ എല്ലാം ആയി അല്ലെങ്കിൽ ആകും എന്ന്‌ അവർ മൂഢമായി വിശ്വസിച്ചിരിയ്ക്കണം. എന്നാൽ ഗാന്ധിജി അങ്ങനെ ആയിരുന്നില്ല. സാംസ്ക്കാരികമായ നവോത്ഥാന
മുന്നേറ്റം, സാമ്പത്തിക അരാജകത്വത്തിൽ നിന്നുള്ള പടിപടിയായ മോചനം, വിവേകാനന്ദൻ അരക്കിട്ടുറപ്പിയ്ക്കാൻ ശ്രമിച്ചതുപോലെ ആത്മീയശക്തി വിശേഷം തുടിയ്ക്കുന്ന ഒരു നവ ഭാരതം. പക്ഷേ, ഗാന്ധിജി മൺമറഞ്ഞതോടെ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും, സ്വപ്നങ്ങളും, പ്രായോഗികകർമ്മപദ്ധതികളും അപ്രത്യക്ഷമായി.
ഇന്നു നാം അതിഭയങ്കരമായൊരു ദുരന്തത്തിന്റെ വക്കിലാണെത്തി നിൽക്കുന്നത്‌. പ്രത്യേകിച്ചും കേരളത്തിലെ അവസ്ഥ അതീവ ഗുരുതരമായിരിക്കുന്നു.  ഒരു വിദേശ ഭാഷ നമ്മുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുകയും കീഴടക്കുകയും ചെയ്തിരിയ്ക്കുന്നു. മെക്കാളെ പ്രഭു അദ്ദേഹത്തിന്റെ മാതാവിന്‌ എഴുതി : ഞാൻ ഇൻഡ്യയിൽ പുതിയൊരു വിദ്യാഭ്യാസപദ്ധതി നടപ്പാക്കുകയാണ്‌. അത്‌ പൂർണ്ണ തോതിൽ നടപ്പാക്കപ്പെട്ടു കഴിഞ്ഞാൽ നമ്മൾ ബ്രിട്ടീഷുകാർ ഇൻഡ്യ വിട്ടാലും ഇൻഡ്യൻ ജനത നമ്മുടെ അടിമകളായി തുടരുക തന്നെ ചെയ്യും. ഞാൻ നടപ്പാക്കുന്ന ഇംഗ്ലീഷ്‌ വിദ്യാഭ്യാസം അവരുടെ തലച്ചോറിനേയും നാഡീഞ്ഞരമ്പുകളേയും മരവിപ്പിയ്ക്കുന്നതും അതിനെ മറ്റൊന്നാക്കി തീർക്കുന്നതുമാണ്‌.
ഇന്നു നാം ചുറ്റുപാടും കണ്ണുകൾ അയയ്ക്കുമ്പോൾ മെക്കാളേയുടെ വാക്കുകൾ എത്രമാത്രം അർത്ഥഗ്രാഹിയാണ്‌ എന്ന്‌ വ്യക്തമാകുന്നു. കേരളത്തിൽ മാതൃഭാഷയെ അദ്ധ്യയനമാദ്ധ്യമം എന്ന നിലയിൽ നിന്നും പടിയിറക്കി വിടുക മാത്രമല്ല, ഒന്നാം ഭാഷ അല്ലാതാക്കിത്തീർക്കുകയും ചെയ്തു. മാതൃഭാഷ പഠിയ്ക്കാതെ ഒരു കുട്ടിയ്ക്ക്‌ പത്താം ക്ലാസ്‌ പാസാകാൻ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രം (കേരളത്തിലെ രക്ഷാകർത്താക്കൾക്ക്‌ ഇതിലൊരു വേവലാതിയുമില്ലെന്നതാണ്‌ വലിയ തമാശ). ഈയൊരു അവസ്ഥാന്തരത്തിന്‌ ആരാണ്‌ ഉത്തരവാദികൾ? ഭരണ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം തന്നെ. ഇംഗ്ലീഷ്‌ പക്ഷപാതികളായ ഉദ്യോഗസ്ഥരും, അവരുടെ ചിന്തയ്ക്കും ചലനത്തിനും അപ്പുറം ചലിയ്ക്കാൻ കെൽപില്ലാത്ത മന്ത്രിമാരും 'ദീപസ്തംഭം മഹാശ്ചര്യം.....' എന്ന മട്ടിലാണിവരിൽ പലരും.
നമ്മുടെ മാതൃഭാഷയും സംസ്ക്കാരവും എത്രമാത്രം അധഃപതനത്തിലും, ഗതികേടിലുമാണ്‌ ചെന്നു പെട്ടിരിയ്ക്കുന്നതെന്ന്‌ തിരിച്ചറിയണമങ്കിൽ അക്ബർ കക്കട്ടിൽ എന്ന മഹാസാഹിത്യകാരന്റെ തിരുമൊഴികൾ പരിശോധിച്ചാൽ മതി. ആധുനിക മലയാളഭാഷയുടെ മാതാവ്‌  രഞ്ജിനി ഹരിദാസാണത്രേ!.... ഭാഷാപിതാവായ എഴുത്തച്ഛന്റെ മേൽ വാരിയെറിഞ്ഞ ചെളിക്കൂമ്പാരമാണീ വാക്കുകൾ. നമ്മുടെ മാതൃഭാഷയുടെ രൂപനിർണയം നടത്തുന്നത്‌ കൂലിയ്ക്കു നിയോഗിയ്ക്കപ്പെട്ട, എട്ടുംപൊട്ടും തിരിയാത്ത ഒരു  പാവം ചാനൽ അവതാരകയാണെന്നു പറയുന്നതിനേക്കാൾ ലജ്ജാകരമായി എന്തുണ്ട്‌ (പത്രത്തിൽ വായിച്ചതാണ്‌. അദ്ദേഹം നിഷേധിയ്ക്കുമോ എന്നറിയില്ല.)
അതിന്‌ സമാനമായ ചില ആശയപ്രചരണങ്ങൾ ഡോ. പ്രബോധചന്ദ്രൻനായരെപ്പോലെയുള്ളവർ കിളിപ്പാട്ടു മാസികയിലൂടെയും, ഇതര ഭാഷാമാദ്ധ്യമങ്ങളിലൂടെയും നടത്തുന്നുണ്ട്‌ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. മാതൃഭാഷയിലെ വാക്യങ്ങൾ ഇംഗ്ലീഷ്‌ പദമിശ്രിതമായിരിയ്ക്കണം എന്നാണദ്ദേഹത്തെപ്പോലെയുള്ളവർ പറഞ്ഞുവയ്ക്കുന്ന ആശയത്തിന്റെ ഉള്ളടക്കം. തനതു മലയാള
പദങ്ങൾ നിർലോപം നിരാകരിയ്ക്കയും പകരം ആംഗലേയ പദാവലികൾ സ്ഥാനത്തും അസ്ഥാനത്തും തിരുകികയറ്റുകയും ചെയ്യുന്ന ഏർപ്പാടാണത്‌. അതിനെ ആധുനിക മലയാളഭാഷാ വികസനം എന്നാണ്‌ നിർവ്വചിച്ചിരിയ്ക്കുന്നത്‌. പല രാജ്യങ്ങളിലും നിരവധി തദ്ദേശഭാഷകൾ അങ്ങനെ വികസിച്ചിട്ടുണ്ടെന്നും അവർ നമ്മെ വിശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു. അങ്ങനെ മാതൃഭാഷയുടെ വൻ മുന്നേറ്റം സ്വപ്നം കാണുന്ന ഈ മഹാന്മാർ കേരള വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ മലയാളത്തിന്‌ അടിച്ചുതളിക്കാരിയുടെ സ്ഥാനമാണ്‌ കൽപിച്ചുനൽകിയിരിയ്ക്കുന്നതെന്ന അപമാനം എന്തേ കാണുന്നില്ല. അറിയുന്നില്ല. ഭാഷാഭിമാനം ഒരു മോശമായ സംഗതിയില്ല. അതു മനസ്സിലാക്കണമെങ്കിൽ തൊട്ടയൽദേശമായ തമിഴ്‌നാടു വരെ പോയാൽ മതി. അമ്മ ആരായാലും, എങ്ങനെയുള്ള അവസ്ഥകളിൽപ്പെട്ടവളായാലും അമ്മ തന്നെയാണ്‌. സ്വന്തം അമ്മയെ മോശക്കാരിയായി കാണുന്നത്‌ ഒരു അധമ ചിത്തവൃത്തിയാണ്‌. കേരളത്തിൽ മാതൃഭാഷയോടു പുലർത്തുന്ന മനോഭാവം മറ്റൊന്നല്ല.

മാതൃഭാഷയെ അവഗണിയ്ക്കുന്ന ഒരു പൊതു വിദ്യാഭ്യാസം ഇന്ന്‌ ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഉള്ളൂ എന്ന്‌ പറഞ്ഞുവല്ലോ. അത്‌ വാസ്തവത്തിൽ ലജ്ജാകരമായൊരു അവസ്ഥ തന്നെയാണ്‌. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിയ്ക്കുന്ന കേരളത്തിൽ ഇതെങ്ങനെ സംഭവിച്ചു? നമ്മുടെ കുട്ടികൾ മാതൃഭാഷ പഠിയ്ക്കേണ്ട എന്നു ചിന്തിച്ച അധമചിത്തർ ഈ നാടിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ എങ്ങനെ കടന്നുകൂടി? കഴിഞ്ഞ സർക്കാർ അതിന്റെ അവസാനഘട്ടത്തിൽ, മാതൃഭാഷാസ്നേഹികൾ നടത്തിയ മുറവിളിയുടേയും, കൂട്ടസമരത്തിന്റേയും ഫലമായി മുഖ്യമന്ത്രി അച്യുതാനന്ദൻ  മുൻകൈയെടുത്ത്‌ മലയാളത്തിന്‌ ഒന്നാം ഭാഷാപദവി നൽകി ഉത്തരവിറക്കി. പിന്നെ സർക്കാർ മാറിവന്നു. ഉത്തരവ്‌ ഫയലിൽ വിശ്രമിയ്ക്കുന്നു. വിദ്യാഭ്യാസ മന്ത്രി തുടക്കത്തിലേ പ്രസ്താവനയിറക്കി മലയാളത്തിന്‌ കൽപിച്ചുനൽകിയിട്ടുള്ള ഒന്നാംഭാഷാപദവി ഈ വർഷം നടപ്പാക്കുന്നതല്ല. മാതൃഭാഷാ ദ്രോഹികൾ അടയിരിയ്ക്കുന്നത്‌ എവിടെയാണെന്ന്‌ അതോടെ വെളിപ്പെട്ടു. ഇക്കാലമത്രയും മാതൃഭാഷ അവഗണിയ്ക്കപ്പെട്ടതിന്റെ കാരണവും വ്യക്തമായി. കഴിഞ്ഞ നാൽപത്തിയഞ്ചു വർഷക്കാലമായി തുടർച്ചയായി വിദ്യാഭ്യാസ വകുപ്പ്‌  ഭരിയ്ക്കുന്നത്‌ ന്യൂനപക്ഷ സമുദായക്കാരാണ്‌ എന്നത്‌ വിരൽ ചൂണ്ടപ്പെടുന്ന അവസ്ഥയിൽ നിലനിൽക്കുന്നു.  വാരിയെടുക്കാൻ ചാകര ഏറെയുള്ളതുകൊണ്ടാവണമല്ലോ അക്കൂട്ടർ ഈ വകുപ്പ്‌ വിടാതെ കൊണ്ടുനടക്കുന്നത്‌. ഈ ആരോപണം ഉന്നയിക്കുമ്പോൾ ഭൂരിപക്ഷ വർഗീയതയുടെ വെളിപാടായി തരംതാഴ്ത്തിയും, അധിക്ഷേപിച്ചും രക്ഷപെടാൻ ശ്രമിയ്ക്കേണ്ടതില്ല. സത്യം ധീരമായി വെളിപ്പെടുത്തേണ്ടുന്ന ഒരു സംഗതിയാണ്‌.
ശരിയാണ്‌, ഇക്കൂട്ടർ നമ്മുടെ പൊതുവിദ്യാഭ്യാസത്തെ എങ്ങനെയൊക്കെ താറുമാറാക്കി എന്നത്‌ പരിശോധിപ്പിയ്ക്കപ്പെടുക തന്നെ വേണം. സൗജന്യവിദ്യാഭ്യാസം (അത്‌ വിദ്യാർത്ഥികൾ സമരം ചെയ്തു നേടിയതാണ്‌) നിലനിന്നിരുന്ന ഒരു രാജ്യത്ത്‌ ഇന്ന്‌ ഭാരിച്ച ചെലവുള്ളൊരു സംഗതിയാക്കി മാറ്റി (ഒരു സ്കൂളിലെ എൽ.കെ.ജി. ക്ലാസ്സിൽ പ്രവേശനം കിട്ടാൻ പതിനായിരം രൂപ മുൻകൂർ നൽകണമത്രേ) അങ്ങനെ വിദ്യാഭ്യാസം ലാഭമുള്ള കച്ചവടമാക്കിത്തീർത്തു. ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളും സി.ബി.എസ്സ്‌.സി. സ്കൂളുകളും കൊണ്ട്‌ നാടു നിറഞ്ഞു. സമ്പന്നന്മാരുടെ മക്കൾ അങ്ങോട്ടു ചേക്കേറി. സർക്കാർ-എയ്ഡഡ്‌ സ്കൂളുകൾ പാവങ്ങളുടെ മക്കൾ പഠിയ്ക്കുന്ന പള്ളിക്കൂടങ്ങളും (അവ അടച്ചുപൂട്ടലിന്റെ ഭീഷണിയിലും). ഉള്ളവൻ, ഇല്ലാത്തവൻ എന്ന വേർതിരിവ്‌ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച ജനദ്രോഹികൾ ഇന്നും ഇവിടെ താക്കോൽ സ്ഥാനങ്ങളിൽ തുടരുന്നു, മാതൃഭാഷയുടെ അന്തകരായിതന്നെ.

വിചിത്രമെന്നു പറയട്ടെ, ഇവർ തന്നെയാണ്‌ മലയാളഭാഷയ്ക്ക്‌ ക്ലാസ്സിക്കൽ പദവി വേണമെന്ന്‌ അഹോരാത്രം മുറവിളി കൂട്ടുന്നത്‌, ഉച്ചത്തിൽ വിളിച്ചുകൂവുന്നത്‌. അതിനായി അസത്യവസ്തുതകൾ കുത്തിനിറച്ച റിപ്പോർട്ടുഭാണ്ഡങ്ങൾ ധൃതിപിടിച്ച്‌ കൈമാറുന്നു. കേന്ദ്രസർക്കാരിൽ അത്യുത്സാഹത്തോടെ സ്വാധീനം ചെലുത്താൻ ശ്രമിയ്ക്കുന്നു. സാംസ്ക്കാരിക നായകന്മാർ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കുന്നു. ഇതൊരു വിരോധാഭാസമായി തോന്നാം. ശരിയാണ്‌. ക്ലാസ്സിക്കൽ പദവിയിലൂടെ ലഭിയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നൂറുകോടി രൂപ ഒരു പ്രലോഭന വസ്തുവാണ്‌. വകമാറ്റി ചെലവഴിക്കാൻ കിട്ടുന്ന അമൂല്യധനം. ക്ലാസിക്കൽ പദവിയുള്ള മലയാളത്തിന്റെ ഒന്നാം ഭാഷാപദവി അപ്പോഴും സർക്കാരിന്റെ ചവറ്റുകൊട്ടയിൽ കിടക്കും എന്ന്‌ ആർക്കാണറിയാൻ പാടില്ലാത്തത്‌. 'അരക്കള്ളൻ മുക്കാക്കള്ളൻ' എന്നൊരു സിനിമ പണ്ട്‌ കേരളത്തിൽ നിറഞ്ഞ സദസ്സുകളിൽ ഓടിയിരുന്നു. ആ സിനിമയെ അനുസ്മരിച്ചു പോകയാണീ സന്ദർഭത്തിൽ.









എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...