നിലാവിന്റെ വഴി

ശ്രീപാർവ്വതി 

ഭക്തിയും പ്രണയവും തമ്മിലെന്ത്...എന്താണ്, ഭക്തി... എന്താണ്, പ്രണയം.പേരു കേള്‍ക്കുമ്പോള്‍ രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള അനുഭവങ്ങള്‍ എന്ന് പറയാം. ഭക്തിയേ കുറിച്ച് പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്, ഗീതയില്‍ ഇങ്ങനെ, ഭഗവാന്‍ പറയുന്നു 
"സൂര്യന്‍, അഗ്നി, ബ്രാഹ്മണര്‍, പശുക്കള്‍, വിഷ്ണുഭക്തര്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്‌ എന്നല്ല, എല്ലാ ജീവജാലങ്ങളും എന്നെ ഭക്തിസാധനയിലൂടെ പ്രാപിക്കാനുതകുന്ന ഉപാധികളത്രെ. ശരിയായ മാര്‍ഗ്ഗങ്ങളാല്‍ ഈ ഉപാധികളിലൂടെ എന്നെ പൂജിക്കുക. ആത്മസാക്ഷാത്കാരത്തിലേക്ക്‌ എന്നോടുളള ഭക്തിയല്ലാതെ മറ്റൊരു രാജപാതയുമില്ല തന്നെ. "കടപ്പാട് ശ്രേയസ്സ്
"ഈശ്വരനോടുള്ള പരമപ്രേമമാണ്, ഭക്തിയെന്ന്" നാരദമഹര്‍ഷി.
ഭക്തിയുടെ ഭാവങ്ങളുണ്ട്, ചെയ്യേണ്ട രീതികളുണ്ട്, പക്ഷേ എന്താണ്, ആ അനുഭവമെന്ന് എഴുതിവയ്ക്കപ്പെട്ടത് എവിടെ കിട്ടും?
എഴുത്തിന്‍റേയും അക്ഷരങ്ങളുടേയും അപ്പുറത്തു നില്‍ക്കുന്ന അനുഭൂതി വിശേഷമാണ്, അത് എന്ന് പറയേണ്ടി വരും.

എന്താണ്, പ്രണയം?
പ്രണയത്തെ കുറിച്ച് എഴുതി നിറയ്ക്കാത്ത കവികളില്ല, പാട്ടുകാരില്ല. 
"ഈടാര്‍ന്നുവായ്ക്കുമനുരാഗ നദിയ്ക്കു വിഘ്നം കൂടാത്തൊരൊഴുക്കനവുവദിക്കുകയില്ല ദൈവം"
എന്ന് ചങ്ങമ്പുഴ പാടിയതും പ്രണയത്തിന്‍റെ അവസ്ഥകളെ കുറിച്ച്. "നിങ്ങള്‍ പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒച്ച താഴ്ത്തി സംസാരിക്കൂ" എന്ന് ഷേക്സ്പിയര്‍ പറഞ്ഞതും പ്രണയത്തിന്‍റെ നിലനില്‍പ്പിനെ കുറിച്ച്. എന്താണ്, അതു തരുന്ന മാനസികമായ അവസ്ഥ?

ഭക്തിയും പ്രണയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഇതു രണ്ടിന്‍റേയും അനുഭവതലങ്ങളില്‍ രണ്ടും തമ്മില്‍ വല്ലാത്തൊരു കൈകോര്‍ക്കലുണ്ട്. കാണുന്ന അവസ്ഥകള്‍ക്കുമപ്പുറം അനുഭവത്തിന്‍റെ തലത്തിലെത്തുമ്പോള്‍ ഭക്തിയും പ്രണയവും ഒന്നായി തീരുന്നു.

എന്താണ്, പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്? ഒരു നിറഞ്ഞു കവിയല്‍ , തുളുമ്പിപ്പോകുന്ന ഹൃദയത്തെ നിയന്ത്രിക്കാനാകാതെ വിങ്ങുന്ന ആത്മാവ്, ചുറ്റുപാടും മുന്നിലില്ലാതെ ഉള്ളിലുള്ള ഒന്നിലേയ്ക്കു മാത്രമുള്ള ശ്രദ്ധ, ചായ് വ്,അലിവ്, ഉള്ളില്‍ ഉറവ പൊട്ടുന്ന അഗാധമായ കാരുണ്യം. ഇത് പ്രണയത്തിന്‍റെ മാത്രം നിര്‍വ്വചനമാണോ? 
തീര്‍ച്ചയായും ഭക്തിയെ കുറിച്ചു പറയുമ്പോഴും ഈ അനുഭവങ്ങളില്‍ കൂടി കടന്നു പോകേണ്ടി വരും.
സജ്ജനങ്ങളുമായി ഇടപെടുമ്പോഴും അവരുമായി സംസാരിക്കുമ്പോഴും ,ഇഷ്ടദേവന്‍റെ മുന്നിലെത്തുമ്പോഴും പലപ്പോഴും ഒരു തിര തള്ളല്‍ ഉള്ളില്‍ ഉണ്ടാകാറില്ലേ? പലപ്പോഴും നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുടെ പിന്നില്‍ കാരണം ഉണ്ടാകാറില്ല. ആനന്ദത്തിന്‍റെ പരകോടിയില്‍ സ്വയം ഉരുകി ചേരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമാണ്. അതിനി പ്രണയത്തിലായാലും ഭക്തിയില്‍ ആയാലും.

പല്പ്പോഴും രതിയേയും ആത്മീയതേയും തുല്യപ്പെടുത്തി പറയാറുണ്ട്. പല യോഗികളും ആത്മീയതയുടെ ഉന്‍മാദ അവസ്ഥയില്‍ രതിയില്‍ ഏര്‍പ്പെടുമ്പോഴെന്ന പോലെ അവസ്ഥയില്‍ എത്താറുണ്ട്. പലപ്പോഴും കാരണമില്ലാതെ നിയന്ത്രിക്കാനാകാതെ കരയുകയും ചിരിക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ തന്നെ ലൈംഗിക മൂര്‍ദ്ധന്യാവസ്ഥയിലും സംഭവിക്കുന്നു. ഭക്തിയുടേയും പ്രണയത്തിന്‍റേയും തലം അതുകൊണ്ടു തന്നെ വളരെ നേര്‍ത്തതാണ്. സ്വാര്‍ത്ഥതയിലൂന്നിയുള്ള പ്രണയം എന്ന അവസ്ഥയെ തിരികെ പ്രതീക്ഷിക്കാതെയുള്ള ആത്മീയതയിലേയ്ക്കു പരിവര്‍ത്തനം ചെയ്താല്‍ ഭക്തിയായി. അത് ഒരു തലം മാത്രമാണ്, ആ അവസ്ഥയ്ക്കു മാത്രമേയുള്ളൂ മാറ്റം. ബോധത്തിനു മാത്രമേയുള്ളൂ മാറ്റം. അനുഭവം തികച്ചും ഒന്നാണ്.

പ്രണയത്തിന്‍റെ ആനന്ദവും തുളുമ്പി വീഴലും അനുഭവിക്കാത്തവര്‍ കുറവാണ്, പക്ഷേ ഭക്തിയുടെ ആനന്ദവും നിറയലും എത്ര പേര്, അനുഭവിച്ചിട്ടുണ്ട്? 

ചുറ്റുമുള്ള ലോകത്തെ ഓര്‍ത്ത് പലപ്പോഴും ഞാന്‍ വികാരങ്ങളില്ലാതെ ഇരുന്നിട്ടുണ്ട്. വളരെ പെട്ടെന്നു തന്നെ ഒരു തരി വെളിച്ചത്തില്‍ മതി മറന്നിട്ടുണ്ട്. ചിലപ്പോള്‍ പ്രണയത്തിന്‍റെ മഹാനദിയിലേയ്ക്ക് എടുത്തു ചാടിയിട്ടുണ്ട്, കൈകാലിട്ടടിച്ച് നിലവിളിച്ചിട്ടുണ്ട്. കണ്ണുമൂടി പോകുന്ന വെളുത്ത പുക എന്നെ മറച്ചിട്ടുണ്ട്. പിന്നീട് ഒന്നുമില്ലായ്മയുടെ പടുകുഴിയില്‍ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്. പലപ്പോഴും അഗാധമായ പ്രേമത്തിന്‍റെ തിരയിളക്കത്തില്‍ ഉരുകി വീണിട്ടുണ്ട്, മറ്റു ചിലപ്പോള്‍ പ്രണയത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ കടന്നു പോയ ചില നിമിഷങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു. ഭക്തിയുടെ കൊടുമുടിക്കെട്ട്, വീര്‍ത്തു പൊട്ടിയ ഹൃദയം ,നിറയുന്ന കണ്ണുകള്‍ ...
ഇതാണു ഭക്തിയെങ്കില്‍ പ്രണയത്തിലും ഭക്തിയിലും വീണ്, നിലവിളിച്ച എനിക്ക്, അതിന്‍റെ ആനന്ദമറിഞ്ഞ എനിക്കു മുന്നില്‍ ഇനി മറ്റു സ്വര്‍ഗ്ഗങ്ങളില്ല. ഒരു ആത്മബലിയ്ക്കു സമയമായോ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ