26 Mar 2013

തുലാഭാരം


ശിവപ്രസാദ്‌ താനൂർ

അയാൾ ജോലികഴിഞ്ഞ്‌ വീട്ടിലെത്തിയതു തന്നെ ഏറെ വൈകിയാണ്‌. ഒന്നു കുളിച്ചെന്നു വരുത്തി നേരെ കിടയ്ക്കയിലേയ്ക്ക്‌ ചായുമ്പോഴാണ്‌ ഭാര്യയുടെ കിളിമൊഴി.
 "... ഉറങ്ങാൻ വരട്ടെ. അതേയ്‌, ഞാനും പകല്‌ മുഴുവനും ജോലി ചെയ്ത്‌ ക്ഷീണിച്ചതു തന്നെയാ. നിങ്ങളുടെ അമ്മ ഓരോ വേലകളൊപ്പിച്ച്‌ വെയ്ക്കുന്നതു നമ്മുടെ കാലക്കേടിനാ.......... ഇനി അത്‌ നിറവേറ്റിയില്ലെങ്കിലോ ?. ശ്ശ്യോ.......... ! എനിക്ക്‌ ആലോചിക്കുമ്പോൾ തന്നെ ആധി കയറുകയാ........."
" നീ എന്തിന്റെ കാര്യമാ ഈ അർദ്ധരാത്രിയിൽ പുലമ്പുന്നത്‌ ?. അവിടെ കിടന്നുറങ്ങാൻ നോക്ക്‌. ഒരു സ്വൈരവുമില്ലാന്നു വെച്ചാൽ ......." 
അയാൾക്ക്‌  ശുണ്ഠി കയറി. വാമഭാഗത്തിന്റെ വദനം ദേഷ്യവും സങ്കടവും കൊണ്ട്‌ തുടുത്തു. അവൾ ഒന്നു മുരണ്ട്‌ തല വെട്ടി തിരിഞ്ഞ്‌ കിടന്നു.
ഭാര്യയുടെ സങ്കടം അയാൾക്ക്‌ സഹിക്കാൻ കഴിയുന്നതല്ല. പോരെങ്കിൽ അവളും ഈ വീട്ടിലേക്ക്‌ അവളാൽ കഴിയുന്നത്‌ സമ്പാദിക്കുന്നുണ്ട്‌.
പതുക്കെ അടുത്തുകൂടി അയാൾ ചോദിച്ചു  "പറയ്‌ ............എന്താ പ്രശ്നം" ?.
പ്രിയതമ അൽപം നീരസത്തോടെ മൊഴിഞ്ഞു:
" അതേയ്‌ ............... നമ്മുടെ മൂത്ത മകനെ പ്രസവിക്കാൻ ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ ഒരു നേർച്ച നേർന്നത്രേ. നമുക്ക്‌ ആൺകുഞ്ഞ്‌ പിറന്നാൽ അവനെ ഗുരുവായൂരിൽ കൊണ്ടു പോയി തുലാഭാരം നടത്താം എന്ന്‌. ഇപ്പോഴവൻ നാലാം ക്ലാസിലായി. ഇളയത്‌ രണ്ടിലും. അമ്മ ഈ വിവരം ഉണർത്തിക്കുന്നത്‌ ഇപ്പോഴാ"
സ്വതവേ പിശുക്കനും തൻകാര്യ പ്രസക്തനുമായ അയാൾ ഒന്നു നടുങ്ങി.
" ആട്ടെ അമ്മ എന്തു കൊണ്ടാണ്‌ തുലാഭാരം നടത്താൻ നേർന്നിട്ടുള്ളത്‌ ?."
ആ ചോദ്യത്തിൽ പരിഭ്രമം മുഴുവൻ നിഴലിച്ചു നിന്നു.
"പൂവൻ പഴം "
നല്ലപകുതി ഒഴുക്കൻ മട്ടിൽ ഉരുവിട്ടു.
" ഗുരുവായൂരപ്പാ, അമ്മ സ്വർണ്ണം കൊണ്ടോ മറ്റോ നേർന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ."!
വർത്തമാന ജീവിതത്തിലെ പരുക്കൻ സ്വഭാവമുള്ള അയാളുടെ ആത്മരോഷം ജ്വലിച്ചു. തള്ളയുടെ ഒരു കാര്യം അങ്ങ്‌ നേർന്നാൽ  മതി. കാശിയിലേക്കോ രാമേശ്വരത്തേക്കോ ഗുരുവായൂർക്കോ........ എവിടെ വേണമെങ്കിലും ആവാം. നേരാനോ, ഓരോ കാരണങ്ങളും. പൂവൻപഴത്തിനു പൊള്ളുന്ന വിലയാ.  ഈ തുലാഭാരം കഴിച്ച വഴിപാടു സാധനം നമുക്കു തരുമോ ?.അതുമില്ല ആദ്യത്തെയാൾ തൂങ്ങിയ പഴം കൊണ്ടു തന്നെ നാട്ടുകാരെ മുഴുവൻ തൂക്കുന്ന ഒരുതരം അടവ്‌. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഓരോ പ്രക്രിയ! അല്ല........ ആരും വിളിച്ച്‌ ചെയ്യിക്കുന്നതല്ലല്ലോ. സ്വയം കാട്ടിക്കൂട്ടുന്ന ഭക്തിപ്രകടനമല്ലേ. അനുഭവിക്ക തന്നെ....... തള്ളയിത്‌ നേരത്തെ പറഞ്ഞിരുന്നെങ്കിൽ സൽപുത്രന്റെ ആറാം മാസത്തിൽ  ചോറൂണ്‌ കഴിഞ്ഞയുടനെ വഴിപാട്‌ നടത്തമായിരുന്നു. അന്നാണെങ്കിൽ നാലോ അഞ്ചോ കിലോ പഴം മതി. ഇപ്പോൾ പുത്രന്റ വയസ്സ്‌ ഒൻപത്‌. തൂക്കം മുപ്പത്‌. മുപ്പത്‌ കിലോ പൂവൻപഴമേ....... അയാളുടെ ക്ഷീണം കൂടി!
ഉറക്കം ആവിയുമായി.
കാര്യം അവതരിപ്പിച്ചു കഴിഞ്ഞതോടെ ഭാര്യ നല്ല ഉറക്കമായി കൂർക്കംവലിയുടെ ചെറു ശബ്ദം മുറിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അമ്മൂമ്മയും  പേരക്കുട്ടികളും അടുത്ത മുറിയിൽ കെട്ടിപ്പിടിച്ചു കിടന്നു, കൂർക്കം വലിക്കാതെ.
രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ്‌  മുറ്റത്ത്‌ ചിതറിക്കിടന്ന  പത്രവുമെടുത്ത്‌ തിരിഞ്ഞു നോക്കുമ്പോൾ അമ്മ കള്ളച്ചിരിയുമായി നിൽക്കുന്നു.
" അവള്‌ നിന്നോട്‌ കാര്യങ്ങളൊക്കെ ഇന്നലെ രാത്രി പറഞ്ഞുവല്ലേ.  നിന്റെ പ്രാരബ്ദങ്ങളൊക്കെ കഴിഞ്ഞ്‌ ഇത്‌ പറയാം എന്നു കരുതിയാണ്‌ ഇത്ര വൈകിയത്‌. നോക്കുമ്പോൾ പ്രാരാബ്ദം ഒഴിഞ്ഞിട്ട്‌ ഇത്‌ നടക്കും എന്ന്‌ തോന്നണില്ല്യ. പറ്റുമെങ്കിൽ ഈ ആഴ്ച തന്നെ നമുക്ക്‌ ഗുരുവായൂരിൽ പോണം. മോനെ, നീ മറിച്ചൊന്നും പറയരുത്‌. അല്ലെങ്കിലും നീ എതിരൊന്നും പറയില്ലാന്ന്‌ എനിക്കറിയം. നീ എന്റെ മോനല്ലേ". അമ്മ മോന്റെ സ്വഭാവമറിഞ്ഞ്‌ പ്രവർത്തിച്ചു. അല്ലെങ്കിലും മക്കളെ നന്നായി അറിയുന്നത്‌ അമ്മമാർക്ക്‌ തന്നെയല്ലേ.
വീടുപൂട്ടി നല്ല ദിവസം നോക്കി രാഹുകാലത്തിനു മുമ്പേ ഗുരുവായൂരുലേക്കു തിരിക്കുമ്പോൾ അയൽവാസിയും കാര്യങ്ങൾ മണത്തറിഞ്ഞ്‌ കുടുംബസമ്മേതം ഉടുത്തൊരുങ്ങി ഗേറ്റിൽ നിൽക്കുന്നു. അൽപം ഈർഷ്യയോടെ ഒരു ഇളിഭ്യച്ചിരിയുമായി അയാൾ ഇളയവന്റെ കൈയ്യും പിടിച്ച്‌ ആഞ്ഞു നടന്നു.
ബസ്സിലും ട്രെയിനിലുമായുള്ള വീർപ്പുമുട്ടിയ യാത്രയ്ക്കിടയിൽ പോക്കറ്റടി സൂക്ഷിക്കണമെന്ന്‌ അയൽ വാശിയോടും ഭാര്യയോടുമൊക്കെ അയാൾ മന്ത്രിച്ചുകൊണ്ടിരുന്നു.യാത്
രയ്ക്കൊടുവിൽ ദേവസന്നിധിയിലെത്തി. സാധനങ്ങളൊക്കെ വയ്ക്കുന്നതിനും മറ്റുമായി മുറി വാടകയ്ക്ക്‌ എടുക്കാമെന്ന ഭാര്യയുടെ നിർദ്ദേശം അയാൾ നിരാകരിച്ചു.
" അവനവന്റെ സാധനങ്ങളൊക്കെ, അവനവൻ സൂക്ഷിച്ചാൽ മതി. കുറച്ചു സമയത്തിനു വേണ്ടി മുറി എടുക്കുന്നതു വലിയ നഷ്ടമാ ........." പിന്നെ ആരും ശബ്ദിച്ചില്ല.
ഭഗവത്‌ ദർശനത്തിനായുള്ള നീണ്ട നിര കണ്ടതും അയാൾക്ക്‌ തലചുറ്റൽ അനുഭവപ്പെട്ടു. ഇളയ സന്തതിയേയും ഒക്കത്തെടുത്തു മണിക്കൂറുകളോളം അക്ഷമനായി നിന്നപ്പോൾ അയാൾ ഒരു കാര്യം ഓർത്തു.
പണ്ട്‌ ഇവിടെ വന്നപ്പോൾ ഏതോ ഭക്തന്റെ കളഞ്ഞുപോയ ഒരു സ്വർണ്ണമോതിരം കിട്ടിയത്‌. അത്‌ സ്വന്തം പോക്കറ്റിലിട്ട്‌ പോയതിന്റെ ശിക്ഷയായിരിക്കാം ഇപ്പോൾ ഈ അനുഭവിക്കുന്നതും.
കഴുത്തിൽ സ്വർണ്ണ ചങ്ങലയും പളപളാമിന്നുന്ന ചന്ദനക്കളറുള്ള മുണ്ടും ധരിച്ച്‌ അവിടവിടെയായി തൂങ്ങികിടക്കുന്ന ശരീരാവയവങ്ങളുമുള്ള ആണുങ്ങളുടേയും സെറ്റുസാരിയും പാന്റ്സില്ലാത്ത ചുരിദാറുമിട്ട തരുണീമണികളുടേയും ഇടയിൽ നന്നേ ശോഷിച്ച ശരീരമുള്ള അയാൾ കുടുംബത്തെ സംരക്ഷിക്കാൻ നന്നേ പാടുപെട്ടു. ഇതിനിടയിലും പോക്കറ്റടിയുടെ കാര്യം ഓർമ്മിപ്പിക്കാൻ അയാൾ മറന്നില്ല.
ഒരുവിധം ഭഗവാന്റെ തിരുനടയിൽ എത്തി കൺകുളിർക്കെ ആ വിശ്വരൂപം ഒന്ന്‌ കാണാമെന്നായപ്പോൾ സോപാനത്തിനടുത്ത്‌ നിന്നിരുന്ന ദേവസ്വം ജീവനക്കാരന്റെ തള്ളലിൽ ഈ ഉദ്യമവും നിഷ്ഫലമായി.
" ഇദം സർവ്വം ഈശാവാസ്യം" എന്നാണ്‌ ഉപനിഷത്‌ വാക്യം. എന്നിട്ടും ക്ഷേത്രങ്ങളിലൊക്കെ തിരക്കോടു 
തിരക്കു തന്നെ. എന്തുചെയ്യാം കലിയുഗത്തിൽ ആർക്കും ഒന്നിനും സമയമില്ലായിരിക്കും. അയാൾ ആത്മഗതം ചെയ്തു. നെറ്റിയിൽ തൊടുവാനുള്ള ചന്ദനത്തിനും ആളുകൾ കലപില കൂട്ടുന്നു. പൂജാരിയാണെങ്കിൽ ചന്ദനം കൊടുക്കുന്നില്ല. ചന്ദനശകലമെടുത്ത്‌ ഭക്തരെ എറിയുകയാണ്‌ ! ഗുരുവായൂരപ്പാ............ ഇതെന്തൊരു നിയോഗം.
ഒടുവിൽ വഴിപാടായ തുലാഭാരത്തിന്റെ ചടങ്ങായി. അതിനും നീണ്ടനിര തന്നെ. അസ്വസ്ഥതയുടെ മനസ്സുകൾക്ക്‌ ആശ്രയം ചിലപ്പോൾ ഈ വഴിപാടുകളൊക്കെ തന്നെയാകാം. ഏതായാലും മകന്റെ ഊഴമായി. ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ച്‌ മകനെ തുലാഭാരത്തട്ടിൽ ചമ്രം പടിഞ്ഞിരുത്തി. ഒരു തരം മരവിപ്പോടെ തൂക്കത്തിന്റെ കാശുമടച്ച്‌ രസീത്‌ വാങ്ങി. ദേവസ്വം ജീവനക്കാർ പഴക്കുല ഓരോന്നോരോന്നായി തൂക്കത്തിനൊപ്പം വച്ചു. വഴിപാട്‌ തീർന്നു. ശാന്തിക്കാരന്‌ ദക്ഷിണ കൊടുത്തു. അദ്ദേഹം വെറ്റില തുറന്നു നോക്കാതിരുന്നത്‌ അയാൾക്ക്‌  ആശ്വാസം നൽകി. അമ്മയും, ഭാര്യയും ഈ നേരമത്രയും കണ്ണടച്ചു പ്രാർത്ഥിച്ചു.
പിരിയാൻ നേരം ഇളയ സന്തതി അപ്രതീക്ഷിതമായി തുലാഭാരത്തട്ടിൽ കയറിയിരിപ്പായി. ഉടനെ എത്തി അമ്മയുടെ പ്രസ്താവന.
"കൊച്ചിന്‌ ഇതു ഗുരുവായൂരപ്പൻ തോന്നിച്ചതാ. മോനെ, അവന്റേയും തുലാഭാരം നടത്തണം. അല്ലങ്കിൽ അത്‌ ദൈവകോപത്തിനിടയാക്കും.നിമിഷത്തിനുള്ളിൽ തൂക്കത്തിന്റെയും കാശിന്റയും രസീത്‌ എത്തി. അയാൾ ഭാര്യയെ നോക്കി പല്ലിറുമ്മി".  ഒരു കൊച്ചിനെ പിടിക്കാൻ പറ്റാത്ത സാധനം. കാശ്‌ അൽപം കുറവാണ്‌. അല്ലെങ്കിലും അധികം എടുത്താൽ ചെലവാകുമെന്ന്‌ കരുതി ആവശ്യത്തിനു മാത്രമേ പണം കരുതാറുള്ളൂ. അയാൾ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിന്നു. എല്ലാം മണത്തറിയുന്ന അയൽവാസി സഹായഹസ്തം നീട്ടി. ചിലസമയങ്ങളിൽ ഭഗവാൻ അയൽവാസിയായും പ്രത്യക്ഷപ്പെടുമെന്ന്‌ അയാൾക്ക്‌ ബോദ്ധ്യപ്പെട്ടു.
അമ്മയുടെ അടുത്ത ലക്ഷ്യം ഉച്ചഭക്ഷണം ഗുരുവായൂരപ്പന്റെ പ്രസാദം തന്നെയാവണമെന്നായിരുന്നു. അയാളും അതിനോടു തത്വത്തിൽ യോജിച്ചു. (സൗജന്യമാണല്ലോ)പക്ഷേ സമയം അതിക്രമിച്ചിരിന്നു. ഊട്ടുപുര അടച്ചു. ഊട്ടുപുരയ്ക്കു മുന്നിലും പ്രസാദം കിട്ടാത്ത അനേകരുടെ നിരാശ പരന്നൊഴുതി.
കുട്ടികളുടെ  ചെറിയ ആവശ്യങ്ങൾ പോലും സാധിച്ചു കൊടുക്കാതെ, ഒരു മുഴം മുല്ലപ്പൂ പോലും ഭാര്യക്ക്‌ വാങ്ങിച്ചു കൊടുക്കാതെ അയാൾ അടുത്ത റെയിൽവേ സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു. അമ്മയും,കൂട്ടരും അയാളുടെ ഒപ്പമെത്താൻ കിതയ്ക്കുകയായിരുന്നു.
തീർത്ഥയാത്രക്ക്‌ വിരാമമിട്ട്‌ രാത്രിയുടെ അന്ത്യയാമത്തിൽ അവർ തിരിച്ചെത്തി. അയൽവാസിയോടു ഗേറ്റിൽ വച്ച്‌ തന്നെ നല്ലരാത്രിയും ആശംസിച്ച്‌ വീട്ടിലേക്ക്‌ കയറുമ്പോൾ അകത്തെ പല സാധന സാമഗ്രികളും വരാന്തയിൽ ചിതറി കിടക്കുന്നു. ഒരു വിറയലോടെ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ കണ്ടത്‌ ഞെട്ടിക്കുന്ന കാഴ്ച. ഉമ്മറ വാതിൽ പൊളിച്ച്‌  വെറുതെ ചാരി വച്ചിരിക്കുന്നു. അയാൾ അലറികൊണ്ട്‌ അകത്ത്‌ കടന്നു. ഫ്രിഡ്ജും ടിവിയും തുടങ്ങി ഒന്നും വീട്ടിലില്ല. അയാൾനേരെ മുറിയിലേക്കോടി. അലമാരയിൽ  സൂക്ഷിച്ചിരുന്ന ആഭരണങ്ങളും, പണവും ഒക്കെ നഷ്ടമായിരിക്കുന്നു. ഗുരുവായൂരിൽ പോകുമ്പോൾ പിടിച്ചുപറിയും, പോക്കറ്റടിയും പേടിച്ച്‌ മക്കളുടേയും, ഭാര്യയുടേയും ആഭരണങ്ങൾ (താലിമാലയടക്കം) ബലമായി അഴിപ്പിച്ച്‌ അലമാരിയിൽ സൂക്ഷിച്ചതായിരുന്നു. എല്ലാം പോയി!  അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി. ഭാര്യ തളർന്ന്‌ വീണു. മക്കൾ  അമ്മയെ കെട്ടിപ്പിടച്ച്‌ വാവിട്ടു നിലവിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ അയാൾ നിലത്ത്‌ കമിഴ്‌ന്നു കിടന്നു.
നേരം പുലരാറായിയെന്നറിയിച്ചുകൊണ്ട്‌  ഈ സമയം അടുത്ത ക്ഷേത്രത്തിൽ നിന്നും എം.എസ്‌.സുബ്ബ ലക്ഷ്മി വേങ്കിടേശ്വര സുപ്രഭാതം ആലപിച്ചുകൊണ്ടേയിരുന്നു..............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...