ദിനേശൻ വടക്കിനിയിൽ
എം.കെ.ഹരികുമാറിന്റെ ഉത്തര-ഉത്തരാധുനികത (സൈദ്ധാന്തിക പഠനം) എന്ന പുസ്തകം അദ്ദേഹത്തിന്റെ തന്നെ നവാദ്വൈത തത്വചിന്തയുടെ വിപുലീകൃതവും സമകാലീകവുമായ അവതരണമാണ്. ഇതദ്ദേഹം പുസ്തകത്തിന്റെ തുടക്കത്തിലേ പരാമർശിക്കുന്നുണ്ട്. അതിന്റെ വിശദീകരണം പുസ്തകത്തിന്റെ അവസാനഭാഗത്തേക്ക് മാറ്റിവെയ്ക്കുന്നുണ്ടെങ്കിലും ആധുനികതയും ഉത്തരാധുനികതയും അസ്തമിക്കുന്ന ഇന്ന് ഡിജിറ്റൽ മോഡേണിസം വാഴുന്ന ഉത്തര-ഉത്തരാധുനികതയുടെ കാലമാണത്രെ. ഇവിടെ വാഴ്ത്തപ്പെട്ട കർത്താവല്ല കലാസൃഷ്ടിയുടെ ഉടമ, മറിച്ച് കലാകാർ കലയുടെ സംഘാടകനും സാങ്കേതിക വിദഗ്ദ്ധനുമാണ്. ഇത് പുതിയ തരം സംഘാടനമാണ്. കമ്പ്യൂട്ടറും ഇന്റർനെറ്റും, മൊബെയിൽ സാങ്കേതികവിദ്യയും സാധ്യമാക്കിയത്. ഇവിടെ കലാകാരൻ സംഘാടകനും സാങ്കേതിക വിദഗ്ദ്ധനുമായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം അനുഭവിക്കുന്നവനുമാണ്. അവിടെ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകവുമുണ്ട്. പക്ഷേ സാംസ്കാരികമായ പൈന്തുടർച്ചയോ സ്വത്വമോ ഭാവുകത്വമോ ഇല്ലാത്ത സ്വതന്ത്രലോകമാണെന്നുമാത്രം. അതായത് 'അചരിത്രവത്കരിക്ക'പ്പെട്ടതും സ്വതന്ത്രവുമായ കളാണിർമ്മിതി നടക്കുന്ന കാലം. ഈ ചരിത്രനിരാസവും പുതിയ നിർമ്മിതിയും പുതിയ സംസ്കാരത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇന്നിൽ ജീവിക്കുന്ന, ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരത്തെ. ഇതിനെ ഹരികുമാർ നവാദ്വൈതം എന്നും ഈ വാദത്തെ സാധൂകരിക്കാൻ അദ്ദേഹം ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തവതരിപ്പിക്കുന്ന ഒരുകൂട്ടം പടിഞ്ഞാറൻ ചിന്തകർ ഇതിനെ 'ഉത്തര-ഉത്തരാധുനികത' എന്നും വിളിക്കുന്നു.
alfa one publishers , kannur |
ഹരികുമാറിന്റെ ഈ പുസ്തകം അദ്ദേഹം തന്നെ ഗ്രന്ഥത്തിൽ വിവരിക്കുന്ന ഉത്തര-ഉത്തരാധുനികതാ മൂല്യത്തിൽ നിർമ്മിതമായ ഒരു സാംസ്കാരികോത്പന്നം തന്നെ. കലാകാരൻ ഒരു സംസ്കാര തൊഴിലാളിയാണ്, സംഘാടകനാണ്, സാങ്കേതിക വിദഗ്ദ്ധനാണ്, അല്ലാതെ സൃഷ്ട്യോന്മുഖ ചിന്തയുള്ളവരല്ല എന്ന വാദം ഈ ഗ്രന്ഥവും അടയാളപ്പെടുത്തുന്നുണ്ട്. അദ്ദേഹം പരിചയപ്പെടുത്തുന്ന വിവിധ ഉത്തര-ഉത്തരാധുനിക ചിന്തകരുടെ വ്യത്യസ്ത ചിന്തകളെ ഒരു സാങ്കേതിക വിദഗ്ദ്ധനെപ്പോലെ കൂട്ടിയിണക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്റർനെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി.e-interview കൾ നടത്തി ചർച്ചകൾ സ്ഥാപിക്കുന്നുണ്ട്. അവരുടെ നിർമ്മിതിയിൽ പങ്കാളികളാകുന്നുണ്ട്. സ്വയം ഇന്റർവ്യൂവിന് വിധേയനായി തന്റെ ഇന്റർവ്യൂവറെ കൃതിയുടെ നിർമ്മിതിയിൽ പങ്കാളിയാക്കുന്നുണ്ട്. കലാകാരന്റെ ഈ തൊഴിലാളിത്വവും സാങ്കേതിക വൈദഗ്ദ്ധ്യവും മാത്രമല്ല ഈ പുസ്തകത്തെ ഉത്തര-ഉത്തരാധുനികമാക്കുന്നത്. ഹരികുമാർ തന്നെ പറയുന്ന മറ്റു ലക്ഷണങ്ങൾ കൂടിയാണ്. അപരിചിതവും, ഉപയോഗിച്ച് വലിച്ചെറിയലും, നിരാസവും, നിർമ്മിതിയുമെല്ലാം.
ഹരികുമാറിന്റെ പുസ്തകത്തിന്റെ ഉപശീർഷകം "സൈദ്ധാന്തികപഠനം" എന്നാണ്. സൂക്ഷ്മമായി വായിച്ചാൽ അത്തരത്തിലൊരു സൈദ്ധാന്തികപഠനമാണീ ഗ്രന്ഥമെന്നുതോന്നില്ലെങ്കിലും, അനേകം ചിന്തകരുടെ നിരീക്ഷണങ്ങളും അവരോരോരുത്തരും വളർത്തിയെടുത്ത സങ്കൽപങ്ങളും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ജിൽ ലിപോവെറ്റ്ക്സിയുടെ 'പുതിയ ആധുനികത' (hyper modernity), ജിൽസ് സ്ലേദിന്റെ 'throw way ethics നിക്കോസ് ബോറിയായുടെ 'relational aesthetics' ഉം after modernism' വും, അലൻ കിർബിയുടെ ഡിജിമോഡേണിസം, റയോൾ ഇഷൽമാന്റെ 'പെർഫോമാറ്റിസം' റോബർട്ട് സാമുവൽസിന്റെ 'ഓട്ടോ മോഡേണിസം', ഡേവിഡ് ബേറ്റിന്റെ 'neo-realism.' തുടങ്ങിയവ ഇതിൽ പ്രധാനം. ഇവയെക്കുറിച്ചുള്ള ഹരികുമാറിന്റെ വിശകലനത്തിലൂടെ പോകുമ്പോൾ ചില ഇടങ്ങളിലെങ്കിലും ഇവ എങ്ങനെയാണ് ഉത്തര-ഉത്തരാധുനികമാകുന്നത് എന്ന് വായനക്കാരന് സന്ദേഹമുണ്ടാകും. ഉദാഹരണത്തിന് ഗ്രന്ഥകാരനും വായനക്കാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നിടം. ഹരികുമാർ പറയുന്നു. 'ആധുനികതയിൽ എഴുത്തുകാരന്റെ കൃതിവായിച്ച് വായനക്കാരന് അഭിപ്രായം പറയാം...ഉത്തരാധുനികതയിൽ വായനക്കാരനും ചില റോളുകളുണ്ട്. വായനക്കാരനാണ് കൃതിക്ക് അസ്തിത്വം നൽകുന്നത്. ഇതു രണ്ടും സമകാലീന ഉത്തര-ഉത്തരാധുനികത തത്വശാസ്ത്രത്തിൽ അർത്ഥശൂന്യമായിത്തീരുന്നു" (P11-12) തുടർന്ന്, ഉത്തര-ഉത്തരാധുനികതയിൽ സ്വീകർത്താവിന് വലിയ റോൾ ഉണ്ടെന്നും അവരുടെ വോട്ട്/ഫോൺ കോൾ (പ്രത്യേകിച്ചും ടെലിവിഷൻ ചാനലുകളിലെ തത്സമയ/റിയാലിറ്റി പരിപാടികൾ) പാഠത്തിന്റെ ഭാഗവും അധികാരവും ആയി മാറുന്നു എന്നും പറയുന്നു. ഹരികുമാറിനെത്തന്നെ ഉദ്ധരിച്ചാൽ, ഒരു പ്രോഗ്രാമിന്റെ സാംസ്കാരിക ഉള്ളടക്കം തീരുമാനിക്കുന്നത്. അതിന്റെ കാണി അല്ലെങ്കിൽ വായനക്കാരൻ ആണെന്ന ഇന്ന് യാഥാർത്ഥ്യമാണ്. ഇതാണ് ഉത്തര-ഉത്തരാധുനികതയുടെ പ്രത്യേകത. ഇവിടെ ഉത്തരാധുനികതയും ഉത്തര-ഉത്തരാധുനികതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വ്യക്തമായി വരുന്നില്ലെന്നു മാത്രമല്ല സാംസ്കാരികോത്പന്നത്തിന്റെ നിർമ്മിതിയുടെ രാഷ്ട്രീയമെന്തെന്നും, വോട്ടോ ഫോണോ ചെയ്യാൻ തയ്യാറാകുന്ന വ്യക്തികളുടെ മനോനിലയുടെ നിർമ്മിതിയുടെ പൊരുളെന്തെന്നും മനസ്സിലാകാതേയും പോകുന്നു.
ചില ഇടങ്ങളിൽ നിരീക്ഷണങ്ങൾ റിയാക്ഷണറിയായി മാറുന്നുണ്ടോ എന്നും സംശയം തോന്നിയേക്കാം. ഉദാഹരണത്തിന് ആധുനിക, ഉത്തരാധുനിക, ഉത്തര-ഉത്തരാധുനിക കാലങ്ങളിലെ പെണ്ണിനെപ്പറ്റി പറയുന്നിടം. ആദ്യ രണ്ട് സന്ദർഭങ്ങളിലും പെണ്ണ് ഒരു "മനുഷ്യവ്യക്തി" എന്നും "പ്രത്യേകം സ്വത്വം" ഉള്ളതാണെന്നുമാണത്രേ സങ്കൽപ്പിച്ചിരിക്കുന്നത്. ഉത്തര-ഉത്തരാധുനികതയിൽ "പെണ്ണ് ഒരു വിജ്ഞാനമാണ്," മാത്രമല്ല അവൾ ഒരു ഉടൽവിപണിയും സാംസ്കാരിക സാധ്യതയുമാണത്രേ. അദ്ദേഹം പറയുന്നു; "ഉത്തര-ഉത്തരാധുനികതയിൽ പെണ്ണ് സ്വത്വത്തിനോ ലിംഗാധിഷ്ഠിതമായ വേർതിരിവിനോ വേണ്ടിയല്ല നിൽക്കുന്നത്. അവൾ ആധുനിക നാഗരികതയ്ക്കും സാംസ്കാരികാവബോധത്തിനുമൊപ്പമാണെ
യൂണിവേഴ്സലിസം, ട്രൂത്ത്, സേൻട്രാലിറ്റി (പ്രഭവകേന്ദ്രം),പ്രതീതി യാഥാർത്ഥ്യം (Virtuality)തുടങ്ങിയ സങ്കൽപനങ്ങളും ഹരികുമാറിന്റെ പുസ്തകകത്തിൽ അങ്ങിങ്ങായി കടന്നുവരുന്നുണ്ട്. ആലോചനകളെ ഉത്തരാധുനികതയിൽ നിന്നും മുന്നോട്ടുനയിച്ച ജീൽ ഡെലൂസ്, അലൻ ബാഡിയോ, ഡി ലാൻഡാ പോലുള്ള തത്വചിന്തകരിൽ ഇത്തരം സങ്കൽപങ്ങൾ പ്രധാനം തന്നെ. പക്ഷെ ഇവ ഹരികുമാർ വിശദീകരിക്കുന്നതുപോലെയാണോ അവർ ഉപയോഗിച്ചിട്ടുള്ളത് എന്ന് സംശയമാണ്. ഉദാഹരണത്തിന് പ്രതീതിയാഥാർത്ഥ്യം എന്ന സങ്കൽപം. ഡെല്യൂസിന്നും ഡിലാന്റയ്ക്കും ഇത് വളരെ പ്രധാനപ്പെട്ട സങ്കൽപ്പനങ്ങളാണ്. പക്ഷേ അവർ ഇതിനെ സൈബർസ്പേസ് സൃഷ്ടിക്കുന്ന പ്രതീതിയാഥാർത്ഥ്യമായി ചുരുക്കുന്നില്ല. ഉത്തര-ഉത്തരാധുനിക സാംസ്കാരിക വിമർശകരുടെ സങ്കൽപങ്ങൾക്ക് പ്രചോദനമേകിയ ഇത്തരം തത്ത്വചിന്തകരുടെ സങ്കൽപനങ്ങളിലൂടെ ഇവയെ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നുവേങ്കിൽ ഹരികുമാറിന്റെ പുസ്തകം ഒന്നുകൂടി നന്നാകുമായിരുന്നു. ഉത്തര-ഉത്തരാധുനികതയെ പരിചയപ്പെടുത്തുന്നു എന്നതുകൊണ്ടും തനിക്ക് സ്വന്തമായി ഒരു 'നവാദ്വൈത' തത്വചിന്ത ഉണ്ടെന്ന് പ്രഖ്യാപിക്കുന്നതുകൊണ്ടും ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ്.