അഭിമുഖം: - ഭാഗം - രണ്ട്
എം.കെ.ഹരികുമാർ x ശൈലേഷ് തൃക്കളത്തൂർ
? വിമർശകന് സ്വന്തമായൊരു സിദ്ധാന്തം ആവശ്യമാണോ? നമ്മുടെ വിമർശകന്മാരൊക്കെ പലരുടെയും സിദ്ധാന്തങ്ങൾ അനുസരിച്ച് എഴുതുകയായിരുന്നല്ലോ?
= എം.കെ:- എല്ലാവർക്കും സ്വന്തമായി സിദ്ധാന്തം കണ്ടുപിടിച്ച് വിമർശനം എഴുതാനോക്കില്ല. അത് ഒരാളുടെ ചിന്താപരമായ സ്വയം പര്യാപ്തത്തയുടെ പ്രശ്നമാണ്. എല്ലാ വിമർശകരും തത്ത്വചിന്തകരല്ല. തത്ത്വചിന്തയുടെ സമീപത്തുകൂടി പോകാൻ പോലും കഴിയാത്തവരുണ്ട്. താത്ത്വികാപഗ്രഥനവും മനനവും വിമർശനചിന്തയ്ക്ക് ആഴം വർദ്ധിപ്പിക്കും. ഒരാളുടെ മനോഭാവമാണ് സ്വന്തം സിദ്ധാന്തത്തിന്റെ നിർമ്മിതിയിലേക്ക് നയിക്കുന്നത്. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഉടനെ ഒരു തത്ത്വചിന്ത കണ്ടുപിടിക്കുകയല്ല.
ഞാൻ കോളേജിൽ പഠിക്കുന്ന കാലംതൊട്ട് എന്നെ പിടികൂടിയ ചിന്താപ്രശ്നങ്ങൾ സ്വാഭാവികമായി ഒരു തത്ത്വചിന്തയായി വികസിക്കുകയായിരുന്നു. മുപ്പതിലേറെ വർഷങ്ങളിലൂടെയാണ് ഞാൻ 'നവാദ്വൈത'ത്തിലെത്തിയത്. മലയാള വിമർശകർ പൊതുവേ പാശ്ചാത്യവും പൗരസ്ത്യവുമായ സിദ്ധാന്തങ്ങൾ അളവുകോലായി ഉപയോഗിക്കുകയാണ് ചെയ്തത്. അങ്ങനെയും വിമർശനം എഴുതാം. രസസിദ്ധാന്തം ഉപയോഗിക്കാം. റിസപ്ഷൻ തിയറി അവലംബിക്കാം. മനഃശ്ശാസ്ത്രനിയമങ്ങൾ പാലിക്കാം. പക്ഷേ, ഞാനതിലൊന്നും തൃപ്തനല്ല. എനിക്ക് സാഹിത്യകൃതി തന്നെ ഒരു താത്ത്വിക പ്രശ്നമാണ്. ഭാഷയെപ്പറ്റി ഒരു നവകാഴ്ചപ്പാട് ഉണ്ടാവണം. ഓരോ വസ്തുവും ഓരോ ചിന്താപ്രശ്നമാകണം. അതെല്ലാം കേവലം രാഷ്ട്രീയമാണെന്ന് പറയാൻ എനിക്കാവില്ല.
മലയാള വിമർശനത്തിൽ, സമ്പൂർണ്ണമായ ഒരു സിദ്ധാന്തവും തത്ത്വചിന്തയും നിർമ്മിച്ചതു ഞാനാണെന്ന് വിനയത്തോടെ പറയട്ടെ. ചില പ്രൊഫസർമാർ ഇത് അംഗീകരിച്ചു തരണമെന്നില്ല. കാരണം ഒരു ചരിത്രം സൃഷ്ടിക്കുമ്പോൾ അതിനെ നിരാകരിക്കാനും ആളുണ്ടാകും. എന്റെ 'നവാദ്വൈത'ത്തെ അദ്വൈതവുമായി ബന്ധിപ്പിക്കാൻ കാര്യങ്ങൾ മനസ്സിലാക്കാത്ത ആരെങ്കിലും തയ്യാറായേക്കാം.
? വിമർശകൻ കൃതിയുടെ ആസ്വാദകനാണോ? അതോ വ്യാഖ്യാതാവോ? എന്താണ് അയാളുടെ റോൾ? ഒരു നിരൂപകന്റെ റോൾ എഴുത്തുകാരൻ തിരിച്ചറിയുന്നുണ്ടോ?
= എം.കെ:- വിമർശകൻ ഏതായാലും എഴുത്തുകാരന് വേണ്ടിയല്ല എഴുതുന്നത്. അയാൾ സാഹിത്യത്തിനുവേണ്ടി ജീവിക്കുകയാണ്. അയാൾ സ്വന്തം ആസ്വാദകനാണ്. എല്ലാ വ്യവസ്ഥാപിത നിയമങ്ങൾക്കും അപ്പുറത്തേക്ക് സ്വന്തമായി നീങ്ങാനുള്ള ത്വര വേണം. സാഹിത്യകൃതിയുടെ തടവുകാരനെന്ന നിലയിൽ ആസ്വാദനം എഴുതാൻ എനിക്കു പറ്റില്ല. ഞാൻ ശ്രമിക്കുന്നത്, ഏത് കൃതിയെ വിലയിരുത്തുമ്പോഴും, അതെഴുതിയ ആളിനെ ധ്വംസിക്കാനാണ്. ഉദാഹരണത്തിന്, കുമാരനാശാന്റെ 'വീണപൂവി'നെ ഞാൻ സമീപിക്കുമ്പോൾ, അതിൽ ആശാന്റെ വ്യവസ്ഥാപിത നിലപാടി(കവിതയുടെ ബാഹ്യമുഖം, വാദങ്ങൾ)നെ മറികടക്കുകയാണ് എന്റെ ആദ്യലക്ഷ്യം. ആശാൻ പ്രത്യക്ഷത്തിൽ പറയാത്ത കാര്യങ്ങൾ ഞാൻ കണ്ടെത്തണം. ഇങ്ങനെ കവിയെ ധ്വംസിക്കണം. കവിയുടെ സ്വന്തം പ്രോപ്പർട്ടിയല്ല കവിതയെന്ന് സ്ഥാപിക്കണം. കവിയുടെ അധീനതയിലല്ല വിമർശകനെന്ന് വിശദീകരിക്കണം. ആശാൻ കവിതയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊന്നാണ്. ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നത് മറ്റൊന്നാണ്. അതാകട്ടെ, എന്റെ ആന്തരികമായ സാഹിത്യാഭിമുഖ്യത്തിന്റെ ഇരുണ്ട മേഖലകളിലൂടെയുള്ള യാത്രയാണ്.
തുടരും