ചെമ്മനം ചാക്കോ
1.
'വേണാടു' കൂവിപ്പാഞ്ഞു
പോകുന്നു, തീവണ്ടിയി-
ലാണാളും പെണ്ണാളുമാ-
യെന്തൊരു തിരക്കയ്യാ!
കൈതവരാഷ്ട്രീയത്തിൽ
കളികൾ ഞാൻ 'കേരള-
കൗമുദി'പ്പത്രം നോക്കി-
വായിച്ചു കഴിക്കുന്നു
തന്ത്രമന്ത്രങ്ങൾകൊണ്ടു
വാജ്പേയി രണ്ടാംവട്ട-
മിന്ത്യതൻചുക്കാൻ കൈക്ക-
ലാക്കുന്നതിന്നാണല്ലോ.
2.
കുട്ടിജുബയും പൊക്കി-
യുടുത്തമുണ്ടും വേഷം,
കട്ടിത്താൾ ബയിന്റിട്ട
വേദപുസ്തകം കൈയിൽ,
ഷഷ്ടിയോടടുക്കുന്ന
പ്രായ;മെന്നടുത്തിട-
സൃഷ്ടിച്ചു കുന്തിച്ചിരി-
ക്കുന്നൊരാൾ ചെങ്ങന്നൂറിൽ.
'സാറിന്റെ പേരെന്താണ്?'
ലോഹ്യത്തിൽ തൊങ്ങൽ തൂങ്ങും
ബോറടി തുടങ്ങുന്നു;
'ചാക്കോ'-ഞ്ഞാനുരയ്ക്കുന്നു
തെല്ലൊരത്ഭുതത്തോടെ
ചൊല്ലുന്നു വിദ്വാൻ:-'കാര്യം'
കൊള്ളാലോ, യഹോവതൻ
കൃപയ്ക്കു സ്തോത്രം സ്തോത്രം!
പന്തികേടെനിക്കൽപം
പറ്റി രാവിലേ, താങ്കൾ
ഹിന്ദുവായിരിക്കുമെ-
ന്നോർത്തുപോയ് സഹോദരാ!'
'കാരണം?' എന്നുദ്വേഗം
ശമിപ്പിച്ചാൻ: 'കേരള
കൗമുദി'യല്ലേ സാറു
വായിക്കും ദിനപ്പത്രം?'
'പോഴത്തം പറഞ്ഞില്ല
മുഴുവൻ, ഹിന്ദുക്കളി-
ളീഴവൻ ഞാനെന്നല്ലേ
ചിന്തിച്ചു സഹോദരൻ?
ശിരസ്സു കുനിക്കുന്നെൻ
ചോദ്യം കേൾക്കവെ, പിന്ന
'ശരിയേശരി'യെന്നു
ചൊല്ലുന്നു സഹോദരൻ!
'ഉപദേശി വായിക്കും
പത്രമേതാവോ?' കേൾക്കെ-
യുയർത്തി ബൈബിൾ;
ചൊന്നാൻ:'കൂടാതെ മനോരമ!'
3
നീതിബോധങ്ങൾ വളർ-
ന്നീടവേ പത്രത്തിനും
ജാതി; ജാതിരക്ഷസ്സിൻ
ദംഷ്ട്രകൾ സർവ്വത്തിലും!