പ്രഫുല്ലൻ തൃപ്പൂണിത്തുറ
പ്രകാശത്തിന്റെ പ്രാകാരമായ കാശി !
ആനിബസന്റിന്റെ വിശ്വവിദ്യാലയം; കാശിവിദ്യാപീഠം തുടങ്ങി നിരവധി വിജ്ഞാനകേന്ദ്രങ്ങൾക്കും കാശി ആസ്ഥാനമായിരിക്കുന്നു. ഭാരതത്തിലെ അത്യപൂർവ്വമായ ഒരു മ്യൂസിയമാണു കാശിക്കൊട്ടാരം. ബുദ്ധമതപ്രചരണാർത്ഥം അശോകചക്രവർത്തി നിർമ്മിച്ച വൃത്താകൃതിയിലുള്ള സ്തൂപവും അശോകസ്തംഭവും ഇവിടെയുണ്ട്. ഭാരത സർക്കാരിന്റെ സിംഹമുദ്രയ്ക്ക് മാതൃകയായിത്തീർന്നത് ഈ അശോകസ്തംഭമാണ്.
ഇന്നും പഴയകാശി(ബനാറസ്) സിൽക്കു വ്യാപാരത്തിന്റെ കേന്ദ്രമായി തുടരുന്നു. നഗരത്തിൽ നിറയെ മൊത്ത ചില്ലറ പട്ടുശീലത്തരവ്യാപാരം വ്യാപകമായി നടക്കുന്നു. കൂടാതെ റോഡരുകിൽ നൂറുകണക്കിനു ചില്ലറ കച്ചവടക്കാർ. ഇതൊന്നും കൂടാതെ ഓരോ ഇടവഴികളും ചെന്നെത്തുന്ന വീട്ടുകളിലുമുണ്ട്. പട്ടുസാരികളുടെ വിൽപന. എല്ലായിടത്തും താഴെ കിടക്കയിൽ ഇരുന്നാണു പട്ടുസാരികൾ തിരഞ്ഞെടുക്കേണ്ടത്.
ഗംഗാതീരത്തുള്ള ഹരിചന്ദ്ര, മണികർണ്ണികാ കേദാർനാഥ് ഘട്ടങ്ങളോടനുബന്ധിച്ച ശ്മശാനങ്ങളിൽ 24 മണിക്കൂറും ശവസംസ്കാരം നടക്കുന്നുണ്ട്. പാർവ്വതി 'ജമുക്കി' അഴിച്ചുവച്ച് കുളിച്ച സ്ഥലമാണത്രെ 'മണികർണികാഘട്ട് 'രാജഘട്ടത്തിൽ ഒരുമിച്ചു സ്നാനം ചെയ്തു കയറിയാൽ തമ്മിൽ വഴക്കുണ്ടാകുമെന്നാണു വിശ്വാസം.
ഹരിചന്ദ്രഘട്ടിലെ ജീവനക്കാർ സാക്ഷാൽ ഹരിചന്ദ്രന്റെ പിൻമുറക്കാരാണെന്ന് അവർ അവകാശപ്പെടുന്നുണ്ട്.
ഏതായാലും ദഹിപ്പിയ്ക്കാനായി ശവങ്ങളും കൊണ്ടു ക്യൂ നിൽക്കുന്ന നിരവധി സംഘങ്ങളെ ഞങ്ങളവിടങ്ങളിൽ കണ്ടു.
കാശിവിശ്വനാഥക്ഷേത്രദർശനം അത്യപൂർവ്വമായ ഒരനുഭവമായിത്തോന്നി. പുതിയ തീവ്രവാദ ഭീഷണികളെത്തുടർന്നു എവിടെതിരിഞ്ഞാലും പോലീസുകാരെ കാണാം. ഒരു പേനപോലും കൂടെകൊണ്ടു പോകാനായില്ല. എല്ലാ കോണിലും തിരക്കും നിയന്ത്രണങ്ങളും തന്നെ എങ്കിലും സുഖകരമായ ദർശന ഭാഗ്യം ലഭിച്ചു. തുടർന്നു ഉപദേവദർശനവും.
അന്നപൂർണ്ണേശ്വരി ക്ഷേത്രസങ്കേതത്തിൽ പ്രസാദഊട്ടിന്റെ ഭാഗമായി സൗജന്യ ഉച്ചഭക്ഷണം ലഭിച്ചു. യാത്രയിൽ ഇതേവരെ ക്ഷേത്രങ്ങളിൽ നിന്നും, ഹോട്ടലുകളിൽ നിന്നും പുറത്തുനിന്നുമൊക്കെ ലഭിച്ചതിൽ ഏറ്റവും സ്വാദിഷ്ടമായ ഊണായിരുന്നു അത്, ഊണല്ല സദ്യ തന്നെ! പാകത്തിനു വെന്ത തുമ്പപ്പൂനിറമുള്ള പച്ചരിച്ചോറ്, നമ്മുടെ സ്വന്തം സാമ്പാറ്, വേണ്ടത്ര മാത്രം പുളിയുള്ള തൈര്, നാരങ്ങാ അച്ചാർ, പാവയ്ക്കാ മെഴുക്കുപുരട്ടി തുടങ്ങിയ വിഭവങ്ങൾ സദ്യയ്ക്കു രുചികൂട്ടി. കൂടെ വലിയൊരു പപ്പടവും, നമ്മുടെ പപ്പടമല്ലെന്നുമാത്രം! ഊണിനു ശേഷം സ്വാദിഷ്ടമായ മധുരപലഹാരവും. ഹോട്ടൽ ജ്യോതിയിലെ മുറിയിൽ മടങ്ങിയെത്തിയ ഉടനേ ഉറങ്ങിപ്പോയി.
കാശിവിശ്വനാഥ ക്ഷേത്രത്തിനു തൊട്ടടുത്തുതന്നെ മുസ്ലീം പള്ളിയുണ്ട്. ക്ഷേത്രം ആദ്യം സ്ഥിതിചെയ്തിരുന്നത് മോസ്കിന്റെ സ്ഥാനത്തായിരുന്നുവത്രെ. മുഗൾ ചക്രവർത്തി ഔറംഗസീബ് ക്ഷേത്രം നശിപ്പിച്ചിട്ട് അവിടെ മുസ്ലീം പള്ളി സ്ഥാപിച്ചുവത്രെ! ഇപ്പോഴുള്ള ക്ഷേത്രം പിന്നീട് നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. ഇത് 18-ാം നൂറ്റാണ്ടിൽ പുതുക്കിപ്പണിതത്താണെന്നും കാശിക്ഷേത്രത്തിന്റെ പെട്ടെന്നുള്ള ഐശ്വര്യാഭിവൃദ്ധിയിൽ അസൂയ പൂണ്ട ചക്രവർത്തി ഒരു ദിവസം രാവിലെ ക്ഷേത്രം തകർക്കാനെത്തിയപ്പോൾ അതു ഇപ്പോഴിരിയ്ക്കുന്ന സ്ഥാനത്തേക്ക് തനിയെ മാറിയതായി കണ്ടുവേന്നും ഐതീഹ്യമുണ്ട്. ക്ഷേത്രം ഇന്നുകാണുന്ന നിലയിൽ 1776ൽ പുതുക്കിപ്പണിതത് റാണി അഹല്യാ ബായി ഗോൾഖർ എന്ന ശിവഭക്തയാണെന്നും കേൾക്കുന്നുണ്ട്. ഏതായാലും ഇന്നത്തെ വിശ്വനാഥക്ഷേത്രത്തിന്റെയും തൊട്ടടുത്തുള്ള പടുകൂറ്റൻ മുസ്ലീം ദേവാലയത്തിന്റെയും അതിരുകൾ തിരിയ്ക്കുന്നത് ഒരേ മതിലാണ്. ശിവമന്ത്രധ്വനികളും വാങ്കുവിളികളും ഒരുമിച്ചു സമന്വയിയ്ക്കുന്ന വിശുദ്ധിയുടെ ഒരു വിശേഷാന്തരീക്ഷം!
മരണംവരെ ഉസ്താദ് ബിസ്മില്ലാഖാൻ കാശി വിശ്വനാഥന്റെ സ്മരണയ്ക്കു മുമ്പിൽ "ഷെഹനായ് " വായിച്ചിരുന്നുവത്രെ!
ഹിമാലയാത്രയുടെ തുടർച്ചയായുണ്ടായ കാശിയാത്ര ജീവിതത്തിലിതുവരെയുണ്ടാകാത്തവി
തുടരും