അച്ചാമ്മ തോമസ്
നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട് വനത്തിലേയ്ക്കു കയറിയപ്പോഴെ സീത കാറിന്റെ ചില്ലു താഴ്ത്തി. 'ഓ എത്രനല്ല കാട്. പക്ഷികളുടെ സ്വരം, കുരങ്ങമ്മാരും മറ്റു മൃഗങ്ങളും കാണും ഇല്ലേ അനി" "കാണും" ഡ്രൈവിംങ്ങിൽ ശ്രദ്ധിക്കുന്ന അനിക്ക് വനഭംഗി ആസ്വദിക്കാനുള്ള മനസ്സില്ലായിരുന്നു. അതുപോലൊരു ദൗത്യമാണ് തനിക്കുള്ളത്. "രാജൻ കൂടെ വന്നെങ്കിൽ", സീത അതു പറയുമ്പോഴേയ്ക്കും വാഹനം ഒരു പുഴയുടെ തീരത്തായി നിർത്തി അനി ഇറങ്ങി. സീതയും കൂടെയിറങ്ങി.
'നല്ല പുഴ' അവൾ പുഴയിലിറങ്ങി നിന്ന് കൈക്കുമ്പിളിൽ ജലമെടുത്തു. കാർ സ്റ്റാർട്ടാക്കുന്ന സ്വരം കേട്ട് സീത തിരിഞ്ഞുനോക്കി. എന്താ അനി പോകുവാണോ?' 'ജ്യേഷ്ടൻ ഇവിടെ കൊണ്ടു വന്നു വിടാനാണ് പറഞ്ഞത്. ജ്യേഷ്ടത്തിയുടെ ചാരിത്ര ശുദ്ധിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വാസമില്ല. ഒന്നുമല്ലെങ്കിലും കൊട്ട്വേഷൻ വിളിച്ച് ജ്യേഷ്ടത്തിയ കൊല്ലിച്ചില്ലല്ലോ അതു തന്നെ ഭാഗ്യം എന്നു കരുതിയ്ക്കോ? സീത അന്തിച്ചു നിൽക്കേ അനി ഒരു പൂച്ചക്കുഞ്ഞിനെ കാട്ടിലുപേക്ഷിക്കുന്ന ലാഘവത്തോടെ അവളെ ഉപേക്ഷിച്ച് മടങ്ങി.
അനി നിലത്തേക്കെറിഞ്ഞിട്ട ബാഗ് അവൾ കണ്ടു. ഇതെപ്പോഴെടുത്തുവച്ചു. താനറിഞ്ഞില്ലല്ലോ. അപ്പോഴെല്ലാം പ്ലാൻ ചെയ്തു തന്നെയായിരുന്നു. ഒരു വർഷം മുമ്പാണ് ആശുപത്രിയിൽ കിടന്ന അച്ഛനു ചോറുമായി പോയ തന്നെ ഓട്ടോക്കാരൻ രമണൻ തട്ടിക്കൊണ്ടു പോയത്! എത്ര പാടുപെട്ടാണ് താനയാളുടെ തടവിൽ നിന്നും രക്ഷപ്പെട്ടത്. തന്നെ കൊണ്ടുവന്നു പാർപ്പിച്ചതു അടുത്ത മരത്തിലിരുന്നു കണ്ട വാനരൻ ഓടിവന്നു. കൈയ്യിലിരുന്ന പൊതിച്ചോറു കിട്ടിയ സന്തോഷത്തിൽ അവൻ പൊട്ടി പൊളിഞ്ഞിരുന്ന ജനൽ വലിച്ചു പൊളിച്ചു. താനതിലേ ചാടി രക്ഷപ്പെട്ടു. ആ ജനാലയിലൂടെ കുനിഞ്ഞു കടക്കുമ്പോഴും കാട്ടിലൂടെ ഓടുമ്പോഴും ശരീരത്തിൽ പലേടത്തും ചോര പൊടിഞ്ഞു.
തിരിച്ചു വന്ന തന്നെ ആരും വിശ്വസിച്ചില്ല. ഭർത്താവു കൂടെ നിൽക്കുമെന്നു കരുതി. എത്ര ഗൈനക്കോളജിസ്റ്റുകളെ കൊണ്ടു പരിശോധിപ്പിച്ചു. നാർക്കോ അനാലിസ്സിസും ബ്രെയിൻമാപ്പിംങ്ങും സിഡി അനാലിസ്സിസും എന്നു വേണ്ട എന്തെല്ലാം പരിശോധനകൾ. എന്നിട്ടും ഭർത്താവിന് വിശ്വാസമില്ലന്നോ. ജനങ്ങൾ അവർക്കിതിലെന്തുകാര്യം എന്നു ചിന്തിക്കാനുള്ള ആണത്തം രാജനില്ലേ. ഒരു പുരുഷനെ സ്ത്രീ തടവിലാക്കിയെങ്കിൽ അവനെ ആരും ചോദ്യം ചെയ്യില്ല. സ്ത്രീക്കു മാത്രമായി ഒരു ചാരിത്ര്യമോ? എല്ലാ പരീക്ഷണങ്ങൾക്കും ശേഷം രാജൻ കൂടെ താമസിച്ചു. താനൊരു സംശയവും രാജനിൽ കണ്ടില്ല. അത്രയ്ക്കു സ്നേഹമഭിനയിച്ചു രാജൻ. രണ്ടു മൂന്നു മാസം ഗർഭിണിയായി കഴിഞ്ഞപ്പോൾ മുതൽ ഒരു മനംമാറ്റം. ഏതു തിരക്കിലും ഫോൺ ചെയ്തിരുന്ന രാജന് ഇപ്പോൾ ഒന്നിനും സമയമില്ല. ജോലിത്തിരക്ക്, സന്ദർശകർ. പുറത്തു പോകണമെങ്കിൽ ആരെയെങ്കിലും കൂട്ടിനു വിളിച്ചുപൊയ്ക്കൊള്ളാൻ ശർമ്മിളയ്ക്കാണെങ്കിൽ ഒന്നിനും താൽപര്യമില്ല.
ഭാര്യ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ പണ്ടെങ്ങോ നടന്ന സംഭവത്തിന്റെ പേരിലൊരു സംശയം. ചാരിത്ര്യം മണ്ണാങ്കട്ട ഇതിന്റെ പേരും പറഞ്ഞ് കാര്യം കണ്ടു കഴിഞ്ഞ് ഉപേക്ഷിക്കാനുള്ള തന്ത്രം അനുവദിക്കാൻ മാത്രം ഈ സീത ഒരുക്കമല്ല. വനിതാക്കമ്മീഷനിൽ ഒരു പരാതികൊടുക്കണം. അവൾ ആരും കാണാതെ കൂടെ കൊണ്ടുനടന്നിരുന്ന ഫോണെടുത്ത് വിളിച്ചു. അമ്മത്തൊട്ടിലുകൾ ഉണ്ടാകും മുമ്പ് തന്നെ അമ്മ വയലിൽ ഉപേക്ഷിച്ചു. അവിടെ നിന്നും കണ്ടെടുത്ത് രക്ഷിച്ച ശരണാലയഭവനിൽ നിന്നും വാഹനം വന്നു. ഒരിയ്ക്കലും ഇവിടേയ്ക്കിനിവരേണ്ടി വരുമെന്നു ഓർത്തില്ല. മാന്യനായ രാജൻ തന്നെ സ്നേഹിയ്ക്കുമെന്നും ണല്ലോരു കുടുംബ ജീവിതം ഉണ്ടാകുമെന്നും കരുതി. എല്ലാം തെറ്റി. ജീവിതത്തിൽ തെറ്റലുകളേ ഉള്ളോ? ശരികളില്ലേ?
ശരികളെ മുറുകെ പിടിച്ച തനിയ്ക്കുണ്ടായ നഷ്ടങ്ങൾ തന്നെയല്ലേ ശരികളില്ല എന്നുള്ളതിന് തെളിവ്. എന്തെല്ലാം പാരിതോഷികങ്ങൾ എന്തെല്ലാം സമ്മാനങ്ങൾ എല്ലാമുപേക്ഷിച്ചല്ലേ തടവറയിൽ നിരാഹാരമിരുന്നത്. അതിന്റെ മുറ്റത്തു നിന്ന ബദാം മരത്തിന്റെ തണലായിരുന്നു തന്റെ ഏക ആശ്വാസം ഒടുവിൽ അതിലിരുന്ന കുരങ്ങനും. ശരണാലയത്തിൽ ആരുമായും ചങ്ങാത്തം കൂടാതെ ഒറ്റയ്ക്കു കഴിഞ്ഞു. അതിനിടയിൽ ആൺകുട്ടിയെ പ്രസവിച്ചു. ഒന്നും മകനിൽ നിന്നൊളിച്ചില്ല. അമ്മയുടെ ജീവിതത്തെ മകൻ പഴിച്ചില്ല. അവനും സത്യം ഗ്രഹിക്കാനുള്ള നിഷ്ക്കളങ്കത ഉണ്ടായിരുന്നു.
സീതയില്ലാതെ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന രാജന്റെ കഥ സീത അറിഞ്ഞു. സീത കുട്ടിയെ അച്ഛന്റെ അടുത്തേയ്ക്കയച്ചു. കുട്ടിയിൽ നിന്നും സത്യം ഗ്രഹിച്ച രാജൻ സീതയെത്തേടി വീണ്ടുമെത്തി. പക്ഷെ ഒരു വ്യവസ്ഥ കുട്ടി ഡി.എൻ.എ ടെസ്റ്റു നടത്തി സത്യം തെളിയിക്കണം.
അവൾക്കതു കേട്ടതേ വെറുപ്പാണ് തോന്നിയത്. ഇനിയും സ്ത്രീത്വത്തെ അപമാനിക്കലോ ഇയാളുടെ സംശയങ്ങൾ തീർത്ത് തീർത്ത് ഞാനെന്തിനെന്റെ ജീവിതം പാഴാക്കണം. മാനസികമായി ഈ പീഡനം താങ്ങാൻ വയ്യ. ശരണാലയത്തിലായിരുന്നപ്പോൾ പഠിച്ച തയ്യലും കമ്പ്യൂട്ടറും അവൾക്കു സഹായത്തിനെത്തി. അടുത്തുള്ളൊരു സ്കൂളിൽ ക്ലാർക്കായി ജോലികിട്ടി. കുട്ടിയെ അവിടെ പഠിപ്പിക്കാനും സാധിച്ചു. സ്കൂട്ടി ഓടിക്കാൻ പഠിച്ച് ലൈസൻസ്സെടുത്തു. വിധിയെ പഴിച്ച് ആശാന്റെ സീത ചിന്തിച്ചിരുന്ന കാലം കഴിച്ചു. അവസാനം അഗ്നിയിൽ ചാടി ശുദ്ധിതെളിയിച്ചിട്ടും തെളിയാത്ത രാമന്റെ കണ്ണു തള്ളിച്ചു കൊണ്ട് ഭൂമി പിളർന്നവൾ അപ്രത്യക്ഷയായി. അത്തരം അത്ഭുതങ്ങൾ കാട്ടി ഭർത്താവിനെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ നിൽക്കാതെ സീതത്തന്റെ കുട്ടിയെ സ്കൂളിലേയ്ക്കു വിട്ട് ആഫീസിലെ ജോലിതിരക്കിൽ മുഴുകി. ചിന്താവിഷ്ടയാകാൻ സീതയ്ക്കു ഒട്ടും സമയമില്ല.