ചന്ദ്രൻനായർ
ചെമ്പരത്തിച്ചോട്ടിലും
പൂപ്പരത്തിത്തണലിലും
കൂട്ടുകാരി അന്നു നീട്ടീയ
വക്കു പൊട്ടിയ സ്ലേറ്റിലെ
ആദ്യത്തെ അക്ഷരതെറ്റാണ് പ്രണയം.
റബ്ബറാൽ റിബ്ബണു കെട്ടിയ
പുസ്തകം കുടയാക്കി
മഴയോട് മല്ലിട്ട് നിന്നോടടുക്കുമ്പോൾ
മഴിത്തണ്ടുകൾ നിറയുന്ന ചോക്കലേറ്റുപെട്ടിയിലെ
നനഞ്ഞു കുതിർന്നൊരു കടലാണ് പ്രണയം.
മാവിൻതലപ്പത്തു വെയിലിന്റെ വെളിച്ചവും
പുഴയോരത്തു പതിഞ്ഞ നിൻ കാൽപ്പാദവും
പൊട്ടിയ ചോക്കിന്റെ മണമുള്ള കയ്യിനാൽ
കവിളത്തു നുള്ളിയ കളയാണ് പ്രണയം
പിന്നെ,
പടവുകൾ പിന്നിട്ട ബാല്യകൗമാരങ്ങളും
വാർന്ന യൗവ്വനത്തിന്റെ അമ്ലതീക്ഷണതകളും
വരണ്ട വർത്തമാനത്തിന്റെ വ്യാകുലസ്വപ്നങ്ങളും
വിയർക്കുന്ന തീയിലും നുരയുന്ന കുളിരാണു പ്രണയം.