എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ

ഉർവ്വശി മേനക-രംഭ-തിലോത്തമമാർക്ക്‌ സ്വാഗതം 
 ഹിന്ദുപുരാണങ്ങളിൽ പുരുഷനെ സ്വാധീനിച്ച്‌ കാര്യങ്ങൾ നടത്തിയിരുന്ന പ്രധാന ചില ദേവനർത്തകിമാരുടെ പേരുകൾ അറിയാതെ ഇപ്പോൾ ഓർത്തുപോവുകയാണ്‌. പണ്ട്‌ ദേവാസുര ചരിത്രത്തിലും ധാരാളം സ്ഥാനാരോഹണങ്ങളും സ്ഥാനചലനങ്ങളും നടന്നിട്ടുണ്ട്‌. ദേവന്മാരേയും അസുരന്മാരേയും അന്ന്‌ ഏറ്റവും കൂടുതൽ വശം കെടുത്തിയിരുന്നത്‌ സ്ത്രീകളോടും അധികാരത്തോടും ഉണ്ടായിരുന്ന മോഹവ്യാമോഹങ്ങൾ തന്നെയാണ്‌. കനകവും കാമിനിയും എല്ലാക്കാലത്തും പുരുഷാധിപത്യത്തിന്റെ കള്ളത്താക്കോലുകളായി പ്രവർത്തിച്ചിട്ടുണ്ട്‌. ആ കാലത്ത്‌, ദൈവീക ശക്തിക്കു പരമ പ്രാധാന്യം ഉണ്ടായിരുന്ന ആ കാലത്തുപോലും, സ്ത്രീശക്തിയും അവളുടെ കുടിലബുദ്ധിയും ഭരണത്തേയും അധികാരത്തേയും പണാധിപത്യത്തെയുമെല്ലാം അട്ടിമറിച്ച കഥകളാണ്‌ പുരാണങ്ങളിലൂടെ നാം വായിച്ചെടുത്തത്‌.
    ദേവരാജാക്കളും അസുരന്മാരും അന്ന്‌ ഭയപ്പെട്ടിരുന്നത്‌ അവരേക്കാൾ ആർജ്ജവവും ഊർജ്ജവും ഉണ്ടായിരുന്ന മനഃശ്ശക്തിയേയും ആ മനഃശ്ശക്തിയ്ക്ക്‌ ഉറവിടമായ തപശ്ശക്തിയേയുമാണ്‌. ഋഷികൾക്കും മുനിമാർക്കും വശമായിരുന്ന തപശ്ശക്തിയും ജ്ഞാനദൃഷ്ടിയും ഈശ്വരന്മാർക്കുപോലും ഉണ്ടായിരുന്നില്ല. എന്നാൽ പുരാണകഥകളിൽ നിന്ന്‌ നാം ഊഹിച്ചെടുക്കേണ്ടത്‌ അതായത്‌ ദേവന്മാർപോലും വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ തപസ്വാദ്ധ്യായികളായ മുനിമാർ വിചാരിച്ചാൽ നടക്കുമായിരുന്നു. അസുരന്മാരെ തോൽപിക്കാൻ ദേവകൾക്ക്‌ ബുദ്ധി ഉപദേശിച്ചിരുന്നതും മഹാഋഷികളും മുനീശ്വരന്മാരുമായിരുന്നു. അതുകൊണ്ടു തന്നെ ഋഷികൾക്കും താപസന്മാർക്കും അന്ന്‌ നല്ല ഡിമാന്റായിരുന്നു. അവർ ശപിച്ചാൽ ശപിച്ചതു തന്നെ, അനുഗ്രഹിച്ചാൽ അതും ഫലിയ്ക്കുന്ന കാലം, മാത്രമല്ല കായിക ശക്തിയുള്ള അസുരന്മാരേക്കാളും ദൈവിക-മായിക ശക്തിയുള്ള ദേവന്മാരേക്കാളും പ്രബലരായിരുന്നു, മന്ത്രശക്തികൊണ്ട്‌ എല്ലാം നശിപ്പിയ്ക്കാനും പുനർജനിപ്പിയ്ക്കാനും കഴിവുണ്ടായിരുന്ന, ഋഷികളുടേയും മുനീശ്വരന്മാരുടേയും സ്ഥാനം. മാനുഷവംശത്തിൽ വന്നുഭവിച്ച ഈശ്വരാവതാരങ്ങളായ രാജാക്കന്മാരും ഈ ഋഷികളെ ഭയക്കുകയും മാനിയ്ക്കുകയും ചെയ്തിരുന്നു.
    അത്രകണ്ട്‌ നിസ്തുലശക്തിയുണ്ടായിരുന്ന മുനിമാരേയും ഋഷീശ്വരന്മാരേയും നിഷ്പ്രഭരമാക്കാൻ അസുരന്മാർക്കോ ഈശ്വരന്മാർക്കോ കഴിയുമായിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഏതെങ്കിലും ഋഷീശ്വരന്റെ ശക്തിയില്ലാതാക്കാനും അന്ന്‌ ഉപയോഗിച്ചിരുന്ന ഒറ്റമൂലിയായിരുന്നു സുന്ദരികളായ അപ്സരസ്സുകളിൽ ചിലർ. സ്ത്രീയുടെ മുമ്പിൽ ഏത്‌ ബ്രഹ്മചര്യവും സന്യാസവും തപശ്ശക്തിയുമെല്ലാം കെട്ടണഞ്ഞുപോയ ചരിത്രമാണ്‌ എല്ലാ മതപുരാണങ്ങളിൽ നിന്നും നാം വായിച്ചെടുത്തിട്ടുള്ളത്‌. വിശ്വാമിത്രൻ, അംഗിരസ്സ്‌, അഗസ്തി തുടങ്ങിയ മുനീശ്വരന്മാരേയും, ഇന്ദ്രൻ, ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരേയും ഈ അപ്സരസ്ത്രീകൾ അക്കാലത്ത്‌ കുറച്ചൊന്നുമല്ല മുതലാക്കിയിട്ടുള്ളത്‌. മറിച്ചും, ഈ സ്ത്രീകളെ വച്ച്‌ അധികാരവും പ്രമാണിത്തവും പ്രതാപവും ഉണ്ടാക്കിയെടുക്കുകയും നിലനിർത്തുകയും ചെയ്ത ചരിത്രവും പഴയതാളുകളിലുണ്ട്‌.
    ഇതാ പുരാണം കേരളത്തിൽ ആവർത്തിയ്ക്കുന്നു. ഇവിടേയും അധികാരക്കസേരകൾ പിടിച്ചെടുക്കുവാനും പിഴുതെറിയുവാനും പലതരം സ്ത്രീ 'രത്ന'ങ്ങളെ ഉപയോഗപ്പെടുത്താൻ തുടങ്ങിയതായി, സമീപകാല ചരിത്രവും വാർത്തകളും നമ്മോട്‌ പറയുന്നു. പഴയകാല രംഭ-തിലോത്തമമാരും ഉർവ്വശി-മേനകമാരും ശപിയ്ക്കപ്പെട്ട്‌ ഭൂമിയിലേക്ക്‌ വന്നതായും പുരാണേതിഹാസങ്ങൾ സാക്ഷിപ്പെടുത്തുന്നുണ്ട്‌. അതായത്‌ അവരുടെ സന്തതിപരമ്പരകൾ ഭൂമിയിലെ ഏറ്റവും ചെറിയ ഇടങ്ങളിലൊന്നായ കേരളത്തിലാണ്‌ തെറിച്ചു വീണിട്ടുള്ളത്‌ എന്ന്‌ പുതിയ ചരിത്രവും നമ്മെ ബോധ്യപ്പെടുത്തുന്നു. പെണ്ണിനെവച്ച്‌ വിലപേശുകയും പെണ്ണിനെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുകയും പെണ്ണിന്‌ വേണ്ടി കിട മത്സരം നടത്തുകയും പെണ്ണൊരുമ്പെട്ട്‌ തന്നെ ചരിത്രവും, ഭൂമിശാസ്ത്രവും കിളച്ചു മറിയ്ക്കുകയും ചെയ്യുന്നത്‌ ഈ കൊച്ചുകേരളനാട്ടിൽ ഇപ്പോൾ നിത്യസംഭവമായിരിയ്ക്കുന്നു.
    കഴിഞ്ഞയാഴ്ച ടി.വിയിൽ കണ്ട ഒരു കോമഡിഷോയിൽ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട്‌ പറഞ്ഞത്‌ ഇങ്ങിനെയാണ്‌. നമുക്ക്‌ ആരും കാണാതെ പ്രേമിയ്ക്കാം, പ്രണയിക്കാം ആരെങ്കിലും കണ്ടുപോയാൽ പിന്നെ അത്‌ പീഡനമാക്കാതെ തരമില്ല ചേട്ടാ. അതേ, പല പ്രണയനാടകങ്ങളും തുറസ്സായ വ്യഭിചാരങ്ങൾപോലും സ്ത്രീപീഡനമായി കുത്തിപ്പൊക്കാൻ യഥാർത്ഥ പീഡനവിദഗ്ധരായ ഇന്ദ്രാദികളും കേരളത്തിൽ തന്നെ പിറന്നുവീണിട്ടുണ്ട്‌ എന്ന്‌ തീർച്ച. ഏതു പെണ്ണിന്റെ കൂടെയും പുറപ്പെട്ടിറങ്ങാൻ മുണ്ടും മടക്കിക്കുത്തി റഡിയായി നിൽക്കുന്ന പുരുഷന്മാരും ഏതൊരുത്തന്റേം കൂടെ എവിടംവരെ വേണമെങ്കിലും കയറിയിറങ്ങി നടക്കാൻ മടിയില്ലാത്ത പെണ്ണുങ്ങളും നമ്മുടെ നാട്ടിൽ ജനസംഖ്യാവർദ്ധനവുണ്ടാക്കിയിട്ടു

ണ്ട്‌ എന്നതിന്‌ സംശയമില്ല. പണ്ട്‌ ദൈവങ്ങൾ ശപിച്ച്‌ ഭൂമിയിലേക്ക്‌ വിട്ട പതിതകൾക്ക്‌ നമുക്കിനി സ്വാഗതം പറയാം. ഇവിടെ നിയമം പൂർണ്ണമായും അവർക്കനുകൂലമാണ്‌. നാളെ, 'മുഖ്യമന്ത്രിയെ ഞാൻ ഒരു മുറിയിൽ കണ്ടിട്ടുണ്ട്‌' എന്ന്‌ ഏതെങ്കിലും ഒരുത്തി വിളിച്ചു കൂവിയാൽ മുഖ്യമന്ത്രിക്കസേര മാത്രമല്ല ആ പാവത്തിന്റെ തലയും അപകടത്തിൽ ആയതു തന്നെ. അവൾ പറയുന്നത്‌ മാത്രമാകും ശരി, എന്നതു ശരി...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?