26 Mar 2013

വിചിന്തനം


സുധാകരൻ ചന്തവിള
പുരോഗമനസാഹിത്യം
ഉണ്ടാകുന്നതെങ്ങനെ?




പുരോഗമന എഴുത്തുകാർ എന്നാൽ, പുരോഗമന സാഹിത്യസംഘത്തിലെ എഴുത്തുകാർ  എന്ന പരിമിതി തികച്ചും അനാവശ്യമാണ്‌. ചില എഴുത്തുകാർ പുരോഗമനക്കാർ, മറ്റുചിലർ അധോഗമനക്കാർ എന്നിങ്ങനെ വേർതിരിക്കപ്പെടുന്നതും വെറും പക്ഷപാതമാണെന്നു പറയാം. മനസ്സിൽ പുരോഗമനമില്ലാത്ത ആർക്കെങ്കിലും സർഗ്ഗാത്മക എഴുത്തുകാരനാകാൻ കഴിയുമോ? ചില കാലങ്ങളിൽ ചില എഴുത്തുകാർ സർക്കാരിനോടോ പാർട്ടിയോടോ സന്ധി ചെയ്യുന്നുണ്ടാകും. ചിലർ മതസ്ഥാപനങ്ങളോടോ  മറ്റു സ്ഥാപിത താൽപര്യമുള്ള പ്രസ്ഥാനങ്ങളോടോ അടുത്തു നിന്നു പ്രവർത്തിക്കുന്നുണ്ടാകും. അപ്പോഴും അവർ എഴുതുന്ന സാഹിത്യം മനുഷ്യനെ സംബന്ധിച്ചതാണെങ്കിൽ അവ പുരോഗമനസാഹിത്യം തന്നെയാണ്‌.

  ജാതി-മത വർഗ്ഗങ്ങൾക്കും പ്രാദേശിക വാദങ്ങൾക്കും  എതിരെ, വിശാലമായ മനുഷ്യനന്മയ്ക്കും സാംസ്കാരിക മൂല്യങ്ങൾക്കും വേണ്ടി എഴുതുക തന്നെയാണ്‌  ഏതൊരു പുരോഗമനവാദിയായ എഴുത്തുകാരന്റെയും കടമ. അതിനുവേണ്ടി ഏതെങ്കിലും മുന്നണിയോടോ, പാർട്ടിയോടോ കൂറുപുലർത്തണമെന്നു  നിർബന്ധമില്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളോടും എഴുത്തുകാർ സ്വാഭാവികമായി ഇണങ്ങിയെന്നു വരാം. അതു പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യവും  സാഹിത്യത്തിന്റെ നന്മയും തമ്മിലുള്ള മാനസിക ബന്ധം കൊണ്ടുണ്ടാകുന്നതാണ്‌.  അതുകൊണ്ടാണ്‌  ചങ്ങമ്പുഴയും മുണ്ടശ്ശേരിയും  എം. പി പോളും പുരോഗമന സാഹിത്യ പ്രസ്ഥാനത്തോട്‌ ആദ്യകാലത്ത്‌ പൊരുത്തപ്പെട്ടു നിന്നത്‌. പിൽക്കാലത്ത്‌ വൈലോപ്പിള്ളിയും എം. കെ. സാനുവും  എം. എൻ. വിജയനും കടമ്മനിട്ടയുമെല്ലാം പു.ക.സയുടെ പ്രസിഡന്റുമാരായി പ്രവർത്തിച്ചതും ഇതുകൊണ്ടാണ്‌. പക്ഷേ മേൽപ്പറഞ്ഞവരെല്ലാം സംഘത്തിൽ പ്രവർത്തിച്ചതുകൊണ്ടാണ്‌ അവരുടെ സാഹിത്യം, സാഹിത്യമായതെന്ന്‌ പറയാൻ കഴിയുമോ?
'വാഴക്കുല'യും 'രക്തപുഷ്പ'ങ്ങളും 'സ്പന്ദിക്കുന്ന  അസ്ഥിമാട'വും  എഴുതാൻ ചങ്ങമ്പുഴയ്ക്ക്‌  ഒരു പ്രസ്ഥാനവും  വേണ്ടിയിരുന്നില്ല. തികച്ചും സ്പന്ദിക്കുന്ന  അസ്ഥിമാടമായി  ജീവിച്ചിരുന്ന ആ കവിശ്രേഷ്ഠന്റെ പലവരികളും  പുരോഗമന  പ്രസ്ഥാനക്കാർക്ക്‌  വീര്യം പകരുകയാണുണ്ടായത്‌. മുണ്ടശ്ശേരി തന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം എഴുതിയത്‌ പ്രസ്ഥാനത്തിന്റെയോ  സംഘത്തിന്റെയോ ഉള്ളിൽ നിൽക്കുമ്പോഴായിരുന്നില്ല. വൈലോപ്പിള്ളി ഏറ്റവും ശക്തമായ  'കന്നിക്കൊയ്ത്ത്‌', 'സഹ്യന്റെ മകൻ', 'ആസാം പണിക്കാർ', 'യുഗപരിവർത്തനം' 'പന്തങ്ങൾ', 'കുടിയൊഴിക്കൽ'  'ഓണപ്പാട്ടുകാർ' എന്നീ കവിതകളെഴുതുമ്പോൾ പു.ക.സയുടെ പ്രവർത്തകനായിരുന്നില്ല. പു.ക.സയോട്‌ കൂടുതലടുത്തതിനുശേഷം  അദ്ദേഹമെഴുതിയത്‌  'മകരകൊയ്ത്ത്‌ മാത്രമാണെന്നു കാണാം. മകരക്കൊയ്ത്ത്‌ പല അവാർഡുകളും  നേടിയ കൃതിയാണെങ്കിലും  താരതന്മ്യേന  വൈലോപ്പിള്ളി കൃതികളിൽ ശക്തികുറഞ്ഞ  കവിതകളാണ്‌ അതിലുള്ളതെന്ന്‌ മനസ്സിലാക്കാൻ കഴിയും. പു ക സയിൽ എത്തിയശേഷം അദ്ദേഹത്തിന്റെ സർഗ്ഗശേഷി  നശിച്ചുപോയതല്ല, മറിച്ച്‌ വൈലോപ്പിള്ളിയെക്കൊണ്ട്‌ സംഘത്തിനുണ്ടായ നേട്ടം, സംഘംകൊണ്ട്‌ കവിക്കുണ്ടായിട്ടില്ല എന്നതാണു ശരി.  എഴുപതുകളിൽ പു ക സ ഒരു പ്രസ്ഥാനമായി  വളർന്നത്‌ വൈലോപ്പിള്ളിയുടെ വരവോടെയാണ്‌.
എം. കെ. സാനുവും എം. എൻ. വിജയനും അവരവരുടെ ആശയഗതികൾ പ്രസംഗങ്ങളിലൂടെ, എഴുത്തിലൂടെ പാർട്ടി വേദികളിൽ പോലും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ്‌. അവർക്ക്‌ അവരുടേതായ  കഴിവും ചിന്തയും  പ്രതിഭയും  ഉണ്ടായിരുന്നു. പു.ക.സയിൽ വരുന്നതിന്‌ മുമ്പുതന്നെ എം.കെ.സാനു എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.എൻ.വിജയൻ വളരെ നേരത്തെതന്നെ, മലയാളത്തിൽ നവീനമായ ഒരു നിരൂപണരീതി-മനഃശാസ്ത്രത്തിന്റെ പിൻബലത്തോടെ ആവിഷ്കരിച്ചിരുന്നു. പിന്നീട്‌ ആഗോളവൽക്കരണത്തെയും അധിനിവേശത്തെയും കുറിച്ച്‌ ആധികാരികമായി പാർട്ടി വേദികളിൽ സംസാരിക്കുവാൻ  ഒരു 'വിജയൻമാഷ്‌' ഉണ്ടായി എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. എന്നാൽ അത്‌ പാർട്ടി ഉണ്ടാക്കിയെടുത്തതുമാത്രമല്ല, കമ്മ്യൂണിസത്തിന്റെ  കാതൽ ഉൾക്കൊള്ളുകയും  ലാളിത്യത്തോടെ ജീവിക്കുകയും ചെയ്ത ഒരാളിന്റെ  ഉൽകണ്ഠകൾ കൂടിയായിരുന്നു അദ്ദേഹത്തിന്റെ വളർച്ചയും പ്രഭാഷണങ്ങളും.
കടമ്മനിട്ട രാമകൃഷ്ണൻ ഒരുകാലത്ത്‌ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി മുദ്രകുത്തപ്പെട്ടിരുന്നുവല്ലോ? ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും പു.ക.സക്കാരും (ആയിരം കവിയരങ്ങുകൾ നടത്തി അദ്ദേഹത്തെ ആരാധിക്കുന്നു) വാഴ്ത്തിപ്പാടുന്ന കുറത്തിയും കാട്ടാളനും കോഴിയും കിരാതവൃത്തവുമെല്ലാം എഴുതപ്പെട്ട കാലത്ത്‌ അദ്ദേഹം പു.ക.സയ്ക്ക്‌ പുറത്തായിരുന്നു. പു.ക.സയിൽ വന്നശേഷം കടമ്മനിട്ട ഒന്നും എഴുതിയിട്ടില്ല. കാരണം എഴുത്തുനിർത്തിയശേഷമാണ്‌ എം.എൽ.എ ആയതും പു.ക.സ പ്രസിഡന്റായതും.
കേശവദേവും തകഴിയും പൊൻകുന്നം വർക്കിയും  കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സഹയാത്രികരായിരുന്നു. മലയാള നവോത്ഥാന സാഹിത്യത്തിന്റെ കാലഘട്ടത്തിൽ, വൈക്കം മുഹമ്മദ്‌ ബഷീർ ഒറ്റയാനായി നിലകൊണ്ടു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, മറക്കാൻ കഴിയാത്ത കഥകളെഴുതിയ ബഷീർ ഒരു പ്രസ്ഥാനത്തോടും പാർട്ടിയോടും അടുക്കാതെ, എന്നാൽ തികച്ചും ഹ്യൂമനിസ്റ്റായി സാഹിത്യരചന നടത്തി. അദ്ദേഹത്തിന്റെ കൃതികൾ മലയാളികൾ ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്നുണ്ട്‌.  മരുഭൂമികൾ പൂക്കുന്നതുകണ്ട ബഷീർ  ജീവിതമെന്ന  മഹാഭാരതം യഥേഷ്ടം  വായിച്ച അതുല്യപ്രതിഭയായിരുന്നു. സാഹിത്യത്തിലെ നിത്യവിസ്മയമായ അദ്ദേഹം സ്വന്തം സർഗ്ഗശേഷി കൊണ്ടു മാത്രമാണ്‌  അനശ്വരനായത്‌. ബഷീറിന്‌ കിട്ടാതെപോയ അംഗീകാരങ്ങളും  അവാർഡുകളും ഉണ്ടാകാം. പക്ഷേ അദ്ദേഹം തന്റെ സമകാലികരായ ഏതു പു.ക.സ എഴുത്തുകാരനെക്കാളും തലയെടുപ്പോടെ ജീവിക്കുക തന്നെ ചെയ്യും. ജീവിതത്തിലുടനീളം ഗാന്ധിയൻ ആശയഗതികൾ ഉൾക്കൊണ്ടു ജീവിച്ച തനി പൊന്നാനിക്കാരനായ ഇടശ്ശേരി ഗോവിന്ദൻനായർ മലയാളത്തിൽ ഇന്നും വായിക്കപ്പെടുന്ന കവിയാണ്‌.  'പുത്തൻ കലവും അരിവാളും,' 'പണിമുടക്കം,' 'കുങ്കുമപ്രഭാതം,' ബുദ്ധനും  നരിയും, ഞാനും,'  തുടങ്ങിയ കവിതകളും  'കൂട്ടുകൃഷി' എന്ന നാടകവും  (കൂട്ടുകൃഷി പു.ക.സയുടെ സമ്മേളനങ്ങളിൽ ഇന്നും അവതരിപ്പിക്കപ്പെടുന്നു) എഴുതി കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‌  ശക്തിപകർന്ന ഇടശ്ശേരി ഒരിക്കലും  ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നില്
ല. കേരളത്തിന്റെ വിപ്ലവകവിയെന്ന്‌  അഭിമാനത്തോടെ പറയാവുന്ന അദ്ദേഹം ഒരു ഇടതുസഹയാത്രികൻ പോലുമായിരുന്നില്ല എന്നും ഓർക്കേണ്ടതാണ്‌.
കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും കലാ സാഹിത്യ പ്രസ്ഥാനങ്ങളും  തമ്മിൽ അഭേദ്യമായ ബന്ധം നിലനിന്നിരുന്നു. സർവ്വതലസ്പർശിയായ കമ്മ്യൂണിസം ഉൾക്കൊണ്ട എഴുത്തുകാരിൽ  അധികം പേരും ഇടതു പക്ഷത്തോട്‌ മാനസിക ബന്ധം പുലർത്തിയവരാണ്‌. പാർട്ടി വേദികളിലും പാർട്ടിസാഹിത്യ സമ്മേളനങ്ങളിലും ധാരാളം എഴുത്തുകാർ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തുവന്നു. ഓരോ കാലഘട്ടത്തിലും പാർട്ടി കൊട്ടിഘോഷിക്കുന്ന  കുറേ എഴുത്തുകാരെങ്കിലും ഉണ്ടാവുക സ്വാഭാവികമാണ്‌. കെടാമംഗലം പപ്പൂക്കുട്ടി, പൊൻകുന്നം  ദാമോദരൻ, കെ.പി.ജി നമ്പൂതിരി എന്നിവർ അതിൽ പ്രധാനികളാണ്‌. ഇവരെല്ലാം എഴുതുന്നതുപോലെയാകണം സാഹിത്യ രചന എന്നുവരെ പാർട്ടി സാഹിത്യകാരന്മാർ  പറഞ്ഞു നടന്നിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഈ എഴുത്തുകാരാരും തന്നെ ഇന്ന്‌ ജീവിക്കുന്നില്ല. അവരുടെ മരണത്തിനു മുമ്പുതന്നെ അവരുടെ സാഹിത്യം  മരിച്ചുകഴിഞ്ഞു. മാറി നിന്ന്‌ എഴുതുകയും  പലപ്പോഴും സത്യസന്ധമായി അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുകയും ചെയ്ത എഴുത്തുകാർ  അക്കാലത്ത്‌ പൈന്തള്ളപ്പെട്ടിരുന്നു. അവരിൽ ചിലരാണ്‌  ഇന്ന്‌ സാഹിത്യത്തിൽ ജീവിക്കുന്ന എഴുത്തുകാർ.
            പുരോഗമന സാഹിത്യസംഘം ഒരു സാംസ്കാരിക പ്രതിരോധനിര മാത്രമാണ്‌. ഒരിക്കലും സാഹിത്യത്തിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പു.ക.സ ശ്രമിച്ചിരുന്നില്ല.'പുരോഗമന സാഹിത്യം'സൃഷ്ടിക്കാനായി  ഒരാളും പു.ക.സുടെ കൂടാരത്തിൽ കയറണമെന്നില്ല. സ്വാതന്ത്ര്യത്തിന്റെ  പുറം ലോകത്തുനിന്ന്‌, സാമൂഹിക മാറ്റത്തിനുതകുന്ന ഉൽകൃഷ്ടകൃതികളെഴുതാൻ കഴിയുമെന്നു പലരും തെളിയിച്ചിട്ടുണ്ട്‌. അത്തരം എഴുത്തുകാരെയും കൃതികളെയും പാർട്ടിയും സംഘവും കണ്ടില്ലെന്നു നടിക്കും. എന്നാൽ അവ നല്ല വായനക്കാർ സ്വീകരിച്ചു കൊണ്ടിരിക്കും.
    സംഘത്തിലുള്ളവരിൽ വളരെക്കുറച്ചുപേരൊഴികെയുള്ളവർ സാഹിത്യമേ വായിക്കുന്നവരല്ല. പു.ക.സയ്ക്ക്‌ രാഷ്ട്രീയമുണ്ടെന്ന്‌ ഏവർക്കുമറിയാം. പു.ക.സയുടെ നെടുനാളത്തെ ചരിത്രത്തിനിടയിൽ ചെറുകാടിനെപ്പോലെ ചുരുക്കം എഴുത്തുകാർ കാലത്തെ അതിജീവിക്കുന്നവരായി ഉണ്ടായിട്ടുണ്ട്‌. സർഗ്ഗശേഷിയുള്ള എത്ര യുവ എഴുത്തുകാരെ പു.ക.സയ്ക്ക്‌ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌. പ്രതിഭയുള്ളവരുടെ പേശീബലം നഷ്ടപ്പെടുത്തുന്ന പ്രത്യയശാസ്ത്രച്ചങ്ങല സ്വതന്ത്രസാഹിത്യബോധത്തിന്‌ പ്രതിബന്ധമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...