ഡോ.കെ.ജി.ബാലകൃഷ്ണന്‍
കറുത്ത കാഴ്ചകള്‍ 
കാളിന്ദിയായി
കാളിയന്‍ ബഹുവചനത്തില്‍ 
കാകോളം തുള്ളി
അല്ലും പകലും 
കിരാതനര്‍ത്തനമാടി. 
നോക്കിലും നാക്കിലും 
നിഴല്‍ച്ചാര്ത്തിലും
വീര്‍പ്പിലും വിയര്‍പ്പിലും 
അകവും പുറവും തിങ്ങിനിറഞ്ഞ്
നുണനാറ്റം വമിച്ച് 
ആയിരം കള്ളക്കഥ നിറം ചാലിച്ച് 
കരിമൂര്‍ഖന്മാരുടെ രാസലീല. 
രാമനും കൃഷ്ണനും 
അവനവനും അവനുമിവനും ഒരുപോലെ. 
ഇല്ലിക്കാടുകള്‍ പൂത്തുലയും വൃന്ദാവനം. 
സൂരജയും വിന്ണാറും നീയായി ചമഞ്ഞിട്ടും 
അമ്മെ, രുദ്രെ, നിനക്ക് രൌദ്രനടനം വിധി. 
നേരിനൊരു നാമ്പ് പോലും കിളിര്‍ക്കാക്കാലം,
മിന്നാമിനുങ്ങ് ഒരുതരി വെട്ടത്തിനായി-
ക്കിതക്കും കാലം. 
രാപ്പകല്‍ ചിതയൊരുക്കി
മഹാമാരിതീര്‍ക്കും ഒരായിരം ചാവുകള്‍ക്കായി 
കണ്പാര്‍ക്കും കാലം. 
നീലനിറമാര്‍ന്ന തെളിവാനില്‍
കരിന്തിരി പാഴ്മണം
പടര്‍ത്തും കാലം. 
പുല്ലാങ്കുഴല്‍വിളി
ഒളിവില്‍ പരുപരുപ്പ്;
കറുപ്പ് വെളുപ്പിനെ വിഴുങ്ങും 
നുണമരങ്ങള്‍ പൂത്തുലയും കാലം. 

 
 
