നരബലി

സലിം കുലുക്കലൂർ 


ഊഷരതയില്‍ വിരിയുന്ന
സ്വപ്നങ്ങളുടെ പൂവുകള്‍ക്ക്
സൗന്ദര്യമേയില്ല.
മരുക്കാറ്റില്‍ ഉലഞ്ഞാടി
മരിച്ചു വീഴും വരെ
ആരെയും ആകര്‍ഷിക്കുന്നുമില്ല.
ജീവിതത്തിന്‍റെ
പുറന്തോടിനു മുകളില്‍
കുമിളുകള്‍ പോലെ മുളച്ചു പൊന്തി
ആരാരും ശ്രദ്ധിക്കാതെ
മരിച്ചു വീഴുന്നു അവ.
മഴയേല്‍ക്കാതെ മഞ്ഞു കൊള്ളാതെ
ശീതക്കാറ്റടിക്കാതെ
തണുത്ത് മരവിച്ച്
നാല് ചുമരുകള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടി ,
അന്യന്‍റെ സ്വപ്‌നങ്ങള്‍
ഗര്‍ഭം ധരിച്ചു പ്രസവിച്ച്
വീണ്ടും പ്രവാസജന്മങ്ങള്‍
നിര്‍വൃതിയടയുന്നു.
രക്തബന്ദങ്ങളുടെ ഓര്‍മ്മകള്‍
നിത്യവും നിദ്രയില്‍ വിരിഞ്ഞ്‌
ആര്‍ക്കും വേണ്ടാതെ
ഒരു പിടി ബലിച്ചോറിന്
കൈ നീട്ടിയിരിക്കുന്നു .
ഇത് കാലം കണ്ണ് കെട്ടി നടത്തുന്ന
നരബലി …..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?