അബ്ദുൾ ഷുക്കൂർ കെ.ടി
സ്വപ്നങ്ങളൊക്കെയും മൌനവല്മീകത്തില്‍…
സൈകതഭൂവിലെ തീക്കാറ്റിന്‍ നോവിലും
ഓമല്‍ പ്രതീക്ഷകള്‍ കാത്തു സുക്ഷിക്കുന്നവര്‍…
ഓമല്‍ക്കിനാക്കളെ താലോലിച്ചങ്ങിനെ
ഓര്‍മ്മകള്‍ തുള്ളി തുളുമ്പുന്ന ഹൃദ്-തടം
ശാന്തമാക്കീടുവാന്‍ പാടു പെടുന്നവര്‍…
ഓര്‍മ്മതന്‍ മലര്‍വാടിയിലെന്നെന്നും
വാടാമലരുകള്‍ കാത്തു സുക്ഷിക്കുന്നവര്‍…
കാണാത്ത തൂണ്‍കളാല്‍ കൈരളിയെത്താങ്ങാന്‍
സ്വപ്നങ്ങളൊക്കെ ത്യജിച്ച ഹതഭാഗ്യര്‍ !
എന്നിട്ടും, സ്വാര്‍ത്ഥമതികളെമ്പാടുമേ
പച്ചമാംസം കൊത്തി തിന്നിടുന്നു !
ചാവാലിപ്പശുവെന്നു വീമ്പു പറഞ്ഞിട്ടു
അകിടില്‍ പൊടിയുന്ന രക്തവുമൂറ്റുന്നു !
ഒടുവില്‍, കുത്തുവാക്കുകളും മാറാവ്യാധികളും
നഷ്ടസ്വപ്നങ്ങളും മാത്രം ബാക്കി …
പ്രലോഭനത്തിന്‍ തിരകളില്‍പ്പെട്ടല്ല
പ്രിയമുള്ളതെല്ലാം വിട്ടേച്ചു പോന്നത്..
പ്രിയരുടെ കണ്‍കളില്‍ പൊന്‍നാളം വിരിയിക്കാന്‍
വളമായി തീരുന്നീ വ്രണിതഹൃദയങ്ങള്‍…
പ്രവാസികള്‍ ഞങ്ങള്‍ തണലേകും മരങ്ങള്‍
ഇലകള്‍ പൊഴിച്ചു വളമാകുന്നവര്‍
പിന്നെ,ചിതലരിച്ചിടും ഉണക്കത്തടികള്‍ !!