ഗോവിന്ദചന്ദ്ര ആചാര്യ, രഞ്ജന ചക്രവർത്തി, ഹിമാദ്രി റാഭ
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, കഹികുചി, ഗുവാഹട്ടി
വടക്ക് കിഴക്കൻ ഇന്ത്യ നമ്മുടെ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ഏറ്റവും കിഴക്കേ അറ്റത്തുള്ള പ്രദേശമാണ്. അരുണാചൽപ്രദേശ്, ആസ്സാം, മണിപ്പൂർ, മേഘാലയ,മിസോറം, നാഗാലാന്റ്,ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് ഈ പ്രദേശം. കനത്ത വടക്ക് കിഴക്കൻ വർഷകാലവും ലഘുവായതോ കടുത്തതോ ആയ ശൈത്യകാലവും ഉൾപ്പെട്ട ഉപോഷ്ണമേഖല കാലാവസ്ഥയാണ് ഇവിടെ. വേനൽക്കാലവും കടുത്ത ചൂടുള്ളതല്ല. ബ്രഹ്മപുത്ര - ബരാക്ക് നദീ തടത്താലും പോഷകനദികളാലും ഫലഭൂയിഷ്ടമാണ് ഇവിടം.
രാജ്യത്തെ തീരപ്രദേശങ്ങളിലെ പ്രധാന വിളയാണെങ്കിലും, പിന്നീട് പാരമ്പര്യേതര സംസ്ഥാനങ്ങളിലെ അനുയോജ്യമായ ഇടങ്ങളിൽ തെങ്ങ് കൃഷി ചെയ്യാൻ തുടങ്ങി. വൻതോതിൽ കൃഷി ചെയ്യുന്നതിനും പുരയിടകൃഷിയെന്ന നിലയ്ക്കും മുഖ്യവിളയായും സഹവിളയായും ഈ മേഖലയിൽ തെങ്ങ് കൃഷി ചെയ്യാൻ അനുയോജ്യമാണ്. വൈവിധ്യമാർന്ന വിളയായതിനാൽ തെങ്ങിന് ജനപ്രീതിയാർജ്ജിക്കാൻ കഴിഞ്ഞൂ. അതിനാൽ 1976-77 കാലയളവിൽ ആസ്സാമിൽ 4923 ഹെക്ടറിൽ മാത്രമുണ്ടായിരുന്ന തെങ്ങുകൃഷി 2010-11 ആയപ്പോഴേക്ക് 18,800 ഹെക്ടറായി ഉയർന്നു. നാളികേരോത്പാദനവും 25071 ആയിരം നാളികേരത്തിൽ നിന്ന് 1470 ലക്ഷം നാളികേരമായി ഉയർന്നു. ഈ മേഖലയിൽ തെങ്ങുകൃഷി വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വരും നാളുകളിൽ ഈ മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രാധാന്യമർഹിക്കുന്നത്. ആസ്സാമിൽ നഗാവ് ജില്ലയിലാണ് ഏറ്റവുമധികം തെങ്ങുകൃഷിയുള്ളത്, 3224 ഹെക്ടർ. 2914 ഹെക്ടർ തെങ്ങുകൃഷിയുമായി കാമരൂപ് രണ്ടാംസ്ഥാനത്തുണ്ട് (2008-09). സോനിത്പൂർ, മൊറിഗാവ്, ദരാംഗ്,കാചർ, നൽബാരി, ബാർപേട്ട എന്നീ ജില്ലകളിലും ഗണ്യമായ തോതിൽ തെങ്ങുകൃഷിയുണ്ട്.
ത്രിപുരയിൽ 2009-10ലെ കണക്കനുസരിച്ച് 5800 ഹെക്ടറിൽ തെങ്ങുകൃഷി ചെയ്യുന്നുണ്ട്; ഉത്പാദനം 116 ലക്ഷം നാളികേരമാണ്. നാഗാലാന്റിൽ 900 ഹെക്ടറിലാണ് തെങ്ങുകൃഷി, ഉത്പാദനമാകട്ടെ 436000 നാളികേരവും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ശാസ്ത്രീയ പരിപാലനമുറകൾ അവലംബിക്കാതെ മഴയെ മാത്രം ആശ്രയിച്ചാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെങ്ങുകൃഷി ചെയ്യുന്നത്. അതിനാൽ തന്നെ നാളികേരോത്പാദനം വളരെക്കുറവാണ്. ഈ മേഖലയിലെ 80 ശതമാനം കർഷകരും ചെറുകിട-നാമമാത്ര കർഷകരാണ്. ആസ്സാമിൽ കൃഷിഭൂമിയുടെ 85.25 ശതമാനത്തോളം 23.44 ലക്ഷത്തോളം വരുന്ന ചെറുകിട, നാമമാത്ര കർഷക കുടുംബങ്ങളുടെ (0.6 ഹെ.) പക്കലാണ്. ഇതിന് പ്രധാന കാരണം, സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം കുന്നും മലകളും ആയതിനാൽ വലിയ തോട്ടങ്ങൾ ഉണ്ടാക്കുക അസാദ്ധ്യമാണ്. കൃഷിഭൂമിയുടെ ശരാശരി വലിപ്പം വളരെക്കുറവായതിനാൽ ആധുനിക പരിപാലനമുറകൾ അവലംബിക്കുകയെന്നത് അസാദ്ധ്യമാണ്. തനിവിളയായാണ് തെങ്ങുകൃഷി ചെയ്യുന്നത്.
മച്ചിങ്ങ കൊഴിച്ചിൽ സർവ്വ സാധാരണമാണ്. പോഷകങ്ങളുടെ കുറവ്, പ്രതിരോധശക്തി കുറവ്, രോഗ-കീടാക്രമണം, കായ്ക്കാനുള്ള കഴിവില്ലായ്മ, ഈർപ്പക്കുറവ്, വെള്ളക്കെട്ട്, വായുസഞ്ചാരത്തിന്റെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മൂലമാണ് മച്ചിങ്ങ കൊഴിച്ചിൽ ഉണ്ടാകുന്നത്. ചെന്നീരൊലിപ്പും കൂമ്പടപ്പുമാണ് പ്രധാനമായി കാണപ്പെടുന്ന രോഗങ്ങൾ. കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, മണ്ഡരി തുടങ്ങിയവയുടെ ആക്രമണവും കണ്ടുവരുന്നു.
ആസ്സാമിലെ രോഗ, കീടാക്രമണത്തെക്കുറിച്ച് ശേഖരിച്ച സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് കാമരൂപ്, നഗാവ്, മൊറിഗാവ്, ദരാംഗ് എന്നീ ജില്ലകളിലെ വിവിധ മേഖലകളിൽ 1 മുതൽ 16 ശതമാനം വരെയാണ് ചെന്നീരൊലിപ്പ് ബാധ കണ്ടുവരുന്നത്. കൂമ്പടപ്പ് രോഗബാധ കാമരൂപയിലെ ചില പ്രദേശങ്ങളിൽ 20 ശതമാനത്തോളം കാണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. മോറിഗാവിലും നഗാവിലും മണ്ഡരിയുടെ ആക്രമണമുള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു.
വടക്ക് കിഴക്കൻ മേഖലയിലെ നാളികേര വികസനം
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാളികേരവികസനത്തിനായി താഴെപ്പറയുന്ന മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.
*ശുപാർശ ചെയ്തിട്ടുള്ള ഇനങ്ങളുടെ ഗുണമേന്മയുള്ള നടീൽ സാമഗ്രികൾ വച്ചുപിടിപ്പിക്കുക
* ജലസേചനവും ശാസ്ത്രീയ വളപ്രയോഗവും അവലംബിക്കുക
*തെങ്ങിൻ ചുവട്ടിൽ തന്നെ മണ്ണ്, ഈർപ്പ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുക, പ്രത്യേകിച്ച് ചരിഞ്ഞ പ്രദേശങ്ങളിൽ.
* പ്രധാനപ്പെട്ട രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ സമഗ്ര നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കുക
* കേരാധിഷ്ഠിത ഇടവിള/ മിശ്രവിളകൃഷി രീതികൾ അവലംബിക്കുക
* ജൈവാവശിഷ്ടങ്ങൾ പുന: ചംക്രമണം ചെയ്യുക
അനുയോജ്യ ഇനങ്ങൾ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ആസ്സാമിൽ നവംബർ മാസം മുതൽ ജനുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലവും ജൂലായ് മുതൽ ആഗസ്റ്റ് വരെ കനത്ത വർഷകാലവുമാണ്. അതുകൊണ്ട് കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളോട് കിടപിടിക്കുവാൻ അനുയോജ്യമായ ഇനങ്ങൾ തെരഞ്ഞെടുത്താൽ മാത്രമേ ഉത്പാദനക്ഷമത ഉയർത്താൻ സാധിക്കൂ. കുറിയ ഇനങ്ങൾക്ക് ഈ കാലാവസ്ഥയിൽ നന്നായി വളരുവാൻ കഴിയില്ല. അതിനാൽ നെടിയ ഇനങ്ങളാണ് വടക്ക് കിഴക്കൻ കാലാവസ്ഥയ്ക്ക് അനുയോജ്യം. വിവിധതരം മണ്ണിലും കഠിനമായ കാലാവസ്ഥയിലും നെടിയ ഇനങ്ങൾ നന്നായി വളരുന്നു. ആസ്സാം നെടിയയിനം (കാമരൂപ നെടിയയിനം), പശ്ചിമ തീര നെടിയയിനം, പൂർവ്വതീര നെടിയയിനം, ആൻഡമാൻ ഓർഡിനറി പോലെയുള്ള ഇനങ്ങൾ എന്നിവ ഈ മേഖലയ്ക്ക് അനുയോജ്യമാണ്. ഉയർന്ന വിളവ്, ഗുണമേന്മയുള്ള നാളികേരം, കുറഞ്ഞ താപനില, വെള്ളക്കെട്ട് എന്നീ അവസ്ഥകളിൽ നിലനിൽക്കാനുള്ള കഴിവ്, രോഗ-കീടങ്ങൾക്കെതിരെ പ്രത്യേകിച്ച് ചെന്നീരൊലിപ്പിനെതിരെ വർദ്ധിച്ച പ്രതിരോധശേഷി എന്നിവയാണ് കാമരൂപ ഇനത്തിനുള്ള ഗുണമേന്മകൾ.
ബഹുവിളക്കൃഷി
വടക്ക് കിഴക്കൻ മേഖലയിൽ തെങ്ങ് പുരയിട വിളയായാണ് കൃഷി ചെയ്യുന്നത്. തെങ്ങുകൾക്കിടയിൽ ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും ആദായം വർദ്ധിപ്പിക്കാം. കൂടാതെ, പോഷക സമ്പന്നവും വൈവിധ്യമാർന്നതുമായ ആഹാര ലഭ്യതയും ഉറപ്പാക്കാം. ഇതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുകയും ചെയ്യാം.
ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും മറ്റ് ഉത്പാദനോപാധികൾ മുഖേനയും ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടേയും നൂതന ഉൽപന്നങ്ങൾക്ക് ഡിമാന്റ് ഉണ്ടാക്കിയും കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയും വിവിധ ജില്ലകളിലെ അനുയോജ്യ മേഖലകളിൽ വലിയ തെങ്ങിൻതോട്ടങ്ങൾ ക്ലസ്റ്റർ സമീപനത്തിലൂടെ വെച്ച് പിടിപ്പിക്കുകയുമാണ് അത്യന്താപേക്ഷിതമായിരിക്കുന്നത്