26 Mar 2013

കേരളത്തിന്റെ ദേശീയ വിളയായ തെങ്ങ്‌


ദീപ്തി ആർ
ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

ഏതൊരു മലയാളിയുടേയും അഭിമാനമാണ്‌ "നാളികേരത്തിന്റെ നാട്ടുകാർ" എന്ന വിളിപ്പേര്‌. നാളികേരത്താൽ സമൃദ്ധമായ കേരളത്തിൽ നാളികേരമില്ലാതെ ഒരു ആഘോഷവുമില്ല. എന്തിന്‌ ഒരു ദിവസം പോലുമില്ല. അത്രയ്ക്ക്‌ മലയാളിയുടെ ജീവിതചര്യയുമായി ഇഴുകിചേർന്നിരിക്കുന്നു തെങ്ങും തെങ്ങിന്റെ വിവിധ ഉൽപന്നങ്ങളും. കേരളത്തിന്റെ കാർഷിക വ്യവസ്ഥയിലും തെങ്ങിന്‌ പ്രാധാന്യമുണ്ട്‌. കേരളത്തിൽ എണ്ണക്കുരു കൃഷി ചെയ്യപ്പെടുന്നത്‌ ഏതാണ്ട്‌ 7,73,847 ഹെക്ടറിലാണ്‌. ഇതിൽ 7,70,473 ഹെക്ടറിലും തെങ്ങാണ്‌ മുഖ്യവിള. അതായത്‌ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന എണ്ണക്കുരുക്കളിൽ 99.6 ശതമാനവും നാളികേരമാണ്‌. എണ്ണക്കുരുക്കളുടെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ വിളകളുടേയും കാര്യമെടുത്താലും കേരളത്തിന്റെ മുഖ്യവിള തെങ്ങു തന്നെയാണ്‌. 2010-11 വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കേരളത്തിലെ മൊത്തം തെങ്ങുകൃഷിയുടെ വിസ്തീർണ്ണം 770473 ഹെക്ടറും ഉത്പാദനം 52870 ലക്ഷം നാളികേരവുമാണ്‌. ഒരു ഹെക്ടറിൽ നിന്നു ലഭിക്കുന്നതാകട്ടെ 6862 നാളികേരവും. എന്നാലിത്‌ ഇന്ത്യയുടെ ശരാശരി ഉത്പാദനക്ഷമതയായ 8303നേക്കാൾ താഴെയാണ്‌. പ്രായാധിക്യം വന്ന തെങ്ങുകളും വർദ്ധിച്ച രോഗ, കീടാക്രമണവും ഇതിന്‌ കാരണങ്ങളായി.
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കേരകൃഷി ഉള്ളത്‌ കോഴിക്കോട്‌ ജില്ലയിലും ഉത്പാദനമുള്ളത്‌ മലപ്പുറം ജില്ലയിലുമാണ്‌ (പട്ടിക 1 കാണുക). 1,21,688 ഹെക്ടർ കേരകൃഷിയുമായി ഒന്നാമത്‌ നിൽക്കുന്ന കോഴിക്കോട്‌ ജില്ലയിലാണ്‌ മൊത്തം കേരകൃഷിയുടെ വിസ്തീർണ്ണത്തിൽ 16 ശതമാനവും. യഥാക്രമം 13 ശതമാനവും 10 ശതമാനവുമായി മലപ്പുറവും കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്‌. കേരളത്തിലെ കേരകൃഷിയുടെ കണക്കുകൾ നോക്കിയാൽ നാളികേര മേഖലയിൽ കേരളം കുതിയ്ക്കുകയാണോ കിതയ്ക്കുകയാണോ എന്ന സംശയം ഉടലെടുക്കും.
1975-76 കാലഘട്ടത്തിൽ തെങ്ങുകൃഷിയുടെ മൊത്തം വിസ്തീർണ്ണം 6.93 ലക്ഷം ഹെക്ടറായിരുന്നു. 1985-86 ആയപ്പോൾ ഇത്‌ 7.2 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. 2000-01 കാലഘട്ടത്തിൽ ഇത്‌ 9.25 ലക്ഷം ഹെക്ടറിലെത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങുകൃഷി വ്യാപിച്ച കാലവും ഇതായിരുന്നു. 2000-01 ന്‌ ശേഷം തെങ്ങുകൃഷിയുടെ വിസ്തീർണ്ണം കുറഞ്ഞ്‌ വരുന്നതായാണ്‌ കണ്ടിട്ടുള്ളത്‌. 9.25 ലക്ഷം ഹെക്ടറിൽ നിന്നും 7.70 ലക്ഷം ഹെക്ടറിലേക്ക്‌ തെങ്ങുകൃഷി ചുരുങ്ങി. ഏതാണ്ട്‌ 16 ശതമാനം കുറവാണ്‌ പത്ത്‌ വർഷംകൊണ്ട്‌ സംഭവിച്ചതു.
ഉത്പാദനത്തിന്റെ കാര്യത്തിലും  അവസ്ഥ വ്യത്യസ്തമല്ല. പത്ത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ 2000-01ൽ 55360 ലക്ഷം തേങ്ങയായിരുന്നു കേരളത്തിലെ മൊത്തം ഉത്പാദനം. എന്നാലിന്നത്‌ 52870 ലക്ഷം തേങ്ങയാണ്‌. 2490 ലക്ഷം തേങ്ങയുടെ കുറവാണ്‌ സംഭവിച്ചിരിക്കുന്നത്‌. അതായത്‌ 4.49 ശതമാനം കുറഞ്ഞിരിക്കുന്നു (പട്ടിക 2 കാണുക).
കേരളത്തിലെ കേരകൃഷി മേഖലയിലെ സ്ഥിതിവിവരക്കണക്ക്‌ നോക്കുമ്പോൾ തന്നെ, നമ്മുടെ തൊട്ട്‌ അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ കൂടി കണക്കുകൾ കാണേണ്ടതാണ്‌. കേരളത്തിൽ നിന്ന്‌ തികച്ചും വ്യത്യസ്തമായി കേരകൃഷി വിസ്തീർണ്ണവും ഉത്പാദനവും വർദ്ധിക്കുന്നതായാണ്‌ കണ്ട്‌ വരുന്നത്‌. 2000-01ൽ 3.23 ലക്ഷം ഹെക്ടറായിരുന്ന തമിഴ്‌നാട്ടിൽ ഇന്നത്‌ 4.1 ലക്ഷമായിരിക്കുന്നു. ഉത്പാദനമാകട്ടെ 31920 ലക്ഷം നാളികേരത്തിൽ നിന്ന്‌ 58940 ലക്ഷമായിരിക്കുന്നു. തമിഴ്‌നാട്‌ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തേക്കാൾ കേരോത്പാദനം ഇന്ന്‌ തമിഴ്‌നാടിനാണ്‌. കേരോത്പാദനത്തിൽ വർഷങ്ങളായി കേരളം കൈയടക്കിവെച്ചിരുന്ന ഒന്നാംസ്ഥാനം നഷ്ടമാകുമ്പോൾ ഇത്രയധികം ഭൂമി കേരളത്തിനായി ഉണ്ടെങ്കിലും എന്തുകൊണ്ട്‌ നമ്മുടെ ഉത്പാദനക്ഷമത 6862ൽ  നിന്നും 14371 (തമിഴ്‌നാട്‌)ലേക്ക്‌ എത്തുന്നില്ല എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരകൃഷി - സാദ്ധ്യതകളും കടമ്പകളും
കൃഷിഭൂമിയുടെ ലഭ്യത, നല്ലയിനം തെങ്ങുകൾ, അനുയോജ്യമായ കാലാവസ്ഥ, വർഷത്തിൽ പഞ്ഞമില്ലാത്ത മഴ തുടങ്ങിയവയാൽ അനുഗൃഹീതമാണ്‌ കേരളം. ഈ സൗകര്യങ്ങൾ ഉണ്ടായിരിക്കേ കേരത്തിന്റെ നാട്ടിൽ കേരത്തിന്‌ ദുരവസ്ഥ വരാതിരിക്കാൻ എല്ലാ കേരകർഷകരും കാർഷികമേഖലയിലുള്ളവരും ഉണർന്ന്‌ പ്രവർത്തിക്കണം.
പോയവർഷം വിപണിയിലുണ്ടായ വിലയിടിവും കുറഞ്ഞ സംഭരണ വിലയും മറ്റും കേരകർഷകന്റെ ആത്മവിശ്വാസത്തെ തകർത്തെങ്കിലും ഉൽപന്ന​‍െവൈവിദ്ധ്യവൽക്കരണത്തിലൂടെയും കയറ്റുമതിയിലൂടെയും കേരവിപണി തിരിച്ച്‌ പിടിക്കേണ്ടതാണ്‌. ഇതിന്‌ മുന്നോടിയായി ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കേണ്ടത്‌ അത്യാവശ്യം. ഇതിനായി ശാസ്ത്രീയമായ കൃഷിരീതികൾ സംഘടിതമായ രീതിയിൽ ചെയ്യുക, നല്ലയിനം തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുക, ജൈവികവും ലാഭകരവുമായ മണ്ണിര കമ്പോസ്റ്റ്‌/ജൈവവള യൂണിറ്റുകൾ തെങ്ങിൻതോപ്പിൽ ആരംഭിക്കുക, തെങ്ങിൻ തടത്തിൽ പയർ വർഗ്ഗ വിളകൾ കൃഷി ചെയ്യുക തുടങ്ങിയവ ആർക്കും എളുപ്പത്തിൽ ചെയ്യാനാവും. നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ ഓരോ പ്രദേശത്തേയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കാർഷികവൃത്തിയും ഇടവിളക്കൃഷിയും ആരംഭിക്കണം. കൂടാതെ രോഗ, കീട ബാധ ചെറുക്കാനായി ഇടയ്ക്കിടെ തെങ്ങിൻ മണ്ട തെളിക്കലും മറ്റു​‍്‌ സസ്യസംരക്ഷണപ്രവർത്തനങ്ങളും ചങ്ങാതികളെ ഉപയോഗപ്പെടുത്തി ചെയ്യേണ്ടതാണ്‌. ചെറിയ തുടക്കങ്ങളിലൂടെ മാത്രമേ കേരോത്പാദനം വർദ്ധിപ്പിക്കാനാവൂ.
"കേരളം എന്നു കേട്ടാൽ എന്നും കേരകൃഷിയിലും ഉത്പാദനത്തിലും ഒന്നാമത്‌" എന്നതായിരിക്കണം ഇനി ഓരോ മലയാളിയുടേയും ലക്ഷ്യം. അതിനായി പ്രിയ കേരകർഷക സുഹൃത്തുക്കളെ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...