Skip to main content

ഇന്ത്യൻ കേരരംഗം- ലോകനെറുകയിൽത്തന്നെരമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

നൂറ്റിയിരുപത്തിയൊന്ന്‌ കോടി ജനതയെ മടിത്തട്ടിലേറ്റുന്ന ഭാരതാംബയുടെ ശക്തിയ്ക്കും നിലനിൽപ്പിനും ആധാരം മുഖ്യമായും ഇവിടെ വളരുന്ന കാർഷിക വിളകളാണ്‌. ഇത്തരം വിളകളിൽ, ഏകദേശം 25 കോടി ജനങ്ങളുടെ ആഹാരണീഹാരത്തിന്റെ ഭാഗമാകുകയും അവരുടെ സാമൂഹിക, സാംസ്ക്കാരിക, പൂജാദികർമ്മങ്ങളിൽ ഒഴിച്ചുകൂടാനാവാത്തവിധം അഭേദ്യബന്ധം പുലർത്തുകയും ചെയ്യുന്നു, തെങ്ങും അതിന്റെ ദിവ്യഫലമായ തേങ്ങയും. ഭാരതത്തിൽ തെങ്ങുകൃഷിയുടെ പാരമ്പര്യം 300 ദശാബ്ദത്തിലധികം വർഷങ്ങളായെന്നാണ്‌ രേഖകൾ വെളിപ്പെടുത്തുന്നത്‌. 28 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും കൈകോർക്കുന്ന ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും തെങ്ങ്‌ കൃഷിയുണ്ട്‌; 19 ലക്ഷം ഹെക്ടറാണ്‌ വിസ്തീർണ്ണം. 2008-09 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വാർഷികോത്പാദനം 1573 കോടി നാളികേരമായിരുന്നു. എന്നാൽ 2010-11 ലെ കണക്ക്‌ പുറത്ത്‌ വന്നപ്പോൾ ഉത്പാദനം 108.4 ലക്ഷം മെട്രിക്‌ ടൺ എന്നാണ്‌ വന്നത്‌. ഇത്‌ നാളികേരത്തിന്റെ എണ്ണത്തിൽ പറഞ്ഞാൽ 1694.3 കോടിയാണ്‌ (പട്ടിക 1). അതായത്‌ ലോകരാജ്യങ്ങളുടെ നെറുകയിൽ സ്ഥാനം പിടിച്ചുകൊണ്ട്‌ ഇന്ത്യ ഒന്നാമതെത്തി. തൊട്ടുപിന്നാലെ ഇന്തോനേഷ്യ. പിറകിലായി ഫിലിപ്പീൻസ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങളും. ഇന്തോനേഷ്യയുടെ ഉത്പാദനം 1633 കോടി നാളികേരവും ഫിലിപ്പീൻസ്‌, ശ്രീലങ്ക എന്നിവയുടേത്‌ യഥാക്രമം 1551 കോടിയും, 261 കോടിയും നാളികേരമാണ്‌. ഹെക്ടറൊന്നിന്‌ 8303 നാളികേരവുമായി ഉത്പാദനക്ഷമതയിൽ ഒന്നാംസ്ഥാനം കൈയടക്കിയിരുന്ന ഇന്ത്യ 8965 നാളികേരം എന്ന ഉയർന്ന ഉത്പാദനക്ഷമത കൈവരിച്ച്‌ ആ സ്ഥാനം മുറുകെ പിടിച്ചു (പട്ടിക 2).
ഇന്ത്യയിൽ തെങ്ങുകൃഷിയുടെ വ്യാപനത്തിൽ വ്യക്തമായ അതിർവരമ്പുകളുണ്ട്‌. കേരളം, കർണ്ണാടകം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌ എന്നീ നാല്‌ സംസ്ഥാനങ്ങൾ മാത്രം ചേരുമ്പോൾ വിസ്തീർണ്ണത്തിന്റെ 90 ശതമാനവും ഉത്പാദനത്തിന്റെ 93 ശതമാനവുമായി. ഏറിയ പങ്കും സംഭാവന ചെയ്യുന്നത്‌ പശ്ചിമ തീര പ്രദേശത്തെ കേരളം, കർണ്ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്‌. പിന്നാലെ പൂർവ്വതീരത്തുള്ള തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഒഡീഷ. പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളുണ്ട്‌. ഗോവ, ഗുജറാത്ത്‌, പശ്ചിമബംഗാൾ എന്നിവയാണ്‌ മറ്റ്‌ പരമ്പരാഗത സംസ്ഥാനങ്ങൾ. അടുത്തകാലം വരെ കർണ്ണാടകം, തമിഴ്‌നാട്‌ എന്നീ പരമ്പരാഗത സംസ്ഥാനങ്ങളിലെ അനുയോജ്യമല്ലെന്നുകരുതിയിരുന്ന ഉൾപ്രദേശങ്ങളിലും വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം, ത്രിപുര, നാഗാലാന്റ്‌, മിസോറം, മണിപ്പൂർ, മേഘാലയം എന്നിവിടങ്ങളിലും തെങ്ങുകൃഷി വ്യാപിച്ചു. മുമ്പ്‌ മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്ന ഛത്തീസ്ഗഡിലും തെങ്ങ്‌ സ്ഥാനം പിടിച്ചുകഴിഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം, പുതുച്ചേരി, ലക്ഷദ്വീപ്‌ എന്നിവയും പരമ്പരാഗത തെങ്ങുകൃഷി മേഖലകളാണ്‌.
വളർച്ചയുടെ പടവുകൾ കയറി ഇന്ത്യൻ കേരകൃഷി
ആറ്‌ ദശാബ്ദങ്ങൾക്ക്‌ മുമ്പ്‌ 63,000 ഹെക്ടർ പ്രദേശത്ത്‌ പരിമിതപ്പെട്ട്‌ കിടന്നിരുന്ന തെങ്ങുകൃഷി ഇന്ന്‌ 19 ലക്ഷം ഹെക്ടറായി ഉയർന്നു; 18.37 ലക്ഷം ഹെക്ടറിന്റെ വർദ്ധനയോടെ. ഉത്പാദനത്തിലും ഈ വളർച്ച പ്രകടമാണ്‌. 328 കോടി നാളികേരത്തിൽ നിന്നും 1694 കോടി നാളികേരമായി ഉത്പാദനം ഉയർന്നു. ഉത്പാദനക്ഷമതയിലാകട്ടെ ഈ മുന്നേറ്റത്തിനനുസൃതമായുള്ള വളർച്ച ഇല്ലാതിരുന്നിട്ടും ഹെക്ടറൊന്നിന്‌ 5238 നാളികേരത്തിൽ നിന്നും 8965 നാളികേരമായി ഉയർന്നു എന്നത്‌ ശ്രദ്ധേയമാണ്‌. 1980 മുതൽ 2000 വരെയുള്ള ഇരുപത്‌ വർഷത്തെ കണക്കെടുത്താൽ തെങ്ങുകൃഷി വിസ്തീർണ്ണത്തിൽ 2.64 ശതമാനം വളർച്ചയും ഉത്പാദനത്തിൽ 3.88 ശതമാനം വളർച്ചയുമാണ്‌ ഇന്ത്യ കൈവരിച്ചതു.  ഉത്പാദനക്ഷമത 1.2 ശതമാനം വളർച്ചാ നിരക്കിൽ ഒതുങ്ങി (പട്ടിക 3). ഈ കാലഘട്ടത്തിലെ പ്രമുഖ സംസ്ഥാനങ്ങളുടെ വളർച്ചാ നിരക്ക്‌ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്‌. വിസ്തീർണ്ണം, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവയിൽ കേരളം യഥാക്രമം 1.59, 2.84, 1.23 എന്നീ നിരക്ക്‌ കൈവരിച്ചപ്പോൾ കർണ്ണാടകം രേഖപ്പെടുത്തിയത്‌ 3.35, 3.37, 0.02 എന്നിങ്ങനെയാണ്‌. തമിഴ്‌നാടും ആന്ധ്രാപ്രദേശും കൈവരിച്ചതു യഥാക്രമം 5.2, 4.67,-0.51ഉം 4.7, 9.89, 4.94ഉം വളർച്ചാനിരക്കാണ്‌. ബോർഡ്‌ 1981 ൽ രൂപം കൊണ്ടതിനുശേഷമുള്ള പത്ത്‌ വർഷത്തെ വളർച്ചാ നിരക്ക്‌ (1985 മുതൽ 1995 വരെ) അതിനുമുൻപുള്ള 30 വർഷത്തെ വളർച്ചാ നിരക്കിലും കൂടുതലായിരുന്നു എന്നുള്ളത്‌ ശ്രദ്ധേയമാണ്‌. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ അതായത്‌ 1996ൽ ആന്ധ്രപ്രദേശിലും 1999ൽ ഒഡീഷയിലും ഉണ്ടായ ചുഴലികൊടുങ്കാറ്റും 1998ൽ പ്രത്യക്ഷപ്പെട്ട്‌ അവിടുന്നങ്ങോട്ട്‌ ഒരു ദശാബ്ദക്കാലത്തിലധികമായി കേരകൃഷിയെ വിറപ്പിച്ച മണ്ഡരിയും ഈ വളർച്ചയെ ശക്തമായി പിന്നോട്ടടിച്ചു. പിന്നീടൊരിക്കലും ഗണ്യമായ വളർച്ചാനിരക്ക്​‍്‌ നിലനിർത്താനായില്ലെന്നതാണ്‌ സത്യം. മാത്രമല്ല വിസ്തീർണ്ണത്തിൽ 51 ശതമാനം കൈയാളിയിരുന്ന കേരളത്തിൽ, കഴിഞ്ഞ 10 വർഷം കൊണ്ട്‌ തെങ്ങുകൃഷി വിസ്തീർണ്ണത്തിൽ 16.77 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഈ തകർച്ച ഇന്ത്യയുടെ മൊത്തം കേരവിസ്തീർണ്ണത്തിന്റേയും ഉത്പാദനത്തിന്റേയും മുന്നോട്ടുള്ള വളർച്ചയ്ക്ക്‌ കനത്ത തിരിച്ചടിയായി തുടരുന്നു. ഇക്കഴിഞ്ഞ 10 വർഷം കൊണ്ട്‌ ഉത്പാദനത്തിൽ 2.73 വളർച്ചാ നിരക്ക്‌ നേടിയെങ്കിലും കൃഷി വിസ്തീർണ്ണത്തിലെ വളർച്ച അരശതമാനത്തിനും താഴെ മാത്രമായിരുന്നു. തമിഴ്‌നാടും കർണ്ണാടകയും മാത്രമാണ്‌ കേരകൃഷിയിലും വിസ്തീർണ്ണത്തിലും ഉത്പാദനക്ഷമതയിലും ഒരേപോലെ ഗണ്യമായ വളർച്ചാനിരക്ക്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇത്‌ തമിഴ്‌നാടിന്റെ കാര്യത്തിൽ 2.41, 6.33, 3.83 ആണെങ്കിൽ കർണ്ണാടകത്തിലെ വളർച്ചാ നിരക്ക്‌ 2.78, 6.31, 3.44 എന്നിങ്ങനെയാണ്‌. ഈ വളർച്ചാ നിരക്കിനോട്‌ കിടപിടിക്കാൻ പറ്റിയ ഒരു സംസ്ഥാനം ഗുജറാത്തായിരുന്നു. 3.96, 8.12, 3.96 എന്നിങ്ങനെ വളർച്ചാനിരക്ക്‌ ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തി ഈ സംസ്ഥാനം (പട്ടിക 4). അതുകൊണ്ട്‌ തന്നെ വികസന രംഗത്ത്‌ പുതിയ പന്ഥാവുകൾ തുറക്കുകയാണ്‌ പോംവഴി. ഇന്ത്യയിലാകെ കേരകൃഷിക്കും വ്യവസായത്തിനും വിപണനത്തിനും പുതിയ വികസന തന്ത്രം മെനയുമ്പോൾ നമ്മുടെ സംസ്ഥാനങ്ങൾ എവിടെ നിൽക്കുന്നു വേന്ന്‌ മനസ്സിലാക്കുന്നത്‌ ഭാവി പ്രവർത്തനങ്ങൾക്ക്‌ വ്യക്തമായ ദിശാബോധം നൽകാനുതകും. വിവിധ സംസ്ഥാനങ്ങളിലൂടെ ഒന്ന്‌ കണ്ണോടിക്കാം.

കേരളത്തിൽ തെങ്ങുകൃഷിയുടെ വ്യാപനത്തിന്‌ പരിമിതികളുണ്ട്‌. ഒരു ലക്ഷത്തിൽ കൂടുതൽ വിസ്തീർണ്ണമുള്ള കോഴിക്കോടും മലപ്പുറവുമാണ്‌ കേരളത്തിൽ വിസ്തീർണ്ണത്തിലും ഉത്പാദനത്തിലും മുൻപന്തിയിൽ നിൽക്കുന്നതെങ്കിലും ഇവിടുത്തെ 14 ജില്ലകളിൽ 11 ലും 25,000 ഹെക്ടറിലധികം കേരകൃഷി വിസ്തീർണ്ണമുണ്ട്‌. ഇപ്പോഴത്തെ വിസ്തീർണ്ണം 7.88 ലക്ഷം ഹെക്ടറാണ്‌. ഉള്ള തെങ്ങുകളിൽ മൂന്നിലൊന്നോളം പ്രായാധിക്യം ചെന്നതും ഉത്പാദനക്ഷമതയില്ലാത്തതുമായി തുടരുന്നു. രോഗബാധകൾ എല്ലായിനം തെങ്ങുകളേയും പിടിവിടാതെ പൈന്തുടരുന്നു. വിലയിലെ അസ്ഥിരതയും വിലത്തകർച്ചയും മൂലം കർഷകർ തെങ്ങുകൃഷി ഉപേക്ഷിച്ച്‌ മറ്റു നാണ്യവിളകളിലേക്ക്‌ തിരിയുന്നു. സർക്കാർ ജോലിയോടുള്ള ആഭിമുഖ്യംമൂലം കൃഷിയെ പുതുതലമുറയും തള്ളിക്കളയുന്നു. ഇങ്ങനെ പ്രശ്നങ്ങളുടെ കരാളഹസ്തങ്ങൾ കേരളത്തിലെ തെങ്ങുകൃഷിയെ മുറുക്കിവരിയുമ്പോൾ മുങ്ങിത്താഴുന്നവന്റെ മുന്നിലെ കച്ചിത്തുരുമ്പായി കർഷക കൂട്ടായ്മകൾക്കും ഫെഡറേഷനുകൾക്കും രൂപംകൊടുക്കുകയാണ്‌ നാളികേര വികസന ബോർഡ്‌. അതോടൊപ്പം ഉപയോഗക്രമത്തിലും കൃഷിരീതികളിലും ക്രമാനുഗതമായ മാറ്റം വരുത്താനും കർഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
കർണ്ണാടകം കേരകൃഷി വിസ്തീർണ്ണത്തിൽ 4.19 ലക്ഷം ഹെക്ടറോടുകൂടി രണ്ടാമതായി നിൽക്കുന്ന സംസ്ഥാനമാണ്‌.  തുംകൂർ, ഹസ്സൻ, ചിത്രദുർഗ്ഗ, ചിക്കമഗ്ലൂർ, മാണ്ഡ്യ, മൈസൂർ, ഉഡുപ്പി, ദക്ഷിണ കന്നഡ, രാമനഗരം, ദാവൻഗരെ, ചാമരാജ നഗർ എന്നീ ജില്ലകൾ സംസ്ഥാനത്ത്‌ മുൻനിരയിൽ നിൽക്കുന്നു. 10,000 ഹെക്ടറിൽ കൂടുതൽ തെങ്ങുകൃഷിയുള്ള ജില്ലകളാണിവ. ഏറ്റവും കൂടുതൽ കൃഷിയുള്ളത്‌ തുംകൂർ ജില്ലയിലാണ്‌ 138660 ഹെക്ടർ. തെങ്ങുകൃഷിയുടെ വളർച്ചയിൽ ധാരാളം അനുകരണീയ മാതൃകകൾ കാഴ്ചവെച്ച സംസ്ഥാനമായി തമിഴ്‌നാടിനെ വിശേഷിപ്പിക്കാം. കോയമ്പത്തൂർ, തിരുപ്പൂർ, തഞ്ചാവൂർ. ദിണ്ഡുകൽ, കന്യാകുമാരി, കൃഷ്ണഗിരി, വെല്ലൂർ, തേനി, സേലം, തിരുനൽവേലി, ഈറോഡ്‌ എന്നീ ജില്ലകളാണ്‌ വിസ്തീർണ്ണത്തിൽ മുന്നിൽ നിൽക്കുന്നതെന്ന്‌ പറയാം. 10,000 ഹെക്ടർ മുതൽ 80,000 ഹെക്ടർ വരെ ഈ ജില്ലകളിൽ കൃഷിയുണ്ട്‌. ഉത്പാദനക്ഷമതയിലും സംസ്ഥാനത്തിന്റെ പ്രകടനം മികച്ചതുതന്നെ. നാളികേരാധിഷ്ഠിത വ്യവസായങ്ങളും കരിക്ക്‌ വ്യവസായവും ശക്തിയായി വളർന്ന്‌ വരുന്ന സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. മലനിര ജില്ലയായ നീലഗിരി വരെ തെങ്ങുകൃഷിക്ക്‌ തുടക്കമിട്ടുകഴിഞ്ഞുവേന്നതാണ്‌ റിക്കോർഡ്‌. സംസ്ഥാനത്തെ മൊത്തം തെങ്ങുകൃഷി 4.1 ലക്ഷം ഹെക്ടറും ഉത്പാദനം 596.5 കോടിയും.
ആന്ധ്രാപ്രദേശിന്റെ വളർച്ചയും ധൃതഗതിയിലായിരുന്നു. കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, ശ്രീകാകുളം, വിശാഖപട്ടണം എന്നീ ജില്ലകൾ വിസ്തീർണ്ണത്തിൽ മുന്നിട്ടുനിൽക്കുമ്പോൾ മിക്കവാറും എല്ലാ ജില്ലകളും ഉത്പാദനക്ഷമതയിൽ മികവ്‌ കാട്ടുന്നു. 1.04 ലക്ഷം ഹെക്ടറാണ്‌ ആന്ധ്രയിലെ തെങ്ങുകൃഷി. പശ്ചിമ ബംഗാളിൽ 28600 ഹെക്ടറിലായി തെങ്ങുകൃഷി വ്യാപിച്ച്‌ കിടക്കുന്നു. മുർഷിദബാദ്‌,  24 ദക്ഷിണ പർഗാനാസ്‌, മിഡ്നാപൂർ കിഴക്ക്‌,  24 കിഴക്ക്‌ പർഗാനസ്‌, 24 വടക്ക്‌ പർഗാനസ്‌, ഹൗറ, മിഡ്നാപൂർ പടിഞ്ഞാറ്‌, കച്ച്‌ ബെഹർ എന്നിവിടങ്ങളിലാണ്‌ മുഖ്യമായും തെങ്ങുകൃഷിയുള്ളത്‌. ഗോവയും പരമ്പരാഗതമായി തെങ്ങ്‌ വളരുന്ന സംസ്ഥാനമാണ്‌. 25600 ഹെക്ടറിലാണ്‌ ഗോവയിൽ തെങ്ങുകൃഷി ചെയ്ത്‌ വരുന്നത്‌. വടക്കൻ ഗോവയും തെക്കൻ ഗോവയുമാണ്‌ തെങ്ങുകൃഷി പ്രദേശമായി തിരിച്ചിരിക്കുന്നത്‌.
തെങ്ങുകൃഷിയിൽ നല്ല പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ ഒഡീഷ എന്ന്​‍്‌ ഇപ്പോൾ അറിയപ്പെടുന്ന പഴയ ഒറീസ്സ. പുരി, ഗൻജം, കട്ടക്‌, നയാഗർ, ഖുർദ എന്നീ ജില്ലകളിലാണ്‌ ഇവിടുത്തെ തെങ്ങുകൃഷിയുടെ ആധിക്യം. 51000ലധികം ഹെക്ടർ സ്ഥലത്ത്‌ തെങ്ങുകൃഷിയുള്ള ഒഡീഷയിൽ പക്ഷേ; ഉത്പാദനക്ഷമത അത്ര ആശാവഹമല്ല. എങ്കിലും കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരവിസ്തീർണ്ണത്തിലെ വളർച്ചാനിരക്ക്‌ 2.37 രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉത്പാദനരംഗത്ത്‌ 8 ശതമാനത്തിലധികം നേട്ടം കൈവരിച്ച സംസ്ഥാനമാണ്‌ ഒഡീഷ. ഉത്പാദനക്ഷമതയിൽ ഇത്‌ 5.62 ശതമാനം ആയിരുന്നു. മഹാരാഷ്ട്രയും ഒഡീഷയെപ്പോലെ തെങ്ങുകൃഷിയിൽ അതിദൂരം സഞ്ചരിക്കുന്ന ഒരു സംസ്ഥാനമാണ്‌. സിന്ധുടുർഗ്‌, രത്നഗിരി, റായ്ഗഡ്‌, താനെ എന്നീ ജില്ലകൾ മുൻനിരയിൽ നിൽക്കുമ്പോൾ 18.7 കോടിയോളം നാളികേരമാണ്‌ 22,259 ഹെക്ടർ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്ന കൃഷിയിടത്തിൽ നിന്നും ലഭ്യമാകുന്നത്‌.
പശ്ചിമ തീരത്തുള്ള മറ്റൊരു സംസ്ഥാനം ഗുജറാത്താണ്‌. ജുനഗഡ്‌, ഭാവ്നഗർ, വൽസാഡ്‌ എന്നീ ജില്ലകൾ മുൻനിരയിൽ തുടരുന്നു. മൊത്തം തെങ്ങുകൃഷി 16,600 ഹെക്ടറാണ്‌. ഉത്പാദനം 17 കോടിയും. ഉത്പാദനക്ഷമതയാകട്ടെ 10343 നാളികേരവും. 
പ്രധാനമായും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്‌ തെങ്ങുകൃഷിയുള്ളത്‌. ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹങ്ങൾ, ലക്ഷദ്വീപ്‌, പുതുച്ചേരി എന്നിവയാണിവ. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ കാർനിക്കോബാർ, കാർമോർത്താ, സൗത്ത്‌ ആൻഡമാൻ, റംഗത്ത്‌, കാംബൻ ബേ, ഡിഗ്ലീപൂർ, ലിറ്റിൽ ആൻഡമാൻ എന്നിവിടങ്ങളിൽ ഗണ്യമായ രീതിയിൽ തെങ്ങുകൃഷിയുണ്ട്‌. ഇവിടെ 2100 ഹെക്ടറിൽ തെങ്ങുകൃഷി വ്യാപിച്ചുകിടക്കുന്നു.
ലക്ഷദ്വീപിലെ തെങ്ങുകൃഷിയ്ക്ക്‌ നിരവധി പ്രത്യേകതകളുണ്ട്‌. ജൈവരീതിയിൽ നടത്തുന്ന തെങ്ങുകൃഷി എന്ന സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കഴിഞ്ഞ ഈ ദ്വീപ സമൂഹത്തിൽ 2700 ഹെക്ടർ സ്ഥലത്താണ്‌ തെങ്ങ്‌ കൃഷിയുള്ളത്‌. ഉത്പാദനം 6 കോടി നാളികേരവും. ഉത്പാദനക്ഷമത 20,000 നാളികേരം എന്ന റെക്കോർഡോടെ ലക്ഷദ്വീപ്‌ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുണ്ട്‌. പുതുച്ചേരിയിൽ പുതുച്ചേരി, മാഹി, യാനം,കാരയ്ക്കൽ എന്നീ ജില്ലകളിലെല്ലാം തെങ്ങുകൃഷിയുണ്ട്‌. 2700 ഹെക്ടറിൽ നിന്നും 3.16 കോടി നാളികേരം ഉത്പാദിപ്പിക്കുന്നുണ്ട്‌, ഉത്പാദനക്ഷമത 14549 നാളികേരവും.
ഏഴ്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തെങ്ങുകൃഷിയുടെ വ്യാപനം അഭൂതപൂർവ്വമായിരുന്നു. അരുണാചൽ പ്രദേശ്‌, ആസ്സാം, നാഗാലാന്റ്‌, മണിപ്പൂർ, ത്രിപുര , മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ 2000മാണ്ടിന്റെ തുടക്കത്തിൽ തെങ്ങുകൃഷിയുടെ വിസ്തീർണ്ണം വളരെക്കുറവായിരുന്നു. എന്നാലിന്ന്‌ ആസ്സാമിലെ നഗാവ്‌, ബാർപ്പെറ്റ, കാമരൂപ, സോണിത്പൂർ, നൽബാരി, ഗോലാഘട്ട്‌, കച്ചാർ, കരിംഗഞ്ച്‌, മൊറിഗാവ്‌, ഉദൽഗുരി, ദരാംഗ്‌,ബോഗമ്യ്ഗാവ്‌, ബാസ്ക്ക, ശിവസാഗർ എന്നീ നഗരങ്ങളിൽ 500 ഹെക്ടർ മുതൽ 1500 ഹെക്ടർ വരെ കൃഷിയുണ്ട്‌. ആസ്സാമിൽ 19000 ഹെക്ടറിലധികം പ്രദേശത്ത്‌ ഇന്ന്‌ കൃഷി വ്യാപിച്ചുകഴിഞ്ഞു. ത്രിപുരയിലെ തെക്കുപടിഞ്ഞാറൻ ജില്ലകൾ 2000 ഹെക്ടറിലധികം കൃഷിയുമായി മുന്നേറുകയാണ്‌. നാഗാലാന്റിലുമുണ്ട്‌ 920 ഹെക്ടറിലധികം കൃഷി. ഇന്ത്യാ ഗവണ്‍മന്റിന്റെ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പിന്റെ സ്ഥിതിവിവര കണക്കിൽ ആസ്സാം, ത്രിപുര, നാഗാലാൻഡ്‌ എന്നീ മൂന്നു സംസ്ഥാനങ്ങളെ പ്രതിഫലി ക്കുന്നുള്ളൂ.
വടക്കുകിഴക്കൻ മേഖലയിലെ എല്ലാ അനുയോജ്യമായ പ്രദേശങ്ങളിലും കലാപബാധിത പ്രദേശങ്ങളിലും തെങ്ങ്കൃഷി വ്യാപിപ്പിക്കുകയെന്ന ദൗത്യം ബോർഡ്‌ ആലോചിച്ചു വരുന്നു. തെങ്ങുവളരുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ നാളികേര വികസന ബോർഡുണ്ട്‌. കൂടാതെ സംസ്ഥാന ഗവണ്‍മന്റും യൂണിവേഴ്സിറ്റികളും ഗവേഷണകേന്ദ്രങ്ങളും അതാത്‌ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾകൊണ്ട്‌ വികസനത്തിന്‌ പൂർണ്ണത നൽകുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ കേരകൃഷിയുടെ അഭൂതപൂർവ്വമായ വളർച്ചയ്ക്ക്‌ നിദാനമായത്‌ നാളികേര വികസന ബോർഡിന്റെ ദേശവ്യാപകമായുള്ള പ്രവർത്തനമാണ്‌.
കേരളവും കർണ്ണാടകവും തമിഴ്‌നാടും ആന്ധ്രാപ്രദേശും കഴിഞ്ഞാൽ വിസ്തൃതിയിൽ അഞ്ചാംസ്ഥാനത്ത്‌ ഒഡീഷയാണ്‌. 51000 ഹെക്ടർ സ്ഥലത്ത്‌. ഇന്ത്യയിൽ 25,000 ഹെക്ടറിലധികം തെങ്ങുകൃഷിയുള്ള ജില്ലകൾ 20 ആണ്‌. കേരളത്തിൽ 11, തമിഴ്‌നാട്ടിൽ 4, കർണ്ണാടകത്തിൽ 4, ആന്ധ്രാപ്രദേശിൽ 1 എന്നിങ്ങനെയാണ്‌ ഇതിന്റെ കണക്ക്‌ (പട്ടിക-5). ഈ ജില്ലകൾക്ക്‌ പ്രത്യേക വികസന അജണ്ട ആലോചിച്ചുവരുന്നു. ആദ്യമായി ഈ ജില്ലകൾക്ക്‌ പ്രത്യേക ശ്രദ്ധ കിട്ടാൻ ഓരോ ഫീൽഡ്‌ യൂണിറ്റുകൾ സ്ഥാപിക്കുകയെന്നതാണ്‌ ബോർഡിന്റെ ലക്ഷ്യം.
ഇന്ത്യയിലെ  തെങ്ങിനങ്ങൾ - വൈവിദ്ധ്യമാർന്നതും അത്യുത്പാദനശേഷിയുള്ളതും
ഇന്ത്യയിൽ നട്ടുവളർത്തുന്ന തെങ്ങിനങ്ങൾ സവിശേഷത പുലർത്തുന്നു. ഇതിൽ നാടനും, സങ്കരയിനങ്ങളും, കുറിയയിനങ്ങളുമുണ്ട്‌. കേരളത്തിലേയും തമിഴ്‌നാട്ടിലേയും കർണ്ണാടകയിലേയും ആന്ധ്രയിലേയും  ഗോവയിലേയും ഒഡീഷയിലേയും നാടൻ തെങ്ങിനങ്ങൾ വിളവിൽ മികവുറ്റതും തനതായ സ്വഭാവ ഗുണങ്ങളുള്ളവയുമാണ്‌. ഇവ വെസ്റ്റ്‌ കോസ്റ്റ്‌ ടാൾ, ഈസ്റ്റ്‌ കോസ്റ്റ്‌ ടാൾ, തിപ്തൂർ ടാൾ, ബനോളിൻ ടാൾ, ഗോവൻ ടാൾ, സഖിഗോപാൽ എന്നിവയാണ്‌.  കരിക്കിന്‌ പ്രാധാന്യമേറിവരുന്ന സാഹചര്യത്തിൽ കരിക്കിനങ്ങളായ ചാവക്കാട്‌ കുറിയയിനങ്ങൾ, മലയൻ കുറിയവ, ഗംഗാബോണ്ടം എന്നിവയും പ്രചാരത്തിലുണ്ട്‌. കരിക്കിന്‌ പറ്റിയ ഇനമായ ചാവക്കാട്‌ കുറിയ ഓറഞ്ച്‌, കാറ്റുവീഴ്ച രോഗത്തിനെ ചെറുത്തുനിൽക്കുന്ന മലയൻ കുറിയ പച്ച, കൽപശ്രീയെന്ന ചാവക്കാട്‌ കുറിയ പച്ച എന്നിവയും തെരഞ്ഞെടുപ്പിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌ (പട്ടിക 6 & 7). രാജ്യത്ത്‌ ഉത്പാദനക്ഷമത കൂടിയ നിരവധി സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌, ഡി ഃ ടിയും ടി ഃ ഡിയും. കാറ്റുവീഴ്ചബാധിത പ്രദേശങ്ങൾക്കുവേണ്ടി റിലീസ്‌ ചെയ്ത കൽപസങ്കര, ചാവക്കാടുകുറിയപച്ചയും നെടിയയിനവും തമ്മിലുള്ള ഡി ഃ ടി സങ്കരയിനമാണ്‌. ലഭ്യമായ എല്ലാ കുറിയ ഇനങ്ങളും ഉപയോഗിച്ച്‌ കൃത്രിമ പരാഗണം നടത്തി വിവിധ സംസ്ഥാനങ്ങൾക്ക്‌ യോജിച്ച സങ്കരയിനങ്ങളും മുന്തിയ ഇനങ്ങളായി പുറത്തിറക്കിയിട്ടുണ്ട്‌ (പട്ടിക 8). നമ്മുടെ നാടനും ചാവക്കാട്‌ ഓറഞ്ചും തമ്മിൽ ക്രോസ്സ്‌ ചെയ്ത കേരസങ്കര എന്ന ടി ഃ ഡി സങ്കരയിനം കേരളം, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക്‌ യോജിച്ചയിനമാണ്‌. ലക്ഷദ്വീപിലെ നെടിയ ഇനവും ചാവക്കാട്‌ ഓറഞ്ചും തമ്മിലുള്ള ചന്ദ്രലക്ഷ (ടി ഃ ഡി) കേരളത്തിനും കർണ്ണാടകത്തിനും, മലയൻ മഞ്ഞയും നാടനും തമ്മിലുള്ള കൽപ സമൃദ്ധി എന്ന ഡി ഃ ടി കേരളത്തിനും ആസ്സാമിനും വേണ്ടിയും ശുപാർശ ചെയ്തിട്ടുണ്ട്‌. ഓറഞ്ച്‌ കുറിയതും നാടനും തമ്മിലുള്ള ചന്ദ്രസങ്കരയെന്ന ഡി ഃ ടി കേരളം, തമിഴ്‌നാട്‌, കർണ്ണാടകം എന്നിവിടങ്ങളിലേക്ക്‌ യോജിച്ചതാണ്‌. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ലക്ഷഗംഗ, അനന്തഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ എന്നിവ കേരളത്തിന്‌ യോജിച്ച സങ്കരയിനങ്ങളാണ്‌. തമിഴ്‌നാട്‌, ആന്ധ്രാ കാർഷിക സർവ്വകലാശാലകളും സങ്കരയിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്‌. തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാലയുടെ വിഎച്ച്സി 1,2,3യും ആന്ധ്രാ സർവ്വകലാശാലയുടെ ഗോദാവരി ഗംഗ, ഡോ. ബാലസാഹിബ്‌ സാവന്ത്‌ കോംഗ്കൺ കൃഷി വിദ്യാപീഠ്‌, താനെ, മഹാരാഷ്ട്ര വികസിപ്പിച്ച കോംഗ്കൺ ഭാട്യേ കോക്കനട്ട്‌ ഹൈബ്രിഡ്‌ 1 എന്നിവ അതാത്‌ സംസ്ഥാനങ്ങൾക്ക്‌ യോജിച്ചവയാണ്‌.
കൽപധേനു, കൽപപ്രതിഭ, കൽപമിത്ര, ചന്ദ്രകൽപ, കേരചന്ദ്ര, കൽപതരു എന്നിവയും വിളവിന്റെ മികവും മറ്റ്‌ പ്രകടനമികവും കൊണ്ട്‌ തെരഞ്ഞെടുപ്പിലൂടെ പുറത്തിറക്കിയിട്ടുണ്ട്‌. ഇതിൽ കൽപധേനു കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ആൻഡമാൻ എന്നീ പ്രദേശങ്ങളിലേക്കും കൽപപ്രതിഭ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്‌, ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലേയ്ക്കും കൽപമിത്ര കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും ചന്ദ്രകൽപ കേരളം, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും കേരചന്ദ്ര പശ്ചിമഘട്ടം, ആന്ധ്ര തീരദേശം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്കും കൽപതരു, കർണ്ണാടകം, കേരളം, തമിഴ്‌നാട്‌ എന്നിവിടങ്ങളിലേക്കും യോജിച്ചതാണെന്ന്‌ പറയപ്പെടുന്നു. പ്രതാപ്‌, കാമറുപ, ഗൗതമി ഗംഗ, കേരബസ്തർ, കല്ല്യാണി, കേരകേരളം എന്നിവയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾക്ക്‌ യോജിച്ചവയാണ്‌ (പട്ടിക-6).
കേരോൽപന്നങ്ങളുടെ
ഉപയോഗക്രമം - ഇന്ത്യയിൽ

ഉത്പാദിപ്പിക്കുന്ന നാളികേരം ഏതാണ്ട്‌ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രാജ്യമാണ്‌ ഇന്ത്യ. ഭക്ഷണാവശ്യങ്ങൾക്കും പൂജാവശ്യങ്ങൾക്കുമായി ഉത്പാദനത്തിന്റെ 50 ശതമാനം ഉപയോഗപ്പെടുത്തുമ്പോൾ കരിക്കിന്റെ ഉപയോഗം 5 ശതമാനത്തിൽ നിന്ന്‌ 15 ശതമാനമായി ഉയർന്നിട്ടുണ്ട്‌. ബാക്കി 30-35 ശതമാനമാണ്‌ കൊപ്ര-വെളിച്ചെണ്ണ, മറ്റ്‌ മൂല്യവർദ്ധിതോൽപന്നങ്ങൾ എന്നിവയ്ക്ക്‌ വേണ്ടി സംസ്കരിച്ചെടുക്കുന്നത്‌.
വെളിച്ചെണ്ണ ഭക്ഷ്യാവശ്യത്തിനുവേണ്ടി പ്രധാനമായും കേരളവും ചെറിയൊരളവ്‌ മാത്രം തമിഴ്‌നാടും ഉപയോഗിക്കുന്നു. സോപ്പുനിർമ്മാണമുൾപ്പെടെയുള്ള വ്യാവസായിക രംഗത്ത്‌ വിലകുറഞ്ഞ മറ്റെണ്ണകൾ ലഭ്യമായതോടെ വെളിച്ചെണ്ണ വ്യവസായത്തിന്‌ സുസ്ഥിര വളർച്ച നിലനിർത്താൻ സാധിക്കുന്നില്ല. തന്മൂലം വെളിച്ചെണ്ണയിലുണ്ടാകുന്ന വിലത്തകർച്ച മുഖ്യമായും കൊപ്രയേയും വെളിച്ചെണ്ണയേയും ആശ്രയിച്ചു കഴിയുന്ന കർഷകർക്ക്‌ കനത്ത പ്രഹരമാകുന്നു. ഒന്നുകിൽ തെങ്ങിനെ പരിചരിക്കാതെ അവഗണിക്കുക അല്ലെങ്കിൽ റബ്ബറു പോലെയുള്ള വിളകളിലേക്ക്‌ ചുവടുമാറ്റം നടത്തുക, ഈ സ്ഥിതിവിശേഷം ഇന്നത്തെ ഉപയോഗരീതിയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. അതിനനുസരിച്ചുള്ള വികസന തന്ത്രമായിരിക്കും രാജ്യത്ത്‌ നടപ്പിലാക്കുന്നത്‌.
ഉണ്ടാക്കുന്ന വെളിച്ചെണ്ണയിൽ ഏകദേശം 40 ശതമാനം ഭക്ഷണാവശ്യത്തിനും 46 ശതമാനം വ്യാവസായികാവശ്യത്തിനും 14 ശതമാനം ടോയ്‌ലറ്ററി ആവശ്യത്തിനും ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. ഭക്ഷണാവശ്യത്തിനുള്ള വെളിച്ചെണ്ണയുടെ ഉപയോഗം കുറഞ്ഞ്‌ വരുന്നതിനാൽ കോസ്മെറ്റിക്സ,​‍്‌ ടോയ്‌ലറ്ററി മേഖലയ്ക്ക്‌ കൂടുതൽ ഊന്നൽ നൽകാനാണ്‌ ഉദ്ദേശം. മുന്തിയതരം ലേപനങ്ങളും സോപ്പുകളും വെളിച്ചെണ്ണയിലാണ്‌ നിർമ്മിക്കുന്നത്‌. അതുപോലെത്തന്നെ കൊപ്രയുടെ നിർമ്മാണവും വരവും കുറയ്ക്കുന്നതിനും പരിപാടിയുണ്ട്‌. മൊത്തം ഉത്പാദനത്തിൽ ഉപഭോഗത്തിനുശേഷമുളള 50 ശതമാനത്തിന്റെ 40 ശതമാനമെങ്കിലും മൂല്യവർദ്ധിതോൽപന്ന നിർമ്മാണത്തിന്‌ പ്രയോജനപ്പെടുത്തിയാൽ വിപണിയിൽ കൊപ്രവരവ്‌ കുറയുകയും വെളിച്ചെണ്ണയുടെ ഉത്പാദനം പരിമിതപ്പെടുകയും ചെയ്യും. ബാക്കിയുള്ളതിൽ 25 ശതമാനം കരിക്കിനും 35 ശതമാനം മാത്രം കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും ഉപയോഗപ്പെടുത്തിയാൽ കൊപ്ര നിർമ്മാണം നന്നേ കുറയുകയും വിപണിയിലെ മാന്ദ്യം ഒഴിവാകുകയും ചെയ്യും. ഈ ദിശയിലാണ്‌ രാജ്യത്തിനെ നയിക്കേണ്ടതും നയിക്കുന്നതും.
ആഭ്യന്തര വിപണി - ഭീമൻ വാതായനങ്ങൾ തുറന്നിട്ട്‌ ഇന്ത്യൻ കേരരംഗം
121 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇന്നത്തെ ഉത്പാദനം കണക്കാക്കുമ്പോൾ നാളികേരത്തിന്റെ ആളോഹരി ലഭ്യത 14 നാളികേരം മാത്രമാണ്‌. ആവശ്യകത കണക്കാക്കുമ്പോൾ ഇത്‌ എത്ര അപര്യാപ്തമാണെന്ന്‌ ചിന്തിക്കാവുന്ന തേയുള്ളൂ. കരിക്കിന്റെ മാത്രം ഉപഭോഗം കണക്കിലെടുത്തു നോക്കാം. മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാസത്തിൽ 10 കരിക്ക്‌ വീതം കുടിക്കുകയോ 20 ശതമാനം മാസത്തിൽ 5 കരിക്ക്‌ വീതം കുടിക്കുകയോ ചെയ്താൽ തീരാവുന്ന തേയുള്ളൂ നമ്മുടെ ഉത്പാദനം. നാളികേര വികസന ബോർഡിന്റെ ഡിസംബർ ലക്കം ജേണലിൽ ചില മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണി കണക്കാക്കി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ 9 കോടി ജനസംഖ്യ വരുന്ന 9 മഹാനഗരങ്ങളിൽ 25 ശതമാനം ജനങ്ങൾ മാസത്തിൽ 80 ഗ്രാം നാളികേരചിപ്സ്‌ വീതം കഴിച്ചാൽ 27 കോടി നാളികേരം വേണ്ടിവരും ഈ ആവശ്യം നിറവേറ്റാൻ. പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളമാണ്‌ ഉൽപന്നമെങ്കിൽ 10 ശതമാനം ജനങ്ങളുടെ ആവശ്യകത നിറവേറ്റാൻ 29 കോടി കരിക്ക്‌ വേണ്ടി വരുമെന്നാണ്‌ കണക്കാക്കിയത്‌. തൂൾതേങ്ങയുടെ കാര്യമെടുത്താൽ 4.3 കോടി നാളികേരം വേണം, 10 ശതമാനം ജനങ്ങൾക്ക്‌ പ്രതിമാസം 200 ഗ്രാമെന്ന കണക്കിന്‌ ഉപയോഗിക്കാൻ. തേങ്ങ പാൽപ്പൊടിയും തേങ്ങപാൽ ക്രീമും ഇതേ അളവിൽ ഉപയോഗിക്കണമെങ്കിലും 10-11 കോടി നാളികേരം വേണം. വെർജിൻ വെളിച്ചെണ്ണയും ബോൾ കൊപ്രയും ഉപഭോക്താക്കളിൽ എത്തിയ്ക്കണ മെങ്കിലും 8 കോടി നാളികേരം വേണം.  വെളിച്ചെണ്ണ ഇത്രയും നഗരങ്ങളിൽ 10 ശതമാനം ജനങ്ങൾ പ്രതിവർഷം 3 ലിറ്റർ വീതം ഉപയോഗിക്കുകയാണെങ്കിലും വേണം 4 കോടി നാളികേരം. ഇങ്ങനെ മഹാനഗരങ്ങളിലെ മൂല്യവർദ്ധിത ഉൽപന്ന വിപണിക്ക്‌ 75 കോടി നാളികേരം വേണം. മറ്റ്‌ നഗരങ്ങളിലെ വിപണി കൂടി കണക്കാക്കിയാൽ ഇതിന്റെ 4-5 ഇരട്ടി നാളികേരം വേണ്ടി വരും. ഇങ്ങനെ അന്താരാഷ്ട്ര വിപണിയെ ആശ്രയി ക്കാതെ തന്നെ ഭീമൻ ആഭ്യന്തര വിപണി  സാദ്ധ്യതയുള്ള രാജ്യമാണ്‌ ഇന്ത്യ.  മറ്റൊരു രാജ്യത്തിനുമില്ലാത്ത വിപണി സാദ്ധ്യത. ഇവിടേയും ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു.
പുതിയ വികസന തന്ത്രം
 ലോകരാജ്യങ്ങളിൽ കേര സംസ്ക്കരണത്തിലും മൂല്യ വർദ്ധനവിലും ആദ്യത്തെ 22 രാജ്യങ്ങളിലും കയറ്റുമതിയിൽ ആദ്യത്തെ 25 രാജ്യങ്ങളിലും ഇന്ത്യ സ്ഥാനം പിടിക്കുന്നില്ല എന്നത്‌ പരിതാപകരമായ സ്ഥിതിവിശേഷമാണ്‌. ഈ പിൻനിരയിൽ നിന്നും മുൻ നിരയിലേക്കുള്ള പ്രയാണത്തിനുവേണ്ട വികസന തന്ത്രമാണ്‌ ഇന്ത്യയ്ക്കിന്നാവശ്യം. ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും  ഒന്നാമതെത്തിയ ഇന്ത്യയെ അടുത്ത അഞ്ചു വർഷക്കാലം കൊണ്ട്‌ കയറ്റുമതിയിലും വിപണനത്തിലും ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യം ബോർഡ്‌ ഏറ്റെടുത്തുകഴിഞ്ഞു.
ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഇനിയും നിലനിൽക്കുന്നതിനാൽ ഉത്പാദനക്ഷമതയിലൂന്നിയുള്ള പദ്ധതികൾ തുടർന്നുകൊണ്ടിരിക്കും. ലക്ഷ്യമിട്ടിരിക്കുന്നത്‌ ഹെക്ടറൊന്നിന്‌  10,000 നാളികേരമാണ്‌. ഇതിനായി പെയിലറ്റ്‌ അടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്ന തെങ്ങു പുനരുദ്ധാരണ പദ്ധതി മറ്റു ജില്ലകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുദ്ദേശിക്കുന്നു. ഉത്പാദനക്ഷമത പരമാവധി വികസിപ്പിക്കുകയെന്നതാണിതിന്റെ ലക്ഷ്യം. ഒരിഞ്ചു ഭൂമിപോലും തരിശിടാത്ത കൃഷിരീതികൾ മാത്രമേ പ്രോത്സാഹിപ്പിക്കുകയുള്ളു. അനുയോജ്യമായ ഇടവിളകളും അനുകൂലമായ അനുബന്ധ സംരംഭങ്ങളും ഉയർന്ന വരുമാനത്തിന്‌ വഴിയൊരുക്കും. ഒപ്പം തൊഴിലവസരങ്ങൾ പരമാവധി വർദ്ധിപ്പിക്കും.
വികസന പദ്ധതികളുടെ നടത്തിപ്പിന്‌ പരമാവധി സ്ഥാപനങ്ങളുമായി കൈകോർക്കുകയെന്നതായിരിക്കും മറ്റൊരു തന്ത്രം. നാഷണൽ ഹോർട്ടിക്കൾച്ചർ മിഷൻ, ആർ കെ വി വൈ, എൻ ആർ എൽ എം, മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി, സ്മാൾ ഫാർമേഴ്സ്‌ അഗ്രിബിസിനസ്സ്‌ കൺസോർഷ്യം, സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ, തുടങ്ങിയ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ അവരുടെ വിഭവങ്ങളും സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തി ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനുള്ള സംവിധാനമാണ്‌ ഭാവിയിൽ ലക്ഷ്യമിടുന്നത്‌.
കർഷക കൂട്ടായ്മ ഉത്പാദന സംഘമായി രൂപകൽപന ചെയ്തതും സംഘങ്ങൾ ഫെഡറേഷനുകളും കമ്പനികളുമായി രൂപാന്തരം പ്രാപിക്കുകയും  ചെയ്യുന്ന സ്വപ്നം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഈ സംവിധാനങ്ങൾക്ക്‌ അർത്ഥവും ശക്തിയും പകരാൻ വികസനപദ്ധതികൾ ഈ സംവിധാനങ്ങളിൽ കൂടി മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. സിപിഎസുകളേയും ഫെഡറേഷനുകളേയും കമ്പനികളേയുമെല്ലാം സംരംഭകത്വത്തിലേക്ക്‌ ആകർഷിച്ച്‌ മൂല്യവർദ്ധിത ഉൽപന്നനിർമ്മാണം ത്വരിതപ്പെടുത്തുകയും കൂടിയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
2100 ഓളം ഉത്പാദക സംഘങ്ങളും 71 ഫെഡറേഷനുകളും ഇതിനകം കേരളത്തിൽ നിലവിൽ വന്നു കഴിഞ്ഞു. 12-​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ 10000 സംഘങ്ങളും 500 ഫെഡറേഷനുകളുമാണ്‌ ലക്ഷ്യംവെച്ചിരിക്കുന്നത്‌. സംഘങ്ങൾക്ക്‌ വേണ്ട മൂലധന രൂപികരണത്തിനും മാർഗ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. പ്രവർത്തനങ്ങൾ സുഗമമാകാൻ ഇതിനു തുല്യമായ വിഹിതം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നും  ലഭ്യമാക്കാൻ വേണ്ട ഇടപെടലുകളും  നടത്തി വരുന്നു. 20  മുതൽ 25 സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷനുകളും 10 ഫെഡറേനുഷകൾ ചേർന്ന്‌ ഉത്പാദക കമ്പനികളും  രൂപികൃതമാകാനുള്ള കാൽവെയ്പും സഫലമായി. ലക്ഷ്യമിട്ടിരിക്കുന്ന 100 കമ്പനികളിൽ മൂന്ന്‌ കമ്പനികളുടെ രൂപീകരണം ഉടൻ സാക്ഷാത്ക്കരിക്കും. ഈ നേട്ടങ്ങൾ  ബോർഡിന്റെ വിജയമായി കാണുന്നില്ല; മറിച്ച്‌ കർഷക കൂട്ടായ്മകളുടെ വിജയമാണ്‌.
കേരോൽപന്നങ്ങൾക്ക്‌ വിലസ്ഥിരത കൈവരിക്കാൻ കൊപ്രയും വെളിച്ചെണ്ണയുമല്ലാതെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനത്തിലേക്ക്‌ മാറേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ ബോർഡ്‌ ഊന്നൽ നൽകി കഴിഞ്ഞു. ഈ ഉൽപന്നങ്ങൾക്ക്‌ വില കുറയുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. തോട്ടമടിസ്ഥാനത്തിലുള്ള സംസ്ക്കരണവും മൂല്യവർദ്ധനവും സംരംഭകത്വവും വരും കാലങ്ങളിലെ മുൻഗണന വിഷയം തന്നെയായിരിക്കും. ഉത്പാദക സോസൈറ്റികളേയും ഫെഡറേഷനുകളേയും ഇതിനു പ്രാപ്തമാക്കാനുതകുന്നരീതിയിൽ  മാറ്റുകയാണ്‌ ലക്ഷ്യം. പദ്ധതികൾ പരമാവധി ഈ സംവിധാനം വഴി നടപ്പിലാക്കാനാണുദ്ദേശ്യം. കർഷകരുടെ കൂട്ടായ്മ ബലപ്പെടുത്താനുള്ള തന്ത്രം ഇതുമാത്രമായിരിക്കും.
ഇതിനായി കൂടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കുവാൻ വേണ്ട എല്ലാകർമ്മ പരിപാടികളും ആവിഷ്ക്കരിക്കാൻ  ആരംഭം കുറിച്ചു കഴിഞ്ഞു. സംരംഭകർക്കു വേണ്ടുന്ന മൂലധനം, സബ്സിഡി, മറ്റു സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാവുന്ന സാമ്പത്തിക സഹായം, സംസ്ഥാന ഗവണ്‍മന്റുകളിൽ നിന്നും വിഹിതം ലഭ്യമാക്കൽ എന്നിവയെല്ലാം സുഗമമാക്കാൻ ബോർഡ്‌ ശ്രമിച്ചു വരുന്നു. സംരംഭകർക്ക്‌ കൂടുതൽ ഉത്തേജനം നൽകുന്ന രീതിയിൽ കേരള സംസ്ഥാന ബഡ്ജറ്റിൽ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചെടുക്കുവാൻ ബോർഡിന്‌ നേരത്തെ തന്നെ കഴിഞ്ഞിരുന്നു.
ലക്ഷ്യം ഉന്നമിട്ടുകൊണ്ടുള്ള വികസന പദ്ധതികൾ
വികസന തന്ത്രം സാക്ഷാത്ക്കരിക്കാനുതകുന്ന വികസന പദ്ധതികൾക്കാണ്‌ രാജ്യം രൂപം നൽകിയിരിക്കുന്നത്‌. ഇന്ത്യാ ഗവണ്‍മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡും കൂടാതെ സംസ്ഥാന സർക്കാരുകളും തൃത്താല ഏജൻസികളും വികസന പദ്ധതികൾ ആവർത്തനമൊഴിവാക്കി നടപ്പിലാക്കി വരുമ്പോൾ ഇന്ത്യ ഗവണ്‍മന്റിന്റെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും, വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളും ഗവേഷണപ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുന്നു. ഗുണമേന്മയുള്ള തൈകളുടെ ഉത്പാദനവും വിതരണവും, പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിലും വടക്ക്‌ കിഴക്കൻ മേഖലകളിലും തെങ്ങുകൃഷി വ്യാപിപ്പിക്കൽ, പ്രായാധിക്യം വന്ന തോട്ടങ്ങളുടെ പുനരുദ്ധാരണം, കർഷക പങ്കാളിത്തത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കൊളാബറേറ്റീവ്‌ റിസർച്ച്‌, തെങ്ങുകയറ്റത്തിനാവശ്യമായ തൊഴിൽ സേനയെ സജ്ജമാക്കൽ, നീര ഉത്പാദനം വൻവ്യവസായമാക്കി മാറ്റാൻ ഇന്ത്യയെ സന്നദ്ധമാക്കൽ, മൂല്യവർദ്ധന ലക്ഷ്യമിട്ടുകൊണ്ട്‌ നാളികേര ടെക്നോളജി മിഷൻ ഇവയ്ക്കെല്ലാം വികസന പദ്ധതികളിൽ ബോർഡ്‌ പരിഗണന നൽകിവരുന്നു. നിലവിലുള്ള 215 നാളികേര സംസ്ക്കരണ യൂണിറ്റുകൾക്ക്‌ പുറമെ 500 സംസ്കരണ യൂണിറ്റുകൾ കൂടി ലക്ഷ്യമിട്ടുകൊണ്ട്‌ വൻ കയറ്റുമതി വർദ്ധനയ്ക്കാണ്‌ ഇന്ത്യ കണ്ണ്‌ നട്ടിരിക്കുന്നത്‌. കയറ്റുമതി മേഖലയുടെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിൽ എന്ന പദവി ബോർഡിന്‌ ലഭ്യമായതും ഈ രംഗത്തുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക്‌ നിദാനമായി.
പുതിയ വിപണന തന്ത്രം
നൂതന നാളികേരോൽപന്നങ്ങൾക്ക്‌ വിപണന സാദ്ധ്യതയുണ്ടോയെന്ന ആശങ്ക എല്ലാവർക്കുമില്ലാതില്ല.  എന്നാൽ ഈ ഉൽപന്നങ്ങൾ സ്വദേശത്തേയും വിദേശത്തേയും വിപണികളിൽ അനായാസം എത്തിക്കാം. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു വിപണനശൃംഖലയാണ്‌ ബോർഡ്‌ ആദ്യപടിയായി ശുപാർശ ചെയ്യുന്നത്‌. 63 ഖചചഡഞ്ഞങ്ങ(ജനറം)പട്ടണങ്ങൾ ഇന്ത്യയിലുണ്ട്‌. ഈ നഗരങ്ങളിൽ വിപണന സാദ്ധ്യതയുള്ള ഉൽപന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിനും ബോർഡ്‌ തുടക്കമിട്ടുകഴിഞ്ഞു. ഓരോ ഉൽപന്ന നിർമ്മാതാക്കളുടേയും അസ്സോസിയേഷനോ കൺസോർഷ്യമോ രൂപീകരിക്കുക, പൊതുമേഖല സഹകരണ ഫെഡറേഷനുകളുടെ വിപണന കേന്ദ്രങ്ങളെക്കൂടി ഇതിലേക്ക്‌ ബന്ധപ്പെടുത്തുക, ഉൽപന്നങ്ങളെ പരിചയപ്പെടുത്തുക, ബിസിനസ്‌ മീറ്റുകൾ സംഘടിപ്പിക്കുക, വിപണി പ്രോത്സാഹിപ്പിക്കുവാൻ മൾട്ടി മീഡിയാ കാമ്പെയ്നുകൾ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള ഉപാധികൾ സ്വീകരിച്ച്‌ ഉൽപന്നങ്ങൾ ഈ ആഭ്യന്തര വിപണികളിലേക്ക്‌ എത്തിക്കാം. ഈ മുന്നേറ്റത്തിൽ ഉത്പാദക സംഘങ്ങളേയും ഫെഡറേഷനുകളേയും ഭാഗഭാക്കാക്കാം.
ഇതേ തന്ത്രങ്ങൾ തന്നെ നമ്മുടെ ഉൽപന്നങ്ങൾ വിദേശവിപണിയിൽ എത്തിക്കുന്നതിനും സ്വീകരിക്കേണ്ടതുണ്ട്‌. ഗുണമേന്മയ്ക്കും പായ്ക്കിംഗിനും അതീവ പ്രാധാന്യം നൽകുകയെന്നത്‌ അന്താരാഷ്ട്ര വിപണനത്തിൽ പരമപ്രധാനം തന്നെ. അന്താരാഷ്ട്ര വിപണിയിലേയും ആഭ്യന്തരവിപണിയിലേയും കേരോൽപന്നങ്ങളുടെ വിലയിലെ കുറഞ്ഞുവരുന്ന അന്തരം മറ്റൊരു അനുകൂലഘടകമാണ്‌ ഇന്ത്യയ്ക്ക്‌.
കയറ്റുമതിയിൽ ശക്തിയോടെ മുന്നേറുന്ന ഇന്ത്യ
ലോകരാജ്യങ്ങളിൽ നാളികേ രോത്പാദനത്തിൽ രണ്ടാം സ്ഥാനത്ത്‌ നിന്നിട്ടും അന്താരാഷ്ട്രവേദികളിൽ പിൻനിരയിൽ തന്നെയായിരുന്നു ഇന്ത്യയുടെ സ്ഥാനം. കയറ്റുമതി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പ്രബലതയ്ക്ക്‌ വിലയിടുമ്പോൾ, നിരവധി മേഖലകളിൽ അഭിമാനിക്കാൻ വകയുണ്ടായിട്ടും, ഇന്ത്യയ്ക്ക്‌ പിൻ നിരകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവരുന്നു - കയറ്റുമതി വരുമാനത്തിലെ പിൻനിര രാജ്യം എന്ന കാരണത്താൽ.
കയറ്റുമതിയിൽ ഫിലിപ്പീൻസിനും ഇൻന്തോനേഷ്യയ്ക്കും ശ്രീലങ്കയ്ക്കും പിന്നിലാണ്‌ ഇന്ത്യ. ഉത്പാദനത്തിൽ 4 ശതമാനം മാത്രം വിഹിതം വഹിക്കുന്ന ശ്രീലങ്ക മൊത്തം കയറ്റുമതിയുടെ 35 ശതമാനം കൈയാളുമ്പോൾ 25 ശതമാനം ഉത്പാദനത്തിൽ വിഹിതമുള്ള ഇന്ത്യയുടെ കയറ്റുമതി വിഹിതം 4 ശതമാനത്തിൽ താഴെമാത്രമാണ്‌. കൊപ്ര, വെളിച്ചെണ്ണ, തൂൾതേങ്ങ എന്നീ ഉൽപന്നങ്ങളുടെ കയറ്റുമതിയെടുത്താൽ കൊപ്രയിൽ മാത്രമാണ്‌ ഇന്ത്യ ചെറിയ രീതിയിലെങ്കിലും പ്രതിഫലിക്കുന്നത്‌. കൊപ്രയുടെ കയറ്റുമതിയിൽ ഏറ്റവുമുയർന്ന വിഹിതമായ 33.96 ശതമാനവും ഇന്തോനേഷ്യയുടേതാണ്‌. ഇന്ത്യയുടെ വിഹിതം 20.55 ശതമാനമാണ്‌. വെളിച്ചെണ്ണയിൽ ഫിലിപ്പീൻസിന്റെ 52.72 ശതമാനത്തിന്റെ സ്ഥാനത്ത്‌ ഇന്ത്യയുടേത്‌ 0.12 ശതമാനം മാത്രമാണ്‌ വിഹിതം. തൂൾതേങ്ങയുടെ കാര്യത്തിൽ ഇത്‌ യഥാക്രമം 32.94 ശതമാനവും 0.47 ശതമാനവുമാണ്‌.
എന്നാൽ ഇന്ത്യ ഇവിടേയും മാറ്റുരയ്ക്കുകയാണ്‌ ഇപ്പോൾ. കയറ്റുമതിയിൽ മുൻനിരസ്ഥാനത്താ യിരുന്ന കയറിനൊപ്പം കുതിയ്ക്കാൻ ഒരുൽപന്നം - ആക്ടിവേറ്റഡ്‌ കാർബൺ - വളർന്ന്‌ വരുന്നതാണ്‌ ഇന്ന്‌ ഇന്ത്യയ്ക്ക്‌ അഭിമാനിക്കാനുള്ളത്‌. ചിരട്ടക്കരി അസംസ്കൃത വസ്തുവായി ഉത്പാദിപ്പി ക്കുന്ന ആക്ടിവേറ്റഡ്‌ കാർബണിന്റെ കയറ്റുമതി വളരെ ചെറിയ മൂല്യത്തിൽ നിന്ന്‌ രണ്ട്‌ മൂന്ന്‌ വർഷംകൊണ്ട്‌ 500 കോടി കവിഞ്ഞു. കയറിന്റെ കയറ്റുമതി മൂല്യത്തെ ആക്ടിവേറ്റഡ്‌ കാർബൺ കടത്തി വെട്ടുന്ന സമയം അതിവിദൂരമല്ല. അതുപോലെ തന്നെ മൊത്തം കയറ്റുമതി മൂല്യം ഗണ്യമായി ഉയർത്തിക്കൊണ്ട്‌ മറ്റ്‌ രാജ്യങ്ങളെ പൈന്തള്ളുന്നതും. 5000 കോടി രൂപയാണ്‌ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ബോർഡ്‌ ലക്ഷ്യമിട്ടിരിക്കുന്ന കയറ്റുമതിമൂല്യം. അങ്ങനെ പിന്നിലായി രുന്ന കയറ്റുമതി മേഖലയിലും മുന്നേറുന്ന ഒരിന്ത്യയെ ആയിരിക്കും നാമിനി കാണുക.
ലക്ഷ്യ സാക്ഷാത്ക്കാരം - കൂട്ടായ്മയുടെ കരുത്തിൽ ഇന്ത്യ ഒറ്റക്കെട്ട്‌
ലക്ഷ്യമിട്ടിരിക്കുന്ന സ്ഥാനത്ത്‌ ഇന്ത്യൻ കേരരംഗം എത്തണമെങ്കിൽ കർഷക സമൂഹം ഒറ്റക്കെട്ടായി അലസത വെടിഞ്ഞ്‌ മുന്നേറണം. കർഷകർ വിലത്തകർച്ചയിൽ മനസ്സു പതറാതെ തെങ്ങിനുള്ള പരിചരണം കൂടുതൽ മെച്ചപ്പെടുത്തണം. ലഭ്യമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തെങ്ങുകയറാനും മണ്ട വൃത്തിയാക്കാനും കൃത്യമായി വിളവെടുക്കാനും അമാന്തിക്കരുത്‌.  തെങ്ങുകയറ്റക്കാരുടെ പ്രശ്നത്തിന്‌  ചങ്ങാതിക്കൂട്ടത്തെ പരുവപ്പെടുത്തി പരിഹാരം കണ്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കർഷകർ മുൻകൈയെടുത്ത്‌ ആവശ്യാനുസരണം ചങ്ങാതിമാരെ പരിശീലിപ്പിച്ചെടുക്കണം.
കരിക്കിനു പറ്റിയ ഇനങ്ങൾ ഇന്ത്യയൊട്ടാകെ നടുകയും സങ്കരയിന ഉത്പാദനത്തിൽ പങ്കാളികളാകുകയും ഉത്പാദക സംഘങ്ങളിലും ഫെഡറേഷനുകളിലും  കർഷകർ കൂട്ടായ്മയുടെ ഭാഗമാവുകയും ചെയ്യുക. കർഷകൻ നാടിന്റെ നട്ടെല്ലാണെന്ന ബോധത്തോടെ, അഭിമാനത്തോടെ അർഹമായ വിഹിതം ചോദിച്ചുവാങ്ങാൻ പ്രാപ്തി നേടണം.
കൃഷിപ്പണി തുടങ്ങി വിളവെടുപ്പും സംസ്ക്കരണവുമെല്ലാം കൂട്ടായ്മകളിൽ കൂടിയാവണം. കൊപ്രാ ഡ്രയർ സ്ഥാപിക്കുക, നഴ്സറി തുടങ്ങുക, ഇളനീർ പാർലറുകൾ, നാളികേര ചിപ്സ്‌, വിനാഗിരി പോലുള്ള ചെറിയ ഉൽപന്ന യൂണിറ്റുകൾ തുടങ്ങുക, ഇവയെല്ലാം കൂട്ടായ്മകളിൽ കൂടിയാവണം. ഫെഡറേഷൻ, കമ്പനി എന്നീ തലങ്ങളിലേക്ക്‌ കൂട്ടായ്മകൾ ശക്തിപ്പെടുമ്പോൾ വലിയ വ്യവസായ സംരംഭങ്ങൾ ഏറ്റെടുക്കാം. പുതുതായി നടാനുപയോഗിക്കുന്ന 25 ശതമാനം തൈകൾ ഡ്വാർഫിനങ്ങളും 25 ശതമാനം സങ്കരയിനങ്ങളും ആകണം. നെടിയ ഇനങ്ങൾ 50 ശതമാനത്തിനുള്ളിൽ പരിമിതപ്പെടുത്തണം. ക്രമേണ കരിക്കിന്‌ കൂടുതൽ ഊന്നൽ നൽകാനും ശക്തമായ ഒരു ജനിതക ശേഖരം രാജ്യത്ത്‌ വികസിപ്പിച്ചെടുക്കാനും ഈ തന്ത്രം സാദ്ധ്യമാക്കും.
ആരംഭശൂരത്വമായി കൂട്ടായ്മകൾ ചിന്നിചിതറാൻ പാടില്ല. ഉത്പാദക സോസൈറ്റികളുടെ ഭാരവാഹികളെ സംഘടന നയിക്കാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ബോർഡ്‌ നടാടെ തുടങ്ങിവെച്ചതു കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്‌. വ്യവസായികൾക്ക്‌ അസംസ്കൃത വസ്തുക്കൾ നൽകുന്നവരെന്നതിലുപരി കൃഷിക്കാരെ വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലേക്കും അവയുടെ വിപണനത്തിലേക്കും കൈപിടിച്ച്‌ കൊണ്ടു വരികയെന്നതാണ്‌ പരിശീലന പരിപാടിയുടെ മുഖ്യലക്ഷ്യം. വെളിച്ചെണ്ണ യുടേയും കൊപ്രയുടേയും മാത്രം ഉത്പാദനത്തിൽ ഒതുങ്ങി നിൽക്കുന്ന കേരളത്തിലെ നാളികേര സംസ്ക്കരണ മേഖലയെ സിപിഎസുകളുടെ ഫെഡറേഷനുകൾ വഴിയും, ഉത്പാദക കമ്പനികൾ വഴിയും ലോകോത്തരങ്ങളായ നൂതന നാളികേരാധിഷ്ഠിത ഉൽപന്നങ്ങൾ നിർമ്മിക്കുവാൻ പ്രാപ്തരാക്കുകയാണ്‌ ആത്യന്തികളക്ഷ്യം. കൂട്ടായ്മയിലൂടെ ഉത്പാദന ചെലവുകൾ കുറയ്ക്കുന്നതി നും, ഉത്പാദനക്ഷമതാ വർദ്ധനവിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 

ഇന്ത്യൻ കേരരംഗം ശക്തിപ്പെടുത്താൻ സർക്കാരുകളുടെ സഹായ ഹസ്തം എല്ലാ മേഖലകളിലുമെത്തിക്കണം. ബോർഡ്‌  നൽകുന്ന സഹായധനത്തോടൊപ്പം വിവിധ ഗവണ്‍മന്റ്‌ ഏജൻസികളുടെ ഏകോപനത്തോടെ  നടത്തിപ്പ്‌ സുഗമമാക്കാം. വ്യവസായം തുടങ്ങുന്നതിന്‌, കൊപ്ര സംഭരിക്കുന്നതിന്‌, പൊതു വിതരണ സമ്പ്രദായത്തിലൂടെ വെളിച്ചെണ്ണയും കേരോൽപന്നങ്ങളും ലഭ്യമാക്കുന്നതിന്‌, ചങ്ങാതിമാർക്ക്‌ വാഹനം വാങ്ങുന്നതിന്‌, നയപരമായ തീരുമാനങ്ങൾ അനുകൂലമാക്കുന്നതിന്‌, വായ്പാസമ്പ്രദായങ്ങളും ഗവണ്‍മന്റ്‌ തലത്തിലുള്ള ഔപചാരികതകളും ലഘൂകരിക്കുന്നതിന്‌, കേര പാർക്കുകൾ പോലുള്ള സംരംഭങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങൾ വേഗത്തിലാക്കുന്നതിന്‌, പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്നതിന്‌, ഇങ്ങനെ പലതും. ലക്ഷ്യ സാക്ഷാത്ക്കാരത്തിന്‌ ആക്കംകൂട്ടാൻ ഇന്ത്യാ ഗവണ്‍മന്റ്‌ അനുവദിച്ച്‌ ബോർഡ്‌ നടപ്പിലാക്കുന്ന ടെക്നോളജി മിഷനും ചങ്ങാതിക്കൂട്ടവും ഉത്പാദക കമ്പനികളും, എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിലും അങ്ങനെ എല്ലാമെല്ലാം...

ഇങ്ങനെ ഇതുവരെ കടന്നുചെല്ലാത്ത മേഖലകളിൽ ശ്രദ്ധ ചെലുത്തിയും സമീപനങ്ങളിലും തന്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തിയും കർഷകരെയും മറ്റു തൽപരകക്ഷികളെയും കൈകോർപ്പിച്ച്‌ സമസ്ത മേഖലകളിലും ഇന്ത്യയെ മുൻനിരയിലെത്തിക്കുകയാണ്‌ നാടിന്റെ ആവശ്യവും ബോർഡിന്റെ ലക്ഷ്യവും. പ്രവർത്തന മികവു കൊണ്ട,​‍്‌ കർമ്മമേഖല പുഷ്ടിപ്പെടുത്തി, ഫെഡറേഷനുകളുടേയും കമ്പനികളുടേയും കീഴിൽ കൃഷിയും സംസ്ക്കരണവും വിപണനവും വിപുലപ്പെട്ട്‌ ദേശീയ തലത്തിൽ നിന്നും  അന്താരാഷ്ട്രതലത്തിലേക്ക്‌ ചിറകുവിടർത്തി പറന്നുയർന്ന്‌ ലോകനെറുകയിൽ സ്ഥാനമുറപ്പിക്കുകയാണ്‌ ഇന്ത്യൻ കേരമേഖല. ഇതിന്‌ ചുക്കാൻ പിടിക്കുന്നതോ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്മോഡിറ്റി ബോർഡായി വളർന്നുകൊണ്ടിരിക്കുന്ന നാളികേരവികസന ബോർഡും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…