26 Mar 2013

നാളികേര കർഷകർ ശുഭപ്രതീക്ഷയോടെ പുതിയ സീസണിലേക്ക്‌


ടി. കെ. ജോസ്‌ ഐ  എ എസ് 
നാളികേര  വികസന ബോർഡ് , കൊച്ചി 

നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെങ്ങുകൃഷിയുടെ നിലവിലുള്ള അവസ്ഥയെപ്പറ്റിയും അവിടങ്ങളിലെ തെങ്ങുകൃഷി വ്യാപനത്തെപ്പറ്റിയും പാരമ്പര്യേതര സംസ്ഥാനങ്ങളിലെ തെങ്ങുകൃഷിയുടെ ഇതുവരെ പ്രയോജനപ്പെടുത്താത്ത സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്ന ലക്കമാണ്‌ ഈ ഫെബ്രുവരി മാസത്തെ ഇന്ത്യൻ നാളികേര ജേണൽ. അതോടൊപ്പം തന്നെ ആഗോളതലത്തിൽ തെങ്ങുകൃഷി ചെയ്യുന്ന ഭൂവിസ്തൃതിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തും നാളികേര ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും ഉത്പാദനക്ഷമതയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന ഇന്ത്യ വളരെ വേഗത്തിൽ തന്നെ ഉത്പാദനത്തിലും ഒന്നാം സ്ഥാനത്തേയ്ക്കുള്ള മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്‌.
നാളികേരത്തിന്‌ കുറേക്കൂടി മെച്ചപ്പെട്ട വിലയും വിലസ്ഥിരതയും ഉണ്ടായിരുന്നുവേങ്കിൽ നാളികേരത്തിന്റെ ഉത്പാദനക്ഷമത ഇന്ത്യയിൽ ഇനിയും വർദ്ധിക്കുമായിരുന്നു. ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം, മേഘാലയ, ത്രിപുര, നാഗാലാന്റ്‌, അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങൾ വർദ്ധിച്ച ആവേശത്തോടെ തെങ്ങുകൃഷിയിലധിഷ്ഠിതമായ സംയോജിതകൃഷി എന്ന ആശയത്തിലേയ്ക്ക്‌ വന്നു കൊണ്ടിരിക്കുകയാണ്‌. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്‌ എന്നിവിടങ്ങളിലും നാളികേര കൃഷിയിൽ കൂടുതൽ താൽപര്യം കർഷകർ കാണിക്കുന്നുണ്ട്‌.
പാരമ്പര്യേതരമായ നിരവധി നൂതന ഉൽപന്നങ്ങൾ, പ്രധാനമായും കരിക്കിൻ വെള്ളവും  വെർജിൻ കോക്കനട്ട്‌ ഓയിലും നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉണ്ടാക്കിക്കൊണ്ടാണ്‌ തെങ്ങുകൃഷി ചെയ്യുന്ന പ്രമുഖ രാജ്യങ്ങൾ ഇന്ന്‌ മുന്നേറിക്കൊണ്ടിരിക്കുന്നത്‌. നാളികേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ആദായകരമായ വില ലഭിക്കുന്നതിനും വിലയിൽ സ്ഥിരത നേടുന്നതിനും ഇത്തരത്തിലുള്ള നൂതന നാളികേര ഉൽപന്നങ്ങളിലേയ്ക്ക്‌ ശ്രദ്ധ തിരിച്ചെങ്കിൽ മാത്രമേ കഴിയൂ. ആ മാറ്റത്തിലേയ്ക്ക്‌ ഇന്ത്യയിലെ നാളികേര കർഷകരെ കൈ പിടിച്ച്‌ ഉയർത്തുക എന്നതാണ്‌ നാളികേര വികസന ബോർഡ്‌ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ലക്ഷ്യമിടുന്നത്‌.

കേന്ദ്ര ഗവണ്‍മന്റ്‌ 2013 സീസണിലേക്കുള്ള കൊപ്രയുടെ താങ്ങുവില ഒരു ചെറിയ വർദ്ധനവോടെ പുതുക്കി നിശ്ചയിക്കുകയുണ്ടായി. കർഷകരും നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കർഷക പ്രതിനിധികളുമെല്ലാം  പുതുതായി പ്രഖ്യാപിച്ച താങ്ങുവിലയുടെ അപര്യാപ്തത്തയെക്കുറിച്ച്‌ നിരന്തരം ബോർഡിനെ തങ്ങളുടെ പ്രതിഷേധവും നിരാശയും  അറിയിച്ചുകൊണ്ടിരിക്കുകയാണ്‌. രാജ്യത്ത്‌ ഗവണ്‍മന്റ്‌ അംഗീകരിക്കുന്ന വിലക്കയറ്റത്തിന്റെ തോത്‌ എത്രയാണോ അത്രയും വർദ്ധനവേങ്കിലും കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവിലയിലും പ്രതിഫലിക്കേണ്ടതില്ലേ എന്നാണ്‌ ചോദ്യം. അതായത്‌ മുൻവർഷത്തെ ഒരു ക്വിന്റൽ കൊപ്രയുടെ താങ്ങുവില കൊണ്ട്‌ ലഭ്യമാകുമായിരുന്ന ഉൽപന്നങ്ങളും സേവനങ്ങളും ഇന്ന്‌ വാങ്ങണമെങ്കിൽ ഈ കാലഘട്ടത്തിലെ പണപ്പെരുപ്പനിരക്ക്‌ കൂടി ചേർത്ത്‌ താങ്ങുവില വർദ്ധിപ്പിക്കേണ്ടതില്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണ്‌.

രണ്ടാമത്തെ ശ്രദ്ധേയമായ കാര്യം, നാളികേര വികസന ബോർഡും വിവിധ സംസ്ഥാന ഗവണ്‍മന്റുകളും കേരകർഷകരും ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഇറക്കുമതി ചെയ്യുന്ന ക്രൂഡ്‌ പാമോയിലിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കണമെന്നുള്ള ആവശ്യത്തിൽ കേന്ദ്ര ഗവണ്‍മന്റ്‌ അനുകൂലമായ തീരുമാനം എടുത്തിരിക്കുന്നുവേന്നുള്ളതാണ്‌. നിലവിൽ പൂജ്യം ശതമാനമായിരുന്ന ക്രൂഡ്‌ പാമോയിലിന്റെ ഇറക്കുമതി ചുങ്കം രണ്ടര ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്‌. ആർ.ബി.ഡി പാമോയിലിന്റെ ഇറക്കുമതി ചുങ്കം മാറ്റമില്ലാതെ 7.5 ശതമാനമായി തുടരുകയും ചെയ്യുന്നു. ഇറക്കുമതി ചുങ്കം ക്രൂഡ്‌ പാമോയിലിന്‌ ഏർപ്പെടുത്തിയത്‌ വളരെ ചെറിയ നിരക്കിൽ ആണെങ്കിൽ കൂടിയും അസംസ്കൃത പാചകഎണ്ണയ്ക്ക്‌ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തേണ്ടതുണ്ട്‌ എന്ന യാഥാർത്ഥ്യം അംഗീകരിക്കപ്പെട്ടതിൽ നമുക്ക്‌ ആശ്വസിക്കാം. എണ്ണക്കുരു ഉത്പാദകരായ കർഷകർക്ക്‌ നീതി ലഭിക്കുന്നതിന്‌ ഉതകുന്ന രീതിയിലുള്ള ഇറക്കുമതി ചുങ്കം അസംസ്കൃത ഭക്ഷ്യഎണ്ണകളുടെമേൽ ചുമത്തുന്ന കാലം തീർച്ചയായും ഉണ്ടാകും എന്നുതന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.
കേരകർഷകർക്കും നാളികേര ഉത്പാദക യൂണിറ്റുകൾക്കും ആശ്വാസകരമാകാവുന്ന മൂന്നാമത്തെ പ്രധാനപ്പെട്ട തീരുമാനമാണ്‌ കൊച്ചി തുറമുഖത്തുനിന്ന്‌ മാത്രമായിരുന്ന വെളിച്ചെണ്ണ കയറ്റുമതി, ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിൽ നിന്നും അളവിൽ നിയന്ത്രണം ഇല്ലാതെ കയറ്റിയയയ്ക്കാമെന്നുള്ളത്‌. ഗൾഫ്‌ രാജ്യങ്ങളിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും യുഎസ്‌എയിലേയ്ക്കും ജപ്പാനിലേയ്ക്കും മറ്റും ഉള്ള വെളിച്ചെണ്ണ കയറ്റുമതി ഒരു കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക്‌ ഉയർത്താൻ കഴിഞ്ഞാൽ തീർച്ചയായും ആഭ്യന്തര വിപണിയിലെ വിലയിടിവിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ കഴിയും. കടൽത്തീരമില്ലാത്ത നേപ്പാളിലേക്കു പോലും ഇന്ത്യയിൽ നിന്നു കയറ്റുമതി നിരോധിച്ചിരുന്നതുമൂലം വെളിച്ചെണ്ണ ഫിലിപ്പീൻസിൽ നിന്നു വരുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ന്‌ ബീഹാറിന്റെയും ഉത്തർപ്രദേശിന്റെയും അതിർത്തികൾ വഴി നേപ്പാളിലേയ്ക്കും വെളിച്ചെണ്ണ ആവശ്യാനുസരണം കയറ്റുമതി ചെയ്യാൻ കഴിയും. ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ബോർഡ്‌ ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്‌ ചുരുങ്ങിയത്‌ 150000 മെട്രിക്‌ ടൺ എങ്കിലും വെളിച്ചെണ്ണ ഈ ഓയിൽ വർഷത്തിൽ കയറ്റി അയയ്ക്കണമെന്നാണ്‌. കഴിഞ്ഞ വർഷം 8500 മെട്രിക്‌ ടൺ മാത്രമാണ്‌ ഇന്ത്യയിൽ നിന്ന്‌ ആകെ കയറ്റുമതി ചെയ്തത്‌. പുതുക്കിയ താങ്ങുവിലയുടെ പ്രഖ്യാപനം, ക്രൂഡ്‌ പാമോലിന്റെ മേലുള്ള ഇറക്കുമതിച്ചുങ്കം, വെളിച്ചെണ്ണ കയറ്റുമതിക്കുളള അനുവാദം എന്നീ മൂന്ന്‌ കാര്യങ്ങളും കഴിഞ്ഞ കുറെ നാളുകളായി നാളികേര വികസന ബോർഡ്‌, ബന്ധപ്പെട്ട വകുപ്പുകളിൽ തുടരെ നടത്തിക്കൊണ്ടിരുന്ന സമ്മർദ്ദങ്ങളുടെ കൂടി ഫലമായിട്ടാണ്‌. സംസ്ഥാന ഗവണ്‍മന്റും, കേരളത്തിൽ നിന്നുള്ള മുഴുവൻ ജനപ്രതിനിധികളും ഇതിനായി കർഷകർക്കുവേണ്ടി ഒറ്റക്കെട്ടായി പരിശ്രമിച്ചു എന്നുള്ളത്‌ സ്മരണീയമാണ്‌.

നാളികേരത്തിന്റെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിലുണ്ടായ ചെറിയ ഉയർച്ച നിലച്ച്‌ വില വീണ്ടും താഴേയ്ക്കുവന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ്‌ വിപണിയിൽ കാണുന്നത്‌. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം, നാളികേരത്തിന്റെ വില ആഭ്യന്തരവിപണിയിൽ ഉയർത്തുന്നതിന്‌ ഒരു നല്ല കൈത്താങ്ങായി. പച്ചത്തേങ്ങ സംഭരണം ഇന്നു നടക്കുന്ന ജില്ലകളിൽ കൂടുതൽ ഊർജ്ജിതപ്പെടുത്തുകയും കൂടുതൽ ബ്ലോക്കുകളിലേയ്ക്കും ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും നാളികേര കൃഷി കൂടുതലുള്ള, എന്നാൽ സംഭരണം ആരംഭിക്കാത്ത ജില്ലകളിലേയ്ക്കും കൂടി വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്‌ ശ്രമിക്കേണ്ടതുണ്ട്‌. അതോടൊപ്പം തന്നെ വേനൽക്കാല മഴയുടെ അഭാവവും കഴിഞ്ഞ മൺസൂൺ സീസണിലെ മഴക്കുറവും നമ്മുടെ സംസ്ഥാനം വരൾച്ചയുടെ പിടിയിലേയ്ക്ക്‌ നീങ്ങുന്ന സൊ‍ാചനയാണ്‌ നൽകുന്നത്‌. ദീർഘകാല വിളകളിലെ വരൾച്ചയുടെ സ്വാധീനവും അതുമൂലം ഉണ്ടാകുന്ന നഷ്ടവും വർഷങ്ങളോളം നീണ്ടു നിൽക്കും. അതിനാൽ പരമാവധി വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ശ്രമം ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഏറ്റെടുത്ത്‌ നടത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
മൂല്യവർദ്ധനവിനും പുതിയ സംരംഭങ്ങൾക്കും വേണ്ടി ബോർഡ്‌ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി കൊച്ചിയിലും കോഴിക്കോടും നടന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത പലരും തങ്ങളുടെ പ്രോജക്ടുകളുമായിട്ട്‌ ബോർഡിനെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്‌. നാളികേര ഉത്പാദക സംഘങ്ങളുടെ ക്രമാനുഗതമായ വളർച്ചയും ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളത്തിൽ 2100 ഓളം ഉത്പാദക സംഘങ്ങളും 66 ഫെഡറേഷനുകളും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഉത്പാദക സംഘങ്ങളിൽ നിന്ന്‌ ഫെഡറേഷനുകളിലേക്കും ഉത്പാദക കമ്പനികളിലേയ്ക്കുമെന്നതായിരുന്നു ഈ സാമ്പത്തിക വർഷത്തിൽ നാം ലക്ഷ്യമിട്ടിരുന്നത്‌. ആദ്യ കമ്പനി രൂപീകരണം ഇനിയും പൂർത്തിയായിട്ടില്ല. ഒൻപത്‌ ജില്ലകളിലെങ്കിലും ഈ സാമ്പത്തിക വർഷം തന്നെ കേരകർഷകരുടെ ഉത്പാദക കമ്പനികൾ കൂടി രജിസ്റ്റർ ചെയ്യുവാനുള്ള തീവ്രശ്രമം നടന്നു വരികയാണ്‌. കേര മേഖലയിൽ ഇന്ന്‌ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും നിലവിലുള്ളതും വരാനുള്ളതുമായ അവസരങ്ങളും ദേശീയവും അന്തർദേശീയവുമായ നിരവധി സാധ്യതകളും പ്രയോജനപ്പെടുത്തണമെങ്കിൽ കർഷക കൂട്ടായ്മകൾ കമ്പനിയായി ശക്തി പ്രാപിക്കേണ്ടതുണ്ട്‌. 12-​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഇത്തരം കർഷക കൂട്ടായ്മകളെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും സർക്കാർ വികസന പ്രവർത്തനങ്ങൾ കൂട്ടായ്മകൾ വഴി നടപ്പാക്കുകയും ചെയ്യണമെന്നാണ്‌ നാളികേര വികസന ബോർഡ്‌ കേന്ദ്ര, സംസ്ഥാന ഗവണ്‍മന്റുകളോട്‌ അഭ്യർത്ഥിച്ചിട്ടുള്ളത്‌. ഉത്പാദക കമ്പനികളിൽ കർഷകർ സമാഹരിക്കുന്ന ഓഹരി മൂലധനത്തിന്റെ പകുതി വീതം കേന്ദ്ര ഗവണ്‍മന്റിനോടും സംസ്ഥാന ഗവണ്‍മന്റിനോടും ഓഹരിയായി നൽകണമെന്നുള്ള അഭ്യർത്ഥന 2012-13 ബജറ്റിന്റെ സമയത്തു തന്നെ നൽകിയിട്ടുള്ളതാണ്‌, ഈ വർഷവും ഇതേ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്‌. ഗവണ്‍മന്റിന്റെ നയ രൂപീകരണത്തിനും പദ്ധതി രൂപീകരണത്തിനും സഹായകരമാകുന്ന രീതിയിൽ നമ്മുടെ ബഹുമാന്യരായ ജനപ്രതിനിധികളുടെ ഒരു ഇടപെടലിനായി അഭ്യർത്ഥിക്കാം.

ദീർഘകാലമായി കേരളത്തിലെ കേര കർഷകർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ്‌, മദ്യാംശം തീരെയില്ലാത്ത നീര ഉത്പാദിപ്പിക്കാനുള്ള അനുവാദം കേര കർഷകർക്ക്‌ ലഭ്യമാക്കാൻ കഴിയുന്ന നയതീരുമാനങ്ങളും അതിനനുകൂലമായ നിയമ ഭേദഗതികൾ അബ്കാരി നിയമത്തിലും വരുത്തണമെന്നത്‌. സംസ്ഥാന ഗവണ്‍മന്റ്‌ ഇതിനുവേണ്ടി ഒരു ഒൻപതംഗ കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്യുകയും രണ്ടു മാസത്തിനുള്ളിൽ ആ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഗവണ്‍മന്റിന്‌ സമർപ്പിക്കുകയും ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു. ഇത്‌ വളരെ ശുഭോദർക്കമായ കാര്യമാണ്‌. പക്ഷേ നമ്മുടെ കർഷക സുഹൃത്തുക്കൾ പലരും ചൂണ്ടിക്കാട്ടിയതു പോലെ ഈ ഒൻപതംഗ കമ്മിറ്റിയിൽ കർഷക പ്രതിനിധി കേവലം ഒരാൾ മാത്രം! ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ നാലു പേരും എക്സൈസ്‌ പ്രതിനിധികൾ രണ്ടു പേരും നാളികേര വികസന ബോർഡിന്റെയും കേരള കാർഷിക സർവകലാശാലയുടേയും പ്രതിനിധികൾ ഓരോരുത്തരുമാണ്‌ ഈ കമ്മിറ്റിയിലുള്ളത്‌. ഭക്ഷ്യസംസ്ക്കരണ മേഖലയിൽ നാളികേരത്തിൽ നിന്നും ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മേഖലയാണ്‌ നീരയും നീരയുടെ ഉൽപന്നങ്ങളുമെന്ന്‌ കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഈ മന്ത്രാലയത്തിന്റെ സെക്രട്ടറി തന്റെ കേരള സന്ദർശനവേളയിൽ ഇക്കാര്യത്തിൽ അങ്ങേയറ്റം താൽപര്യം പ്രകടിപ്പിക്കുകയും മൂല്യവർദ്ധിത  നീരാധിഷ്ഠിത ഉൽപന്നങ്ങൾ ഇന്ത്യയിലുടനീളം പ്രോത്സാഹിപ്പിക്കുന്നതിന്‌ മന്ത്രാലയത്തിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്ന്‌ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌.

2013-14 വർഷത്തേയ്ക്ക്‌ സംസ്ഥാന ബജറ്റ്‌ തയ്യാറാക്കുന്ന ഈ വേള ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും തങ്ങളുടെ പ്രശ്ന പരിഹാരത്തിന്‌ വേണ്ട നയ തീരുമാനങ്ങളും പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിക്കുന്നതിന്‌ ഏറ്റവും ഉചിതമായ സമയമാണ്‌. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവൽക്ക രണത്തിലൂടെ മൂല്യവർദ്ധനവ്‌ നേടുന്നതിനും കയറ്റുമതി അടിസ്ഥാനപ്പെടുത്തിയുള്ള നാളികേര സംസ്ക്കരണ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തീർച്ചയായും സംസ്ഥാന ഗവണ്‍മന്റിന്റെ സഹായം കൂടിയേ തീരൂ. അതുപോലെ തന്നെ ആഭ്യന്തര വിപണിയിൽ കെട്ടിക്കിടക്കുന്ന വെളിച്ചെണ്ണ പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡുടമൾക്ക്‌ വിതരണം ചെയ്യുന്നതിനുള്ള  അനൂകൂലമായ നയം ഉണ്ടാകേണ്ടതുണ്ട്‌. ശൈശവദശയിലുള്ള നാളികേരാധിഷ്ഠിത വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി  മുൻകാലങ്ങളിൽ ഐ.ടി, ബയോടെക്നോളജി മേഖലകൾക്ക്‌ നൽകിയതുപോലെ അഞ്ചു വർഷക്കാലത്തേയ്ക്ക്‌ 'ടാക്സ്‌ ഹോളിഡേ' നൽകുന്നത്‌ കേരകൃഷിയുടേയും സംസ്ക്കരണത്തിന്റെയും മേഖലയെ പരിപോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അങ്ങേയറ്റം സഹായകരമാകും. ഇത്തരം ആവശ്യങ്ങൾ നമ്മുടെ കേരകർഷക കൂട്ടായ്മകൾ യഥാവസരം തങ്ങളുടെ ജനപ്രതിനിധികൾ വഴി സംസ്ഥാന ഗവണ്‍മന്റിനെ അടിയന്തി രമായി അറിയിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

നീര കമ്മിറ്റി രൂപീകരണത്തെക്കുറിച്ചും പുതുക്കിയ താങ്ങുവിലയെക്കുറിച്ചും നിരവധി പ്രതികരണങ്ങൾ നാളികേര വികസന ബോർഡിന്‌ കർഷകരിൽ നിന്നും കർഷക സംഘടനകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുകയാണ്‌. സ്ഥല പരിമിതിമൂലം ഒരു പക്ഷേ മുഴുവൻ ചേർക്കാൻ കഴിയുന്നില്ലെങ്കിലും അത്തരം പ്രതികരണങ്ങളിൽ ചിലത്‌ ഈ ലക്കത്തിൽ ഉൾക്കൊള്ളിക്കുകയാണ്‌. ഈ വർഷത്തെ താങ്ങുവില സംഭരണം, കഴിഞ്ഞ വർഷത്തെ പ്രശ്നങ്ങളിൽ നിന്ന്‌ വിമുക്തമാക്കുന്നതിനും ആ അനുഭവങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ കുറ്റമറ്റതാക്കുന്നതിനും നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. നാളികേര ഉത്പാദക സംഘങ്ങൾ പോലെ തന്നെ സംഘങ്ങളുടെ ഫെഡറേഷനുകളേയും സംഭരണത്തിനുവേണ്ടി ചുമതലപ്പെടുത്തണമെന്ന്‌ സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. കൂടാതെ ജില്ലതോറും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫെഡറേഷനെയെങ്കിലും കൊപ്ര സംഭരണത്തിനുള്ള സംസ്ഥാന നോഡൽ ഏജൻസി ആക്കി മാറ്റിയാൽ കർഷകർക്ക്‌ ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു. അതിനായും സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. തീർച്ചയായും കർഷക കൂട്ടായ്മകൾക്ക്‌, തങ്ങളുടെ  ജനപ്രതിനിധികൾ വഴി ഇത്തരം ആശയങ്ങൾ ഗവണ്‍മന്റിലേക്ക്‌ വേഗത്തിൽ എത്തിക്കുവാൻ കഴിയും. അതിനുള്ള ശ്രമങ്ങൾ അടിയന്തിരമായി ഏറ്റെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...