Skip to main content

കുലപതികൾ/നോവൽ

സണ്ണി തായങ്കരി 

ഏഴ്‌
മടക്കയാത്രയിൽ ഏറെ നേരവും അബ്രാഹം ഒരു ധ്യാനത്തിലെന്നപോലെ ശാന്തമായ മൗനത്തിലായിരുന്നു. കർത്താവിന്റെ വിളികേട്ട്‌ പിതൃഭവനം ഉപേക്ഷിച്ച്‌ അവിടുന്ന്‌ തെളിച്ച യാത്രാവീഥികളിലൂടെ ഒരു പുനർസഞ്ചാരത്തിലായിരുന്നു, ആ മനസ്സ്‌.
ഹാരാനിൽ സമ്പാദിച്ച വസ്തുവകകളുമായി ഭാര്യ സാറായിയും സഹോദരപുത്രൻ ലോത്തും പരിജനവുമായി കാനാൻദേശത്തേക്ക്‌ യാത്രതിരിക്കുമ്പോൾ പ്രായം എഴുപത്തിയഞ്ച്‌ പിന്നിട്ടിരുന്നു.
കാനാനിലെ വാസത്തിനിടയിൽ സ്ഥിരമായി ഒരു താവളം ഉറപ്പിക്കാനായില്ല. അസ്ഥിരതയുടെ നാളുകളിൽ അവിടെ അതികഠിനമായ ഒരു ക്ഷാമമുണ്ടായി. അപ്പോൾ സമൃദ്ധിനിറഞ്ഞ ഈജിപ്തിലേയ്ക്ക്‌ കർത്താവ്‌ ആനയിച്ചു.
ഈജിപ്തിലെ ജനങ്ങളെപ്പറ്റി അത്ര നല്ലതൊന്നുമല്ല കേട്ടിരുന്നത്‌. ഫറോവോ രാജാവ്‌ കൊടികുത്തി വാഴുന്നകാലം. വിദേശിയായ താൻ സുന്ദരിയായ സാറായിയുമായി അവിടെയെത്തിയാൽ അത്‌ തന്റെ ജീവനുതന്നെ ഭീഷണിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. സ്ത്രീവിഷയത്തിൽ ഫറവോയും പ്രജകളും ബലഹീനരാണെന്ന്‌ കേട്ടിട്ടുണ്ട്‌. സ്ത്രീലമ്പടരായ രാജാവിൽനിന്നും പ്രജകളിൽനിന്നും സാറായിയെ രക്ഷിക്കാനുള്ള മാർഗം യാത്രയിലുടനീളം തലപുകഞ്ഞാലോചിച്ചു. മരുഭൂയാത്രയുടെ കാഠിന്യത്തെക്കാളും ശരീരത്തെയും മനസ്സിനെയും തളർത്തിയത്‌ അതാണ്‌. ദിവസങ്ങൾക്കുശേഷം ഒരു പോംവഴി തെളിഞ്ഞുവന്നു.
"എന്റെ ജീവനെക്കരുതി നീയെന്റെ സഹോദരിയാണെന്നേ ഈജിപ്തുകാരോട്‌ പറയാവൂ."
"അതെങ്ങനെ നാഥാ? ആരെങ്കിലും ഭാര്യയെ സഹോദരിയെന്ന്‌ പറയുമോ? മാത്രമല്ല, എന്നെങ്കിലും ഈജിപ്തുകാർ യാഥാർത്ഥ്യമറിഞ്ഞാൽ...?"
"ഇപ്പോഴങ്ങനെയൊന്നും ചിന്തിക്കണ്ട. നമുക്ക്‌ മറ്റുവഴിയില്ലല്ലോ സാറായി. നീയെന്റെ ഭാര്യയാണെന്നറിഞ്ഞാൽ എന്നെക്കൊന്ന്‌ അവർ നിന്നെ തട്ടിയെടുക്കും."
വലിയ മാനസിക സംഘർഷം അവളപ്പോൾ അനുഭവിച്ചിട്ടുണ്ടാകും, തീർച്ച. ഏതായാലും ഭർത്താവിന്റെ ജീവനുവേണ്ടി അവൾ അർധമനസോടെ സമ്മതംമൂളി.
ഈജിപ്തിലെത്തിച്ചേർന്നു. അതൊരു പുരാതന നഗരമായിരുന്നു. നഗരവാസികൾ യാത്രാസംഘത്തെ അത്ഭുതജീവികളെയെന്നപോലെയാണ്‌ വീക്ഷിച്ചതു. സ്ത്രീകളും പുരുഷന്മാരും ചുറ്റുംകൂടി. എല്ലാ കണ്ണുകളും സാറായിയിലായിരുന്നു. വിഷയാസക്തിയോടെ പുരുഷന്മാർ അവളോടടുത്തു, സ്പർശിക്കാൻ ശ്രമിച്ചു. സാറായിയുടെ ഒരു നോട്ടത്തിനായി ദാഹിച്ചു. താനും ലോത്തും എത്ര ഭാഗ്യവാന്മാരെന്ന്‌ അവർ പരസ്പരം പറഞ്ഞു. കേട്ടാലറയ്ക്കുന്ന അശ്ലീലപദങ്ങൾ നിർലോഭം ചൊരിഞ്ഞു.
കപ്പം പിരിക്കാൻ ഫറോവയുടെ സേവകർ ഏതിർദിശയിൽനിന്ന്‌ കുതിരപ്പുറത്ത്‌ വരുന്നുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ ജനം ഭയപ്പാടോടെ മാറിനിന്നു. സേവകവർ സാറായിയെ കണ്ട്‌ അടുത്തെത്തി.
"ഈ സുന്ദരി നിങ്ങളുടെ ഭാര്യയാണോ?"
"മഹാപാപം പറയരുത്‌ യജമാനനേ. ഇവൾ ഞങ്ങളുടെ സഹോദരിയാണ്‌." അബ്രാം പറഞ്ഞു. സാറായി ഭയപ്പാടോടെ ഒതുങ്ങിനിന്നു.
"ഇവളെ ഞങ്ങൾക്കു വിൽക്കുന്നോ? പത്ത്‌ ഷെക്കൽ സ്വർണവും ആടുമാടുകളും തരാം."
"ഇവളുടെ വിവാഹം ഒരു കാനായക്കാരനുമായി ഉറപ്പിച്ചിരിക്കയാണ്‌ യജമാനനേ. ഞങ്ങളെ വെറുതെ വിടണം." അബ്രാം അപേക്ഷിച്ചു. പക്ഷേ, അവർ പിന്മാറാൻ തയ്യാറായില്ല. സേവകർ തമ്മിൽ ആലോചിച്ചു.
"വില കൂടുതൽ തരാം. ഇരുപതു ഷെക്കൽ സ്വർണമായിക്കോട്ടെ. കൂടാതെ ധാന്യം നിറച്ച പത്ത്‌ ഒട്ടകങ്ങളും. ഇവളെ വിട്ടുതന്നേക്ക്‌."
അവർ കൂടുതൽ സമ്മർദം ചെലുത്തി തുടങ്ങിയപ്പോൾ ലോത്തും താനും താണുവീണ്‌ ഉപദ്രവിക്കരുതെന്ന്‌ അപേക്ഷിച്ചു. അതിന്‌ ഫലമുണ്ടായി. സേവകർ ധൃതിയിൽ മടങ്ങിപ്പോയി.
അവർ നേരെപോയത്‌ ഫറവോയുടെ കൊട്ടാരത്തിലേയ്ക്കാണ്‌. വീഞ്ഞുകുടിച്ച്‌ മദോന്മത്തനായി കൊട്ടാരം നർത്തകിമാരുടെ മാദകനൃത്തത്തിൽ അഭിരമിക്കുമ്പോഴാണ്‌ സേവകരെത്തിയത്‌.
"ഫറവോ രാജാവ്‌ നീണാൽ വാഴട്ടെ." അവർ ശിരസ്സുനമിച്ചു.
"പ്രഭോ... നമ്മുടെ രാജ്യത്ത്‌ വിദേശത്തുനിന്നും ഏതാനുംപേർ പണിയന്വേഷിച്ചെത്തിയിരിക്കുന്നു. കൂട്ടത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീയുമുണ്ട്‌. അവരുടെ സഹോദരിയാണെന്നാണ്‌ പറഞ്ഞത്‌."
'സുന്ദരി'യെന്നുകേട്ടപ്പോൾതന്നെ ഫറവോ നൃത്തം അവസാനിപ്പിക്കാൻ ആംഗ്യം കാണിച്ചു. നർത്തകികൾ നിശ്ചലരായി, പിന്നെ അപ്രത്യക്ഷരായി.
"ങേ ​‍്ഹേ... വിദേശസുന്ദരിയോ...? നമ്മുടെ പട്ടമഹർഷികളെക്കാൾ സുന്ദരിയോ...?" ഫറവോ  മദ്യലഹരിയിൽ ആടിയാടി സിംഹാസനത്തിൽനിന്ന്‌ എഴുന്നേറ്റു.
"അതേ പ്രഭോ. ഇതുപോലെ സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഞങ്ങൾ ആദ്യം കാണുകയാണ്‌. എന്തൊരഴക്‌... എന്തൊരഴക്‌... ഈജിപ്തുദേശത്ത്‌ ഇതുപോലൊരുസുന്ദരിയില്ല." സേവകർ ഫറവോയുടെ മദ്യലഹരിക്കുമേൽ മാദകലഹരി കോരിച്ചൊരിഞ്ഞു.
"ആരെവിടെ?" ഫറവോ വീണ്ടും സിംഹാസനസ്ഥനായി.
രണ്ടു സേവകർ സിംഹാസനത്തിനുമുമ്പിൽചെന്ന്‌ മൂന്നുവട്ടം വന്ദിച്ചു. 
"നമ്മുടെ രാജ്യത്തെത്തിയ വിദേശികളെ ഉടൻ ഹാജരാക്കു."
വൈകിയില്ല. വിദേശിയരെ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. ഫറവോ രാജാവ്‌ കാമക്കണ്ണുകളാൽ സാറായിയെ അടിമുടി കോരിക്കുടിച്ചു. സേവകന്മാർ പറഞ്ഞതിലും ഗംഭീരം...! പട്ടമഹർഷി സ്ഥാനത്തിന്‌ ഇവൾ സർവഥാ യോഗ്യതന്നെയെന്ന്‌ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.
"നിങ്ങൾ എവിടെനിന്നു വരുന്നു?" ഫറവോയുടെ ശബ്ദത്തിൽ പതിവിന്‌ വിപരീതമായി മധുരം ഇറ്റിനിന്നു. ആ ചുവന്ന കണ്ണുകൾ സാറായിയുടെ ഓരോ അവയവത്തെയും ലഹരിയോടെ അളന്നു.
"ഞങ്ങൾ കാനാനിൽനിന്നാണ്‌ പ്രഭോ. അവിടെ കടുത്ത ക്ഷാമമാണ്‌." ലോത്താണ്‌ മറുപടി പറഞ്ഞത്‌.
"നമ്മുടെ രാജ്യത്ത്‌ യാതൊരുക്ഷാമവുമില്ല. ഫറവോ ഉള്ളിടത്തോളം ക്ഷാമമുണ്ടാകില്ല. നിങ്ങൾക്കിവിടെ സുഭിക്ഷമായി കഴിയാം."
സാറായിയിൽനിന്ന്‌ കണ്ണെടുക്കാൻ ഫറവോയ്ക്കു തോന്നിയില്ല.
"ഈ സുന്ദരി ആരാണ്‌...?"
"ഞങ്ങളുടെ സഹോദരിയാണ്‌ യജമാനനേ."
"ഇവളെ നാം പട്ടമഹർഷിയായി സ്വീകരിക്കുന്നു." ഫറവോ തീരുമാനം അറിയിച്ചുകഴിഞ്ഞു.
"പക്ഷേ, പ്രഭോ... ഇവളുടെ വിവാഹം ഒരു കാനാൻകാരനുമായി ഉറപ്പിച്ചുപോയി." സേവകരോട്‌ പറഞ്ഞ കള്ളം അബ്രാം ആവർത്തിച്ചു.
"ഈജിപ്തിന്റെ സർവാധികാരിയായ ഫറവോ രാജാവിനെക്കാൾ മറ്റാരാണ്‌ ഈ സുന്ദരിക്ക്‌ യോജിക്കുക? ഇവൾ നമ്മുടെ പട്ടമഹർഷിയാകും."
സ്വയം കുഴിച്ച കുഴിയിൽതന്നെ വീണിരിക്കുന്നു...! 
"പ്രഭോ... ഞങ്ങൾ കാനാൻകാർക്ക്‌ വാക്കുമാറ്റുന്നത്‌ ശിരസ്സറുത്തുമാറ്റുന്നപോലെയാണ്‌. അങ്ങ്‌ ക്ഷമിക്കണം."
"ങേ... ഇത്ര ധൈര്യമോ?" ഫറവോയുടെ കണ്ണുകൾ ജ്വലിച്ചു.
"പരദേശികൾ നമ്മുടെ ആജ്ഞ നിരസിക്കുകയോ? നമ്മുടെ കൽപ്പന ധിക്കരിക്കുന്നവനും  
അതേ ശിക്ഷയാണ്‌."                
രാജാങ്കണത്തിൽ ഭയാനകമായ നിശ്ശബ്ദതപരന്നു.
"ആരെവിടെ...?"
ശിരോവസ്ത്രം ധരിച്ച രണ്ടു പരിചാരികമാർ പ്രവേശിച്ച്‌ ശിരസ്സുനമിച്ചു.
"ഈ സുന്ദരിയെ അന്തഃപുരത്തിൽ പ്രവേശിപ്പിക്കുക. ആടയാഭരണങ്ങൾ ചാർത്തി ദേവകന്യകയെപ്പോലെ മനോഹരിയാക്കുക. നമ്മുടെ ശയ്യാഗൃഹവും കിടക്കയും വിലയേറിയ പുഷ്പങ്ങളാൽ അലങ്കരിക്കുക. ഈജിപ്തിൽ ലഭ്യമായ ഏറ്റവും മുന്തിയ സുഗന്ധതൈലങ്ങൾ കിടക്കറയിൽ തളിക്കുക. നമുക്കിനി ഉന്മാദത്തിന്റെ രാത്രികളാണ്‌."
 സാറായിയുടെ അവസ്ഥയായിരുന്നു ദയനീയം.കണ്ണീരടക്കാൻ അവൾ വിഫലശ്രമം നടത്തി. സത്യം തുറന്നുപറഞ്ഞാൽ എല്ലാ ശിരസ്സുകളും അവിടെ ഉരുളുമെന്ന സത്യം വാക്കുകളെ തൊണ്ടയിൽ കുരുക്കിയിട്ടു. എല്ലാം കൈവിട്ടുപോയിരിക്കുന്നു. സ്വയംവെച്ച കെണിയിൽതന്നെ വീണു!
സാറായിയെ പരിചാരികമാർ ആദരവോടെ അന്തഃപുരത്തിലേയ്ക്ക്‌ ആനയിച്ചുകൊണ്ടുപോയി. ഇതികർത്തവ്യതാമൂഢരായിനിന്ന തന്നെയും ലോത്തിനെയുംനോക്കി ഫറവോ അറിയിച്ചു-
"നിങ്ങളുടെ സുന്ദരിയായ സഹോദരിയെ നമുക്ക്‌ ഭാര്യയായി തന്നതിന്‌ പ്രതിഫലമായി എണ്ണമറ്റ മൃഗങ്ങളും അടിമകളും രണ്ട്‌ ഒട്ടകങ്ങൾക്ക്‌ താങ്ങാനാവുന്ന സ്വർണവും വെള്ളിയും നോക്കത്താദൂരം ഭൂമിയും സ്വീകരിച്ചുകൊൾക."
ഞൊടിനേരംകൊണ്ട്‌ താനും സഹോദരപുത്രനും അതിസമ്പന്നരായിമാറി!
ഫറവോയിൽനിന്ന്‌ സമ്മാനമായി കിട്ടിയതെല്ലാം സ്വീകരിച്ച്‌ കൊട്ടാരത്തോട്‌ വിടപറയുമ്പോൾ ഹൃദയം തേങ്ങി. ഫറവോ നൽകിയ സമ്പത്തിനേക്കാൾ എത്രയോ വിലയേറിയവളാണ്‌ സാറായി എന്ന ചിന്ത ഉള്ളിൽ തീക്കനൽ കോരിയിട്ടു. തേങ്ങിക്കരഞ്ഞ തന്നെ ലോത്ത്‌ ആശ്വസിപ്പിച്ചു.
"അങ്ങയെ വിളിച്ച കർത്താവ്‌ എല്ലാം കാണുന്നുണ്ട്‌. അവിടുന്നുതന്നെ ഇതിന്‌ പരിഹാരവും കണ്ടെത്തും."
അത്‌ ലോത്തിന്റേതല്ല, കർത്താവിന്റെ ദൂതന്റെ വാക്കുകളായാണ്‌ അബ്രാമിന്‌ തോന്നിയത്‌. ലോത്തിന്റേത്‌ പ്രവാചകസ്വരമായിരുന്നുവേന്ന്‌ തുടർന്നുള്ള ദിവസങ്ങൾ തെളിയിച്ചു.
പരിചാരികമാർ സാറായിയെ രാജകീയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച്‌ ഫറവോ യുടെ ശയ്യാഗൃഹത്തിൽ പ്രവേശിപ്പിച്ചു. അക്ഷമനായിനിന്ന ഫറവോയെ നിരാശപ്പെടുത്തിക്കൊണ്ട്‌ അവിടെ പ്രത്യക്ഷപ്പെട്ട അപരിചിതയായ പരിചാരിക സാറായിക്ക്‌ വയറുവേദനയാണെന്നും വിശ്രമം ആവശ്യമാണെന്നും അറിയിച്ചു. ഫറവോ ഗത്യന്തരമില്ലാതെ മടങ്ങിപ്പോയി. പരിചാരിക സാറായിയെ സമീപിച്ചു. അപ്പോൾ പരിചാരികയ്ക്ക്‌ കർത്താവിന്റെ ദൂതന്റെ രൂപമായിരുന്നു. അബ്രാമിനെയല്ലാതെ മറ്റൊരു പുരുഷനെ സങ്കൽപ്പിക്കാൻപോലും സാധിക്കാതിരുന്ന സാറായി ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു. ദൂതൻ പറഞ്ഞു-
"സാറായി നീ ദുഃഖിക്കേണ്ട, ഒരനർത്ഥവും നിനക്ക്‌ സംഭവിക്കില്ല."
സാറായിക്ക്‌ ആശ്വാസമായി. അൽപം കഴിഞ്ഞ്‌ വീണ്ടും കതകിൽ മുട്ടുകേട്ടു. ദൂതൻ പരിചാരികയായി മാറി.
"യജമാനനെ ക്ഷമിക്കണം. സാറായിക്ക്‌ അങ്ങയെ പ്രാപിക്കണമെന്നുണ്ട്‌. പക്ഷേ, ഇപ്പോൾ അസഹ്യമായ തലവേദനയും തുടങ്ങിയിരിക്കുന്നു."
കൊട്ടാരം വൈദ്യനെ ഉടൻ ഹാജരാക്കാൻ കൽപിച്ച്‌ ഫറവോ വീണ്ടും മടങ്ങി. കൊട്ടാരം വൈദ്യൻ കൊടുത്ത മരുന്നുകൾ രഹസ്യമായി ദൂതൻ ഉപേക്ഷിച്ചു. അക്ഷമനായ ഫറവോ സാറായെ പ്രാപിക്കാൻ എത്തിക്കൊണ്ടിരുന്നു. ഓരോ കാരണങ്ങൾ പറഞ്ഞ്‌ പകൽ മുഴുവൻ ദൂതൻ ഫറവോയെ സാറായിൽനിന്ന്‌ അകറ്റി നിർത്തി. രാത്രിയാകുമ്പോഴേയ്ക്കും സാറായി പൂർണസുഖം പ്രാപിക്കുമെന്ന കൊട്ടാരം വൈദ്യന്റെ വാക്കുകൾ ഫറവോ വിശ്വസിച്ചു. രാത്രിക്കുവേണ്ടി അയാൾ നാഴികമണിയിൽ കണ്ണുനട്ടിരുന്നു.
സാറായിയുടെ ഉൽക്കണ്ഠയുടെ സമയദൈർഘ്യം കുറച്ചുകൊണ്ട്‌ രാത്രി വേഗം വന്നെത്തി. സാറായിയെ പ്രാപിക്കാൻ അന്തഃപുരത്തിൽ പ്രവേശിച്ച ഫറവോ രാജാവിന്‌ ആഗ്രഹപൂർത്തീകരണത്തിനുമുമ്പ്‌ തിരിച്ചടിയേറ്റു. പേടിച്ചരണ്ടുനിന്ന സാറായിയെ കാമംതീർത്ത ആക്രന്തത്തോടെ  സമീപിച്ച നിമിഷം കാൽപ്പാദം മുതൽ ശിരസ്സുവരെ ചൊറിച്ചിൽ ആരംഭിച്ചു. ആദ്യം നിശാവസ്ത്രം ഉരിയെറിഞ്ഞ്‌ ചൊറിഞ്ഞു. പിന്നെ അടിവസ്ത്രംപോലും ഉപേക്ഷിച്ചു. ചൊറിച്ചോലോട്‌ ചൊറിച്ചിൽ. ഇരുന്നും കിടന്നും ചൊറിഞ്ഞു. രാജാവ്‌ ആ രാത്രി മുഴുവൻ ചൊറിഞ്ഞു കഴിച്ചുകൂട്ടി. പ്രഭാതമായപ്പോഴേക്കും പാവം തളർന്ന്‌ മയങ്ങിപ്പോയി. മറ്റൊരു പുരുഷന്‌ കീഴ്‌വഴങ്ങേണ്ടി വരുന്ന ദയനീയാവസ്ഥയോർത്ത്‌ വിങ്ങിപ്പൊട്ടിനിന്ന സാറായിക്ക്‌ ചിരിയടക്കാൻ കഴിഞ്ഞില്ല.
അടുത്ത രാത്രിയും മറ്റൊരു പരീക്ഷണമാണ്‌ ഫറവോയ്ക്ക്‌ നേരിടേണ്ടി വന്നത്‌. ചൊറിഞ്ഞുപൊട്ടിയ ശരീരഭാഗം മുഴുവൻ മണിയനീച്ചകൾ പൊതിഞ്ഞു. മുറിവുകളിൽ ഈച്ചകൾ ഊക്കോടെ ചുണ്ടമർത്തിയപ്പോൾ ഫറവോയ്ക്ക്‌ പ്രാണൻപോകുന്ന വേദന... അങ്ങനെ കഠിന പരീക്ഷണങ്ങളുടെ രാത്രികൾ മൂന്ന്‌... നാല്‌... അഞ്ച്‌... ആറാംദിനം പുലരും മുമ്പേ അവശനായി അർധമയക്കത്തിലായിരുന്ന ഫറവോയ്ക്ക്‌ കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു.
"നീ ചെയ്ത അകൃത്യത്തിനുള്ള ശിക്ഷയാണിത്‌. കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ടവന്റെ ഭാര്യയെയാണ്‌ നീ കൈവെക്കാൻ ശ്രമിച്ചതു. ഇനിയും അനർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ അവളെ തിരിച്ചേൽപിക്കുക."
ഫറവോ ഉടനെ സേവകരെ വിളിച്ച്‌ വിദേശികളെ ഹാജരാക്കാൻ കൽപിച്ചു. ബലിപീഠം നിർമിച്ച്‌ അതിനുമുന്നിൽ ജലപാനംപോലും ഉപേക്ഷിച്ച്‌ നിരന്തരം വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്ന അബ്രാമും ലോത്തും രാജധാനിയിൽ ഹാജരായി. സാറായിയെ മുന്നിൽകൊണ്ടുവന്ന്‌ നിർത്തി അവശനായ ഫറവോ ചോദിച്ചു-
"നിങ്ങളെന്ത്‌ അനർത്ഥമാണ്‌ നമുക്ക്‌ വരുത്തിവച്ചതു? ഇവൾ നിന്റെ സഹോദരിയാണെന്ന്‌ പറഞ്ഞതുകൊണ്ടല്ലേ ഞാനവളെ പ്രാപിക്കാൻ ശ്രമിച്ചതു...?"
"പ്രഭോ ക്ഷമിച്ചാലും... അടിയന്റെ ഭാര്യയാണ്‌ ഇവളെന്ന്‌ പറഞ്ഞിരുന്നെങ്കിൽ രാജധാനിയിൽ എത്തുംമുമ്പ്‌ ഇവൾക്കുവേണ്ടി അങ്ങയുടെ പ്രജകൾ അടിയനെ വധിച്ചേനെ."
"നീ ചെയ്ത തെറ്റിനുള്ള ശിക്ഷ ഗളച്ഛേദമാണെങ്കിലും നിന്റെ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായതിനാൽ നാം ക്ഷമിക്കുന്നു. ഭാര്യയേയുംകൂട്ടി ഉടൻ സ്ഥലംവിട്ടുകൊള്ളുക. നിനക്ക്‌ നാം സമ്മാനമായി നൽകിയതെല്ലാം നിന്നോടൊപ്പം കൊണ്ടുപോകാവുന്നതാണ്‌. ഈജിപ്തിന്റെ അതിർത്തി കടക്കുവോളം ആരും നിങ്ങളെ ഉപദ്രവിക്കില്ല."
"പ്രഭോ... ഭവനമെത്തി."
ഏലിയേസറിന്റെ ശബ്ദമാണ്‌ ചിന്തകളെ മുറിച്ചതു. അബ്രാഹം കൂടാരത്തിലേക്ക്‌ കയറിപ്പോയി.

തുടരും 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…