27 Apr 2013

എന്റെ ഹിമാലയ യാത്ര-12


പ്രഫുല്ലൻ  തൃപ്പൂണിത്തുറ

പുരിയും ഭുവനേശ്വറും
    ജീവിതാഭിലാഷം പൂർത്തിയായപോലെ ഒരു തോന്നൽ, ഭാരതത്തലസ്ഥാനനഗരം കണ്ടു. ഹരിദ്വാറും ഋഷികേശും കണ്ടു. ഗംഗയുടെ ഉത്ഭവസ്ഥാനത്തും, ത്രിവേണീ സംഗമത്തിലും സ്നാനം ചെയ്തു. ചതുർധാമ ദർശനം നടത്തി. ഹിമാലയസാനുക്കളിലൂടെ നീണ്ട സവാരികൾ നടത്തി. ജീവിതത്തിലാദ്യമായി വ്യോമയാത്ര നടത്തി. ഗയയും ബുദ്ധഗയയും കണ്ടു. നിരവധി മഹാക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഏറ്റവുമൊടുവിൽ കാശിയിലെത്തി ഗംഗാനദിയിലൂടെ ബോട്ടുയാത്രനടത്തി. നടന്നു കഴിഞ്ഞപ്പോൾ ഇതൊക്കെ കുറച്ചുദിനങ്ങൾ കൊണ്ടു നടക്കാവുന്ന കാര്യങ്ങളാണല്ലോ എന്നു പ്രായോഗിക ബുദ്ധി പറഞ്ഞു. പക്ഷേ എന്റെ ജീവിതത്തിൽ ഇതൊന്നും സാധിയ്ക്കുമെന്നു കരുത്തിയതല്ല. ഭാഗ്യംതന്നെ എന്നാണ്‌ ഇപ്പോൾ തോന്നുന്നത്‌. യാത്ര പുറപ്പെടുന്നതിന്റെ തലേദിവസമോ അന്നുതന്നെയോ ഒരു ചെറിയ പനി വന്നാൽ കാലൊന്നു തട്ടിപ്പൊട്ടിയാൽ യാത്രമുടങ്ങിയേനെ! മലയിടിച്ചിൽ മണ്ണൊലിപ്പ്‌ ഇവയും യാത്രയിലെ അപകടസാധ്യതകളും വളരെ കൂടുതലായിരുന്നു. അതൊക്കെ കണക്കിലെടുത്തപ്പോഴാണ്‌ ഇതൊരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നത്‌ - ദൈവനാഗ്രഹവും!!
    സന്ധ്യയോടെ പ്രകാശത്തിന്റെ നഗരമായ കാശിയോടു യാത്രപറഞ്ഞു. കാശി റയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 9ന്‌ 'നീലാഞ്ചൽ' എക്സ്പ്രസ്സിൽ കയറി. വീണ്ടുമൊരു സംസ്ഥാനങ്ങൾ കടന്നുള്ള നീണ്ട തീവണ്ടിയാത്ര തുടർന്നു. ഉത്തർപ്രദേശിൽ നിന്നും പശ്ചിമബംഗാളിലേയ്ക്കായിരുന്നുയാത്ര. തീവണ്ടി പശ്ചിമബംഗാളിലേയ്ക്കു കടന്നപ്പോൾ രണ്ടുഭാഗത്തും പച്ചപുതച്ചപാടശ്ശേഖരങ്ങളും വാഴത്തോപ്പുകളുമൊക്കെ കണ്ടു തുടങ്ങി. അഞ്ചും പത്തും രൂപയ്ക്കു കരിക്കു ലഭിയ്ക്കുന്ന റയിൽവേസ്റ്റേഷനുകൾ വീണ്ടും വന്നു. അപ്പോൾ കൗമാരകാലത്തു തൃപ്പൂണിത്തുറയിലും എറണാകുളത്തുമൊക്കെയുണ്ടായിരുന്ന നെൽവയലുകളുടെ ചിത്രങ്ങൾ മനസ്സിൽ ഉണർന്നു വന്നു.
    എറണാകുളം നഗരത്തിൽ നിന്നും തൃപ്പൂണിത്തുറയിലേയ്ക്കു വരുമ്പോൾ മെയിൻ റോഡിന്റെ  (ഇന്നത്തെ സഹോദരൻ അയ്യപ്പൻ റോഡ്‌) രണ്ടുവശത്തും കടവന്ത്ര, ഇളംകുളം, പേട്ട ഭാഗങ്ങളിൽ നിറയെ നെൽകൃഷി ചെയ്യുന്ന വയലുകളായിരുന്നു. അതുപോലെത്തന്നെ തൃപ്പൂണിത്തുറയിലെത്തിയാലോ പട്ടണത്തിന്റെ രണ്ടുഭാഗത്തും എരൂരും തെക്കുംഭാഗത്തുമൊക്കെ പാടശേഖരങ്ങൾ. പട്ടണം കഴിഞ്ഞു ചോറ്റാനിക്കര, പിറവം ഭാഗങ്ങളിലേക്കു പോയാലോ റോഡിന്റെ ഇരുഭാഗത്തും നെൽകൃഷി. ചിലകാലങ്ങളിൽ ഞാറുകൾ, ചിലകാലങ്ങളിൽ പച്ചപ്പുതപ്പുകൾ, ചിലമാസങ്ങളിൽ നിറയെകതിർക്കുലകൾ നിറഞ്ഞ്‌ മഞ്ഞനിറത്തിലാടുന്ന വയലുകൾ. കൊയ്തു കഴിഞ്ഞാൽ നഗ്നമായ വയലുകൾ. അവിടെ നെൽകുറ്റികൾ വ്യക്തമായി കാണാം. പിന്നെ മഴക്കാലമായാൽ നിറയെ വെള്ളം മാത്രം. ഇവിടെ ഈ പച്ചച്ചപാടശേഖരങ്ങൾ കണ്ടപ്പോൾ ആ പഴയകാഴ്ചകളാണ്‌ മനസ്സിന്റെ മനസ്സിലൂടെ കടന്നുപോയത്‌. ഇനി എറണാകുളത്തും തൃപ്പൂണിത്തുറക്കാർക്കും അതൊക്കെകാണാനേ ആവില്ല! എല്ലാടത്തും കോൺക്രീറ്റുകൂടുകൾ മാത്രം!!
    നീണ്ടയാത്രയ്ക്കുശേഷം രാത്രിയോടെ ബംഗാൾ ഉൾക്കടലിന്റെ തീരത്താണെത്തിപ്പെട്ടത്‌. പുരിയിൽ ഒരു ലോഡ്ജിൽ താമസിച്ചു. രാവിലെ പ്രസിദ്ധമായ പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനം നടത്തി. വലിയ പുരാതനത്വവും ഗാംഭീര്യവും അനുഭവപ്പെട്ട തിരക്കുള്ള മഹാക്ഷേത്രം. പുറമേ നിന്നെത്തിയ തീർത്ഥാടകരെയാണ്‌ അവിടെ അധികവും കണ്ടുമുട്ടിയത്‌. നാടൻപൂവൻപഴം ക്ഷേത്രപരിസരത്തുനിറയെ കണ്ടു. അതും കുറച്ചു മധുരമുള്ള ചില നിവേദ്യങ്ങളുമാണ്‌ ഭഗവാനു നിവേദ്യമായി സമർപ്പിയ്ക്കുന്നതു കണ്ടത്‌.
    അവിടത്തെ താമസത്തിനിടയിൽ പ്രസിദ്ധമായ 'കോണാർ ക്ഷേത്രം, കാമിനി നദി, ഭുവനേശ്വർ നഗരത്തിന്റെ ഒരു വിഹഗവീക്ഷണം എന്നിവ ഒരു പ്രത്യേക അനുഭൂതി വിശേഷമായി അനുഭവപ്പെട്ടു. രണ്ടാം നൂറ്റാണ്ടിലെ "ഋഃരമ്മലേറ അ​‍ുശെറമഹ ഖമശിമ വെശില"എന്നു എഴുതി സ്ഥാപിച്ച ഒരു ശിലാഫലകവും കാണാനായി. അതൊരു അസുലഭകാഴ്ചയായി അനുഭവപ്പെട്ടു. പഴയ ഭുവനേശ്വറിലെ "നന്ദൻ കണ്ണൻ" മൃഗശാലയുടെ ദർശനവും വ്യത്യസ്ഥത പുലർത്തി.
    അന്നു രാത്രി ഭുവനേശ്വർ നഗരത്തിൽ സഞ്ചരിച്ചു. നഗരം മുഴുവൻ നവരാത്രിയാഘോഷങ്ങളിൽ മുങ്ങിത്താഴ്‌ന്ന്‌ ഒഴുകുന്നതുപോലെ തോന്നി. റോഡുകൾ ഒന്നു മുറിച്ചു കടക്കാൻപോലും പറ്റിയില്ല. ആ തിരക്കിനിടയിലും റോഡരുകിൽ വലിയ നെല്ലിക്കയോളം മാത്രം വലുപ്പമുള്ള പൂരിയും ഇലക്കുമ്പിളിൽ മസാലക്കറിയും വിൽക്കുന്നയിടങ്ങളിൽ വൻ തിരക്കു കണ്ടു. വളരെ ചുരുങ്ങിയ ചിലവിൽ അവിടത്തുകാർ ലഘുഭക്ഷണം കഴിക്കുന്നു. റോഡരുകിൽ നിന്നുകൊണ്ടുതന്നെ! അന്നും കൂടി ഭുവനേശ്വർ നഗരഹൃദയത്തിലെ ലോഡ്ജിൽ തങ്ങിയശേഷം പിറ്റേന്നു രാവിലെ ഭുവനേശ്വർ-രാമേശ്വർ ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക്‌ യാത്ര തിരിച്ചു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...