27 Apr 2013

കുലപതികൾ-8






 സണ്ണി തായങ്കരി 


അബ്രാഹമെത്തുമ്പോൾ ഇസഹാക്ക്‌ ഭവനത്തിലുണ്ടായിരുന്നില്ല. ഭൃത്യരോട്‌ അന്വേഷിച്ചപ്പോൾ നേഗെബിലാണെന്ന്‌ പറഞ്ഞു. അബ്രാഹം കൂടുതൽ അസ്വസ്ഥനായി.
അമ്മയുടെ മരണം അവനിൽ ഏൽപിച്ച ആഘാതം ചെറുതല്ല. സാറായായിരുന്നല്ലോ അവന്റെ സർവവും. നന്നേ ചെറുപ്പം മുതൽ ഏതാവശ്യത്തിനും അമ്മതന്നെ വേണമായിരുന്നു. സാറായുടെ മരണശേഷം അവന്‌ ഒരുകാര്യത്തിലും താത്പര്യമില്ലാതായി. നിർബന്ധം അസഹ്യമാകുമ്പോഴാണ്‌ എന്തെങ്കിലും കഴിച്ചെന്നുതന്നെ വരുത്തുക. പലരാത്രികളിലും ഓക്കുമരച്ചുവട്ടിൽ ഏകനായി ഇരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. അമ്മയില്ലാത്ത ഭവനത്തിൽ വീർപ്പുമുട്ട്‌ അനുഭവപ്പെടുന്നതുകൊണ്ടാകാം. ഈയിടെയായി അധികസമയവും പുറത്ത്‌ എവിടെയെങ്കിലുമൊക്കെ ചുറ്റിത്തിരിയും. അമ്മയുടെ കല്ലാര്റയിൽചെന്ന്‌ മണിക്കൂറുകൾ ഇരിക്കാറുണ്ടത്രെ! കല്ലാര്റ സന്ദർശനത്തിനുവേണ്ടിയാവും നേഗെബിൽ ചെന്നുപാർക്കുന്നത്‌.
ഭവനത്തിലെത്തിയതോടെ അബ്രാഹം വീണ്ടും ഏകാന്തത്തയിലേക്ക്‌ വഴുതിവീണു. ഉറക്കം കൺപോളകളെ തഴുകിയില്ല.
രാവേറെചെന്നപ്പോൾ ആകാശത്തുനിന്ന്‌ ഒരു പ്രകാശം പുറപ്പെട്ടുവരുന്നത്‌ അബ്രാഹം കണ്ടു. അത്‌ സമീപം വന്ന്‌ നിന്നപ്പോൾ തിടുക്കത്തിൽ കിടക്കവിട്ട്‌ എഴുന്നേറ്റ്‌ താണുവണങ്ങി.
"അബ്രാഹം..." വെളിച്ചത്തിന്റെ നിറമുള്ള മാലാഖ വിളിച്ചു.
"ഇതാ... അടിയൻ..."
"നീ ഇപ്പോഴും ദുഃഖിതനാണല്ലോ."
"അതേ പ്രഭോ. ഞാൻ വൃദ്ധനും ക്ഷീണിതനുമായിരിക്കുന്നു." 
"വൃദ്ധനായിരിക്കുന്നുവേന്ന്‌ തോന്നാൻ കാരണം?"
"കഴിവുകേടുകൾ എന്റെ മുന്നിൽ കോട്ടകെട്ടിയിരിക്കുന്നു."
"എന്താണ്‌ നിന്റെ മനസ്സിനെ അലട്ടുന്നത്‌?"
"ഞാൻ ഏകനായിരിക്കുന്നു..."
"ഏകാന്തത്ത നിന്നെ ഭ്രാന്തനാക്കുന്ന പ്രായത്തിൽ സാറായെ നിനക്ക്‌ ഭാര്യയായി കർത്താവ്‌ നൽകി. ദീർഘായുസ്സോടെ അവൾ നിന്നോടൊപ്പമുണ്ടായിരുന്നു."
"ഉവ്വ്‌..."
"ജീവിതാന്ത്യത്തോളം ആരും ആർക്കും കൂട്ടാവില്ല. മരണവും കൈലേന്തിക്കൊണ്ടാണ്‌ മനുഷ്യൻ ഭൂമിയിൽ പിറക്കുക. ജനനംപോലെ മരണവും സുനിശ്ചിതമാണെന്ന്‌ നിനക്കറിയില്ലേ?"
അബ്രാഹം നിശബ്ദനായിരുന്നു.
"എല്ലാം അവിടുത്തെ തീരുമാനമാണ്‌. കർത്താവിന്റെ മുമ്പിൽ നീയെന്നും അനുസരണയുള്ളവനായിരുന്നു. അതുകൊണ്ടാണ്‌ അവിടുന്ന്‌ നിന്നെ ജനപഥങ്ങളുടെ പിതാവായി തെരഞ്ഞെടുത്തത്‌."
അബ്രാഹം നന്ദിയോടെ തലയാട്ടി.
"സാറായുടെ ഈ ലോകത്തിലെ കർമ്മങ്ങൾ പൂർത്തിയായപ്പോഴാണ്‌ അവിടുന്ന്‌ അവളെ തിരികെ വിളിച്ചതു.നിന്റെ കർമ്മങ്ങൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്‌. അതുവരെ നീയും കാത്തിരിക്കു."
മാലാഖയുടെ വാക്കുകൾക്ക്‌ കാർക്കശ്യഭാവമാണെന്നുതോന്നി.
"നിന്റെ കടമകളോടും കർത്തവ്യങ്ങളോടും വിപ്രതിപത്തിയുള്ളവനാകുക. മരിച്ചവരെപ്പറ്റി ദുഃഖിക്കുന്നത്‌ വിഡ്ഢിത്തമാണ്‌. നിന്റെ മകൻ ഇസഹാക്കിനോടും ഇതുതന്നെപറയുക. അവനും ഏറെ ദുഃഖിതനാണല്ലോ."
അബ്രാഹം അനുസരണയോടെ തലതാഴ്ത്തിനിന്നു.
"സാറായുടെ കല്ലാര്റയിലേക്കുള്ള യാത്രയും അവിടെവച്ച്‌ സാറായുടെ നിഴൽരൂപം നിന്നോടു സംസാരിച്ചതും പിന്നീട്‌ മാർഗമദ്ധ്യേ സംഭവിച്ചതുമെല്ലാം നിന്നെ കർമനിരതനാക്കാനുള്ള കർത്താവിന്റെ പദ്ധതികളായിരുന്നു."
പ്രശ്നങ്ങളിലും പ്രതിസന്ധികളിലുംപെട്ട്‌ ഉഴലുമ്പോൾ അവിടുന്ന്‌ രക്ഷാകവചമായി മാറുന്നത്‌ എത്രയോവട്ടം കണ്ടിരിക്കുന്നുവേന്ന്‌ അബ്രാഹം നന്ദിയോടെ ഓർത്തു.
"മനസ്സിനെ ശുഭചിന്തകളാൽ നിറയ്ക്കു. ഉടൻതന്നെ പുത്രവധുവിനെ നീ തെരഞ്ഞെടുക്കണം."
അബ്രാഹത്തിന്റെ മനസ്സിലെ മൂടൽമഞ്ഞ്‌ നീങ്ങിത്തുടങ്ങി. 
"നിന്റെ ആലോചന കർത്താവ്‌ കണ്ടു. അത്‌ ഉചിതംതന്നെ. നിന്റെ പിതാവിന്റെ കുലത്തിൽനിന്നു തന്നെയാകട്ടെ ഇസഹാക്കിനുള്ള വധു."
"ഞാൻ ക്ഷീണിതനാണല്ലോ പ്രഭോ... ശാരീരിക അസ്വസ്ഥതകളുമായി വിശ്രമമില്ലാത്ത യാത്ര എങ്ങനെ എനിക്ക്‌ സാദ്ധ്യമാകും?"
"നിന്റെ ഭവനത്തിലെ വിശ്വസ്തദാസൻ ഏലിയേസറിനെ അതിനായി നിയോഗിക്കുക. അവനുമുമ്പേ കർത്താവിന്റെ ദൂതൻ സഞ്ചരിക്കും. എന്തു പറയണമെന്നും എന്തു ചെയ്യണമെന്നും അവൻ ചിന്തിക്കേണ്ടതില്ല. എല്ലാം ശുഭകരമാകും."
മാലാഖ അപ്രത്യക്ഷണായി. ശാഷ്ടാംഗപ്രണാമംചെയ്ത്‌ സമസ്യയ്ക്ക്‌ പരിഹാരം കണ്ടെത്തിയ കർത്താവിന്‌ അബ്രാഹം നന്ദിപറഞ്ഞു.
ഇസഹാക്കിന്റെ ഏകാന്തത്തയെ മാറ്റിയെടുക്കണം. ആരുടെയും മരണം ഒന്നിന്റെയും അവസാനമല്ലെന്ന്‌ അവനെ ബോധ്യപ്പെടുത്തണം. ഭൂമിയിൽ ഏകനായി പിറവിയെടുക്കുന്ന മനുഷ്യന്‌ മരണത്തിലേക്കും ഏകനായിതന്നെ കടന്നുപോകേണ്ടതുണ്ട്‌. മാലാഖയുടെ വാക്കുകൾ എല്ലാ നിരാശകളെയും നിഷ്പ്രഭമാക്കിയിരിക്കുന്നു. പ്രത്യാശ ആത്മാവിനെയും മനസ്സിനെയും പ്രഭാപൂരിതമാക്കുന്നു! അതിന്റെ മാന്ത്രികഭാവം വൃദ്ധശരീരത്തിന്‌ ഉത്തേജകമരുന്നായി.
ഇണയും തുണയുമായി ഇസഹാക്കിന്‌ ഒരു വധുവിനെ ഉടനെ കണ്ടെത്തണം. മാതാവിന്റെ ഓർമ്മകളിൽനിന്നും അവനെ തിരിച്ചുകൊണ്ടുവരണം. അവന്റെ ഏകാന്തത്തയിൽ നിറസാന്നിധ്യമായി ഒരു പെണ്ണ്‌ വന്നുനിറയണം. അവൻ അവളിൽ അഭയം കണ്ടെത്തണം.
തന്റെ ആഗ്രഹംപോലെ ഇസ്മായേലിന്‌ പിതൃപട്ടണത്തിലെ ചാർച്ചക്കാരിൽനിന്ന്‌ പുത്രവധുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അവനൊരു ഈജുപ്തുകാരിയെ സ്വീകരിച്ചു. എന്തായാലും ഇസഹാക്കിന്‌ തുണയാകേണ്ട പെണ്ണ്‌ നാഹോറിന്റെ പട്ടണത്തിൽ ഉണ്ടാവും. നാളെത്തന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾചെയ്ത്‌ ഏലിയേസർ പുറപ്പെടട്ടെ.
ഏറെ നാളുകൾക്കുശേഷം ചിന്തകളൊഴിഞ്ഞ മനസ്സുമായി കിടക്കയെ അഭയംപ്രാപിച്ച അബ്രാഹം പെട്ടെന്ന്‌ നിദ്രയിലായി. 
കിളികൾ മരച്ചില്ലകളിൽ അർധമയക്കത്തിൽതന്നെ. പൂർവദിക്ക്‌ ചുവപ്പണിയാൻ വിനാഴികകൾ ബാക്കിയുണ്ട്‌. യജമാനന്റെ അസമയത്തെ വിളികേട്ട്‌ ഏലിയേസർ ഉറക്കച്ചടവോടെ കിടക്കറയിലേക്ക്‌ കടന്നുചെന്നു.
"ഏലിയേസർ... ഒരു ദീർഘയാത്രയ്ക്ക്‌ ഒരുങ്ങിക്കൊള്ളു." യജമാനനിലെ പ്രസരിപ്പ്‌ അയാളെ സന്തോഷിപ്പിച്ചു. ഭവനത്തിലെത്തിയപ്പോഴുള്ള ഭാവമല്ല ഇപ്പോൾ. മാലാഖാ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും.
"എവിടേയ്ക്കാണ്‌ പ്രഭോ...? ഇനിയൊരു ദീർഘയാത്ര അങ്ങേയ്ക്ക്‌..."
"എന്റെ യാത്രയുടെ കാര്യമല്ല, നീ തയ്യാറാകാനാണ്‌ പറഞ്ഞത്‌."
"എവിടേയ്ക്കാണെന്ന്‌ അങ്ങ്‌ പറഞ്ഞില്ല."
"മോശപ്പൊട്ടോമിയായിലെ എന്റെ പിതൃഭവനത്തിലേയ്ക്ക്‌."
ഏലിയേസർ അത്ഭുതത്തോടെ അബ്രാഹത്തെനോക്കി. 
"നാഹോറിന്റെ പട്ടണത്തിൽചെന്ന്‌ ഇസഹാക്കിന്‌ ഭാര്യയായി ഒരു പെൺകുട്ടിയെ നീ തെരഞ്ഞെടുത്തുകൊണ്ടുവരണം."
"ഞാനോ...? പ്രഭോ ഇത്തരം ഭാരിച്ച ഉത്തരവാദിത്വം..." 
"നിനക്കു കഴിയും. ശാരീരിക വ്യഥകൾമൂലം എനിക്ക്‌ യാത്ര ചെയ്യാനാവില്ലെന്ന്‌ നിനക്കറിയാമല്ലോ. എന്റെ സ്ഥാനമാണ്‌ നീ വഹിക്കുക."
യജമാനന്റെ മഹാമനസ്കതയിൽ ഏലിയേസർ അമ്പരന്നു. കേവലമൊരു ഭൃത്യൻ യജമാനന്റെ മകനുവേണ്ടി വധുവിനെ തെരഞ്ഞെടുക്കുക...! അദ്ദേഹം തന്നിലർപ്പിക്കുന്ന വിശ്വാസം എത്ര വലുതാണ്‌...? ഭൂമിയിൽ ഒരു യജമാനനും അദ്ദേഹത്തെപ്പോലെയാവില്ല.
"ഇക്കാര്യത്തിൽ നീയെന്നോട്‌ ശപഥം ചെയ്തുപറയണം."
"യജമാനനെ... അടിയൻ..."
"ഇങ്ങടുത്തുവരു."
ഏലിയേസർ സങ്കോചത്തോടെ അടുത്തുചെന്നു.
"നിന്റെ കൈ എന്റെ തുടയുടെ കീഴെ വെയ്ക്കുക."
അയാൾ വിറയാർന്ന വലതുകൈ അപ്രകാരംവെച്ചു.
"ആകാശത്തിന്റെയും ഭൂമിയുടെയും അധിപനായ കർത്താവിന്റെ നാമത്തിൽ നീ സത്യം ചെയ്യണം. എന്റെ മകൻ ഇസഹാക്കിന്‌ ഞാൻ വസിക്കുന്ന ഈ കാനാന്യക്കാരുടെ ഇടയിൽനിന്ന്‌ പെൺകുട്ടിയെ തെരഞ്ഞെടുക്കില്ലെന്ന്‌. എന്റെ പിതാവിന്റെ പട്ടണത്തിൽചെന്ന്‌ വധുവിനെ കണ്ടെത്തുമെന്ന്‌."
"ഞാൻ കണ്ടെത്തുന്ന പെൺകുട്ടിക്ക്‌ എന്നോടൊപ്പം വരാൻ മനസ്സില്ലെങ്കിലോ?"
"കർത്താവിന്റെ ദൂതൻ നിന്റെ മുമ്പേ സഞ്ചരിക്കും. ചെയ്യേണ്ടത്‌ ദൂതൻ നിനക്ക്‌ വെളിപ്പെടുത്തും. നീ പെൺകുട്ടിയെ കണ്ടെത്തും. അവൾ നിന്നോടൊപ്പം വരികയുംചെയ്യും."  
"പെൺകുട്ടി വന്നില്ലെങ്കിലോ?" ഏലിയേസറിന്‌ സംശയം തീരുന്നില്ല.
"അങ്ങനെ സംഭവിച്ചാൽ നീ പ്രതിജ്ഞയിൽനിന്ന്‌ മുക്തനായിരിക്കും."
ഏലിയേസർ യജമാനനെ വണങ്ങി വലിയൊരുദൗത്യം ഏറ്റെടുത്ത ഗൗരവത്തിൽ പുറത്തേക്കുനടന്നു.
യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഒട്ടകങ്ങൾക്ക്‌ ജീനിയിട്ട്‌ തയ്യാറാക്കി നിർത്തി. വിലപിടിപ്പുള്ള സമ്മാനങ്ങൾ ഏലിയേസറിന്റെ ഒട്ടകപ്പുറത്തെ ഭാണ്ഡങ്ങളിൽ നിറച്ചു. ദീർഘയാത്രയ്ക്ക്‌ ആവശ്യമുള്ള ഭക്ഷണപാനീയങ്ങൾ, താത്കാലിക കൂടാരനിർമിതിക്ക്‌ ആവശ്യമുള്ള സാധനസാമഗ്രികൾ എന്നിവ മറ്റ്‌ ഭൃത്യന്മാരുടെ ഒട്ടകപ്പുറത്തും സജ്ജീകരിച്ചു.
കർത്താവിന്‌ കൃതജ്ഞതാബലിയർപ്പിച്ച്‌ അബ്രാഹം എത്തിയപ്പോഴേക്കും യാത്രാസംഘം തയ്യാറായി കഴിഞ്ഞിരുന്നു. വെയിൽ ചാഞ്ഞുതുടങ്ങിയപ്പോഴേയ്ക്കും  ഭൃത്യന്മാർ ഒട്ടകപ്പുറത്തുകയറി മോശൊപ്പൊട്ടോമിയ ദേശത്തെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. പോക്കുവെയിൽ വീണുപടർന്ന ഗോതമ്പുവയലിലൂടെ ഒട്ടകങ്ങൾ പൂർവദിക്കിൽ ഒരു പൊട്ടായി മറയുംവരെ അബ്രാഹം നോക്കിനിന്നു.
അബ്രാഹം വിശ്രമത്തിനായി കിടയ്ക്കറയിലേക്ക്‌ പ്രവേശിക്കുമ്പോൾ ഭൃത്യൻ അറിയിച്ചു.
"യജമാനനെ... അങ്ങയുടെ പുത്രൻ അതാ ഏകനായി ഓക്കുമരച്ചുവട്ടിൽ ഇരിക്കുന്നു."
അബ്രാഹത്തിന്റെ ഉള്ളം പിടച്ചു. താനും സാറായും സായംകാലങ്ങൾ ചിലവഴിച്ചിരുന്നത്‌ ആ ഓക്കുമരച്ചുവട്ടിലാണല്ലോ. അമ്മയുടെ സാമീപ്യം അവനവിടെ അനുഭവിക്കുന്നുണ്ടാവണം.
അബ്രാഹം പുറത്തേക്ക്‌ നടന്നു.
പാറ്റിയ ധാന്യമണികൾ ഒട്ടകപ്പുറത്ത്‌ കയറ്റുകയാണ്‌ അടിമകൾ. ആ വർഷം ഗോതമ്പും ചോളവും നൂറുമേനി വിളവ്‌ കിട്ടിയതിനാൽ ധാന്യപ്പുരയ്കൾ മിക്കതും നിറഞ്ഞുകഴിഞ്ഞു. ഗോതമ്പ്‌ നിറയ്ക്കാൻ ഇടമുള്ള ധാന്യപ്പുരകൾ നോക്കി അടിമകൾ ഭാരത്താൽ മുടന്തുന്ന ഒട്ടകങ്ങളുമായി സഞ്ചരിക്കുന്നുണ്ട്‌.
അബ്രാഹം സമീപം വന്നിരുന്നത്‌ ഇസഹാക്ക്‌ അറിഞ്ഞില്ല. അവന്റെ മനസ്സ്‌ മറ്റെങ്ങോ ആയിരുന്നു. എത്ര ശ്രമിച്ചിട്ടും മനസ്സിനെ നിയന്ത്രിക്കാൻ അവനാകുന്നില്ല. ആ മുഖത്ത്‌ നഷ്ടബോധം അപരിഹാര്യമായ ദുഃഖമായി കരിവാളിച്ചുകിടന്നു.
"മകനേ... ഇസഹാക്ക്‌..." അബ്രാഹം ഇസഹാക്കിന്റെ തോളിൽ സ്പർശിച്ചു. അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു...!
"നീയെന്തിനാണ്‌ മകനേ സങ്കടപ്പെടുന്നത്‌...?"
"ഇപ്പോഴെന്റെ അമ്മ ഇവിടെയുണ്ടായിരുന്നു."
"എന്റെ മകനേ..." അബ്രാഹത്തിനും ദുഃഖമടക്കാൻ കഴിഞ്ഞില്ല.
"നീയെവിടെയായിരുന്നു ഈ ദിവസങ്ങളിൽ...?"
"അമ്മ എന്നെ വിളിച്ചിടത്തേയ്ക്കൊക്കെ ഞാൻ സഞ്ചരിച്ചു. ആദ്യം ബേർലഹായ്‌റോയിലേക്ക്‌... പിന്നെ നേഗെബിലേയ്ക്ക്‌... അവിടെനിന്ന്‌ മക്പലായിലേക്ക്‌..."
"നീ ഇപ്പോഴും വിഭ്രാന്തിയുടെ വക്കത്താണ്‌." അബ്രാഹം ഓർമിപ്പിച്ചു.
"അതേ പിതാവേ... എനിക്ക്‌ എന്റെ അമ്മയെ മറക്കാനാവുന്നില്ല. കണ്ണടച്ചാലും തുറന്നാലും മുന്നിൽ അമ്മയുടെ രൂപംമാത്രം..."
"എന്റെ മകനേ, നിന്റെ അമ്മ എന്നെന്നേക്കുമായി ഈ ലോകത്തോട്‌ വിട പറഞ്ഞു കഴിഞ്ഞു. ഇനിയൊരിക്കലും അവൾക്ക്‌ തിരിച്ചുവരാനാവില്ല. ആരുടെയും ഓർമകൾ ജീവിതത്തെ നിർവീര്യമാക്കാൻ അനുവദിക്കരുത്‌."
"ജീവിതം ശൂന്യമായതുപോലെ."
അവൻ വീണ്ടും വിങ്ങിക്കരയാൻ തുടങ്ങി. അവന്റെ ശിരസ്സിൽ വാത്സല്യപൂർവം അബ്രാഹം തലോടി.
"മരിച്ചവർക്കുവേണ്ടി വിലപിക്കുന്നത്‌ ബുദ്ധിയല്ല. നിന്റെ മനസ്സിനെ അനാവശ്യചിന്തകളിൽനിന്ന്‌ മോചിപ്പിച്ചേതീരൂ. ഈ ഏകാന്തത്തയെ അകറ്റാൻ ഞാനൊരു ഉപായം കണ്ടിട്ടുണ്ട്‌."
അതെന്താണെന്ന്‌ അവൻ ചോദിച്ചില്ല.
"നീയൊരു വിവാഹം കഴിക്കണം."
അതിനും ഇസഹാക്ക്‌ മറുപടിയൊന്നും പറഞ്ഞില്ല.
"എന്റെ പിതാവായ തേരാഹിന്റെ ദേശമായ മോശൊപ്പൊട്ടോമിയായിലേക്ക്‌ ഏലിയേസറിനെ ഞാനയച്ചു. അവൻ നിനക്കായികൊണ്ടുവരുന്ന പെൺകുട്ടിയെ നീ സ്വീകരിക്കണം."
"പക്ഷേ, പിതാവേ..."
"എല്ലാം കർത്താവിന്റെ ആജ്ഞയാണ്‌. അനുസരിക്കുകമാത്രമാണ്‌ നാം ചെയ്യേണ്ടത്‌."
അത്‌ ശരിവയ്ക്കുംപോലെ ഇസഹാക്ക്‌ ശിരസ്സുനമിച്ചു.
"ഞാൻ കർത്താവിന്റെ തീരുമാനങ്ങൾക്ക്‌ ഒരിക്കലും എതിരുനിന്നിട്ടില്ല. എന്നെപ്പോലെ നീയും എന്നും അവിടുത്തോട്‌ അനുസരണയുള്ളവനായിരിക്കണം. നിന്നിലൂടെ അവിടുന്ന്‌ വലിയൊരു ജനതയെ പുറപ്പെടുവിക്കും."
"പിതാവേ, ഞാനെന്നും അങ്ങയുടെ കൽപനകളെ പാലിച്ചിട്ടുണ്ടല്ലോ." അബ്രാഹത്തിന്റെ വക്ഷസ്സിലേക്കുചാരി, അനുസരണയുള്ള കുട്ടിയെപ്പോലെ ഇസഹാക്ക്‌ മുരണ്ടു. അബ്രാഹത്തിന്റെ  വിറയാർന്ന കൈവിരലുകൾ അവന്റെ മുടിയിഴകളെ വാത്സല്യപൂർവം തലോടി.
 തുടരും 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...