ചെമ്മനം ചാക്കോ
അയ്യയ്യോ, പത്രത്തിൽ മുഴുവൻ പരസ്യങ്ങൾ,
മെയ്മാസം പതിന്നൊന്നിൻ ഗുണവിശേഷം!
വൈശാഖമാസത്തിൻ മൂന്നാംനാൾ: അന്നല്ലോ
വസുധയിൽ ജാതനായ് പരശുരാമൻ!
ചൊല്ലുന്നു പരസ്യം:'പുരാണേതിഹാസത്തി-
ലില്ലിതുപോൽ നല്ല നാളു വേറെ.
'അക്ഷയയാകും തൃതീയ'യൊന്നാന്തരം
നിക്ഷേപം സ്വർണ്ണമായി വാങ്ങിവയ്ക്കാൻ.
കണ്ടുകാര്യം മുൻകൂർ ചെയ്യുന്നവർക്കൊക്കെ-
യുണ്ടാകുമൈശ്വര്യമേന്മ മേന്മൽ!'
2.
ഭാര്യയ്ക്കു നിർബന്ധം, നിർബന്ധം; ചൊന്നവൾ:
ബാങ്കിൽ കിടക്കുന്ന പത്തുലക്ഷം
സ്വർണ്ണമാക്കീടുകിൽ വന്നെത്തുമൊട്ടെറെ
വർണ്ണപ്പകിട്ടുകൾ ജീവിതത്തിൽ'
'മണ്ടീ, പരസ്യയുഗമി, തിന്നോളവും
കൊണ്ടുകേറാത്ത പുരാണപുരം
സ്വർണ്ണക്കടകളും പത്രവും ചേർന്നിപ്പോൾ
സ്വർണ്ണക്കൊയ്ത്താക്കുന്നൊരിന്
അന്ധവിശ്വാസം പെരുപ്പിച്ചു കീശയിൽ
സമ്പത്തു കൂട്ടുന്നു ദുഷ്പ്രഭുത്വം!'
'മൂരാച്ചിതന്നെയീ ചേട്ടൻ, നാടോടുമ്പോൾ
നേരേ നടുവേ നാമോടിടേണം.'
ഭാര്യതൻ സ്വത്താണു ലക്ഷങ്ങൾ പത്തും; ഞാൻ
കാര്യമായ് പിന്നീടെതിർത്തതില്ല.
3.
എന്തെന്തൊരാവേശം തള്ളും കടകളിൽ;
സന്ധ്യയ്ക്കു മുന്നമേ വല്ലപാടും
വേണ്ടതും വേണ്ടാത്തതും വാങ്ങി സ്വർണ്ണത്തിൻ-
ഭാണ്ഡവുമായ് വിടചൊല്ലിടുമ്പോൾ
ലക്ഷ്മിതൻ രൂപമടിച്ച വെള്ളിത്തുണ്ടം
പത്നിക്കു ഫ്രീയായ് ലഭിച്ചുവല്ലോ!
വ്യത്യാസം കണ്ടു ഞാൻ നേരിൽ ഭഗവാനേ,
പത്നിയിൽ സന്തോഷം പൂത്തുലഞ്ഞു!
അലമാരയിൽ സ്വർണ്ണം വയ്ക്കവേ ഹാ, നിന്ന-
നിലയിലാളിംഗനബദ്ധനായ് ഞാൻ!
ഭാഗ്യം പൊലിക്കുവാൻ സമ്പാദ്യം ബാങ്കിലെ
ലോക്കറിൽ വയ്ക്കണോ? വീട്ടിൽ വേണോ?
പിറ്റേന്നു ബാങ്കിലന്നവധിയാ,ണെന്നുടെ
കറ്റക്കുഴലി കനകമെല്ലാം
കോട്ടമറ്റുമ്മ വച്ചോമനി,ച്ചവസാനം
പൂട്ടിവയ്ക്കുന്നലമാര തന്നിൽ!
4.
മൂന്നാം ദിവസം പുലർച്ചയ്ക്കുണർന്നതു
മൂന്നാലു നാഴിക ചെന്നുമാത്രം!
ആരോ മയക്കിക്കിടത്തിയോ? സൗഭാഗ്യ-
പൂരമുറക്കമായ് വന്നെത്തിയോ?
കാണുന്നു ഞങ്ങൾ തുറന്നോരലമാര
കാലമാടന്റെ കണക്കു മുന്നിൽ!
ഇല്ലില്ല സ്വർണ്ണം തരിമ്പും, കുഴഞ്ഞെന്റെ
വല്ലഭവാടിത്തറയിൽ വീണു!
അക്ഷയമാകും തൃതീയേ, ദയാലു നീ;
വീഴ്ചയിൽ തൻ തല പൊട്ടിയില്ല!