27 Apr 2013

തെങ്ങിന്റെ ചങ്ങാതിമാർ നാടിന്റെ ചങ്ങാതിമാർ


ടി.എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

എന്റെ വളവുള്ള ഒരു തെങ്ങിൽ യന്ത്രം വച്ച്‌ കയറിയുത്‌ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി !? പറയുന്നത്‌ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ 17-​‍ാം വാർഡിൽ ചാലുങ്കൽവീട്ടിൽ ചന്ദ്രനാണ്‌. ആകെ 15 സെന്റിൽ കായ്ഫലമുള്ള ഏഴോ എട്ടോ തെങ്ങേയുള്ളൂ. അവയിലൊന്നാണ്‌ പകുതിക്കുമേൽ ഭാഗത്ത്‌ സാമാന്യം നല്ല വളവുള്ള ഒരു തെങ്ങ്‌. നല്ല കായ്പിടുത്തം ഉണ്ടെങ്കിലും വിളവെടുത്തു തരാൻ സാധാരണ കയറ്റക്കാർ മടി കാണിക്കും. എന്നാൽ ഇക്കുറി വിളവെടുത്തത്‌ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ അർത്തുങ്കൽ സ്വദേശി പൊന്നപ്പനാണ്‌. തെങ്ങുകയറ്റ യന്ത്രം തെങ്ങിൽ ഉറപ്പിച്ചശേഷം അനായാസമായി മുകളിലേയ്ക്ക്‌ കയറിയ പൊന്നപ്പൻ സാവധാനം ബെൽറ്റ്‌ അയച്ചും മിഷ്യൻ പൊക്കിയും ഒരു മീറ്ററിലധികം വളവുള്ള ഭാഗം കടന്നപ്പോൾ കണ്ടുനിന്നവർക്ക്‌ ശ്വാസം നേരെയായി.! ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ ഈ യുവാവ്‌ ഇതിനകം അഞ്ഞൂറിലധികം വളവുള്ള തെങ്ങുകളിൽ യന്ത്രസഹായത്താൽ കയറി വിളവെടുത്തിട്ടുണ്ട്‌. അഞ്ചുപേരടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ലീഡറും പൊന്നപ്പനാണ്‌. സംഘത്തിലെ മൂന്ന്‌ പേർക്ക്‌ നാളികേര ബോർഡിന്റെ ധനസഹായത്തോടെ മോട്ടോർ ബൈക്കുകളും ലഭിച്ചിട്ടുണ്ട്‌.
മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ ഉൾപ്പെട്ട മാരാരി ബീച്ച്‌ റിസോർട്ടിന്റെ വക സ്ഥലത്തെ രണ്ടായിരത്തിലേറെ തെങ്ങുകളിലെ വിളവെടുക്കുന്നത്‌ പരിശീലനം നേടിയ തെങ്ങിന്റെ ചങ്ങാതിമാരാണ്‌. മൂന്നും നാലും മാസം കൂടുമ്പോൾ മാത്രം വിളവെടുത്തിരുന്ന റിസോർട്ടിലെ തെങ്ങുകളിൽ നിന്നും ഇപ്പോൾ കൃത്യം 60 ദിവസമാകുമ്പോൾ വിളവെടുക്കും. വിളവെടുക്കേണ്ട സമയം ഓർമിപ്പിക്കുന്നതുതന്നെ കേര ചങ്ങാതിമാരാണെന്ന്‌ റിസോർട്ട്‌ അധികാരികൾ പറയുന്നു. കൃത്യ സമയത്തുതന്നെ വിളവെടുക്കുന്നതുമൂലം തെങ്ങിന്റെ ആരോഗ്യവും ആദായവും മെച്ചപ്പെടുന്നതായി ?മാരാരി ബീച്ച്‌? ജനറൽ മാനേജർ സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
മുഹമ്മ സ്വദേശിയായ ശാന്തപ്പൻ മുപ്പതിലധികം കുറിയ ഇനം തെങ്ങുകളുടെ ഉടമയാണ്‌. 15 അടിക്ക്‌ മേൽ ഉയരമുള്ള തെങ്ങുകളിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്‌. ഇപ്പോൾ വിത്ത്തേങ്ങ ശേഖരിക്കാൻ തെങ്ങിന്റെ ചങ്ങാതിയെ ആണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. ചേർത്തല തെക്കു പഞ്ചായത്തിലെ ദിലീപനാണ്‌ ശാന്തപ്പന്റെ തോട്ടത്തിൽ വിത്ത്‌ തേങ്ങ വിളവെടുക്കാൻ എത്തിയത്‌. സാധാരണ ഗതിയിൽ കയർ കെട്ടിയാണ്‌ വിത്തുതേങ്ങ താഴെയിറക്കുന്നത്‌. എന്നാൽ ധാരാളം തേങ്ങകളും തിങ്ങിയിരിക്കുന്ന കുലകളുമുള്ളപ്പോൾ മുകളിൽ കയറിയിരുന്ന്‌ കയറുമായി ബന്ധിക്കുന്നതിനും എതിർ ദിശയിലൂടെ കയർ താഴെ ഇടുന്നതിനും പ്രയാസം നേരിടും. അതിനാലാണ്‌ വിത്തുതേങ്ങ ശേഖരിക്കാൻ തെരഞ്ഞെടുക്കുന്ന തെങ്ങ്‌ കുളത്തിനോ തോടിനോ സമീപത്താവാൻ ശ്രദ്ധിക്കുന്നത്‌.
ശാന്തപ്പന്റെ പത്ത്‌ തെങ്ങുകളിൽ നിന്നും സുരക്ഷിതമായി വിത്തുതേങ്ങ കുലയോടെ മുറിച്ച്‌ താഴെ ഇറക്കുന്നതിൽ ദിലീപൻ ഒരു വിദഗ്ധനായി മാറിയിട്ടുണ്ട്‌. ചുവട്ടിൽ വൈക്കോലോ ചവറുകളോ വിരിച്ച ശേഷമാണ്‌ യന്ത്ര സഹായത്താൽ ദിലീപൻ തെങ്ങിൽ കയറുന്നത്‌. മുകളിലെത്തി യന്ത്രം ലോക്ക്‌ ചെയ്ത ശേഷം വിത്തിനായി ശേഖരിക്കേണ്ട നാളികേരക്കുല മുറിച്ച്‌ കയ്യിലെടുക്കും. പിന്നെ സാവധാനം നാളികേരക്കുല താഴെ വിരിച്ച വൈക്കോലിലോ ചവറിലോ വീഴ്ത്തും. എണ്ണം കൂടുതലുണ്ടായാൽ ഏതാനും നാളികേരം അടർത്തി താഴെയിടാനും ശ്രദ്ധിക്കും. ചങ്ങാതിക്കൂട്ടം പരിശീലനത്തിനിടയിൽ നടന്ന ?കോക്കനട്ട്‌ ഒളിംപിക്സിൽ ഒന്നാം സ്ഥാനത്ത്‌ എത്തി ഏറ്റവും മികച്ച കേരചങ്ങാതിക്കുള്ള സമ്മാനവും ദിലീപിന്‌ ലഭിച്ചിട്ടുണ്ട്‌.
ഇളനീർ ശേഖരിക്കുന്നതിന്‌ ഇപ്പോൾ ധാരാളം ചങ്ങാതിമാർ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ കണിച്ചുകുളങ്ങര സ്വദേശിയായ ജോസഫ്‌ സ്വയം ഇളനീർ ശേഖരിക്കുകയും തിരുവിഴയിൽ ദേശീയ പാതയുടെ സമീപം കൊണ്ടുവന്ന്‌ വിൽപ്പന നടത്തുകയും ചെയ്യുന്നു. ജോസഫിന്‌ ലഭിച്ച തെങ്ങുകയറ്റ യന്ത്രം സ്വന്തം ഓട്ടോറിക്ഷായിൽ വച്ച്‌ അതിരാവിലെ കടപ്പുറത്തെ തെങ്ങുടമകളെ സമീപിക്കും. ആവശ്യമായ ഇളനീർ ശേഖരിച്ച്‌ പതിനൊന്ന്‌ മണിയോടെ കരിക്ക്‌ വിൽപ്പന സ്ഥലത്ത്‌ എത്തിച്ചേരും. ഇളനീരിനൊപ്പം ലോട്ടറി ടിക്കറ്റിന്റെ വിൽപ്പനയും ജോസഫിനുണ്ട്‌.
മാർച്ച്‌ ആദ്യവാരത്തിലാണ്‌ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലുള്ള ചങ്ങാതിക്കൂട്ടം പരിശീലനത്തിന്റെ ഒന്നാമത്തെ ബാച്ച്‌ ആരംഭിച്ചതു. നാളികേര വികസന ബോർഡിന്റെ സഹായത്തോടെ 6 ദിവസത്തെ വിദഗ്ദ്ധ പരിശീലനം നടന്നു. മുൻ വർഷങ്ങളിൽ കൃഷി വിജ്ഞാനകേന്ദ്രങ്ങളായ കായംകുളത്തും, കുമരകത്തും നടന്ന ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ പലരും തൃപ്തികരമായ ഒരു തൊഴിലായി തെങ്ങുകയറ്റത്തെ സ്വീകരിച്ചിട്ടുണ്ട്‌. കേരകർഷകർക്ക്‌ അതിന്റെ ഫലവും ലഭിച്ചു തുടങ്ങിയിരിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രത്തിലേക്ക്‌ തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ട്‌ നിരവധി ഫോൺകോളുകൾ വരുന്നുണ്ട്‌. പരീശീലനം ആവശ്യപ്പെട്ടും പരിശീലനം നേടിയവരുടെ സേവനം ആവശ്യപ്പെട്ടും വരുന്നവർക്ക്‌ മാർഗ്ഗ നിർദ്ദേശങ്ങൽ നൽകുന്നതിനും സഹായിക്കുന്നതിനുമായി ഒരു താൽക്കാലിക സംവിധാവും ഇവിടെ പ്രവർത്തിക്കുന്നു. (ഫോൺ : 0478 - 2862446)
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ ശേഷം തൊഴിലിൽ ഏർപ്പെടുന്ന മുഴുവൻ പേരെയും ഉൾപ്പെടുത്തി ഒരു തൊഴിൽ സേനക്ക്‌? രൂപം കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. പ്രിയേഷ്കുമാർ. കേവലം തേങ്ങ ഇടുന്നവർ മാത്രമല്ല, കീട, രോഗങ്ങളെ ചെറുക്കാനും തെങ്ങിന്റെ തലപ്പ്‌ വൃത്തിയാക്കാനും കരിക്കും വിത്തുതേങ്ങയും ശേഖരിക്കാനും എന്തിന്‌ കൃത്രിമ പരാഗണം നടത്തി സങ്കരയിനം വിത്തുതേങ്ങ ഉത്പാദിപ്പിക്കാനും പരിശീലനം നേടിയവരാണ്‌ തെങ്ങിന്റെ ചങ്ങാതിമാരെന്നു വന്നാൽ വമ്പിച്ച തൊഴിൽ സാധ്യതയാണ്‌ മുന്നിലുള്ളത്‌. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ ?നീര? ഉത്പാദിപ്പിക്കാനും തെങ്ങിൻ ചക്കര, തെങ്ങിൻ പഞ്ചസാര തുങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഇവർക്ക്‌ പരിശീലനം നൽകിയാൽ തെങ്ങുകൃഷി ഉറപ്പായും രക്ഷപെടുമെന്ന അഭിപ്രായവും പ്രിയേഷ്‌ കുമാർ പ്രകടിപ്പിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...