ഹരിതമാറ്റത്തിന്‌ സമയമായി


പ്രീതാകുമാരി പി. വി.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്‌, നാളികേര വികസന ബോർഡ്‌, കൊച്ചി

ദൈനംദിന ജീവിതത്തിലും വ്യവസായ മേഖലയ്ക്കും അനിവാര്യമായ ഘടകമാണ്‌ പെട്രോളിയം ഉൽപന്നങ്ങൾ. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത്‌ നിൽക്കുന്ന ഇന്ത്യയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിച്ച്‌ വരുന്നതിനൊപ്പം ഉപഭോഗവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ആഡംബര ജീവിതം നയിക്കുന്നവർക്കും സാധാരണക്കാർക്കും പ്രത്യക്ഷമായോ പരോക്ഷമായോ പെട്രോളിയം ഉൽപന്നങ്ങളെ ആശ്രയിക്കാതെ മുന്നോട്ട്‌ പോകാൻ കഴിയുന്നതല്ല. ദിനംപ്രതി വർദ്ധിക്കുന്ന ഉപഭോഗത്തിന്‌ അനുസരിച്ച്‌ പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും കുറഞ്ഞ്‌ കൊണ്ടിരിക്കുന്നു. ഇന്ധനക്ഷാമവും ഇന്ധനവിലവർദ്ധനവുമാണ്‌ വ്യാവസായിക മേഖല നേരിടുന്ന തീവ്രമായ പ്രശ്നം.
പെട്രോളിയം ഉൽപന്നങ്ങളിൽ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ്‌ ഡീസൽ. ഇറക്കുമതി മൂല്യം ഏറ്റവുമധികം ഉള്ള ഉൽപന്നമാണ്‌ ഡീസൽ. ഡീസലിന്റെ അമിത ഉപഭോഗം പലതരത്തിലുള്ള പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു. വർദ്ധിച്ച്‌ വരുന്ന അന്തരീക്ഷമലിനീകരണം, ആഗോളതാപനം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇവയിലൊക്കെയും ഇതിന്‌ നിർണ്ണായകമായ പങ്കുണ്ട്‌. ഇങ്ങനെയുള്ള ഒരു അവസ്ഥാവിശേഷത്തിൽ ഡീസലിനോട്‌ കിടപിടിക്കുന്നതും ഉത്പാദനച്ചെലവ്‌ കുറഞ്ഞതും സുലഭമായതും മലിനീകരണ വിമുക്തമായതുമായ മറ്റൊരു ഇന്ധനത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നിത്യജീവിതത്തിൽ ഒഴിച്ച്‌ കൂടാനാകാത്ത ഘടകമാണ്‌ വെളിച്ചെണ്ണ. ഭക്ഷ്യവസ്തുവായും ഔഷധമായും ഉപയോഗിച്ച്‌ വരുന്നു. ഇതിലൊക്കെ ഉപരിയായി ഡീസലിന്‌ പകരമായി വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന്‌ ഗവേഷണങ്ങൾ തെളിയിക്കുന്നു.
ഇന്ന്‌ കേരവ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ നാളികേരത്തിന്റെ വിലയിടിവ്‌. നാളികേര ഉത്പാദനത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്ത്‌ എത്തിയിട്ടുള്ള ഇന്ത്യയിൽ വൻതോതിൽ വെളിച്ചെണ്ണ ഉത്പാദിപ്പിച്ചുകൊണ്ട്‌ വെളിച്ചെണ്ണയുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ ഇന്ധനവിലയിടിവിനും ഇന്ധനക്ഷാമത്തിനും ഇന്ധനവില വർദ്ധനയ്ക്കും എല്ലാത്തിനുമുപരി നാളികേര വിലയിടിവിനും ഒരു പരിധി വരെ പരിഹാരം കണ്ടെത്തുവാൻ കഴിയും.
ഡീസൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ആഗോളതാപനം എന്നിവ കുറയ്ക്കുവാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നതു വഴി കഴിയും.
കഴിഞ്ഞ കാലയളവിലെ ഡീസലിന്റേയും വെളിച്ചെണ്ണയുടേയും വിലവിരങ്ങൾ ഒന്നു പരിശോധിക്കാം. 1990-91 കാലഘട്ടത്തിൽ ഡീസലിന്‌ വില ലിറ്ററിന്‌ 4.75 രൂപയായിരുന്നു. 2000-01 ആയപ്പോൾ 274 ശതമാനം വളർച്ചാ നിരക്ക്‌ ആണ്‌ വിലയിൽ ഉണ്ടായത്‌. 2012-13ൽ 949 ശതമാനം വർദ്ധനവ്‌ വിലയിൽ ഉണ്ടായി. ഇതേ വളർച്ചാ നിരക്ക്‌ തുടരുകയാണെങ്കിൽ 90-91 കാലഘട്ടത്തിന്റെ വിലയുടെ 3145 ശതമാനം വർദ്ധനവ്‌ ഉണ്ടാകും. സാധാരണക്കാരന്‌ ഇന്ധനവില വർദ്ധന താങ്ങാൻ പറ്റാതാകും.
1990-91 കാലഘട്ടത്തിൽ വെളിച്ചെണ്ണ ലിറ്ററിന്‌ 24.82 രൂപയായിരുന്നു വില. 2000-01 ആയപ്പോൾ വെറും 13.78 ശതമാനമാണ്‌ വിലയിൽ വർദ്ധനവുണ്ടായത്‌. 2012-13ൽ 153 ശതമാനം വളർച്ചാനിരക്ക്‌ വിലയിൽ ഉണ്ടായി. വളർച്ചാ നിരക്ക്‌ തുടരുകയാണെങ്കിൽ 2023 ആകുമ്പോൾ 90-91 കാലഘട്ടത്തിന്റെ 294 ശതമാനം വളർച്ചാനിരക്കിലേക്ക്‌ എത്തുകയുള്ളൂ. ഇത്‌ ഡീസലിന്റെ ഏകദേശം 2000-01 കാലഘട്ടത്തിലെ വളർച്ചാനിരക്കിന്‌ തുല്യം ആകുകയേയുള്ളൂ.
ഡീസലിന്റേയും വെളിച്ചെണ്ണയുടേയും വിലവർദ്ധനനിരക്ക്‌ ഇപ്രകാരം തുടരുകയാണെങ്കിൽ ഡീസലിന്‌ പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ്‌ ലാഭകരം. ഇങ്ങനെ വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ ഡീസലിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനും അതുവഴി സാമ്പത്തിക നഷ്ടം ഒരു പരിധിവരെ കുറയ്ക്കുവാനും സാധിക്കും.
വെളിച്ചെണ്ണയുടെ ഉത്പാദനം വർദ്ധിയ്ക്കുമ്പോൾ കയറ്റുമതി വർദ്ധിപ്പിക്കുവാൻ സാധിക്കും. അതിനോടൊപ്പം കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുവാനും കഴിയും.
ഡീസലിന്‌ പകരം വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ ഇന്ത്യൻ സമ്പട്ഘടനയുടെ വളർച്ചയിൽ കേരവ്യവസായത്തിന്റെ സംഭാവന ഒരു നാഴികക്കല്ലായിരിക്കും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ