cj
കേരളം / ലക്ഷദ്വീപ്
വേനൽമഴ തുടങ്ങുന്നതോടെ തൈകൾ നടാനുള്ള കുഴികൾ എടുക്കുക. നനയ്ക്ക് സൗകര്യമുള്ള പക്ഷം തെങ്ങിൻതൈകൾ നടാം. കാലവർഷത്തിലെ ശക്തിയായ മഴ തുടങ്ങുന്നതിനുമുമ്പ് അവ വേരോടി പിടിക്കുമെന്നു മാത്രമല്ല, ഇതുമൂലം മഴയുടെ പൂർണ്ണ ഗുണം തൈകൾക്കു ലഭിക്കുകയും ചെയ്യും. വേരോടി പിടിച്ചു കഴിഞ്ഞ തൈകൾക്ക് വെള്ളക്കെട്ടിനെ അതിജീവിക്കാനുള്ള കഴിവും ഇതുകൊണ്ട് ലഭിക്കുന്നതാണ്.
ജലസേചനം തുടരുക. തെങ്ങിൻതടത്തിലെ ജലാംശം നിലനിർത്താൻ പുതയിടേണ്ടതാവശ്യമാണ്. പച്ചിലകളും ചപ്പുചവറുകളും ഉപയോഗശൂന്യമായ തെങ്ങോലകളും ചകിരിച്ചോറും മറ്റ് അവശിഷ്ടങ്ങളും തെങ്ങിൻ തടത്തിൽ നിരത്തി മേൽമണ്ണ് കൊണ്ട് മറയ്ക്കുകയാണ് ചെയ്യുന്നത്. തൊണ്ട് കുഴിച്ചിടുന്നതും നല്ലതാണ്. നാല് തെങ്ങുകൾക്കിടയിൽ ഒന്ന് എന്ന നിരക്കിൽ 4 മീ. നീളവും 50 സെ.മീ. ആഴവും ഉള്ള ചാലുകൾ എടുക്കുക. ഇതിൽ തൊണ്ട് നിറക്കുക. തൊണ്ട് നിറയ്ക്കുമ്പോൾ താഴത്തെ നിരകളിൽ തൊണ്ട് മലർത്തിയും ഏറ്റവും മുകളിലത്തെ രണ്ടുനിര കമിഴ്ത്തിയും വേണം അടുക്കേണ്ടത്. ജലസേചന സൗകര്യം ഉണ്ടെങ്കിൽ ആകെ ശുപാർശ ചെയ്തിരിക്കുന്ന രാസവളത്തിന്റെ നാലിലൊരു ഭാഗം ഇട്ടുകൊടുക്കുക.
ഈ മാസത്തിലും വിത്തുതേങ്ങ സംഭരണം തുടരാവുന്നതാണ്. മണൽ മണ്ണുള്ള തോട്ടങ്ങളിൽ തെങ്ങോന്നിന് അര ടൺ എന്ന തോതിൽ പുഴച്ചെള്ളയോ, കുളച്ചേറോ ചേർക്കുക.
ചാറ്റൽ മഴ ആരംഭിക്കുന്നതോടെ തെങ്ങോന്നിന് 2 കി.ഗ്രാം വീതം കുമ്മായം ചേർത്തുകൊടുക്കുക. മണ്ഡരിയുടെ ആക്രമണത്തിനെതിരെ അസാഡിറാക്ടിൻ (0.04 ശതമാനം) അടങ്ങിയ ജൈവകീടനാശിനി 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കുക.
ചെമ്പൻചെല്ലിയുടെ ഉപദ്രവമുള്ള തെങ്ങുകളിൽ തടിയിൽ നിന്നും ചുവന്ന ദ്രാവകം ഒലിക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേയ്ക്ക് വരുന്നതായും കാണാം, ഏറ്റവും മുകളിൽ കാണപ്പെടുന്ന സുഷിരമൊഴികെ മറ്റെല്ലാം കളിമണ്ണോ സിമന്റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാർബാറിൽ (20 ഗ്രാം കാർബാറിൽ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത്) ഒഴിച്ചുകൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പൻചെല്ലിയെ നിയന്ത്രിക്കുവാൻ ഫിറമോൺ കെണികളും ഫലപ്രദമാണ്. പക്ഷേ, ഒരു പ്രദേശത്തെ കർഷകർ ഒരുമിച്ച് ചേർന്ന് കെണികൾ വയ്ക്കണമെന്നു മാത്രം.
പൂങ്കുലച്ചാഴിയുടെ ആക്രമണമുണ്ടെങ്കിൽ ഇളംകുലയിൽ (ഒന്നു മുതൽ അഞ്ചു മാസം വരെ പ്രായമുള്ളത്) കാർബാറിൽ എന്ന കീടനാശിനി 0.1% വീര്യത്തിൽ (20 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലക്കി) തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. വിരിഞ്ഞ് പരാഗണം നടക്കാത്ത പൂക്കുലകളിൽ (ഒരു മാസം വരെ പ്രായമായത്) മരുന്നു തളിക്കരുത്. കുമിൾരോഗങ്ങൾക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം.
നീരൂറ്റിക്കുടിക്കുന്ന മീലിമുട്ടകൾ, ശൽക്കകീടങ്ങൾ എന്നിവ വേനൽക്കാലങ്ങളിൽ നാമ്പോലകളേയും കൊതുമ്പുകളേയും തേങ്ങാക്കുലകളേയും ആക്രമിയ്ക്കുന്നു. ശൽക്കകീടങ്ങൾ ഓലകളിലും കാണാറുണ്ട്. ഇവയുടെ ആക്രമണഫലമായി ഓലകൾ മഞ്ഞനിറമായി ഉണങ്ങുന്നു. മീലിമുട്ടകളെ നിയന്ത്രിയ്ക്കുവാൻ 2 ശതമാനം വേപ്പെണ്ണ 20 ദിവസത്തെ ഇടവേളകളിൽ രണ്ടുതവണ തളിച്ചാൽ മതിയാകും. ശൽക്കകീടങ്ങൾക്കെതിരെ ഡൈമെത്തൊയേറ്റ് ഫലപ്രദമായി ഉപയോഗിയ്ക്കാം.
കൊമ്പൻ ചെല്ലിയെ ചെല്ലിക്കോൽ കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പൻചെല്ലിയുടെ ആക്രമണത്തിന് മുൻകരുതലെന്ന നിലയിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓലക്കവിളുകളിൽ പാറ്റഗുളിക 10 ഗ്രാം (4 എണ്ണം) വെച്ച് മണൽ കൊണ്ടുമൂടുകയോ, വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തുല്യ അളവിൽ മണലുമായി ചേർത്ത് ഇടുകയോ ചെയ്യുക. 0.01 ശതമാനം വീര്യമുള്ള കാർബാറിൽ (50 ശതമാനം വെള്ളത്തിൽ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മി.ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കി വണ്ടുകളുടെ പ്രജനനം നടക്കുന്ന ചാണകക്കുഴികളിലും മറ്റും തളിയ്ക്കുക. പെരുവലം എന്ന ചെടി പറിച്ച് ചാണകക്കുഴികളിൽ ചേർക്കുന്നതും നല്ലതാണ്. ബാക്കുലോവൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പൻചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിയ്ക്കാം. ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ ഒരു ഹെക്ടറിൽ 10-15 എണ്ണം എന്ന കണക്കിൽ സന്ധ്യാസമയത്ത് തോട്ടത്തിൽ തുറന്നുവിടുക. മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്ലിയ എന്ന കുമിൾ തേങ്ങാവെള്ളത്തിലോ കപ്പകഷണങ്ങളും തവിടും ചേർത്തുണ്ടാക്കിയ മിശ്രിതത്തിലോ വൻതോതിൽ വളർത്തിയെടുത്ത് ഒരു ക്യുബിക് മീറ്ററിന് 250 മി.ഗ്രാം മെറ്റാറൈസിയം കൾച്ചർ 750 മി.ലി. വെള്ളവുമായി കലർത്തിയ മിശ്രിതം എന്ന തോതിൽ ചാണകക്കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിയ്ക്കുക.
തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവേങ്കിൽ കീടാക്രമണം ഗുരുതരമായുള്ള അടിഭാഗത്തെ ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മദ്ധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളിൽ പതിക്കത്തക്കരീതിയിൽ 0.05% വീര്യമുള്ള ക്വിനാൽഫോസ് എന്ന കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡിസ് , എലാസ്മസ് നിഫാന്റിഡിസ് ), ബ്രാക്കിമേറിയ നോസട്ടോയ് തുടങ്ങിയ എതിർപ്രാണികളെ വൻ തോതിൽ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ വിടാവുന്നതാണ്.
തെങ്ങിന് ചെന്നീരൊലിപ്പു രോഗം ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക. ചെന്നീരൊലിപ്പുള്ള തെങ്ങിന്റെ തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള കറ ഒലിച്ചിറങ്ങുന്നതു കാണാം. ഇത് ഉണങ്ങി കറുപ്പുനിറത്തിലുള്ള പാടുകളാകുന്നു. ചെന്നീരൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി നോക്കിയാൽ ഉൾഭാഗം ചീഞ്ഞിരിക്കുന്നതായി കാണാം. തെങ്ങിൻതടിയിൽ രോഗബാധ കാണുന്ന ഭാഗത്തെ പുറംതൊലി മൂർച്ചയുള്ള ഉളി കൊണ്ട് ചെത്തി മാറ്റിയ ശേഷം മുറിപ്പാടുകളിൽ 5 മി.ലി. കാലിക്സിൻ 100 മി.ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക. ഒന്നു രണ്ടു ദിവസത്തിനുശേഷം ചൂടുള്ള കോൾടാർ പുരട്ടുക. ചെത്തി മാറ്റിയ ഭാഗങ്ങൾ തീയിട്ട് നശിപ്പിക്കുക. മറ്റ് വളങ്ങൾക്കൊപ്പം തെങ്ങോന്നിന് 5 കി.ഗ്രാം വേപ്പിൻപിണ്ണാക്ക് ചേർത്തു കൊടുക്കുക. വേനൽക്കാലത്ത് ജലസേചനം നൽകുകയും വർഷക്കാലത്ത് തോട്ടത്തിൽ നീർവാർച്ച സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുക. രോഗനിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്സിൻ വർഷത്തിൽ മൂന്നുതവണ, അതായത് ഏപ്രിൽ-മെയ്, സെപ്തംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി വേരിൽകൂടി നൽകുക.
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ രോഗവും കണ്ടുവരുന്നു. തുറക്കാത്ത കൂമ്പോലകളെ കുമിൾ ആക്രമിച്ച് അഴുകൽ ഉണ്ടാക്കുന്നു. കൂമ്പോല വിരിയുമ്പോൾ അഴുകിയ ഭാഗം ഉണങ്ങി കാറ്റത്ത് പറന്നുപോകും. ബാക്കിയുള്ള ഓലയുടെ ഭാഗം കുറ്റിയായി നിൽക്കും. കൂമ്പോലയുടേയും അതിനോട് ചേർന്നുള്ള രണ്ട് ഓലകളുടേയും മാത്രം ചീഞ്ഞ ഭാഗങ്ങൾ മുറിച്ചു മാറ്റുക. ഡൈത്തേൻ എം. 45 അഥവാ ഇൻഡോഫിൽ എം.45 മൂന്നുഗ്രാം എന്നിവയിലൊന്ന് 300 മി.ലി. വെള്ളത്തിൽ കലക്കി നാമ്പോലയുടെ ചുവട്ടിലൊഴിക്കുക. അല്ലെങ്കിൽ 20 ഗ്രാം ഫോറേറ്റ് എന്ന കീടനാശിനിയും 200 ഗ്രാം മണലും ചേർന്ന മിശ്രിതം കൂമ്പിന്റെ ചുവട്ടിലെ ഓലക്കവിളുകളിൽ നിറയ്ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം അതായത് ഏപ്രിൽ-മേയ് മാസങ്ങളിലും ഒക്ടോബർ-നവംബർ മാസങ്ങളിലും ഇപ്രകാരം ചെയ്യുക.
തെങ്ങിന്റെ പ്രായം, ഓലകളുടെ വലിപ്പം, തോട്ടത്തിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് എന്നിവ കണക്കിലെടുത്ത് തെങ്ങിൻതോട്ടത്തിൽ ഇടവിളകൾ ആദായകരമായി കൃഷിചെയ്യാം. ഏഴുവർഷം വരെ പ്രായമായ തോട്ടങ്ങളിൽ ഇടവിളയായി ഹ്രസ്വകാല വിളകൾ കൃഷിചെയ്യാം. ഏഴു മുതൽ ഇരുപത്തിയഞ്ചുവർഷം വരെയുള്ള തെങ്ങിൻ തോട്ടങ്ങളിൽ തണലിൽ വളരുന്ന വിളകളാണ് നല്ലത്. 25 വർഷങ്ങൾക്ക് ശേഷം ഏതു വിളയും കൃഷി ചെയ്യാം.
ആൻഡമാൻ/നിക്കോബാർ ദ്വീപുകൾ
നഴ്സറികളിൽ നന തുടരുക. വരൾച്ച തുടരുന്ന പക്ഷം തെങ്ങുകൾക്ക് നനയ്ക്കുക. നീർവാർച്ചയ്ക്ക് സൗകര്യമുണ്ടാക്കാൻ ചിറകളുടേയും തോടുകളുടേയും കേടുപാടുകൾ പോക്കുക. വിത്തുതേങ്ങ ശേഖരിക്കുക. തെങ്ങിൻ തൈകൾ നടുന്നതിന് കുഴികൾ തയ്യാറാക്കുക. മണൽ പ്രദേശങ്ങളിലും ചൊരിമണൽ പ്രദേശങ്ങളിലും 90 ഘന സെ.മീറ്റർ വലുപ്പത്തിൽ കുഴികളെടുക്കുക. കളിമൺ പ്രദേശങ്ങളിൽ 60 ഘന സെ. മീറ്ററിൽ കുഴികളെടുക്കുക.
പുതിയതായി തൈ വെയ്ക്കുമ്പോഴും അടിത്തൈ വെയ്ക്കുമ്പോഴും മണൽ മണ്ണിലും മണൽ കലർന്ന എക്കൽ മണ്ണിലും 7.5 മീറ്റർ അകലത്തിലാണ് കുഴികൾ എടുക്കേണ്ടത്. ഒറ്റവരി സമ്പ്രദായത്തിൽ 6 മീ. ഃ 9 മീ. അകലത്തിലും ഇരട്ട വരിസമ്പ്രദായത്തിൽ 6 മീ. ഃ 6മീ. ഃ 9 മീ. അകലത്തിലുമാണ് കുഴികൾ തൈ നടാനായി എടുക്കേണ്ടത്. കുമിൾ രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടിയെന്ന നിലയിൽ എല്ലാ തെങ്ങുകൾക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക.
ജലസംരക്ഷണത്തിനായി നാല് തെങ്ങുകൾക്കിടയിൽ ഒന്ന് എന്ന നിരക്കിൽ 4 മീ. നീളവും 50 സെ.മീ. ആഴവും ഉള്ള ചാലുകൾ എടുക്കുക. ഇതിൽ തൊണ്ട് നിറക്കുക. തൊണ്ട് നിറക്കുമ്പോൾ താഴത്തെ നിരകളിൽ തൊണ്ട് മലർത്തിയും ഏറ്റവും മുകളിലത്തെ രണ്ടുനിര കമിഴ്ത്തിയും വേണം അടുക്കേണ്ടത്. തെങ്ങിൻ തോട്ടത്തിൽ അനുയോജ്യമായ ഇടവിളകൾ കൃഷി ചെയ്യുക.
കർണ്ണാടകം
നന തുടരുക. തെരഞ്ഞെടുത്ത മാതൃ വൃക്ഷങ്ങളിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കുക. വിത്തുതേങ്ങ പാകുന്നതിന് നഴ്സറി തയ്യാറാക്കുക. നനയ്ക്കു സൗകര്യമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലങ്ങളാണ് നഴ്സറിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.
തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവേങ്കിൽ കീടാക്രമണം ഗുരുതരമായുള്ള അടിഭാഗത്തെ ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മദ്ധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളിൽ പതിക്കത്തക്കരീതിയിൽ 0.05% വീര്യമുള്ള ക്വിനാൽഫോസ് എന്ന കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡിസ് , എലാസ്മസ് നിഫാന്റിഡിസ് , ബ്രാക്കിമേറിയ നോസട്ടോയ് () തുടങ്ങിയ എതിർപ്രാണികളെ വൻ തോതിൽ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ വിടാവുന്നതാണ്.
മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ അസാഡിറാക്ടിൻ (0.004 ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി കുലകളിൽ തളിക്കുക.
തമിഴ്‌നാട് / പോണ്ടിച്ചേരി
വേനൽക്കാലത്തെ ചാറ്റൽമഴ ലഭിക്കാത്ത സ്ഥലങ്ങളിൽ നന തുടരുക. മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മരച്ചീനിയോ, മറ്റേതെങ്കിലും വാർഷികവിളകളോ, ഇടവിളകളോ നടുക. തോട്ടത്തിൽ ഇവ നട്ടു വളർത്തുന്നതുകൊണ്ട് മണ്ണിന്റെ ഘടന മെച്ചപ്പെടുകയും വളക്കൂറ് വർദ്ധിക്കുകയും ചെയ്യും. വിത്തുതേങ്ങ ശേഖരണം തുടരുക.
മൂന്നാം ഗഡു മരുന്നുതളി നടത്തുക. മണ്ഡരിയുടെ ആക്രമണം കാണുന്നപക്ഷം മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ അസാഡിറാക്ടിൻ അടങ്ങിയ ജൈവകീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 4 മി.ലിറ്റർ വീതം ചേർത്ത് തെങ്ങുകൾക്ക് തളിച്ചുകൊടുക്കാവുന്നതാണ്.