രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്, കൊച്ചി
ലോകത്തിലെ 93 തെങ്ങു വളരുന്ന രാജ്യങ്ങളിൽ ഏഷ്യൻ പസ്ഫിക് രാജ്യങ്ങളും കരീബിയൻ ദ്വീപ് സമൂഹങ്ങളും, അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളുമെല്ലാമുൾപ്പെടുന്നു. ലോകത്തിലെ വൻകിട ശക്തിയായ അമേരിക്കയിലും അവരുടെ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലും പുതിയ ഊർജ്ജ സാധ്യതകളുടെ വിസ്മയങ്ങൾ തുറന്നു കാട്ടാൻ വിമാനം കയറുന്നു ഒരു മലയാളി - അരുൺ സുബ്രമണി. സിംഗപ്പൂർ ആസ്ഥാനമായ എമ്പീരിയൽ ഇൻഡസ്ട്രിയുടെ സ്ഥാപക ചെയർമാനും സിഇഒയുമാണ് ഈ ചെറുപ്പക്കാരൻ. വൈറ്റ് ഹൗസിലെ ക്ഷണിക്കപ്പെട്ട അതിഥിയായി ടീം അംഗങ്ങളോടൊപ്പം അരുൺ വൈറ്റ് ഹൗസിൽ എത്തുന്നത് തെങ്ങ് എന്ന അത്ഭുത വൃക്ഷത്തിന്റെ, വിശിഷ്യാ വെളിച്ചെണ്ണയുടെ അത്ഭുത സാധ്യതകളുടെ ചെപ്പു തുറക്കാനാണ്. സമഗ്ര മേഖലകളിലും ശക്തിയാർജ്ജിക്കാനുള്ള, പോയ പ്രതാപം വീണ്ടെടുക്കാനുള്ള അമേരിക്കൻ പ്രതീക്ഷയുടെ ബ്ലൂ പ്രിന്റ് സേനറ്റിൽ അവതരിപ്പിച്ചതു കഴിഞ്ഞ ജൂലൈയിലായിരുന്നു. അവതരിപ്പിച്ചതോ, പ്രസിഡന്റ് ബരാക്ക് ഒബാമയും. തന്റെ സാമ്രാജ്യത്തെ ലോകത്തിലെ ഒന്നാം കിട ശക്തിയാക്കാൻ വേണ്ടിയുള്ള ബ്ലൂ പ്രിന്റിലെ നിർദ്ദേശങ്ങൾ, ഈ ലക്ഷ്യ സാക്ഷാത്ക്കാരം ഉന്നമിട്ടുകൊണ്ടുള്ളതും. അമേരിക്ക മറ്റാരേക്കാളും രണ്ടാമതായിക്കൂടാ - രാജ്യത്തിന്റെ ഉത്പാദനരംഗം, ഊർജ്ജരംഗം, തൊഴിലാളികളുടെ വൈദഗ്ദ്ധ്യം, അമേരിക്കൻ മൂല്യങ്ങളുടെ നവീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ അമേരിക്കൻ സാമ്പത്തികരംഗം കെട്ടിപ്പടുക്കുന്നതിന്റെ വിവിധ തന്ത്രങ്ങളായിരുന്നു.
കേരത്തിന്റെ നാട്ടിൽ ജനിച്ചു വളർന്ന അരുൺ സുബ്രമണിയുടെ ദൗത്യം, അമേരിക്കയുടെ ഊർജ്ജ സ്വപ്നങ്ങൾക്കു ശക്തി പകരാൻ, കൃഷി ചെയ്യാവുന്ന ഒരു ഊർജ്ജസ്രോതസ്സായി വെളിച്ചെണ്ണയെക്കുറിച്ച് പ്രസിഡന്റിന്റെ ഉപദേഷ്ടാവിന്റെ മുൻപിൽ പ്രബന്ധം അവതരിപ്പിക്കുകയെന്നതായിരുന്നു. പ്രതീക്ഷകളുടെ ചിറകിലേറി അരുൺ അന്യ രാജ്യത്തേക്ക് വിമാനം കയറുമ്പോൾ, ഇന്ത്യയുടെ ഊർജ്ജ സ്വപ്നങ്ങൾക്ക് നിറം പകരാൻ, ഒരു അമൂല്യ ഊർജ്ജ സ്രോതസ്സെന്ന നിലയിൽ തെങ്ങിനെയും അതിന്റെ ഉൽപന്നങ്ങളേയും കാണാൻ ഈ രാജ്യത്തുള്ളവർ തയ്യാറാകുമോ? ഒരു വിശകലനത്തിലേക്ക്.
ലോകരാജ്യങ്ങളിൽ ഊർജ്ജത്തിന്റെ ആവശ്യം, വാനോളം ഉയരുകയാണ്. ക്രൂഡ് ഓയിൽ ശേഖരത്തിന്റെ അളവിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, എല്ലാത്തിനുമുപരിയായി വർദ്ധിച്ചു വരുന്ന ഇന്ധനവിലയും ഊർജ്ജസ്രോതസ്സിന് പകരക്കാരെ കണ്ടെത്തുകയെന്ന ദൗത്യത്തിലാണല്ലോ കൊണ്ടെത്തിക്കുന്നത്. വെറും പകരക്കാരല്ല, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ജൈവോർജ്ജ സ്രോതസ്സുകളെ കണ്ടെത്തുകയാണ് ഉദ്ദേശ്യം. ആഹാരം പാകം ചെയ്തു കഴിക്കാൻ തുടങ്ങിയതു മുതൽ വിറക് ഒരു പ്രധാന ഇന്ധന സ്രോതസ്സായിരുന്നു. പാചകവാതകത്തിന്റെ ആവിർഭാവത്തോടെ ഇന്ധനമെന്ന രീതിയിൽ വിറകിനും മറ്റുമുള്ള ഡിമാന്റിന് കുറവുവന്നു. എന്നാൽ പ്രകൃതി വാതക ഉറവിടത്തിന്റെ ചൂഷണം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ മറ്റു ഊർജ്ജ ഉറവിടങ്ങൾ അന്വേഷിച്ചു മനുഷ്യർ നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇത്തരം ഉറവിടങ്ങൾക്കെല്ലാം ഡിമാന്റും വർദ്ധിച്ചു തുടങ്ങി. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ര്ട്ട്രഷന്റെ കണക്കുപ്രകാരം 2017 ആകുമ്പോഴേക്കും സസ്യ ബയോമാസ്സ് പ്രകൃതി വാതകത്തിനേക്കാൾ ഇരട്ടി ചിലവേറിയതാകും.
സസ്യങ്ങൾ പ്രകാശസംശ്ലേഷണം വഴി സൗരോർജ്ജം ശേഖരിക്കുന്നതിനാൽ സസ്യഭാഗങ്ങൾ കത്തുമ്പോൾ ഊർജ്ജം ബഹിർഗ്ഗമിക്കപ്പെടുന്നു. സസ്യങ്ങൾ അപ്പാടെ, പൂർണ്ണമായും ഉപയോഗിച്ചോ അഥവാ മറ്റുപയോഗങ്ങൾക്കുശേഷം ശേഷിക്കുന്ന ഭാഗങ്ങൾ ഉപയോഗപ്പെടുത്തിയോ ഊർജ്ജം ഉത്പാദിപ്പിക്കാം.
തടി, കളകൾ, കാർഷിക, വന അവശിഷ്ടങ്ങൾ, ജൈവ വസ്തുക്കൾ ഇവയെല്ലാം ഊർജ്ജ സ്രോതസ്സാണ്. വൈദ്യൂതി ഉത്പാദനത്തിനും വാഹനങ്ങൾക്ക് ഇന്ധനമായും ജൈവ വസ്തുക്കൾ ഉപയോഗപ്പെടുത്താം.
തെങ്ങ് ഒരു നവീകരണ ഊർജ്ജസ്രോതസ്സ്
സൂര്യപ്രകാശം, കാറ്റ്, മഴ, തിരമാലകൾ, ഭൗമോഷ്മതാപം ഇവയെല്ലാം നവീകരണ ഊർജ്ജമാണ്. ആഗോള ഊർജ്ജത്തിന്റെ 16 ശതമാനത്തോളം ലഭിക്കുന്നത് നവീകരണ ഊർജ്ജത്തിൽ നിന്നാണ്. 10 ശതമാനം പരമ്പരാഗത ജൈവാവശിഷ്ടങ്ങളിൽ നിന്നും. അതുപോലെ തന്നെ വൈദ്യുതി ഉത്പാദന രംഗത്ത് 19% സംഭാവന ചെയ്യുന്നത് നവീകരണ ഊർജ്ജമാണ്.
റിന്യൂവബിൾ എനർജി ദരിദ്രരാജ്യങ്ങളെ സമ്പന്നതയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തും.
-ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ
തെങ്ങും തെങ്ങിന്റെ ഭാഗങ്ങളും നല്ല ഗാർഹിക ഇന്ധന സ്രോതസ്സാണെന്നതിൽ തർക്കമില്ല. നാലംഗങ്ങളുള്ള ഒരു ചെറിയ കുടുംബത്തിന് ഗാർഹിക ഇന്ധനാവശ്യത്തിന് 30-35 തെങ്ങിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ ഓലയും കോഞ്ഞാട്ടയും തൊണ്ടും ചിരട്ടയുമെല്ലാം മതിയാകുമെന്നായിരുന്നു കണക്ക്. നല്ല പരിചരണം ലഭിക്കുന്ന ഒരു തെങ്ങിൽ നിന്ന് ഒരു വർഷം 136 കിലോഗ്രാമോളം ജൈവവസ്തുക്കൾ ലഭ്യമാകുമെന്നാണ് ശ്രീ. പി.കെ. തമ്പാന്റെ കോക്കനട്ട് ഫോർ പ്രോസ്പരിറ്റി എന്ന പുസ്തകത്തിൽ (1996) പറഞ്ഞിരിക്കുന്നത്. ഈ കണക്കനുസരിച്ച് 35 തെങ്ങിൽ നിന്നും 4749 കിലോഗ്രാമും ഒരു ഹെക്ടറിൽ നിന്നും 24 മെട്രിക് ടൺ ജൈവവസ്തുക്കളും ലഭ്യമാകും (പട്ടിക-1). കാലിക / ദീർഘകാല ഇടവിളകൾ ഇടം പിടിച്ചിരിക്കുന്ന സമ്മിശ്രകൃഷിയിടത്തിൽ നിന്നും ലഭിക്കുന്നത് ഇതിന്റെ പല മടങ്ങായിരിക്കുമല്ലോ.
പട്ടിക-1. ഒരു തെങ്ങിൽ നിന്നും ഒരു വർഷം ലഭ്യമാകുന്ന വസ്തുക്കൾ
വസ്തുക്കൾ എണ്ണം ഭാരം
(ഉണങ്ങിയത്,
കി.ഗ്രാം)
ഓല 12 59.976
കൊതുമ്പും 12 12.036
കോഞ്ഞാട്ടയും
തെങ്ങ് 107 46.866
ചിരട്ട 107 16.799
135.677
135.677 ഃ 35 = 4748.695
ചകിരിച്ചോറും കയർ ബ്രിക്കറ്റുമെല്ലാം കത്തുമ്പോൾ ഊർജ്ജവും പുറത്തേക്കു വിടുന്നു. ചിരട്ടക്കരിയും ഒരു സുപ്രധാന ഇന്ധന ഉറവിടമാണ്. അതുപോലെ തന്നെ തെങ്ങിൻ തടിയും തടിക്കരിയും. ഇങ്ങനെ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും അമൂല്യമായ ഊർജ്ജ ഉറവിടമാണ്, മറ്റൊരു വൃക്ഷത്തിനും അളവിലും ആവർത്തനത്തിലും - സംഭാവന ചെയ്യാനാവാത്ത ഊർജ്ജ ഉറവിടം. വെളിച്ചെണ്ണ വാഹനങ്ങളിൽ ജൈവ ഇന്ധനമായുപയോഗപ്പെടുത്താവുന്നതി
വാഹന ഇന്ധനമായി വെളിച്ചെണ്ണ
ഇന്ന് ഏറ്റവും കൂടുതൽ പെട്രോളിയം ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 40 മെട്രിക് ടണ്ണാണ് ഇന്നത്തെ ഇന്ത്യയുടെ വാർഷിക ഉപഭോഗം. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ അമിതമായ ഉപഭോഗം, ഊർജ്ജത്തിന് പകരം ഉറവിടമന്വേഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2010ലെ ഗതാഗത ഇന്ധനാവശ്യത്തിന്റെ 3 ശതമാനം ജൈവ ഇന്ധനമാണ് വഹിച്ചതെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇത് നാലിലൊന്നായി വളരുമെന്നാണ് ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (കഞ്ഞഋചഅ) റിപ്പോർട്ടു ചെയ്യുന്നത്. പെട്രോളിയം - ഡീസൽ എൻജിനുകളിൽ ജൈവഇന്ധനം ഉപയോഗപ്പെടുത്തുന്ന രീതി പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും ഈ ഉപയോഗം വിപുലീകരിക്കുന്നതിനാണ് ഇന്ന് ലോകരാജ്യങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നത്.
ഉണങ്ങിയ സസ്യ വസ്തുക്കൾ കത്തിച്ച് താപവും വൈദ്യുതിയും ഉത്പ്പാദിപ്പിക്കാം. ഓക്സിജന്റെ അഭാവത്തിൽ കത്തിച്ച് വിവിധതരം ഖര, ദ്രാവക, വാതക ഇന്ധനങ്ങളും ഇത്തരം വസ്തുക്കളിൽ നിന്നുമുത്പാദിപ്പിക്കുന്നു. ഇത്തരം വാതകരൂപത്തിലുള്ള ഇന്ധനത്തിൽ നിന്നാണ് മെത്തനോൾ ഉത്പാദിപ്പിക്കുന്നത്. മെത്തനോൾ ഗതാഗത വാഹനങ്ങൾക്കു പറ്റിയ ഒന്നാംതരം ഇന്ധനമാണ്. മലിനീകരണ വാതകം ഏറ്റവും കുറഞ്ഞ അളവിൽ പുറംതള്ളുന്ന ഇന്ധനം.
തെങ്ങിൻ നീരയിൽ നിന്നും മറ്റ് അവശിഷ്ടങ്ങളിൽ നിന്നും ലഭിക്കുന്ന എത്തനോൾ ഗതാഗത ഇന്ധനമായി പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ട്രീറ്റ് ചെയ്ത ബയോമാസ്സ് പുളിപ്പിച്ചാണ് എത്തനോൾ ഉണ്ടാക്കുന്നത്. ഇതിൽ നിന്നും ആൽക്കഹോൾ അരിച്ചുമാറ്റുന്നു. പെട്രോളിനോട് കിടപിടിക്കുന്ന ഊർജ്ജമാണ് എത്തനോളിൽ നിന്നും ലഭിക്കുന്നത്. ഒരു ലിറ്റർ പെട്രോൾ 25000 കിലോജൂൾ ഊർജ്ജം ബഹിർഗ്ഗമിപ്പിക്കുമ്പോൾ ഒരു ലിറ്റർ എത്തനോൾ 23000 കിലോ ജൂൾ ഊർജ്ജമാണ് പുറത്തു വിടുന്നത്. ഈയം കലർന്ന പെട്രോളിനെ അപേക്ഷിച്ച് എത്തനോൾ വിഷവാതകങ്ങൾ പുറത്തുവിടുന്നത് വളരെകുറഞ്ഞ അളവിലാണ്.
ഡീസലിൽ എത്തനോൾ കലർത്തിയ ഇന്ധനമിശ്രിതം പല രാജ്യങ്ങളിലും വാഹനങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്. ആസ്ത്രേലിയ, ബ്രസീൽ, ഫിലിപ്പൈൻസ്, മൈക്രോനേഷ്യ, പസഫിക് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ രീതി നിലവിലുണ്ട്. യുഎസും ബ്രസീലുമാണ് ഏറ്റവും വലിയ എത്തനോൾ ഉത്പാദക രാജ്യങ്ങൾ. ഏറ്റവും വലിയ കയറ്റുമതി രാജ്യം ബ്രസീലും. അവരുടെ എത്തനോൾ ഇന്ധന പദ്ധതിയിൽ ആധുനുക ഉപകരണങ്ങളും വിലകുറഞ്ഞ കരിമ്പിൻ ചണ്ടിയുമാണ് താപവും ശക്തിയും ഉത്പാദിപ്പിക്കുന്നതിനുപയോഗപ്പെ
1990കളിലെ "ക്ലീൻ എയർ ആക്ട്" ന്റെ ആരോഗ്യസംരക്ഷണ നിയമപരിധിയ്ക്കുള്ളിൽ വരുന്ന പകരക്കാരനായ ഇന്ധനം ജൈവ ഡീസലാണ്. കത്തിത്തീരാത്ത ഹൈഡ്രോ കാർബൺ, കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ തുലോം തുച്ഛമായി മാത്രം ബഹിർഗ്ഗമിപ്പിക്കുന്ന ഇന്ധനം.
വെളിച്ചെണ്ണ ഡീസലിന് പകരമായും മോട്ടോർ വാഹനങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയിൽ മെത്തനോൾ കലർത്തി കോക്കനട്ട് മീതൈൽ എസ്റ്റർ ഉത്പാദിപ്പിക്കുന്നു. ഇത്തരം മീതൈൽ എസ്റ്റർ, സൾഫർ ഡയോക്സൈഡ് വാതകം ഉയർന്ന തോതിൽ വമിപ്പിക്കുന്നില്ല. പസഫിക് രാജ്യങ്ങളിൽ വാതക ബഹിർഗ്ഗമനം ഒഴിവാക്കാൻ വാഹനങ്ങളിൽ ഉയർന്ന തോതിൽ വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നുണ്ട്. ഡീസലുമായി കലർത്തിയോ ഡീസലിനു പകരമായോ വെളിച്ചെണ്ണ ഉപയോഗിക്കാം. പസഫിക് രാജ്യങ്ങൾ വാഹനങ്ങളിലും വൈദ്യുതി ഉത്പാദനത്തിനും വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു.
ഫിലിപ്പൈൻസിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഡീസൽ എൻജിൻ ഓടിക്കാൻ വെളിച്ചെണ്ണയാണുപയോഗിച്ചിരുന്
ഇങ്ങനെ ഗാർഹിക ഇന്ധനമായും നവീകരണ ഊർജ്ജമായുമെല്ലാം തെങ്ങും വെളിച്ചെണ്ണയും മനുഷ്യരാശിക്ക് ഉപയോഗപ്രദമാകുമ്പോൾ സംരക്ഷിക്കപ്പെടുന്നത്, പ്രകൃതിവാതകവും നവീകരണ ഊർജ്ജസ്രോതസ്സുമാണ്.
വെളിച്ചെണ്ണ ഒരു നല്ല വാഹന ഇന്ധനമാണെന്ന് കണ്ടിട്ടും എന്തുകൊണ്ട് അതിന്റെ ഉപയോഗം വ്യാപകമായില്ല എന്ന ഒരു ചോദ്യം ഉദിക്കുന്നുണ്ട്. ഡീസലിനെ അപേക്ഷിച്ച് ഉയർന്നു നിന്ന വെളിച്ചെണ്ണ വില ഇത്തരത്തിലേക്കുള്ള ചുവടുമാറ്റത്തിന് ആക്കം കൂട്ടിയില്ല. എന്നാലിന്ന് ഡീസൽ വില ഉയർന്നുയർന്ന് ഒരു പക്ഷെ വെളിച്ചെണ്ണ വിലയേയും കടത്തിവെട്ടുന്ന കാലം വിദൂരമല്ല. അപ്പോൾ ഈ ചുവടുമാറ്റം അനിവാര്യമായി വന്നിരിക്കുന്നു. ഒപ്പം അഭികാമ്യവും. ഇന്ത്യയെപ്പോലെ ഒരു വികസിത രാജ്യത്തിന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ച് കൊണ്ടുവരുവാൻ ഇതു തന്നെ ബുദ്ധിപൂർവ്വമായ സമീപനം.
തെങ്ങും എണ്ണപ്പനയും
എണ്ണയുത്പാദനത്തിൽ ഏറ്റവും കൂടുതൽ ഉത്പാദനക്ഷമതയുള്ള വൃക്ഷവിളയായിട്ടാണ് എണ്ണപ്പനയെ പരിഗണിച്ചിരുന്നത്. കേരളത്തിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ പരിധിയിലുള്ള എണ്ണപ്പനയിലെ ശരാശരി വാർഷിക വിളവ് 2.5 ടൺ എണ്ണയാണ്. എന്നാൽ 4.5 മുതൽ 5 ടൺ വരെ ഉത്പാദനക്ഷമതയുള്ള തോട്ടങ്ങളുമുള്ളതായിട്ടാണ് റിപ്പോർട്ട്. മലേഷ്യയിൽ വാർഷികോത്പാദനം 2.5 മുതൽ 4 ടൺ വരെയാണ്. ഉയർന്ന ഉത്പാദനക്ഷമതയുള്ള സങ്കരയിനം തെങ്ങുകളിൽ നിന്നും രേഖപ്പെടുത്തിയിരിക്കുന്ന വിളവ് 3 മുതൽ 3.5 ടൺ വരെ മാത്രമേയുള്ളൂ എന്നാൽ ഇന്ന് 6 ടൺ വരെ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സങ്കരയിനം തെങ്ങുകൾ തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ടു ചെയ്യുന്നു. എണ്ണപ്പനയേക്കാൾ കുറഞ്ഞ ഉത്പാദനക്ഷമതയേ തെങ്ങിനുള്ളൂ എന്ന സങ്കൽപം മാറ്റിയെഴുതുകയാണ് ഈ വെളിപ്പെടുത്തലുകൾ. പരിസ്ഥിതിയ്ക്കിണങ്ങിയ വിളയെന്ന നിലയിൽ എണ്ണപ്പനയക്ക് തെങ്ങിനോട് കിടപിടിക്കത്തക്ക ഗുണവിശേഷങ്ങളില്ലെന്നുതന്നെ പറയാം. തെങ്ങിന് കടുത്ത തണുപ്പും കൊടും വേനലുമൊഴിച്ച് മിക്കവാറുമെല്ലാ കാലാവസ്ഥയിലും വളരുവാനുള്ള കഴിവുണ്ട്.
ഒരു തീരദേശവിളയെന്ന് പരിഗണിക്കപ്പെട്ടിരുന്ന തെങ്ങ് ഇന്ന് വടക്കുകിഴക്കൻ മേഖലകളിലെ പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിൽവരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുകൊണ്ട് അതിന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. എണ്ണപ്പനങ്കുരു 24 മണിക്കൂറിനുള്ളിൽ സംസ്ക്കരിക്കേണ്ടി വരുമ്പോൾ തേങ്ങ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാമെന്നതും തെങ്ങിന്റെ പ്രത്യേകതകളിലൊന്നാണ്. ഒരു പുരയിടകൃഷിയെന്ന നിലയ്ക്കും ഇടവിളകളും മിശ്ര വിളകളും സമ്മിശ്രകൃഷി രീതികളും ഏറ്റവും ഇണങ്ങുന്ന കൃഷിയെന്ന നിലയ്ക്കും തെങ്ങിന്റെ സ്ഥാനം അഗ്രഗണ്യം തന്നെ. എണ്ണപ്പനയ്ക്ക് 25-30 വർഷത്തിനുള്ളിൽ പുനർനടീലാവശ്യമായി വരുമ്പോൾ അതിന്റെ ഇരട്ടിയിലധികം വർഷക്കാലം ആദായം തരുന്ന വിളയെന്ന നിലയ്ക്ക് തെങ്ങ് വേറിട്ടു നിൽക്കുന്നു.
പല രാജ്യങ്ങളിലും തെങ്ങിന്റേയും എണ്ണപ്പനയുടേയും ബയോമാസ്സും അതുപോലെത്തന്നെ അവയുത്പാദിപ്പിക്കുന്ന വെളച്ചെണ്ണയും പാം ഓയിലും ജൈവ ഇന്ധനങ്ങളായി ഉപയോഗപ്പെടുത്താൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. തായ്‌ലന്റിലും മറ്റും ഈ പരീക്ഷണങ്ങൾ പുരോഗമിച്ച് പ്രായോഗികമായി പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. തായ്‌ലന്റിലെ ഒരു സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ നാളികേര മീതൈൽ എസ്റ്ററും പാം ഓയിൽ മീതൈൽ എസ്റ്ററും പെട്രോളുമായുള്ള 20 ശതമാനം ചേരുവയിൽ വിഷവാതകം പുറത്തു വിടുന്നത് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അനുപാതത്തിലെ കൂട്ട് ഏറ്റവും നല്ല ചേരുവയായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സസ്യ ഭാഗങ്ങൾ ഊർജ്ജസ്രോതസ്സായി ഉപയോഗപ്പെടുത്തേണ്ട ആവശ്യകത ഇന്ന് എല്ലാ രാഷ്ട്രങ്ങളുടേയും അനിവാര്യതയാണ്. വിശിഷ്യാ, പ്രകൃതി വാതക സ്രോതസ്സിന്റെ ഉറവിടം നാൾക്കുനാൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ.
തെങ്ങ് ഒരു നല്ല നവീകരണ ഊർജ്ജ സ്രോതസ്സാണ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും എല്ലാ ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും ഇങ്ങനെ ഉപയോഗപ്പെടുത്താം. വെളിച്ചെണ്ണ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഒരു നല്ല ജൈവഇന്ധനമായി ലോകമെങ്ങും അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിനു പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു വിദേശ നാണ്യനഷ്ടം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് വെളിച്ചെണ്ണയുടെ ഉത്പാദനം വർദ്ധിപ്പിച്ച് ഇന്ധനാവശ്യങ്ങൾക്കായി കൂടുതൽ എണ്ണ ഉപയോഗിക്കുകയെന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമെല്ലാം വെളിച്ചെണ്ണ ഈ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മാത്രമല്ല, രാജ്യം സാമ്പത്തിക വളർച്ചയുടെ പടവുകൾ കയറാൻ ഇത് ആക്കം കൂട്ടും. അതുകൊണ്ട് കൃഷി ചെയ്തെടുക്കുന്ന സുസ്ഥിര ഊർജ്ജസ്രോതസ്സെന്ന നിലയ്ക്ക് തെങ്ങും വെളിച്ചെണ്ണയും ലോകത്തിലെ ഊർജ്ജ ഉപഭോക്താക്കൾക്കു മുൻപിൽ നമുക്കും ഉയർത്തിക്കാട്ടാം. തെങ്ങുകൃഷി വ്യാപിപ്പിച്ച്, ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം. കാരണം, ഇന്ത്യാ മഹാരാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്കു കാതോർക്കുന്ന ജനകോടികളുടെ ആഗ്രഹ സാഫല്യങ്ങളെ പ്രോജ്വലിപ്പിക്കാൻ വേണം, നമുക്കീ ഊർജ്ജസ്രോതസ്സ്.
കടപ്പാട് : ശ്രീ. അരുൺ സുബ്രമണി, സ്ഥാപക ചെയർമാൻ & സി.ഇ.ഒ., എമ്പീരിയിൽ ഇൻഡസ്ട്രി, സിംഗപ്പൂർ