വെളിച്ചെണ്ണയുടെ മണമുള്ള ഡബിൾ ബെൽ


ദീപ്തി ആർ

ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി
കെഎസ്‌ആർടിസി അഥവാ കേരളത്തിന്റെ സ്വന്തം 'ആന വണ്ടി'! യാത്രയ്ക്കായി ഒരിക്കലെങ്കിലും ഈ സർക്കാർ വാഹനത്തെ ആശ്രയിക്കാത്തവർ ചുരുക്കം. തിരുവിതാംകൂർ സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ വകുപ്പിന്റെ കീഴിൽ ആരംഭിച്ച സ്റ്റേറ്റ്‌ മോട്ടോർ സർവ്വീസുകൾക്ക്‌ കേരള സംസ്ഥാന രൂപീകരണത്തേക്കാൾ പഴക്കമുണ്ട്‌. സ്റ്റേറ്റ്‌ മോട്ടോർ സർവ്വീസിന്റെ ആദ്യ ബസ്‌ 1938ൽ കവടിയാറിലെ നിരത്തിലിറങ്ങിയപ്പോൾ യാത്രക്കാരിൽ ഒരാളായത്‌ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. 1960 കാലഘട്ടത്തിൽ കെഎസ്‌ആർടിസി (കേരള സ്റ്റേറ്റ്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ) രൂപീകൃതമായപ്പോൾ മൊത്തം ബസ്സുകളുടെ എണ്ണം 33ൽ നിന്ന്‌ 61 ആയി വളർന്നിരുന്നു. കൂടുതൽ സർവ്വീസുകളും ദീർഘദൂര ഷെഡ്യൂളുകളുമായി മലയാളിയോടൊപ്പം കെഎസ്‌ആർടിസിയും വളർന്നു. നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും കെഎസ്‌ആർടിസിയെ കൈവിടാൻ മലയാളി മടിച്ചു. കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും അവസ്ഥ ഇതുതന്നെയായിരുന്നു. സർക്കാർ ബസ്സുകളിലാത്ത നാട്ടിൻപുറങ്ങൾ ഈ സംസ്ഥാനങ്ങളിൽ വിരളമായി. ദിനംപ്രതി കുതിക്കുന്ന ഡീസൽവില ആനവണ്ടിയുടെ താളംതെറ്റിച്ചു. കുതിക്കുന്ന ഡീസൽ വിലയിൽ ബസ്സുകൾ കട്ടപ്പുറത്തേക്ക്‌ കയറുകയാണ്‌. ഇതേ തുടർന്നുള്ള പ്രശ്നങ്ങളും കോലാഹലങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്‌ നമുക്കറിയാം.
കെഎസ്‌ആർടിസിയ്ക്ക്‌ ഇന്നു 6143 ബസ്സുകളാണുള്ളത്‌. ഓർഡിനറിയും, ഫാസ്റ്റും, ലോഫ്ലോറും എ.സി. ലോ ഫ്ലോറുമായി നിരവധിയിനം ബസ്സുകൾ പല ജില്ലകളിലേയും ഉൾനാടൻ വഴികളിലൂടെ കുതിക്കുന്ന ഓരോ നിമിഷവും ഡീസൽ ഇനത്തിൽ മാത്രമായി കോർപറേഷന്റെ കട ബാധ്യത ടോപ്‌ ഗിയറിലാണ്‌ കുതിക്കുന്നത്‌. ഒരു ദിവസം 4.3 ലക്ഷം ഹൈസ്പീഡ്‌ ഡീസലാണ്‌ കെഎസ്‌ആർടിസിയ്ക്ക്‌ വേണ്ടത്‌. അതായത്‌ വർദ്ധിച്ച ഡീസൽ വിലയുടെ സാഹചര്യത്തിൽ ഒരു മാസം 15 കോടിയുടെ അധിക ചെലവ.​‍്‌ ഇതേ അവസ്ഥ തുടർന്നാൽ കേരള ട്രാൻസ്പോർട്ട്‌ കോർപറേഷൻ ഒരു ഓർമ്മ മാത്രമാകും.

വെളിച്ചെണ്ണ ഡീസലിനു പകരം ഉപയോഗിക്കുവാനുള്ള സാധ്യതകൾ ഇന്നുണ്ട്‌. എന്നാൽ വെളിച്ചെണ്ണക്കു നമ്മുടെ ഗതാഗത കോർപറേഷനുകളെ രക്ഷിക്കുവാൻ സാധിക്കുമെന്ന്‌ ആരും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. ജൈവ ഇന്ധനം ഉപയോഗിച്ച്‌ അതും വെളിച്ചെണ്ണയുപയോഗിച്ച്‌ വാഹനമോടിക്കാമെന്ന്‌ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌. മാത്രമല്ല  ഇത്‌ പ്രാവർത്തികമാക്കുന്ന പല വിദേശ രാജ്യങ്ങളും ധാരാളമുണ്ട്‌. എന്തിനധികം കർണ്ണാടക സ്റ്റേറ്റ്‌ ബയോ ഫ്യൂവൽ ഡെവലപ്പ്‌മന്റ്‌ ബോർഡിന്റെ സഹായത്തോടെ  കർണ്ണാടകത്തിലെ ഗതാഗത കോർപറേഷൻ ഇതു പ്രാവർത്തികമാക്കിയിരിക്കുകയാണ്
‌.
ജൈവ ഇന്ധനം ഉപയോഗിക്കുന്ന കർണ്ണാടക സർക്കാർ ബസ്സുകൾ
കർണ്ണാടക സ്റ്റേറ്റ്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപറേഷന്റെ ബസ്സുകളാണ്‌ ജൈവ ഇന്ധനം ഉപയോഗിച്ച്‌ വിജയകരമായി നിരത്തിലോടുന്നത്‌. ഏകദേശം 7000 ബസ്സുകളുള്ള കോർപറേഷൻ ഒരു വർഷം 181.56 ദശലക്ഷം ലിറ്റർ ഹൈസ്പീഡ്‌ ഡീസലാണ്‌ ഉപയോഗിക്കുന്നത്‌. മലിനീകരണം കുറയ്ക്കുക, ഇന്ധനക്ഷമത വർദ്ധിപ്പിക്കുക, കാർബൺ പുറന്തള്ളുന്നത്‌ കുറയ്ക്കുകഎന്നീ ലക്ഷ്യങ്ങളോടെയാണ്‌ ബയോ ഡീസൽ ഉപയോഗം കർണ്ണാടക ഗതാഗ കോർപറേഷൻ ആരംഭിച്ചതു. എത്തനോൾ ഡീസൽ മിശ്രിതവും ജൈവ ഇന്ധനവുമാണ്‌ ഉപയോഗിച്ചതു. ജൈവ ഇന്ധനം ഉപയോഗിച്ച്‌ ഓടുന്ന ബസ്സുകൾ കർണ്ണാടകത്തിലെ ദൊഡ്ഡബല്ലാപുര ഡിപ്പോയിൽ നിന്നുമാണ്‌ ആദ്യം ഓടി തുടങ്ങിയത്‌. മാണ്ഡ്യ, മൈസൂർ, കോളാർ തുടങ്ങിയ 10 ഡിപ്പോകളും ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുകയാണ്‌. പ്രകൃതിയോടു ഇണങ്ങിയ ഇന്ധനം എന്നതിലുപരി 40 ശതമാനത്തോളം ലൂബ്രിസിറ്റി വർദ്ധനവ്‌, എൻജിനുകളുടെ വർദ്ധിച്ച ലൈഫ്‌ എന്നിവയും ജൈവ ഇന്ധനത്തിന്റെ പ്രത്യേകതയാണ്‌. ടൺ കണക്കിന്‌ പൊടിപടലം, നൈട്രജൻ ഓക്സൈഡ്‌, കാർബൺ മോണോക്സൈഡ്‌ എന്നിവയെ അന്തരീക്ഷത്തിൽ പുറം തള്ളുന്നതും കുറയ്ക്കാനാകും. കർണ്ണാടക  ഗതാഗത കോർപറേഷന്റെ കണക്കുകൾ പ്രകാരം 14.94 കോടി രൂപ ലാഭമുണ്ടാക്കുവാൻ ജൈവ ഇന്ധനത്തിലേക്കുള്ള ഈ ചെറിയ ചുവട്‌ വെയ്പ്‌ സഹായിച്ചു. മാത്രമല്ല ഡീസൽ ഉപയോഗിക്കുന്ന ബസ്സുകളെക്കാൾ 5 കിലോമീറ്ററിൽ കൂടുതൽ ഓടിയെത്താൻ ജൈവ ഇന്ധന ബസ്സുകൾക്കു കഴിഞ്ഞു.
അഞ്ഞുറോളം ജൈവ ഇന്ധന ബസ്സുകളും ജൈവ ഇന്ധന ഔട്ട്ലെറ്റുകളും ഇന്ന്‌ കർണ്ണാടകത്തിലുണ്ട്‌. മുഴുവൻ ബസ്സുകളെയും ജൈവ ഇന്ധനത്തിലോടിക്കുവാൻ കർണ്ണാടക ഗതാഗത കോർപറേഷൻ തയ്യാറെടുക്കുകയാണ്‌. കർണ്ണാടകത്തിലെ മാതൃക കേരളത്തിനും, തമിഴ്‌നാടിനും പൈന്തുടരാവുന്നതേയുള്ളു. ജൈവ ഇന്ധനത്തിനായി മറ്റു എണ്ണക്കുരുകൾ ഉപയോഗിക്കുന്നതോടൊപ്പം സുലഭമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്‌ വഴി സർക്കാർ ബസ്സുകളുടെ കടബാധ്യത ഇല്ലാതെയാക്കാം. വെളിച്ചെണ്ണയുടെ ഉപയോഗം കൂടുവാനും കർഷകന്‌ നല്ല വില ലഭിക്കുവാനും പരോക്ഷമായി ഇതു സഹായിക്കും.
വെളിച്ചെണ്ണയിൽ ഓടുന്ന സർക്കാർ ബസ്സുകൾ രാജകീയ പ്രൗഢിയോടെ നമ്മുടെ നിരത്തുകളിൽ നിറയുന്ന നാൾ വരുമെന്നു പ്രതീക്ഷിക്കാം. കട്ടപ്പുറത്തേറാതെ വെളിച്ചെണ്ണയുടെ മണമുള്ള ഒരു ഡബിൾ ബെൽ മുഴങ്ങുന്ന കാലം ഇനി അകലെയല്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ