27 Apr 2013

അക്ഷരരേഖ


            ആർ.ശ്രീലതാവർമ്മ

പാർക്കാൻ ഒരിടം
   സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടം എന്നതാണ് വീടിനെ കുറിക്കുന്ന അടിസ്ഥാന സങ്കല്പനം. പ്രകൃതിശക്തികളിൽനിന്നും ഹിംസ്രമൃഗങ്ങളിൽ നിന്നും രക്ഷനേടാനായി പ്രാചീനമനുഷ്യൻ ഉണ്ടാക്കിയെടുത്ത ആദ്യത്തെ പാർപ്പിടത്തിന്റെ ഘടന എന്തായിരുന്നിരിക്കും?നമ്മുടെ സങ്കല്പസീമകൾക്ക് അപ്പുറമാണത്.കാരണം,ഇന്ന് നമ്മുടെ സങ്കല്പങ്ങളിൽ തലയുയർത്തി നിൽക്കുന്നത് പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും പ്രദർശനശാലകളായ വമ്പൻ കെട്ടിടങ്ങളാണ്.
                        ആവശ്യം,സൗകര്യം എന്നീ ആശയങ്ങൾക്ക് ഇന്ന് നമ്മുടെ ഗൃഹനിർമ്മാണരംഗത്ത് വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു വേണം കരുതാൻ.എന്തെന്നാൽ,ആവശ്യത്തിനു
പരിയാണ് ആഡംബരം ഉയർത്തുന്ന പ്രലോഭനങ്ങൾ.അതുപോലെ സൗകര്യം എന്നതിനെ മറികടന്നുകൊണ്ട് ധാടിയും മോടിയും സമഗ്രമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം'എന്ന പഴഞ്ചൊല്ല് പാർപ്പിടനിർമ്മാണം സംബന്ധിച്ച പരിതോവസ്ഥകളിലേക്ക് മാറ്റിപ്പറയുന്നു എന്നിരിക്കട്ടെ;വീട് കണ്ടിട്ട് ഒരിക്കലും മലയാളികളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കാനാവില്ല.സാമ്പത്തികഭദ്രത ഉള്ളവരും ഇല്ലാത്തവരും ഗൃഹനിർമ്മാണമേഖലയിലെ ആഡംബരങ്ങൾ ഒരുപോലെ തിരഞ്ഞെടുക്കുന്നു.ബാങ്കുകൾ വച്ചുനീട്ടുന്ന മോഹിപ്പിക്കുന്ന വായ്പാപദ്ധതികൾ,മോഹങ്ങൾക്ക് ഒരിക്കലും കടിഞ്ഞാണിടരുതെന്നും ആവുന്നത്ര മോഹിക്കാനും നേടിയെടുക്കാനും ശ്രമിക്കണമെന്നും നമ്മളോട് നിശ്ശബ്ദമായി പറയാൻ തുടങ്ങിയിട്ട് എത്രയോ കാലം കഴിഞ്ഞിരിക്കുന്നു.ഉള്ളവൻ/ഇല്ലാത്തവൻ എന്ന ഭേദചിന്ത,അസമത്വത്തിലൂന്നിയ സാമൂഹികവ്യവസ്ഥിതിയെയാണല്ലോ കുറിക്കുന്നത്.ഇത്തരം ചിന്താപരിസരങ്ങളിൽ നേരത്തെ സൂചിപ്പിച്ച വിധമുള്ള ഭിന്നതയെക്കുറിച്ച് എടുത്തുപറയുന്നത്,ഇല്ലാത്തവരുടെ ഇല്ലായ്മയിലേക്ക് വിരൽ ചൂണ്ടാനല്ല്.ഉയർന്ന സാമ്പത്തികസ്ഥിതി കൈവരിക്കാൻ കഴിയാത്തവർ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കായി പരിശ്രമിക്കരുത് എന്നു ചിന്തിച്ചിട്ടുമല്ല.ഇത്തരം തിരഞ്ഞെടുപ്പുകൾ പലരെയും കൊണ്ടെത്തിക്കുന്നത് മറ്റ് ചില ദുരന്തങ്ങളിലായിരിക്കും എന്ന് ചൂണ്ടിക്കാട്ടാനായി മാത്രമാണ്.കഴിഞ്ഞ ഒരു ദശകമായി കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരെ സംബന്ധിച്ചുള്ള വാർത്തകൾ എന്നും എന്നതുപോലെ പത്രങ്ങളിൽ നാം വായിക്കുന്നുണ്ട്.പക്ഷേ,ഒന്നിനും പരിഹാരമുണ്ടാകുന്നില്ലെന്നു മാത്രമല്ല,എല്ലാം അതേപടി ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു.
                     മുൻകാലങ്ങളിൽ വീട് പണിയുന്നതിനു വേണ്ട 'സാമ്പത്തികം'ഉണ്ടാക്കിയെടുക്കാനായിരുന്നു ആളുകൾ ക്ലേശിച്ചിരുന്നതെങ്കിൽ,ഇന്ന്,മോടിയിൽ പണിതെടുത്ത വീട് അലങ്കരിക്കുന്നതിനും തത്തുല്യമായ 'സാമ്പത്തികം' കണ്ടെത്തിയേ തീരൂ.ഫർണീച്ചർ,മറ്റ് ഗൃഹോപകരണങ്ങൾ,അലങ്കാരവസ്തുക്കൾ എന്നുതുടങ്ങി കർട്ടനുകൾ,ചുവർച്ചിത്രങ്ങൾ ഇവയിലെല്ലാം ആഡംബരവും പ്രൗഢിയും നിലനിർത്തണം.ലാൻഡ് സ്കെയ്പ് ചെയ്യാനായി വേറെ തുക വകയിരുത്തണം.പുൽത്തകിടിയും താമരക്കുളവും അലങ്കാരവിളക്കുകളും പാറക്കൂട്ടങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ലാവണ്യാന്തരീക്ഷം ഒരു വീട്ടിൽ ആവശ്യമാണോ?എങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ടതില്ല.ഇഷ്ടം,പണം-ഇവ മാത്രം കണക്കിലെടുത്താൽ മതി.സംഗതി 'കളർഫുൾ' ആക്കണം എന്നു മാത്രമാണ് കരാറുകാരന്റെ ആദ്യാവസാന നിർദേശം.പണി തീർന്ന ഘട്ടത്തിൽ വീട്ടുടമയ്ക്ക് ഒരുവിധമൊക്കെ 'കളർഫുള്ളായ'അനുഭവം ഉണ്ടാകുമായിരിക്കും.അതേക്കുറിച്ച് കരാറുകാരൻ അഭിപ്രായം പറഞ്ഞു കേൾക്കാത്തതിനാൽ ആ ഭാഗം അവ്യക്തം.
            കാലത്തിനൊത്ത് കോലം മാറി വരാത്ത എന്തിനെയും പഴഞ്ചനെന്നും കാലഹരണപ്പെട്ടതെന്നും അടച്ചാക്ഷേപിച്ച് പുറന്തള്ളുന്ന സമീപനം നമ്മൾ കേരളീയർക്ക് എന്നും സ്വന്തമാണ്.'നാടോടുമ്പോൾ നടുവേ'എന്ന ചൊല്ല് നമുക്ക് ഏറെ പ്രിയങ്കരമാണ്.അവരവർക്ക് സ്വയം ബോധ്യപ്പെടാനല്ലാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ഓരോ മലയാളിയും ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ ഇന്ന് ധാരാളമാണ്.എന്തുതന്നെയായാലും മുൻപെങ്ങുമില്ലാത്തതുപോലെ മലയാളികൾ ഏറ്റുപിടിച്ചു നടത്തുന്ന ഗൃഹനിർമ്മാണോത്സവങ്ങൾ പല പുനർവിചാരങ്ങൾക്കും വിധേയമാകേണ്ടതുണ്ട്.
               

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...