27 Apr 2013

തെങ്ങിൻ തോപ്പുകൾ-ഭാവിയിലെ എണ്ണപ്പാടങ്ങൾ


ടി. കെ. ജോസ്‌ ഐ എ എസ് 
 ചെയർമാൻ, നാളികേര  വികസന ബോർഡ്

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 2013-14 സാമ്പത്തിക വർഷത്തെ ബജറ്റുകളിൽ കേരകർഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്‌ വകയുണ്ട്‌. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ പെയിലറ്റടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി തുക വകയിരുത്തിയതായിട്ടാണ്‌ അറിയുന്നത്‌. കഴിഞ്ഞ രണ്ടു വർഷമായി സിപിഎസുകൾ, ഫെഡറേഷനുകൾ, നാളികേരോത്പാദക കമ്പനികൾ എന്നീ തൃതല  ഘടനയിലുള്ള കർഷകരുടെ ഉത്പാദക സംഘടനകൾ  നാളികേര മേഖലയിൽ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതേസമയത്ത്‌ തന്നെയാണ്‌ കർഷകരുടെ ഉത്പാദക സംഘങ്ങൾക്ക്‌ (ഫാർമർ പ്രോഡ്യൂസർ ഓർഗനൈസേഷൻ) പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനും പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനും, കേന്ദ്ര ബജറ്റിൽ യൂണിറ്റൊന്നിന്‌ 10 ലക്ഷം രൂപ വരെ അനുവദിക്കുന്നതാണെന്നും അതിലേക്ക്‌ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ്‌ പ്രസംഗത്തിലൂടെ അറിയിച്ചിരിക്കുന്നത്‌. കേരളത്തിലെ നാളികേര മേഖലയിൽ ക്രിയാത്മകമായ ചലനങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ സുപ്രധാന ബജറ്റ്‌ നിർദ്ദേശങ്ങളാണിവ. സംസ്ഥാന ബജറ്റിൽ തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതിയിൽ കേന്ദ്ര ഗവണ്‍മന്റ്‌ വിഹിതത്തിനൊപ്പം സംസ്ഥാന ഗവണ്‍മന്റ്‌ വിഹിതവും മാറ്റിവെച്ചിരിക്കുന്നുവേന്നത്‌ അങ്ങേയറ്റം സ്വാഗതാർഹമായ കാര്യമാണ്‌. അതിലുമുപരി കേരളത്തിലെ പ്രധാനപ്പെട്ട പത്ത്‌ നാളികേരോത്പാദക ജില്ലകളിലെങ്കിലും നീര ഉത്പാദനത്തിനും സംസ്ക്കരണത്തിനുമുള്ള യൂണിറ്റ്‌ സ്ഥാപിക്കുന്നതിന്‌ 15 കോടി രൂപ വകയിരുത്തിയിരിക്കുന്നു. തെങ്ങുകർഷകർക്ക്‌ മദ്യരഹിതമായ നീര ഉത്പാദിപ്പിക്കുന്നതിനും അത്‌ സംസ്ക്കരിച്ച്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കുന്നതിനുമുള്ള ഒരവസരം നൽകണമെന്ന്‌ കേരകർഷകരും എല്ലാ കർഷക സംഘടനകളും വർഷങ്ങളായി ആവശ്യപ്പെട്ട്‌ വരികയായിരുന്നു. അബ്കാരി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ ഇനി വരാനിരിക്കുന്നതേയുള്ളൂവേങ്കിൽ കൂടി, സംസ്ഥാന ബജറ്റ്‌ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ നീരയുത്പാദനത്തിന്‌ പച്ചക്കൊടി കാണിച്ചിരിക്കുന്നത്‌ കേരകർഷകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശ്വാസപ്രദമായ കാര്യമാണ്‌. നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഉത്പാദക കമ്പനികളും  സംസ്ഥാന കൃഷിവകുപ്പുമായിച്ചേർന്ന്‌ നീര ഉത്പാദനത്തിനും സംസ്ക്കരണത്തിനുമുള്ള പ്രോജക്ടുകൾ വേഗത്തിൽ തന്നെ സമർപ്പിക്കുവാൻ പ്രത്യേകശ്രദ്ധ പതിപ്പിക്കണം എന്ന്‌ അഭ്യർത്ഥിക്കുന്നു. ബോർഡിൽ നിന്നും ഇതിനുള്ള സാങ്കേതിക സഹായങ്ങൾ തീർച്ചയായും ലഭ്യമാകുന്നതാണ്‌.
ഈ ലക്കം ജേണൽ നാളികേരമേഖലയിൽ ഭാവിയെ ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഒരു പതിപ്പാണ്‌. നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും പ്രത്യേകിച്ച്‌ വെളിച്ചെണ്ണയുടേയും മറ്റും ഭാവിസാദ്ധ്യതകളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാലഘട്ടമാണ്‌ സമാഗതമാകുന്നത്‌. പെട്രോളിയം ഉൽപന്നങ്ങൾക്ക്‌ പകരം ഇന്ധനമായി വെളിച്ചെണ്ണയുടെ ഉപയോഗമാണ്‌ ഇതിൽ ആദ്യത്തേത്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഡീസലിനു പകരം വെളിച്ചെണ്ണ ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നതിനെക്കുറിച്ച്‌ ഗവേഷണ പഠനങ്ങൾ നടന്നപ്പോൾ വെളിച്ചെണ്ണയുടെ വില 35 രൂപയിൽ കുറഞ്ഞാൽ മാത്രമേ അത്‌ ഇന്ധനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ കഴിയൂ എന്നതായിരുന്നു ഗവേഷകരുടെ അഭിപ്രായം. വർഷങ്ങൾ കടന്നുപോയതോടെ ഇന്ത്യയിലെ ഡീസലിന്റേയും പെട്രോളിയം ഉൽപന്നങ്ങളുടേയും വില അന്താരാഷ്ട്രവിലയുമായി തുലനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത്‌ നടന്നുവരികയാണ്‌. ഇതിനോടകം തന്നെ പെട്രോളിന്റേയും മറ്റുൽപന്നങ്ങളുടേയും വില നിയന്ത്രണം എടുത്ത്‌ കളഞ്ഞിരിക്കുകയുമാണ്‌. ഡീസലിനും അടുത്ത രണ്ടുവർഷത്തിനുള്ളിൽ വിലനിയന്ത്രണം പൂർണ്ണമായി എടുത്തുകളയുമെന്നാണ്‌ കേന്ദ്രസർക്കാരിന്റെ സൊ‍ാചനകൾ വ്യക്തമാക്കുന്നത്‌. അടുത്തകാലത്തുണ്ടായ നയപരമായ തീരുമാനം അനുസരിച്ച്‌ കൂടിയ അളവിൽ ഡീസൽ ഉപയോഗിക്കുന്ന റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷനുകൾക്കും വൈദ്യുതി ബോർഡുകൾക്കും ഇന്ത്യൻ റെയിൽവേയ്ക്കും മറ്റ്‌ സ്വകാര്യമേഖലയിലെ വലിയ ഡീസൽ ഉപഭോക്താക്കൾക്കും ചെറുകിട ഉപഭോക്താക്കളെ അപേക്ഷിച്ച്‌ 11 രൂപയോളം ലിറ്ററിന്‌ അധികം നൽകേണ്ടി വരികയാണ്‌. ഏകദേശം 61 രൂപയാണ്‌ വൻകിട ഉപഭോക്താക്കൾ ഇന്ന്‌ ഒരു ലിറ്റർ ഡീസലിന്‌ വില നൽകുന്നത്‌.
ഒരു കിലോഗ്രാം വെളിച്ചെണ്ണയുടെ വില ഇന്ന്‌ 63.50 രൂപയാണ്‌. മുമ്പ്‌ 75 രൂപ വെളിച്ചെണ്ണയ്ക്കും 24 രൂപ ഡീസലിനും വിലയുണ്ടായിരുന്ന കാലത്തെ ഗവേഷണഫലങ്ങളാണ്‌ വെളിച്ചെണ്ണയുടെ വില 35 രൂപയോ അതിൽ താഴേയ്ക്കോ വന്നാൽ മാത്രമേ ഡീസലിനു പകരമായി വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിക്കുവാൻ കഴിയൂ എന്ന നിഗമനത്തിലെത്തിച്ചതു. എന്നാൽ ഇന്ന്‌ വെളിച്ചെണ്ണ വിലയോട്‌ ഏകദേശം അടുത്ത്‌ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസലിന്റെ വിലയും എത്തിനിൽക്കുമ്പോൾ, ഡീസലിന്‌ പകരം വെളിച്ചെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കേണ്ടിയിരിക്കുന്നു. ഇതുസംബന്ധിച്ച തുടർഗവേഷണൾ ഐഐടി, എൻഐടി, മറ്റു പ്രമുഖ എഞ്ചിനീയറിംഗ്‌ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചു നടത്തേണ്ടതുണ്ട്‌. നാളികേര വികസന ബോർഡും, സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ഉത്പാദക ഫെഡറേഷനുകളും ഉത്പാദക കമ്പനികളും ഇക്കാര്യത്തിൽ കൂട്ടായ ശ്രമം തുടങ്ങേണ്ട സമയമായിരിക്കുന്നു. തെങ്ങുകൃഷി ധാരാളമുള്ള ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, വിയറ്റ്നാം, സോളമൻ ദ്വീപുകൾ, ഫിജി, ഫെഡറേറ്റഡ്‌ സ്റ്റേറ്റ്‌ ഓഫ്‌ മൈക്രോനേഷ്യ, മൗറീഷ്യസ്‌ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വെളിച്ചെണ്ണ മോട്ടോർ വാഹനങ്ങളിലും വൈദ്യുതോത്പാദന ജനറേറ്ററുകളിലും വെള്ളം പമ്പ്‌ ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറുകളിലും ട്രാക്ടറുകൾ ഉൾപ്പെടെയുള്ള ഹെവി ഡ്യൂട്ടി വാഹനങ്ങളിലും ഇന്ധനമായി വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്‌. എന്തുകൊണ്ട്‌ വെളിച്ചെണ്ണയുടെ വില ഡീസലിന്റെ വിലയോട്‌ അടുത്തുവരുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിൽ വ്യാപകമായി വെളിച്ചെണ്ണ ഡീസലിന്‌ പകരം ഇന്ധനമായി ഉപയോഗിച്ച്‌ കൂടാ?
ഇന്ത്യയിന്ന്‌ നേരിടുന്ന പ്രധാന സാമ്പത്തിക പ്രശ്നം കറണ്ട്‌ അക്കൗണ്ട്‌ കമ്മിയും വ്യാപാരക്കമ്മിയുമാണ്‌. വ്യാപരക്കമ്മി ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്‌ ഏറ്റവുമധികം ഭീഷണിയായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ വെളിച്ചെണ്ണയ്ക്ക്‌ 'അണ്ണാൻകുഞ്ഞിനും തന്നാലായത്‌' എന്ന മട്ടിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി നികത്തുന്നതിൽ ഒരു പങ്ക്‌ വഹിക്കാൻ സാധിക്കും. ഒന്നാമതായി വെളിച്ചെണ്ണ ധാരാളമായി കയറ്റുമതി ചെയ്തുകൊണ്ട്‌ കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുവാൻ സാധിക്കും. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന്‌ കേവലം 8500 മെട്രിക്‌ ടൺ വെളിച്ചെണ്ണ മാത്രമാണ്‌ കയറ്റി അയയ്ക്കാൻ സാധിച്ചതു. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയോളം പോലും തെങ്ങുകൃഷിയില്ലാത്ത പാപ്പുവ ന്യൂ ഗിനി പോലെയുള്ള രാജ്യങ്ങൾ കഴിഞ്ഞ വർഷം 65000 മെട്രിക്‌ ടൺ വെളിച്ചെണ്ണയാണ്‌ കയറ്റുമതി ചെയ്തത്‌. ഫിലിപ്പീൻസിന്റെ കയറ്റുമതിയാകട്ടെ 33 ലക്ഷം മെട്രിക്‌ ടൺ വെളിച്ചെണ്ണയാണ്‌. വെളിച്ചെണ്ണയുടെ വിദേശവ്യാപാരത്തിൽ കേവലം 0.33 ശതമാനം മാത്രമാണ്‌ ഇന്ത്യയ്ക്കുള്ളത്‌. നാളികേരോത്പാദനത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണയുടെ കയറ്റുമതി  വലിയ തോതിൽ വർദ്ധിപ്പിക്കുവാനുള്ള സാഹചര്യമാണുള്ളത്‌. വെളിച്ചെണ്ണ കയറ്റുമതി വർദ്ധിക്കുമ്പോൾ നമ്മുടെ കയറ്റുമതി വരുമാനം ഉയരും. അങ്ങനെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും വെളിച്ചെണ്ണയ്ക്ക്‌ വലിയ സാദ്ധ്യതയാണുള്ളത്‌. അടുത്തത്തായി ഇന്ത്യ ഇന്ന്‌ ഏറ്റവുമധികം ഇറക്കുമതിക്കായി ചിലവ്‌ ചെയ്യുന്നത്‌ പെട്രോളിയം ഉൽപന്നങ്ങൾക്കു വേണ്ടിയാണ്‌. ഡീസലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്നതുവഴി ഒരു പരിധിവരെ പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിയും അതുവഴി വിദേശനാണ്യ നഷ്ടവും കുറയ്ക്കുന്നതിന്‌ നമുക്ക്‌ കഴിയില്ലേ?

നിലവിലുള്ള തോട്ടങ്ങളിലെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും, തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി ഇന്ത്യയൊട്ടാകെ വ്യാപിപ്പിച്ചും ഇന്ത്യയിൽ ഇന്നുള്ള വെളിച്ചെണ്ണ ഉത്പാദനം അഞ്ചോ ആറോ മടങ്ങായി വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, ഉത്പാദനക്ഷമത കൂടിയ സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വൻ തോതിൽ കർഷക കൂട്ടായ്മകളിലൂടെ കർഷകരിലേക്ക്‌ എത്തിക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്‌. സാധാരണ നെടിയ ഇനം തെങ്ങിൽ നിന്ന്‌ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും ശരാശരി ഒന്നര ടൺ വെളിച്ചെണ്ണ ലഭിക്കുമ്പോൾ ഉത്പാദനക്ഷമത കൂടിയ സങ്കരയിനം തെങ്ങുകൾ 5.9 ടൺ വെളിച്ചെണ്ണ ഒരു ഹെക്ടറിൽ നിന്നും ഉത്പാദിപ്പിച്ച കണക്കുകൾ തമിഴ്‌നാട്ടിൽ നിന്നും ലഭ്യമാണ്‌. 1.5 ൽ നിന്ന്‌ 6 ടണ്ണിലേക്കുള്ള ഉത്പാദനക്ഷമതയുടെ കുതിച്ചുചാട്ടത്തിലൂടെ ന്യായവും ലാഭകരവുമായ വില തേങ്ങയ്ക്കും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും കർഷകർക്ക്‌ ലഭ്യമാക്കുകയെന്നത്‌ അസാദ്ധ്യകാര്യമല്ല. ഉത്പാദനശേഷി വളരെയധികം കൂടിയ ദശലക്ഷക്കണക്കിന്‌ സങ്കരയിനം തൈകൾ ഉത്പാദിപ്പിച്ച്‌ 3 വർഷംകൊണ്ട്‌ ഉത്പാദനം വർദ്ധിപ്പിക്കുവാൻ സശ്രദ്ധം പ്ലാൻ ചെയ്ത ഒരു പദ്ധതി ആവിഷ്ക്കരിക്കണം എന്നുമാത്രമേയുള്ളൂ. വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‌, പ്രത്യേകിച്ച്‌ വിദേശനാണ്യം സമാഹരിക്കുന്നതിനുതകുന്ന ഒരു കൃഷിയാണിതെങ്കിൽ തീർച്ചയായും വെളിച്ചെണ്ണയേയും തെങ്ങിനേയും ഇന്നത്തേക്കാൾ ഗൗരവമായി കാണേണ്ടതുണ്ട്‌.
നിലവിൽ സസ്യഎണ്ണകൾ വിവിധ പ്രദേശങ്ങളിൽ ഊർജ്ജസ്രോതസ്സായി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്‌. ഒരു ഹെക്ടറിൽ നിന്ന്‌ ഒരുവർഷം ഏറ്റവുമധികം സസ്യഎണ്ണ സ്ഥിരമായി നൽകാൻ കഴിയുന്ന വിളകളിൽ ഒന്നാംസ്ഥാനം തെങ്ങിന്‌ തന്നെ. ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട പാമോയിൽ ഉത്പാദനം ഒരു ഹെക്ടറിന്‌ ശരാശരി 3.3 ടൺ ആയിരിക്കേ, മികച്ചയിനം തെങ്ങിൽ നിന്ന്‌ 6 ലക്ഷം ടൺ വെളിച്ചെണ്ണ ഹെക്ടറൊന്നിന്‌ ഒരുവർഷം ഉത്പാദിപ്പിക്കുവാൻ കഴിയുമെങ്കിൽ വെളിച്ചെണ്ണയുടെ അനന്തസാദ്ധ്യതകളെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മറ്റ്‌ എണ്ണക്കുരുക്കളെ അപേക്ഷിച്ച്‌ ദീർഘകാല വിളയെന്ന നിലയിൽ കർഷകർക്ക്‌ സ്ഥിരവരുമാനമാർഗ്ഗമായും  ഊർജ്ജസ്രോതസ്സിനുള്ള കൃഷിയെന്ന നിലയിലും തെങ്ങുകൃഷിയെ സ്വീകരിക്കേണ്ടതുണ്ട്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടേയും നല്ല മെക്കാനിക്കൽ എഞ്ചിനീയറിംഗ്‌ വിഭാഗങ്ങളുള്ള എഞ്ചിനീയറിംഗ്‌ കോളേജുകളുടേയും ശ്രദ്ധ ഈ രംഗത്തേക്ക്‌ ആകർഷിക്കുകയാണ്‌. ഊർജ്ജം അഥവാ ഇന്ധനം മാസം തോറും കൃഷി ചെയ്ത്‌ വിളവെടുക്കാവുന്ന ഒരു വിളയായി തെങ്ങിനെ കണ്ടാൽ തെങ്ങുകൃഷി ആദായകരമാക്കുന്നതിനു കഴിയും. ഊർജ്ജപ്രതിസന്ധി പരിഹരിക്കുന്നതിനും അതുവഴി വിദേശനാണ്യനഷ്ടം സംരക്ഷിക്കുന്നതിനും കൂടുതൽ വിദേശനാണ്യം നേടിത്തരുന്നതിനും ഇല്ലാതായികൊണ്ടിരിക്കുന്ന ഫോസിൽ ഇന്ധനസമ്പത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുമെല്ലാം സഹായകമാകുന്ന ഒരു യഥാർത്ഥ കൽപവൃക്ഷമായി തെങ്ങിനെ മാറ്റാൻ കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഊർജ്ജിത തെങ്ങു പുനരുജ്ജീവന പദ്ധതി വഴി ഇത്‌ സാദ്ധ്യമാക്കാവുന്നതേയുള്ളൂ.
ഇന്ന്‌ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പല മാർഗ്ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വെളിച്ചെണ്ണ ഇന്ധനമാക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളും ഭാവിയിൽ ഉണ്ടാകുമെന്നുള്ളത്‌ ഉറപ്പാണ്‌. പാരമ്പര്യേതര ഊർജ്ജവകുപ്പിന്റെ സബ്സിഡിയും 'കാർബൺ ക്രെഡിറ്റു'വഴി ലഭ്യമാക്കാവുന്ന അന്താരാഷ്ട്ര സഹായവും ലഭിച്ചാൽ വെളിച്ചെണ്ണയിൽ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള വൈദ്യുതി വിലയോട്‌ കിടപിടിക്കുന്ന ഒന്നായിരിക്കും. അങ്ങനെയെങ്കിൽ എന്തുകൊണ്ട്‌ വൈദ്യുതിക്കുവേണ്ടിയും കൃഷിചെയ്യുന്ന ഒരു വിളയായി തെങ്ങിനെ കണ്ടുകൂടാ? ഇതിന്‌ ലഭ്യമാക്കാൻ കഴിയുന്ന അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിലുള്ള സഹായങ്ങൾ നമുക്ക്‌ നേടിയെടുക്കാൻ സാധിച്ചാൽ തെങ്ങുകൃഷി തീർച്ചയായും ഭാവിയുടെ വാഗ്ദാനം തന്നെയാകും.

മുമ്പ്‌ നാം കർഷകരുടെ സിപിഎസുകളും ഫെഡറേഷനുകളും ഉത്പാദക കമ്പനികളും മുഖേന മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തെക്കുറിച്ചാണ്‌ ചിന്തിച്ചിരുന്നതെങ്കിൽ ഇന്ന്‌ നമ്മുടെ ഓരോ ജില്ലയിലുമുള്ള ഉത്പാദക കമ്പനികൾ 100 മേഗാവാട്ട്‌ വൈദ്യുതിവീതം വെളിച്ചെണ്ണ ഉപയോഗിച്ച്‌ ഉത്പാദിപ്പിക്കുന്ന യൂണിറ്റിനെ സ്വപ്നം കണ്ടുകൂടേ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും തുടക്കത്തിലേയുള്ള സഹായവും ലഭ്യമാക്കിയാൽ ഇത്‌ അസാദ്ധ്യമായ ഒന്നല്ല. ഇന്ത്യയിൽ ഓടുന്ന ഡീസൽ കാറുകളുടെ ഡീസൽ ഉപഭോഗത്തിൽ 10 മുതൽ 20 ശതമാനം വരെ വെളിച്ചെണ്ണ ഉപയോഗിക്കാൻ കഴിയുകയോ നിലവിൽ ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 20 ശതമാനം വെളിച്ചെണ്ണയിലേക്ക്‌ പരിവർത്തനം നടത്താൻ സാധിക്കുകയോ ചെയ്താൽ എത്രയോ മാറ്റങ്ങളാണ്‌ നമുക്ക്‌ ഈ മേഖലയിൽ ഉണ്ടാക്കുവാൻ കഴിയുക.

ഈ ലക്കത്തിൽ ഇത്തരം സാദ്ധ്യതകളെക്കുറിച്ചും, വിവിധ ശാസ്ത്ര, ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പരീക്ഷണ, നിരീക്ഷണങ്ങളെക്കുറിച്ചും വിവിധ വിദേശരാജ്യങ്ങളിൽ ഈ രംഗത്ത്‌ നടന്നിട്ടുള്ള മുന്നേറ്റങ്ങളെക്കുറിച്ചുമൊക്കെ കർഷകർക്ക്‌ അറിവ്‌ പകരുന്ന ലേഖനങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ കൽപവൃക്ഷമെന്നറിയപ്പെട്ടിരുന്നതും ഇന്ന്‌ അവഗണനയുടെ കയ്പുനീർ കുടിക്കുന്നതുമായ കേരവൃക്ഷത്തെ ഭാവി ഊർജ്ജത്തിന്റെ സുരക്ഷിത ഖാനിയായും, നവീകരണ ഊർജ്ജത്തിന്റെ  അക്ഷയഖനിയായും കാണുന്നതിന്‌ നമുക്ക്‌ സാധിക്കട്ടെ എന്ന്‌ ആശംസിക്കുകയാണ്‌. ഊർജ്ജത്തിന്‌ കൃഷി ചെയ്യുന്ന വിളയെന്ന നിലയ്ക്കും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത, ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുന്ന സസ്യഎണ്ണ സ്രോതസ്സ്‌ എന്ന നിലയിലും, ഊർജ്ജപ്രതിസന്ധിക്ക്‌ ഒരു പരിഹാരമെന്ന നിലയിലും തീർച്ചയായും തെങ്ങിന്‌ ഒരു പുനഃപ്രതിഷ്ഠ ആവശ്യമുണ്ട്‌. ഗൾഫ്‌ മേഖലയിലേയും മറ്റ്‌ രാജ്യങ്ങളിലേയും എണ്ണ ഖനികൾ വരണ്ടു തുടങ്ങിയിരിക്കുകയാണ്‌. ഊറ്റിയെടുക്കുന്തോറും കുറഞ്ഞുവരുന്നതാണ്‌ എണ്ണയുടെ ഉറവിടം. കൃഷി ചെയ്തെടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഇന്ധനങ്ങൾ സുസ്ഥിരമായ ഊർജ്ജ ഖനികളാണ്‌. 10 ഏക്കർ തെങ്ങിൻ തോപ്പിൽ നിന്നും 50 വർഷക്കാലം ഒരു വലിയ എണ്ണക്കിണറിൽ നിന്നും ലഭിക്കുന്നതിന്റെ പല മടങ്ങ്‌ ഊർജ്ജം ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന അറിവിനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കെത്തിക്കാൻ കഴിഞ്ഞാൽ തെങ്ങിൻതോപ്പുകൾ ഭാവിയിലെ എണ്ണപ്പാടങ്ങളായി മാറുമെന്നതിൽ സംശയമില്ല!
നമ്മുടെ ഉത്പാദക കമ്പനികളും ഫെഡറേഷനുകളുമെല്ലാം ഈ രംഗത്തേക്കുകൂടി മാറിച്ചിന്തിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
   

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...