27 Apr 2013

അഞ്ചാംഭാവം

ജ്യോതിരമായി  ശങ്കരൻ 
 മനസ്സിലാക്കപ്പെടേണ്ടവൾ സ്ത്രീ

ചിലപ്പോൾ വല്ലാതെ വേദനിപ്പിക്കുന്നവാർത്തകൾ മനസ്സിൽ മായാതെ നിൽക്കും. ഒരടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ വ്യക്തിയുടെ സഹോദരിയുടെ മരണവാർത്തകേട്ടപ്പോൾ സ്വാഭാവികമരണമെന്നേ കരുതിയുള്ളൂ. പക്ഷേ 30-35 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പിന്നീടാണറിഞ്ഞത്. വിവാഹശേഷം തമിഴ് നാട്ടിലായിരുന്നു. ഒരു മകളും ഉണ്ട്. അസുഖങ്ങളും അസംതൃപ്തിയും ആത്മഹത്യക്കു കാരണമാകുമെന്നു പോലും തോന്നിയില്ല. ബന്ധുക്കളെത്തുന്നതിനുമുൻപു തന്നെ ശവസംസ്ക്കാരം നടത്തുമെന്നറിഞ്ഞപ്പോൾ ഏറെ താണു കേണതു കൊണ്ട് മാത്രം സഹോദരനു ഒരു നോക്കു കാണാനായത്രെ. മരണത്തിലെ അസ്വാഭാവികത സാധാരണ ഗതിയിൽ പോലീസിന്റെ ശ്രദ്ധയിൽ‌പ്പെടുത്തണമെന്ന വാദം നാട്ടു പഞ്ചായത്തു കൂടി തള്ളിക്കളഞ്ഞു. കൂടുതൽ തർക്കിക്കാനാകാതെ മടങ്ങി വന്ന സഹോദരന് ഒരു പക്ഷേ സഹോദരിയുടെ നഷ്ടത്തേക്കാളേറെ അവൾക്കായി നീതി നൽകാനായില്ലെന്ന സങ്കടം ജീവിതകാലം മുഴുവനും മനസ്സിലുണ്ടാകാതിരിയ്ക്കുമോ? ആരുടെ നേർക്കു വിരൽ ചൂണ്ടും? ആരുണ്ട് മറുപടി പറയാൻ? ഗ്രാമ പഞ്ചായത്തിനെ എതിർക്കാൻ ആരുടെയും ശബ്ദമുയരാത്ത ഇത്തരം എത്രയോ പ്രദേശങ്ങൾ ഇന്നും സ്ത്രീയുടെ അഭിശാപമായി നിലനിൽക്കുന്നു. എന്തു കൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമാകുന്നത്? ആരാണിതിനുത്തരവാദി? ഇവിടത്തെ നീതിയും നിയമവും എന്തെ ഇത്തരം അതിക്രമങ്ങൾക്കെതിരെ കണ്ണടയ്ക്കുന്നത്? വ്യക്തികളെ കുറ്റക്കാരനായി ചൂണ്ടിക്കാട്ടേണ്ടുന്ന സമൂഹം തന്നെ സ്വാർത്ഥതാൽ‌പ്പര്യങ്ങൾക്കടിമപ്പെടുമ്പോൾ വേദനിയ്ക്കുന്ന മനസ്സു കാണാൻ ആരുമില്ലാതാവുന്നു.

സമൂഹത്തിൽ എന്നും പുഴുക്കുത്തലുകൾ കാണപ്പെട്ടിരുന്നു. സ്ത്രീ എന്നും വേദന അനുഭവിച്ചിരുന്നു. പക്ഷെ അന്നൊന്നും തന്നെ തോന്നാതിരുന്ന ഒരു അരക്ഷിതവസ്ഥയിലാണിപ്പോൾ എന്നു തോന്നിത്തുടങ്ങിയിരിയ്ക്കുന്നു. “പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ ,പുത്രോ രക്ഷതി വാർധക്യേ, ന സ്ത്രീ സ്വാതന്ത്രമർഹതി", എന്ന പഴയ വരികൾ ഇപ്പോൾ പഴയതിലധികം വ്യാഖ്യാനമർഹിയ്ക്കുന്നു. സ്ത്രീയ്ക്ക് സ്വാതന്ത്ര്യമില്ലെന്നു മാത്രമല്ല, ജീവിതത്തിന്റെ ഓരോ ദശയിലും സ്ത്രീയ്ക്കു തുണയാകേണ്ടവർ അതിനെ ദുരുപയോഗപ്പെടുത്തുന്ന കാഴ്ച്ചകളാണെങ്ങും. സ്വരക്ഷയ്ക്കപ്പുറം മറ്റൊന്നു കാണാനാകുന്നില്ല. ഒരർത്ഥത്തിൽ രക്ഷകനെ പുറന്തള്ളാൻ സ്ത്രീയ്ക്കൊരിയ്ക്കലും കഴിയാനാകാത്തതു തന്നെയാകാം അവളുടെ ദൌർബല്യം. തനിയ്ക്കു വേണ്ടി ജീവിയ്ക്കാനവൾ അതിനാലല്ലേ മറന്നു പോകുന്നതും.

അഭ്യസ്തവിദ്യയായ സ്ത്രീ എന്തേ ഇത്തരം ശാപങ്ങൾക്കടിമപ്പെടുന്നുവെന്നത് ചിന്തനീയം തന്നെ. കുടുംബവും മനുഷ്യബന്ധങ്ങളും തീർക്കുന്ന വലകൾക്കിടയിലവൾ കുടുങ്ങിപ്പോകുന്നു. അറിഞ്ഞും അറിയാതേയും തലയിലേറ്റുന്ന ചുമടുകൾക്കു ഭാരം വർദ്ധിയ്ക്കുന്നതവൾ അറിയുന്നേയില്ല. മറിച്ച് ഭാരം കൂടും തോറും അവൾക്കഭിമാനം കൂടുന്നതേയുള്ളൂ. സ്ത്രീയുടെ യഥാർത്ഥരൂപമാണിത്. ഈ പ്രയാണത്തിന്നിടയിലുള്ള പതനങ്ങളും ഏൽക്കുന്ന ക്ഷതങ്ങളും അവൾ പുഞ്ചിരിയോയ്ടെ നേരിട്ടെന്നും വരാം. പക്ഷേ പെണ്ണായിപ്പിറന്നെന്ന തെറ്റുകൊണ്ടുമാത്രം പിച്ചിച്ചീന്തപ്പെടുമ്പോഴോ?  . കരച്ചിലാവരുത് ഇവിടെ ആയുധം. ഇവിടെവേണ്ടത് ധൈര്യം തന്നെ. അതു നേടാനുള്ള വഴികളെ കണ്ടെത്തുകതന്നെയാവണം അവളുടെ ലക്ഷ്യം. നീതിയും നിയമവും മനോധൈര്യവും ഒത്തുചേർന്നിരുന്നെങ്കിൽ  ഒരുപക്ഷേ തമിഴ് നാട്ടിലെ മുൻപറഞ്ഞ ദാരുണമരണം ഒഴിവാക്കാവുന്ന ഒന്നായി മാറിയേനെ. സ്ത്രീയായി ജനിച്ചതിലെ സങ്കടത്തെ സ്ത്രീയായി ജനിച്ചതിലെ സന്തോഷമായി മാറ്റിയെടുക്കാമായിരുന്നേനെ.....എന്നിട്ടു നമുക്ക്  ഓസ്ക്കാർ വൈൽഡിന്റെ “സ്നേഹിയ്ക്കപ്പെടേണ്ടവളാണ് സ്ത്രീ, മനസ്സിലാക്കപ്പെടേണ്ടവളല്ല” എന്ന വരികളെ തിരുത്തിയെഴുതാം.കാരണം, അവൾ ശരിയ്ക്കും മനസ്സിലാക്കപ്പെടേണ്ടവൾ തന്നെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...