സണ്ണി തായങ്കരി
അൽപം
മുന്നോട്ടുചെന്നപ്പോൾ അതാ, മറ്റൊരു ഭീമൻ വൃക്ഷം കടപുഴകി ആദ്യത്തേതിന്റെ
അതേ അവസ്ഥയിൽ കിടക്കുന്നു! ആ കാഴ്ച അവരെ അത്ഭുതസ്തബ്ധരാക്കി. ഒട്ടകങ്ങൾ
വീണ്ടും നിശ്ചലമായി. ഭൃത്യന്മാർ മുഖത്തോടുമുഖം നോക്കി. മുന്നിലും പിന്നിലും
കടപുഴകിയ വൻമരങ്ങൾ...! ഈ മാർഗതടസ്സത്തിന്റെ കാരണം എത്ര ആലോചിച്ചിട്ടും
ഇസഹാക്കിന് മനസ്സിലായില്ല.
അയാൾ അങ്ങനെ വിഷണ്ണനായി നിൽക്കുമ്പോൾ അരുവിക്ക് കുറുകെകിടന്ന
വൃക്ഷത്തിന്റെ മധ്യത്തിലിരുന്ന് ചൂണ്ടയിടുന്ന ഒരാളെകണ്ടു. ചൂണ്ടയിൽ കോർത്ത
പാമ്പിന്റെ ആകൃതിയിലുള്ള ഒരു വലിയ മത്സ്യത്തെ അപ്പോൾ അയാൾ
വലിച്ചെടുക്കുകയായിരുന്നു. സൂക്ഷ്മദൃശ്യത്തിൽ ചൂണ്ടലിൽ കോർത്തത്
മത്സ്യമല്ലെന്നും മനുഷ്യർ ഉപയോഗിക്കാത്ത ഏതോ ജലജീവിയാണെന്നും ഇസഹാക്കിന്
മനസ്സിലായി. അയാൾ നോക്കിനിൽക്കേ ചൂണ്ടക്കാരൻ നീളമേറിയ ആ ജലജീവിയെ
വയലിലേക്ക് വലിച്ചെറിഞ്ഞു. ചോളം വിളഞ്ഞുകിടന്ന വയലിൽ അത് ചെന്നുപതിച്ചു.
പിന്നത്തെ കാഴ്ച പരിഭ്രാന്തി ഉളവാക്കുന്നതായിരുന്നു. ആ ജലജീവി
ചെന്നുപതിച്ചിടത്ത് അഗ്നിപടരുന്നു...!
അവരുടെ തൊണ്ടകളിൽ ഭീതിയുടെ അപസ്വരങ്ങൾ കുരുങ്ങിക്കിടന്നു.
ചൂണ്ടക്കാരൻ
വീണ്ടും മീൻ പിടിക്കാനുള്ള ശ്രമത്തിലാണ്. ഇസഹാക്ക് അയാളെ
സൂക്ഷിച്ചുനോക്കി. സാധാരണ മനുഷ്യർക്കില്ലാത്ത ഒരു പ്രത്യേകത അയാളിലില്ലേ?
രൂപം മനുഷ്യന്റേതുതന്നെ. പക്ഷേ...
ഇസഹാക്ക് ഓടി അയാളുടെ അടുത്തെത്തി. അപ്പോഴേക്കും അയാളുടെ ചൂണ്ടയിൽ
വലിയൊരു മത്സ്യം ഉടക്കിയിരുന്നു. അയാൾ ചൂണ്ട വലിച്ചെടുത്തു. റെബേക്കാ
എന്നും തന്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ള തനിക്കേറ്റവും ഇഷ്ടമുള്ള
സ്വാദിഷ്ടമായ മത്സ്യം!
"പ്രഭോ... അങ്ങാരാണ്?"
ഇസഹാക്കിന് അപ്പോഴും
പരിഭ്രമമായിരുന്നു. അതിന് മറുപടി നൽകാതെ ചൂണ്ടക്കാരൻ മത്സ്യവുമായി
കരയിലേക്കിറങ്ങിച്ചെന്നു. അത് ഇസഹാക്കിന് സമ്മാനിച്ചു.
"ഇത് നിനക്കുള്ളതാണ്. നിന്റെ ഭാര്യ റെബക്കയുടെ കയ്യിൽ കൊടുക്കുക. നിന്റെ അത്താഴത്തിനായി അവളിത് ഒരുക്കും."
തന്റെ ഭാര്യയുടെ പേരുപോലും അറിയുന്ന ഇയാൾ...!
"പക്ഷേ, പ്രഭോ... അടിയൻ ഒരു നീണ്ടയാത്രയിലാണ്. മടങ്ങിവരാൻ ദിവസങ്ങൾ കഴിയും."
"ആദ്യം ചൂണ്ടയിൽ കോർത്ത ഭക്ഷണയോഗ്യമല്ലാത്ത ജലജീവിയെ നീ കണ്ടതല്ലേ?"
"അതേ പ്രഭോ. അങ്ങത് വയലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അവിടെ തീ പടരുന്നതുകണ്ടു."
"അതിൽനിന്ന് ഇസഹാക്കായ നിനക്കെന്തുമനസ്സിലായി?"
ചോദ്യത്തിനു
മുന്നിൽ ഇസഹാക്ക് പതറി. തന്റെ പേരും ഇയാൾ മനസ്സിലാക്കിയിരിക്കുന്നു! ആ
വാക്കുകളിൽ മേധാശക്തിയുണ്ട്. അയാളിൽനിന്നും പ്രകാശം പ്രസരിക്കുന്നത്
ഇസഹാക്ക് കണ്ടു. അത് കർത്താവിന്റെ ദൂതനാണെന്ന് തത്ക്ഷണം തിരിച്ചറിഞ്ഞു.
"എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമായ കർത്താവിന്റെ ദൂതനായ അങ്ങ് എനിക്ക് നേർവഴി കാണിച്ചുതരേണമേ..." ഇസഹാക്ക് യാചിച്ചു.
"ചൂണ്ടയിൽ ആദ്യം കോർത്തത് ഉപയോഗശൂന്യമായതാണ്. അത് നിനക്കുള്ളതല്ല. കർത്താവ് നിനക്കായി ഒരുക്കുന്നത് നല്ല ഫലങ്ങൾ മാത്രമാണ്."
"പ്രഭോ. അങ്ങ് അടിയനോട് കരുണ കാണിക്കണം. വ്യക്തമായി പറയണം."
"നിന്റെ ഈ യാത്ര അനുചിതമാണ്. കർത്താവിന്റെ തിരുഹിതത്തിന് എതിരും."
ദൂതന്റെ പ്രഖ്യാപനത്തിൽ ഇസഹാക്ക് നിരാശനായി.
"പ്രഭോ അടിയന് പിൻഗാമിയായി ഒരു കുഞ്ഞ്... റെബേക്കയെ ഭാര്യയായി
സ്വീകരിച്ചതിനുശേഷം പതിനെട്ട് സംവത്സരങ്ങൾ കഴിഞ്ഞിട്ടും... വന്ധ്യയായ
റെബേക്കാ ഇനി പ്രസവിക്കില്ല." അയാൾ സ്ഥിരതയില്ലാത്തവനെപ്പോലെ പുലമ്പി.
"നിന്റെ തീരുമാനങ്ങളും വിചാരങ്ങളും മാനുഷികമാണ്. ദൈവത്തിന്റെ പദ്ധതിയെന്തെന്ന് അറിയാൻ ശ്രമിക്കൂ."
ദൂതന്റെ വാക്കുകൾ ഇസഹാക്കിനെ നിശബ്ദനാക്കി.
"നിന്റെ പിതാവായ അബ്രാഹത്തോട്ചെയ്ത വാഗ്ദാനം കർത്താവ് മറന്നിട്ടില്ല. താൻ സ്നേഹിക്കുന്നവരെ അവിടുന്നു കൈവിടുകയുമില്ല."
"എന്റെ പിതാവിനെപ്പോലെ ഞാനും മറ്റൊരു സ്ത്രീയെ പ്രാപിക്കണമെന്നാണോ അങ്ങ്..."
"അല്ല.
ദൈവഹിതത്താലല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് നീ മനസ്സിലാക്കുക.
ഹാരാറിനെ പ്രാപിക്കാൻ നിന്റെ മാതാവായ സാറാ അബ്രാഹത്തോട് അപേക്ഷിച്ചതു
കർത്താവിന്റെ തിരുഹിതമനുസരിച്ചായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവനായ
അബ്രാഹത്തിന് ജനിക്കാനിരിക്കുന്ന വാഗ്ദത്ത സന്തതിയുടെ വംശപരമ്പരയ്ക്ക്
ബദലായും വെല്ലുവിളിയായും മറ്റൊരു ജനതതി കൺമുൻപിൽ ഉണ്ടാകുന്നതിനുവേണ്ടി."
"പ്രഭോ, അടിയനൊന്നും മനസ്സിലാകുന്നില്ല."
"ഇസ്മായേലിന്റെ
വഴികൾ നിന്നിൽനിന്ന് വ്യത്യസ്തമാണ്. മറ്റാരോടും
മത്സരിക്കാനില്ലാത്തത്താണ് നിന്റെ വംശമെങ്കിൽ പിൻഗാമികൾ അലസരും
മടിയൻമാരുമായിത്തീരും. അങ്ങനെയെങ്കിൽ കർത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട
സമൂഹം ലക്ഷ്യബോധം നഷ്ടപ്പെട്ടവരായി മാറും. ഇസ്മായേലിന്റെ വാശിയും
വൈരാഗ്യവും അവന്റെ വംശത്തെ മാത്രമല്ല; അതിനെ നേരിടുന്ന നിന്റെ
പിൻതലമുറകളെയും പുരോഗതിയിലേക്കുനയിക്കും."
"പ്രഭോ അങ്ങനെയെങ്കിൽ എനിക്കൊരു സന്തതിയെ നൽകാൻ കർത്താവിന് കഴിയില്ലേ?"
ഇസഹാക്കിന്റെ നിഷ്കളങ്കമായ ചോദ്യം ദൂതനെ പ്രകോപിപ്പിച്ചില്ല. ദൂതൻ മന്ദഹസിക്കുകമാത്രം ചെയ്തു.
"റെബേക്കാ ഇനി പ്രസവിക്കുമോ...?"
"കർത്താവിനുകഴിയാത്തത് എന്താണ്? വന്ധ്യയായ സാറാ നിന്നെ പ്രസവിച്ചപ്പോൾ അവർ
ക്ക് തൊണ്ണൂറുവയസ്സായിരുന്നു. അബ്രാഹമിന് നൂറും."
ഇസഹാക്കിന്റെ മിഴികളിൽ കനലാട്ടമുണ്ടായി.
"കർത്താവ്
തെരഞ്ഞെടുത്തത്താണ് നിന്നെ. ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും ഭൂമിയിലെ
മണൽത്തരികൾപോലെയും സന്തതികളെ നൽകുമെന്ന് അബ്രാഹത്തോട് അരുൾചെയ്ത ദൈവം
നിന്നെയും അതേ വാഗ്ദാനത്തിന് ഉടമയാക്കിയിരിക്കുന്നു. റെബേക്കാ നിനക്ക്
സന്താനങ്ങളെ നൽകും."
ഇസഹാക്ക് മുട്ടുകുത്തി കണ്ണുകളടച്ച് ദൈവത്തിന് നന്ദിപറഞ്ഞു. മിഴികൾ
തുറക്കുമ്പോൾ ദൂതൻ അപ്രത്യക്ഷണായിരുന്നു. അപ്പോൾ ഇരുവശങ്ങളിലും കടപുഴകി
അരുവിക്കുമീതെ കിടന്ന വൃക്ഷങ്ങൾ കണ്ടില്ല. പടിഞ്ഞാറ് സൂര്യൻ ഓറഞ്ചുനിറമായി
മാറിയിരുന്നു. ഇസഹാക്കും പരിജനവും കൂടാരത്തിലേക്ക് മടങ്ങി.
ഇസഹാക്കിന്റെ വാക്കുകൾ റെബേക്കയിൽ പുതിയൊരു പ്രതീക്ഷയുടെ പ്രകാശം
നിറച്ചു. ഒരിക്കൽപോലും ജീവന്റെ തുടിപ്പനുഭവിക്കാത്ത ഗർഭപാത്രവുമായി
ജീവിക്കുന്ന ഏതു സ്ത്രീയെയും കോരിത്തരിപ്പിക്കുന്ന വാക്കുകൾ...!
വന്ധ്യയെന്ന് മുദ്രകുത്തപ്പെട്ടവളുടെ ഗർഭഗൃഹത്തിന് ഒരു ശിശുവിന് ജന്മം
നൽകാൻ കഴിയുമെന്ന അറിവ് അവളിലെ ഓരോ കോശങ്ങളിലും പുളകമായി. ആഹ്ലാദത്തിന്റെ
മൂർത്തഭാവമായി മാറി അവൾ. ശിശുവിനെ പ്രസവിക്കും മുൻപ് മാതൃത്വം ഫലമണിഞ്ഞ
പ്രതീതി! മഴത്തുള്ളികൾ പതിക്കും മുൻപ് ഉഗ്രതാപത്താൽ വിണ്ടുകീറിയ ഭൂമി
ഈർപ്പമണിഞ്ഞതുപോലെ... വരാനിരിക്കുന്ന വസന്തം ഉർവരതയുടെ ഉത്സവങ്ങൾ
ഉത്ഘോഷിക്കുംപോലെ...!
കർത്താവ് വലിയവനും കൃപാനിധിയുമാണെന്ന് പിതാവായ ബത്തുവേലിന്റെ
ഭവനത്തിൽനിന്നും യാത്ര തിരിച്ചപ്പോൾതന്നെ ബോധ്യപ്പെട്ടതാണ്. ദൈവത്തിന്റെ
തെരഞ്ഞെടുക്കപ്പെട്ടവന്റെ ഭവനത്തിന്റെ കാവൽക്കാരിയായ താനും അവിടുത്തേക്ക്
പ്രിയപ്പെട്ടവളാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞു. അവസാനമിതാ, വന്ധ്യയായ തന്നെ
മാതൃത്വത്തിന്റെ കിരീടമണിയിക്കുമെന്ന് അറിയിച്ച് അവിടുന്ന്
അനുഗ്രഹിച്ചിരിക്കുന്നു. മഹത്തായ ഒരു വംശസംസ്കൃതിയുടെ നേർഅവകാശിയായി താൻ
അംഗീകരിക്കപ്പെടുന്നു!
ദൈവഹിതമറിയാതെ തെറ്റായ വഴിയിലേക്ക് സ്വന്തം തീരുമാനപ്രകാരം
സഞ്ചരിച്ചതിൽ ഇസഹാക്ക് മനംനൊന്ത് ദൈവത്തോട് മാപ്പപേക്ഷിച്ചു. അവിടുത്തെ
തിരുഹിതമറിയാതെ ഇനി തന്റെ ജീവിതത്തിൽ തീരുമാനങ്ങളില്ലെന്ന്
ദൃഢപ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഒരുനാൾ ഭൃത്യന്മാരോടൊപ്പം മെതിക്കളത്തിൽനിന്ന് മടങ്ങുമ്പോഴാണ് ഇസഹാക്ക് ആ വാർത്തയറിഞ്ഞത്. റബേക്കാ ഗർഭിണിയായിരിക്കുന്നു...!
അയാൾ
സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഭൃത്യന്മാരുടേയും അടിമകളുടേയും
ആഹ്ലാദത്തിന് അതിരില്ലായിരുന്നു. വന്ധ്യയായ യജമാനത്തി
ഗർഭിണിയായിരിക്കുന്നത് കർത്താവിന്റെ അനുഗ്രഹത്താലാണെന്ന് അവർ
അറിഞ്ഞിരുന്നു. അവളെ ശുശ്രൂഷിക്കാൻ അവർ മത്സരിച്ചു. റെബേക്കയെ അനങ്ങാൻപോലും
അവർ സമ്മതിച്ചില്ല. ഗർഭസ്ഥശിശുവിന് എന്തെങ്കിലും സംഭവിച്ചാലോയെന്ന
ഭയമായിരുന്നു അവർക്ക്. കുഞ്ഞെയജമാനനെ സുരക്ഷിതനായി പുറത്തുകൊണ്ടുവരേണ്ടത്
അവരുടെ കടമയാണല്ലോ. യജമാനത്തിയുടെ ഓരോ ചലനത്തിനും അവർ
നിർദേശവുമായിനിന്നു.
ഉദരത്തിൽ ശിശുവളരുംതോറും റെബേക്കയുടെ അസ്വസ്ഥത വർധിച്ചുവന്നു.
ഗർഭപാത്രത്തിലെ ശിശുവിന്റെ തട്ടും തൊഴിയും ഉദരഭിത്തിയിൽ ആഘാതമേൽപ്പിച്ചു.
മനസ്സിൽ ആനന്ദം നിറയുമ്പോഴും നിത്യേന വർധിച്ചുവരുന്ന ദ്രുതചലനങ്ങൾ അവളെ
ശാരീരികമായി തളർത്തി. അവളുടെ ദയനീയാവസ്ഥയിൽ ഇസഹാക്ക് ദുഃഖിച്ചു.
നാട്ടുവൈദ്യൻമാർ അപൂർവമായ പച്ചമരുന്നുകൾ കൊടുത്തെങ്കിലും അതൊന്നും
യാതൊരാശ്വാസവും നൽകിയില്ല.
എന്താണ് പ്രതിവിധിയെന്നറിയാൻ അവർ ബലിപീഠത്തിനുമുന്നിൽനിന്ന് കൈകൾ
വിരിച്ചുപിടിച്ച് നിരന്തരം പ്രാർത്ഥനാനിരതരായി. ഒരുനാൾ, ശക്തമായ വേദനയിൽ
പുളഞ്ഞപ്പോൾ രാത്രിയുടെ അന്ത്യയാമങ്ങളിലൊന്നിൽ ഇസഹാക്കിനോടൊപ്പം
ഉണർന്നിരുന്ന് റെബേക്കാ ഇങ്ങനെ പ്രാർത്ഥിച്ചു-
"ദൈവമായ കർത്താവേ, അങ്ങയുടെ ദാസനെപ്രതി വന്ധ്യയായ എന്നോട് അങ്ങ്
കരുണകാണിച്ചല്ലോ. എന്റെ മാതൃത്വം സഫലമാകുന്ന നിമിഷങ്ങൾക്കായി ഞാൻ
കാത്തിരിക്കുമ്പോഴും ഉദരത്തിലുള്ള ശിശുവിന്റെ പരാക്രമംമൂലം ഞാൻ
അസ്വസ്ഥയാകുന്നതും അസഹ്യമായ വേദന അനുഭവിക്കുന്നതും അങ്ങ് കാണുന്നുണ്ടല്ലോ.
ശിശുവിന്റെ കാൽ എന്റെ ഉദരഭിത്തി തുളച്ച് പുറത്തുവരുമോയെന്ന് ഞാൻ
ശങ്കിക്കുന്നു. എന്റെ ദൈവമെ, ഇവ്വിധമായാൽ ഞാനെങ്ങനെ ഈ ശിശുവിന് ജന്മമേകും?
എനിക്കതിന് ത്രാണിയുണ്ടാകുമോ...?"
ബലിപീഠത്തിന്റെ മധ്യത്തിൽ ഒരു പ്രകാശം ദൃശ്യമായി. അതിൽനിന്ന് ഒരു സ്വരം പുറപ്പെട്ടു-
"ഇസഹാക്കിന്റെ
പ്രിയപ്പെട്ടവളായ റെബേക്കാ, ഭയപ്പെടേണ്ട. നിനക്കൊന്നും സംഭവിക്കില്ല.
നിന്റെ ഉദരത്തിലുള്ളത് രണ്ടുവംശങ്ങളുടെ പ്രതിനിധികളാണ്. സമയത്തിന്റെ
പൂർണതയിൽ അവർ രണ്ടായി പിരിയും. ഒന്ന് മറ്റേതിനേക്കാൾ ശക്തമായിരിക്കും.
മൂത്തവൻ ഇളയവന് ദാസ്യവൃത്തി ചെയ്യും."
പ്രകാശം അപ്രത്യക്ഷ്യമായപ്പോൾ ഇസഹാക്കും റെബേക്കയും തറപറ്റെ താണുവണങ്ങി ദൈവത്തിന് നന്ദിപറഞ്ഞു.
ഒന്നിനുപകരം
രണ്ടു ശിശുക്കളാണ് റെബേക്കയുടെ ഉദരത്തിലുള്ളതെന്ന് ദൈവം അറിയിച്ചപ്പോൾ
ഇസഹാക്കിനും റെബേക്കയ്ക്കും സന്തോഷം അടക്കാനായില്ല. സന്താനലബ്ധിക്കുവേണ്ടി
സംവത്സരങ്ങൾ കാത്തിരുന്ന് നിരാശയുടെ പടുകുഴിയിലേക്ക് താഴ്ത്തപ്പെട്ട
തങ്ങൾക്ക് ദൈവം നൽകിയ അനുഗ്രഹം അവർ ചാർച്ചക്കാരെ വിളിച്ചുകൂട്ടി
അറിയിച്ചു.
പൂർണ ഗർഭിണിയായ റെബേക്കാ അവശതയിൽ കഴിയുമ്പോഴും ഉദരത്തിൽ ശിശുക്കൾ
പരാക്രമത്തിലായിരുന്നു. ഉദരം പിളർക്കുന്ന വേദനയിലും ദൈവത്തിന്റെ വാക്കുകൾ
റെബേക്കയ്ക്ക് ശക്തി പകർന്നു.
പ്രസവദിനമെത്തി. ആദ്യം
പുറത്തുവന്നശിശുവിന്റെ നിറം ചുവപ്പായിരുന്നു. അവന്റെ ശരീരം മുഴുവൻ രോമം
നിറഞ്ഞിരുന്നു. രണ്ടാമത് പുറത്തുവന്നത് ഒരു സാധാരണ ശിശുവും. ആദ്യം
പുറത്തുവന്നവന്റെ കുതികാലിൽ രണ്ടാമൻ പിടിച്ചിരുന്നു.
ആദ്യത്തെ ശിശുവിന് അവർ ഏസാവ് എന്നുപേരിട്ടു. രണ്ടാമന് യാക്കോവേന്നും.