എന്റെ ഹിമാലയ യാത്ര 13.

പ്രഫുല്ലൻ  തൃപ്പൂണിത്തുറ
'രാമേശ്വര'മെന്ന അത്ഭുതപ്രതിഭാസത്തിലൂടെ

തീർത്ഥാടകർ 'കാശി-രാമേശ്വരം' എന്നു ചേർത്തുപറയുമ്പോൾ തൊട്ടടുത്ത പ്രദേശങ്ങളാണെന്നു തോന്നും. ഉത്തർപ്രദേശത്തിലും തമിഴ്‌നാട്ടിലുമായി രണ്ടു സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനുകിലോമീറ്റർ അകലത്തിലായാണ്‌ ഈ രണ്ടു പുണ്യസ്ഥലങ്ങളും സ്ഥിതിചെയ്യുന്നത്‌. പിതൃകർമ്മങ്ങൾക്കു ഒരേപോലെ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാകണം ഇങ്ങിനെ ഒരുമിച്ചു പറഞ്ഞുപോകുന്നത്‌.
രാമേശ്വരം, തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ മധുരയിൽ നിന്നും ഏകദേശം 167 കി.മീറ്റർ തെക്കുകിഴക്കായാണു സ്ഥിതിചെയ്യുന്നത്‌. ബംഗാൾ ഉൾക്കടലിന്റെ തീരത്താണു രാമേശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഇവിടത്തെ സമുദ്രതീരത്തിനു ഈ ലേഖകനു ഒരു പ്രത്യേകത അനുഭവപ്പെട്ടു. ഇപ്പോഴത്തെ യാത്രയിലും, കുറച്ചുവർഷങ്ങൾക്കുമുമ്പ്‌ ആദ്യയാത്രയിലും. തീരത്തുഗർജ്ജിക്കുന്ന തിരമാലകളില്ല. വലിയ ഒരു അനക്കംമാത്രം! തെളിനീരിൽ താഴെ അടിത്തട്ടിലെ കല്ലും മണലും തുണിക്കഷണങ്ങളുമൊക്കെ മുകളിൽ നിന്നുതന്നെ കാണാം. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ധൈര്യമായി സമുദ്രസ്നാനത്തിനിറങ്ങി. സമുദ്രസ്നാനം ആസ്വദിച്ചു മറ്റുബീച്ചുകളിലേപ്പോലെ ഭ്രാന്തൻ തിരമാലകൾ തലയിലും ദേഹത്തും തട്ടുന്നേയില്ല!
രാമേശ്വരം ക്ഷേത്രത്തിൽ ദർശനവും അവിടെ പ്രധാനമായ പിതൃകർമ്മാദികളും ചെയ്തു. ഒരുകാര്യം പറയാം. പിതൃശാപമുണ്ടെന്നു മനസ്സിലാക്കി ഇവിടെ പ്രതിവിധികൾക്കെത്തുന്ന ആയിരക്കണക്കിനു ഭക്തരെ വട്ടംകറക്കുന്ന കോക്കസുകളും ദല്ലാളുകളും ഈ ക്ഷേത്രപരിസരത്തു സദാവിലസുന്നുണ്ട്‌. 22 ചെറിയ കിണറുകൾ ഈ ക്ഷേത്രപരിസരത്തുണ്ട്‌. അവിടെ കൃത്യമായ കർമ്മാദികൾ ചെയ്യാൻ അധികൃതർ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌ ദല്ലാളുകാരെ ഏൽപിക്കാതെ. അതുകൃത്യമായി സംവിധാനം ചെയ്താൽ ഭക്തർക്കു വലിയലാഭവും മനസ്സുഖവും ലഭിയ്ക്കും!
ഭാരതത്തിന്റെ തെക്കേ അറ്റത്തെ മാന്നാർ കടലിടുക്കിലാണ്‌ രാമേശ്വരം എന്ന ദ്വീപ്‌. 16 കി.മീറ്റർ നീളവും 10 കി.മീറ്റർ വീതിയുമുണ്ടീ ദ്വീപിന്‌. ഭാരതത്തിൽ വിവിധ ഇടങ്ങളിലായി പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള 12 ജ്യോതിർലിംഗങ്ങളിൽ ഒന്നു ഇവിടെയാണുള്ളത്‌. സാക്ഷാൽ ശ്രീരാമചന്ദ്രൻ തന്നെ പ്രതിഷ്ഠനടത്തിയതിനാലാണത്രെ ഈ ക്ഷേത്രത്തിനു രാമേശ്വരം എന്ന നാമധേയമുണ്ടായത്‌. പുരാണത്തിലെ 'ഗന്ധമാദന പർവ്വത'മായും ദക്ഷിണഭാരതത്തിലെ കാശിയായും രാമേശ്വരത്തെ വിശേഷിപ്പിയ്ക്കുന്നവരുണ്ട്‌. പിതൃസംബന്ധമായ ചടങ്ങുകളുടെ കാര്യത്തിൽ കാശി തീർത്ഥാടനം പൂർണ്ണമാകണമെങ്കിൽ രാമേശ്വരത്തു കർമ്മങ്ങൾ അനുഷ്ഠിയ്ക്കണമെന്നും പഴമക്കാർ നിർബന്ധിയ്ക്കുന്നു.
രാമേശ്വരത്തിനു 25 കി.മീറ്റർ അകലെയുള്ള ധനുഷ്ക്കോടിയിൽ കിഴക്കും തെക്കും സമുദ്രങ്ങൾ സംഗമിയ്ക്കുന്നു. സമുദ്രത്തെ ലക്ഷ്യമാക്കി അസ്ത്രമയയ്ക്കാൻ ശ്രീരാമൻ വില്ലിന്റെ അഗ്രം കുത്തിയ സ്ഥലമാണത്രെ ധനുഷ്ക്കോടി. (ധനുഷ്‌ = വില്ല്‌).
രാവണവധശേഷം ശ്രീലങ്കഭരിച്ച വിഭീഷണന്റെ അഭ്യർത്ഥന പ്രകാരം ശത്രുക്കളുടെ ആക്രമണം സേതുബന്ധനംവഴി ഉണ്ടാകാതിരിയ്ക്കാൻ ശ്രീരാമൻ തന്റെ വില്ലിന്റെ മുനകൊണ്ട്‌ സേതുവിന്റെ കുറേഭാഗം കുത്തിനശിപ്പിച്ചു കളഞ്ഞുവത്രെ! അങ്ങിനെയും ധനുഷ്ക്കോടി പ്രസിദ്ധമായി! രാവണവധശേഷം ശ്രീരാമൻ ഇവിടെ പാപ-പരിഹാരാർത്ഥം തപസ്സനുഷ്ഠിച്ചതായും പറയുന്നുണ്ട്‌.
രാമേശ്വരം ദ്വീപിന്റെ തെക്കേ മുനമ്പിലാണ്‌ 'ധനുഷ്ക്കോടി' എന്നു പറയുന്നത്‌. ശ്രീലങ്കയേയും ഭാരതത്തേയും ബന്ധിപ്പിച്ച്‌ 18 കി.മീറ്റർ ദൈർഘ്യമുള്ള കടൽപ്പാലം നിർമ്മിയ്ക്കാനുള്ള പദ്ധതിയ്ക്കാണല്ലോ സേതുബന്ധനം എന്നു പറയുന്നത്‌.രാമേശ്വരത്തിന്റെ കടലോരത്തിലെ മണലിനു നേരിയൊരു ചുമപ്പുരാശിയുണ്ട്‌. സേതുബന്ധനനിർമ്മാണാരംഭത്തിൽ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗമാണ്‌ ഇവിടെയുള്ളത്‌. ആരംഭത്തിനു മുമ്പേ മഹാദേവനെ പൂജിയ്ക്കുന്നതിനായി ശ്രീരാമനു ഒരു ശിവലിംഗം ആവശ്യമുണ്ടായിരുന്നു. അതിനു ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹനുമാൻ കൈലാസത്തിലേയ്ക്കു ഇതിനായി പുറപ്പെടുകയും ചെയ്തു. എന്തുകൊണ്ടോ കൃത്യസമയത്തിനു ശിവലിംഗവുമായി എത്തിച്ചേരാൻ ഹനുമാനു സാധിച്ചില്ല. ധ്യാനനിരതനായി ഇരുന്ന ശ്രീരാമന്റെ മുന്നിൽ സാക്ഷാൽ പരാശക്തി തന്നെ മണ്ണുകൊണ്ടു ഒരു ശിവലിംഗം നിർമ്മിച്ചു വച്ചിട്ട്‌ അപ്രത്യക്ഷയായതായാണ്‌ വിശ്വസിയ്ക്കപ്പെടുന്നത്‌. ശ്രീരാമന്റെ ആവശ്യാർത്ഥം ഭഗവാൻ തന്നെ അവിടെ ജ്യോതിർലിംഗരൂപേണ സ്ഥിതനായതായും വിശ്വസിയ്ക്കപ്പെടുന്നു. സമയം വൈകി രണ്ടു ശിവലിംഗവുമായെത്തിയ ഹനുമാന്‌ സങ്കടവും നിരാശയുമുണ്ടായി. ഉടനെത്തൺറ്റെ വാൽകൊണ്ട്‌ പ്രതിഷ്ഠിച്ച വിഗ്രഹത്തിൽ ചുറ്റിപ്പിണച്ച വിഗ്രഹം മാറ്റിക്കളയാൻ ഹനുമാൻ ആഞ്ഞുവലിച്ചുവത്രെ! പെട്ടെന്ന്‌ ആരോ എടുത്തെറിഞ്ഞപോലെ ഹനുമാൻ ദൂരെ തെറിച്ചുവീണു. മാത്രമല്ല വാലും ശരീരവും മുറിഞ്ഞ്‌ അവിടെ മുഴുവൻ രക്തക്കളമായി മാറുകയും ചെയ്തു. ഏതായാലും ദാസ്യശ്രേഷ്ഠനായ ഹനുമാന്‌ ശ്രീരാമചന്ദ്രൻ മാപ്പുകൊടുക്കുകയും ഹനുമാൻ കൊണ്ടുവന്ന രണ്ടു ശിവലിംഗങ്ങളും അടുത്തടുത്ത സ്ഥലങ്ങളിൽതന്നെ പ്രതിഷ്ഠിക്കാൻ അനുവദിയ്ക്കുകയും ചെയ്തു.
അങ്ങിനെ വിഗ്രഹം വാലിൽ ചുറ്റിയെറിയാൻ ശ്രമിച്ചപ്പോഴുണ്ടായ രക്തസ്രാവമാണ്‌ നല്ല വെള്ളനിറമായിരുന്ന രാമേശ്വരതീരത്തെ മണലിനു രക്തഛവിയുണ്ടാകാൻ കാരണമായത്‌ എന്ന്‌ വിശ്വസിയ്ക്കപ്പെടുന്നു.


ഇപ്പോഴും ഈ തീരത്തെ നിറവ്യത്യാസമുള്ള മണൽ തീർത്ഥാടകർ ചെറിയ കുപ്പികളിലാക്കി കൊണ്ടുപോയി ഗൃഹങ്ങളിൽ സൂക്ഷിച്ചു പോരുന്നുണ്ട്‌.
1964 ഡിസംബർ 22 രാത്രി മൂന്നു മണിയ്ക്കുണ്ടായ കൊടുങ്കാറ്റിലും തിരമാലയിലും പെട്ട്‌ പഴയ പാമ്പൻപാലവും ധനുഷ്ക്കോടി റയിൽപാതയും നശിച്ചുപോയി. ഇപ്പോൾ നാം രാമേശ്വരം ദ്വീപിലെത്തുന്നത്‌ 'ഇന്ദിരാപാല'ത്തിലൂടെയാണ്‌. മൂന്നരകിലോമീറ്റർ കടലിനു മുകളിലൂടെയുള്ള പുതിയ പാമ്പൻപാലത്തിലൂടെയുള്ള യാത്ര ബസ്സിലായാലും കാറിലായാലും തീവണ്ടിയിലായാലും അനുഭൂതിപ്രദമത്രെ! ഞങ്ങളുടെ തീർത്ഥാടക സംഘത്തിലെ പലരും ഒറ്റയ്ക്കും കൂട്ടായും ആ ആസ്വാദ്യനിമിഷങ്ങൾ ഫിലിമിലേയ്ക്കു പകർത്തുമ്പോൾ പാലത്തിന്റെ അടിയിലൂടെ കപ്പലുകൾ സഞ്ചരിയ്ക്കുന്നുണ്ടായിരുന്നു.
വൈകിട്ട്‌ നാലിനു കന്യാകുമാരിയെ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കായി ഞങ്ങൾ രാമേശ്വരം ദ്വീപെന്ന അത്ഭുതത്തോട്‌ യാത്ര പറഞ്ഞു.
ഭാരതദർശനത്തിലും, പുരാണേതിഹാസങ്ങളിലും പുണ്യപാപാദികളിലും വിശ്വാസമുള്ള ഓരോ ഭാരതീയനും കാശിയിലും രാമേശ്വരത്തും ഒരിയ്ക്കലെങ്കിലും സന്ദർശിയ്ക്കാതിരിയ്ക്കില്ല. അതവന്റെ കടമയും സ്വപ്നവുമായി കണക്കാക്കപ്പെടുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?