24 May 2013

നോവൽ /കുലപതികൾ- 9


സണ്ണി തായങ്കരി 
                             

മോശൊപ്പൊട്ടോമിയായിലേക്കുള്ള യാത്ര കഠിനമായിരുന്നു. സമതലങ്ങളും മരുഭൂമികളും നിബിഡവനങ്ങളും കടന്നുള്ള യാത്ര! പർവതങ്ങളും താഴ്‌വരകളും വനമേഖലകളും അപകടം പിടിച്ചതായിരുന്നു. മരുഭൂമിയിൽ പകൽ കത്തുന്ന ചൂടിൽ ഭൃത്യന്മാർ വെന്തുരുകി. രാത്രിയിലെ അതിശൈത്യത്തിൽ തണുത്തുവിറച്ചു. ഗോഷൻ മരുഭൂമിയിലെ പർവതങ്ങളിൽ മനുഷ്യമാംസം തിന്നുന്ന രാക്ഷസവർഗം വസിക്കുന്നുണ്ട്‌. 'അസ്ഥികൾ പൂക്കുന്ന താഴ്‌വര'യെന്നാണ്‌ ഗോഷൻ മരുഭൂമിയുടെ മറ്റൊരുപേര്‌. ഗുഹകളിൽ വസിക്കുന്ന ഭീകരരാക്ഷസർ ഈമ്പിയെറിഞ്ഞ മനുഷ്യരുടെ അസ്ഥികൾ അവിടെ കുന്നുകൂടി കിടക്കുന്നതുകാണാം. നിലാവ്‌ വീഴുമ്പോൾ അസ്ഥികൾ പ്രകാശിക്കുംപോലും! പകൽ രാക്ഷസർ ഗുഹയിൽനിന്ന്‌ പുറത്തിറങ്ങാറില്ല. ഇരുട്ട്‌ വീണുകഴിഞ്ഞാൽ വായുപോലും അവിടെ ചലനമറ്റുപോകും.
മരുഭൂമിക്കപ്പുറം സമതലപ്രദേശമാണ്‌. സമതലം പിന്നിട്ടാൽ ഇടതൂർന്ന വനമേഖലയായി. വെളിച്ചം കടക്കാത്ത വനത്തിലൂടെ വേണം പിന്നീടുള്ള സഞ്ചാരം. ശ്രദ്ധയൊന്നുതെറ്റിയാൽ വന്യമൃഗങ്ങൾക്ക്‌ ഇരയാകും.
യാത്രാപഥം നിശ്ചയിച്ച്‌ മാർഗരേഖ വിശദീകരിക്കുമ്പോൾ യജമാനൻ അപകടസാധ്യതകളെപ്പറ്റി മൂന്നാര്റിയിപ്പ്‌ തന്നിരുന്നു. കർത്താവിന്റെ ദൂതൻ മുമ്പേ സഞ്ചരിക്കുമെന്നതുകൊണ്ട്‌ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
തന്റെ ഭൃത്യരിൽ ഏറ്റവും എളിയവനുപോലും ഒരാപത്തുണ്ടാകുന്നതിനെപ്പറ്റി അദ്ദേഹത്തിന്‌ ചിന്തിക്കാനാവില്ല. സ്വശരീരം വേദനിച്ചാൽ അദ്ദേഹം സഹിക്കും. പക്ഷേ, സേവകരിൽ ഒരുവന്റെ വേദന അസഹ്യമാണ്‌. സ്വന്തം പുത്രന്റെ വേദനയോടാണ്‌ അതിനെ ഉപമിക്കുക.
കർത്താവ്‌ കാത്തുകൊള്ളുമെന്നതൊക്കെ ശരി. പക്ഷേ, മനുഷ്യർക്ക്‌ ചെയ്യാനുള്ളതെല്ലാം അവർ ചെയ്തേ മതിയാകൂ. അപകടങ്ങളിൽ ചെന്നുചാടാതിരിക്കാനുള്ള മുൻകരുതലെടുക്കണം. ദൈവം മനുഷ്യനുമാത്രമായി കൊടുത്ത വിശേഷബുദ്ധി യഥാവസരം വിനിയോഗിക്കണം. അങ്ങനെ ചെയ്യാതിരുന്നാൽ അപകടങ്ങളിൽ ചെന്നുചാടിയേക്കാം. അപ്പോഴും നേരിടുന്ന പരീക്ഷണത്തെ അവിടുന്ന്‌ കാണാതിരിക്കുന്നില്ല. തക്കസമയത്ത്‌ അവിടുന്ന്‌ ഇടപെടും. താൻ സ്നേഹിക്കുന്നവരുടെ ജീവനിൽ ഒരു ദുഷ്ടശക്തിയും കൈവെക്കാൻ അവിടുന്ന്‌ അനുവദിക്കില്ല.
ഇതൊക്കെ അബ്രാഹം യജമാനൻ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങൾ. പക്ഷേ, അത്രയും ഉറച്ച വിശ്വാസം തനിക്കില്ലല്ലോയെന്ന്‌ ഏലിയേസർ ഓർത്തു. മാത്രമല്ല, എപ്പോഴും ചഞ്ചലപ്പെടുന്ന മനസ്സാണ്‌ തന്റേത്‌. തനിക്കുമുമ്പേ ദൂതൻ സഞ്ചരിക്കുമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ യാത്ര തുടങ്ങി ഇതുവരെ ദൂതന്റെ ഒരടയാളവും കണ്ടില്ല. തങ്ങൾക്കുമുമ്പേ ദൂതൻ സഞ്ചരിക്കുമെന്ന്‌ യജമാനൻ പറഞ്ഞത്‌ വെറുതെ ഒരു ധൈര്യത്തിനുവേണ്ടിയാകുമോ? അങ്ങനെയെങ്കിൽ... ദൈവമേ ഞങ്ങളുടെ ജീവൻ...
ഏലിയേസറിന്റെ ഉള്ളിലേക്ക്‌ ഭയം തൽക്ഷണം ഇരച്ചുകയറി.
ഗോഷൻ മരുഭൂമിയിലേക്ക്‌ യാത്രാസംഘം പ്രവേശിച്ചു. ആകാശത്തോളം ഉയർന്നുനിൽക്കുന്ന പർവതങ്ങൾ ദൃശ്യമായി. മധ്യാകാശത്തുനിന്ന്‌ സൂര്യൻ പടിഞ്ഞാറേയ്ക്ക്‌ ചാഞ്ഞുതുടങ്ങിയിട്ടേയുള്ളു. അൽപംകൂടി വേഗത്തിൽ സഞ്ചരിച്ചാൽ അപകടസാധ്യത കൂടിയ പർവതനിരകൾ പിന്നിട്ട്‌ സമതലഭൂമിയിൽ താൽകാലിക കൂടാരങ്ങൾ നിർമിക്കാം.
"യാത്ര അൽപംകൂടി വേഗത്തിലായിക്കോട്ടെ. പ്രകാശം മങ്ങും മുമ്പ്‌ ഈ മലനിരകൾ താണ്ടണം. അതിനപ്പുറമുള്ള സമതലത്തിൽ രാത്രി താവളമടിക്കാം." ഏലിയേസർ സഹഭൃത്യന്മാർക്ക്‌ നിർദേശം നൽകി.
മറ്റൊന്നിനെപ്പറ്റിയും സൊ‍ാചന നൽകിയില്ല. പർവതമേഖല മനുഷ്യമാംസം തിന്നുന്ന രാക്ഷസ്സരുടെ വിഹാരഭൂമിയാണെന്ന്‌ അറിയിച്ചതുമില്ല. എന്തിന്‌ ആ പാവങ്ങളെക്കൂടി തീ തീറ്റണം. അതറിയുമ്പോൾതന്നെ പലരും ഭയന്നുവിറയ്ക്കും. തുടർന്നുള്ള യാത്ര കൂടുതൽ ദുഷ്കരമാകും. രാക്ഷസരുടെ വായിൽ ചെന്നുവീഴുന്നതിന്‌ തുല്യമാകുമത്‌.
പെട്ടെന്ന്‌ കാറ്റിന്‌ ശക്തി പ്രാപിച്ചു. പൊടിമണൽ അന്തരീക്ഷത്തിൽ പാറിപ്പറന്നു. തന്മൂലം ഉദ്ദേശിച്ച വേഗത്തിൽ ഒട്ടകങ്ങൾക്ക്‌ സഞ്ചരിക്കാനായില്ല. പൊടിമണൽ കണ്ണുകളിൽ വീണതിനാൽ ഒട്ടകങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. അവയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു.
"കാറ്റ്‌ ശക്തി പ്രാപിക്കുകയാണല്ലോ. പർവതനിരകൾ ആരംഭിച്ചിട്ടേയുള്ളു. താഴ്‌വാരത്തിലൂടെയുള്ള യാത്ര കൂടുതൽ ക്ലേശകരമാകും." ഏലിയേസർ പിറുപിറുത്തു.
"ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിച്ചാലോ?" മറ്റൊരു ഭൃത്യൻ ആരാഞ്ഞു.
"അതെ. അതാണ്‌ നല്ലത്‌. കാറ്റ്‌  ശമിക്കുമ്പോൾ നമുക്കിവിടെ കൂടാരം കെട്ടാം." മറ്റൊരുവന്റെ പ്രതികരണം.
"വേണ്ടാ. ഇവിടെ ഏതായാലും വേണ്ടാ. പർവതങ്ങൾക്കപ്പുറമുള്ള സമതലത്തിൽ സന്ധ്യയ്ക്കുമുമ്പ്‌ എത്തിയേ മതിയാകൂ." ഏലിയേസർ തീർത്തു പറഞ്ഞു.
വളരെ ആയാസപ്പെട്ട്‌ ഒട്ടകങ്ങൾ മുന്നോട്ടുനീങ്ങി. താഴ്‌വാരത്തിലെ  പാറക്കഷണങ്ങൾ നിറഞ്ഞ വീഥിയിലൂടെ കയറിയും ഇറങ്ങിയുമുള്ള യാത്ര ക്ലേശകരമായിരുന്നു.
അവർ ഏതാനും പർവതനിരകൾ പിന്നിട്ടുകഴിഞ്ഞു. കടന്നുപോകാൻ നോക്കെത്താത്ത ദൂരത്തോളം മാനംമുട്ടി നിൽക്കുന്ന പർവതങ്ങൾ ബാക്കിയായിരുന്നു. അപ്പോൾ ഭൂമിക്കുമുകളിൽ സൂര്യന്റെ അർധാകാരം മാത്രമേ ദൃശ്യമായിരുന്നുള്ളു. പ്രകാശത്തിന്റെ നിറം കെട്ടുതുടങ്ങി. ആ പരിണിതി വളരെ പെട്ടെന്നായിരുന്നു. ആദ്യം മഞ്ഞകലർന്ന ചെമപ്പായും പിന്നീട്‌ കട്ടപിടിച്ച രക്തത്തിൽ കറുപ്പ്‌ ഇഴചേർത്ത ഭീകരതയുടെ കരിമ്പടമായും മാറിയ ഇരുട്ട്‌ പർവതശിഖരങ്ങളെയും ഭൂമിയേയും പുതപ്പിച്ചു. മുന്നോട്ട്‌ നീങ്ങാനാവാതെ ഒട്ടകങ്ങൾ നിശ്ചലമായി.
എത്തിപ്പെട്ടത്‌ മാനംമുട്ടെ നിൽക്കുന്ന ഒരു പർവതത്തിന്റെ അടിവാരത്ത്‌! ഭയം ഏലിയേസറിന്റെ നാഡീവ്യൂഹങ്ങളെ തളർത്തിക്കളഞ്ഞു. വിഭ്രാന്തിയിൽ ആ കണ്ണുകൾ സഞ്ചരിച്ചതു മായക്കാഴ്ചകളിലേക്കാണ്‌. അരണ്ട വെളിച്ചത്തിൽ കുന്നുകൂടി കിടിക്കുന്ന ഏതാനും എല്ലിൻ കൂട്ടങ്ങൾ...! രാക്ഷസർ ഈമ്പിയെറിഞ്ഞ മനുഷ്യരുടെ എല്ലുകൾതന്നെ അതെന്ന്‌ അയാൾക്ക്‌ ബോധ്യമായി. ഉള്ളിലൊരു ആന്തൽ അനുഭവപ്പെട്ടു. തലച്ചോറിൽനിന്ന്‌ ഉത്ഭവിച്ച വൈദ്യുതി പ്രവാഹം ശരീരത്തെ തളർത്തിക്കൊണ്ട്‌ കടന്നുപോയി. ഭയപ്പെട്ടതുതന്നെ സംഭവിച്ചിരിക്കുന്നു...
'യജമാനന്റെ സംരക്ഷകനായ ദൈവമേ, രാക്ഷസർക്ക്‌ ഭക്ഷണമാകാനാണോ ഈ ദുർഘടവീഥികളത്രയും സഞ്ചരിച്ച്‌ ഞങ്ങളിവിടെയെത്തിയത്‌? അവിടുത്തെ ദൂതനെയും അങ്ങ്‌ പിൻവലിച്ചോ...?' ഏലിയേസർ മനസ്സിൽ വിലപിച്ചു.
"നമുക്കിവിടെ കൂടാരമടിക്കാം."
ഏലിയേസറിന്റെ അനുവാദത്തിനായി സഹഭൃത്യർ കാത്തെങ്കിലും അയാളിൽനിന്ന്‌ മറുപടിയുണ്ടായില്ല.
"എല്ലാവരും ക്ഷീണിതരാണ്‌. മാത്രമല്ല, യാത്ര തുടരാനുമാവില്ലല്ലോ. ഒട്ടകങ്ങൾ കണ്ണുതുറക്കാനാകാത്ത വിധം വിഷമത്തിലാണ്‌."
ഏലിയേസറിൽനിന്ന്‌ അപ്പോഴും മറുപടി ഉണ്ടായില്ല. അയാളെ കീഴടക്കിയ ഭീതി നാവിനെ നിശ്ചലമാക്കിയിരുന്നു.
പെട്ടെന്ന്‌ പർവതമുകളിൽനിന്ന്‌ ഒരു ഭീമൻ പാറ ഉരുണ്ടുരുണ്ട്‌ ഭീകരശബ്ദത്തോടെ ഒട്ടകങ്ങൾക്ക്‌ മുമ്പിൽവന്ന്‌ നിശ്ചലമായി. എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പകച്ചുപോയി. ഏലിയേസറിന്‌ പ്രാണൻ നഷ്ടപ്പെട്ടതുപോലെയായി. ഭൃത്യന്മാർ ഭയവിഹ്വലരായി അന്തിച്ചുനിൽക്കെ, ഒരുവിധം ഏലിയേസർ മനസ്സാന്നിധ്യം വീണ്ടെടുത്തു. മറ്റുള്ളവരെ ധൈര്യപ്പെടുത്തിയേ മതിയാവൂ. അവരുടെ ജീവൻ തന്റെ കയ്യിലാണെന്ന്‌ ആരോ ഓർമിപ്പിക്കുംപോലെ!
പൊടുന്നനെ, പർവതങ്ങളെ വിറകൊള്ളിച്ചുകൊണ്ട്‌ ഒരലർച്ചകേട്ടു. അതിന്റെ ഹുങ്കാരം ചക്രവാളസീമകളിൽ മാറ്റൊലിയായി. അത്‌ അവരുടെ കണ്ണുകളെമാത്രമല്ല, പ്രജ്ഞയെയും അടച്ചുകളഞ്ഞു. ഒരുവിധം പണിപ്പെട്ട്‌ ഭീതിയോടെ മിഴികൾ തുറന്നപ്പോൾ ഭീകരരൂപികളായ മൂന്ന്‌ രാക്ഷസർ അവർക്കുമുമ്പിൽ മലപോലെ ഉയർന്നുനിന്ന്‌ അട്ടഹസിക്കുന്നു! ഭീമാകാരംപൂണ്ട ഭീകരരൂപികളുടെ കറുത്തുതടിച്ച ശരീരം രോമാവൃതമായിരുന്നു. അവരുടെ കണ്ണുകൾ തീക്കുണ്ഡംപോലെ ജ്വലിച്ചു.
ഭൃത്യർ നടുങ്ങി വിറച്ചു. അലറിക്കരഞ്ഞെങ്കിലും ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയി. ദിവസങ്ങളായി ഇരയെ കിട്ടാതെ വിശന്നുവലഞ്ഞ ഹിംസ്രമൃഗങ്ങളെപ്പോലെ രാക്ഷസർ അവരെ ആർത്തിയോടെ നോക്കി. ഭൃത്യരിൽ ചിലർക്ക്‌ അപ്പോഴേയ്ക്കും ബോധക്ഷയം സംഭവിച്ചിരുന്നു.
ഇനി രക്ഷയില്ലെന്ന്‌ ഏലിയേസറിനുതോന്നി. മുന്നിൽ ആകാശസീമയോളം നിറഞ്ഞുനിൽക്കുന്ന വിശന്നുവലഞ്ഞ രാക്ഷസരിൽനിന്ന്‌ ഓടിരക്ഷപ്പെടാൻ ദുർബലരായ മനുഷ്യർക്കാവില്ല. ദിക്കറിയാനാവാത്ത വിധം ഭൂമിയിൽ ഇരുട്ട്‌ കനത്തു. പ്രകാശത്തിന്റെ അവസാനത്തെ തന്മാത്രയെയും ഇരുട്ട്‌ വിഴുങ്ങിക്കളഞ്ഞു!
ഇവിടെ, അബ്രാഹം യജമാനന്റെ ഭൃത്യന്മാർ മരുഭൂമിയിലെ രാക്ഷസരുടെ അത്താഴമായി തീരുന്നു. നാളത്തെ പുലരിയിൽ കുന്നുകൂടിയ എല്ലിൽ കൂട്ടത്തിനുമുകളിൽ കടിച്ചീമ്പിയ ഏതാനും പുതിയ എല്ലുകൾകൂടി കാണപ്പെടും. ഞങ്ങൾ ഏതാനുംപേർ ഭൂമിയിൽ ജീവിച്ചിരുന്നുവേന്നതിന്‌ തെളിവുപോലും ശേഷിപ്പിക്കാൻ ആ എല്ലിൽ കഷണങ്ങൾക്കാവില്ല...
രാക്ഷസരുടെ കൂർത്തനഖങ്ങളുള്ള രോമാവൃതമായ വലിയ കരങ്ങൾ നീണ്ടുവന്നു. അത്‌ വളരുകയാണ്‌. ഏതു നിമിഷവും ആ കരങ്ങളിൽ തൂക്കിയെടുക്കപ്പെടും. ഇതുതന്നെയാണ്‌ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ... അബ്രാഹം യജമാനനുവേണ്ടി ഒരു പുരുഷായുസ്സുമുഴുവൻ സമർപ്പിച്ച ഞങ്ങൾ അദ്ദേഹത്തിനുവേണ്ടിതന്നെ ഇവിടെ ജീവൻ സമർപ്പിക്കുന്നു...
പൊടുന്നനെ, ഏലിയേസറിന്റെ മനസ്സിൽ ബലിപീഠത്തിനുമുന്നിൽ കൈകൾ വിരിച്ചുനിന്ന്‌ കർത്താവായ ദൈവവുമായി ദീർഘനേരം സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടുന്ന യജമാനന്റെ മുഖം  മിഴിവോടെ തെളിഞ്ഞുവന്നു. അദ്ദേഹം പറയുന്നു-
"ഏലിയേസറെ... നീ കർത്താവിനെ വിളിക്ക്‌. ഏത്‌ പ്രതിസന്ധിയിലും അവിടുന്ന്‌ നിന്നെ കൈവിടില്ല. അവിടുന്നാണ്‌ നിന്നെ വഴിതെളിച്ചതു. ഒരനർഥവും സംഭവിക്കാൻ അവിടുന്ന്‌ അനുവദിക്കില്ല."
ഏലിയേസറിന്‌ അത്‌ ഉത്തേജകമായി. അയാൾ ധൈര്യം സംഭരിച്ച്‌ മുട്ടുകുത്തി കൈകൾ വിരിച്ചുപിടിച്ചു കണ്ണുകൾ ഇറുകെയടച്ച്‌ കേണു-
"യജമാനന്റെ ദൈവമായ കർത്താവെ... ഈ ഭീകരരാക്ഷസരുടെ കൈകളിൽനിന്ന്‌ ഞങ്ങളെ രക്ഷിക്കണമെ... ഞങ്ങളുടെ ജീവനിൽ കൈവെക്കാൻ ഈ ദുഷ്ടരെ അനുവദിക്കരുതേ. അവിടുത്തെ വിശ്വസ്ത ദാസനെപ്രതി ഞങ്ങളോട്‌ കരുണ കാണിക്കണമെ..."
തൽക്ഷണം ഭൂമിയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌ ഒരു ഇടിവെട്ടി. ഭൂമിയിലെ ഇരുട്ടിനെ കീറിമുറിച്ച്‌ കൊള്ളിമീൻ ആകാശത്ത്‌ അനേകശിഖരങ്ങളുള്ള പ്രകാശത്തിന്റെ വള്ളിപ്പടർപ്പായി പടർന്നു. അവിടെനിന്ന്‌ ഭൂമിയിലേയ്ക്ക്‌ ഒഴുകിപ്പരന്നു. മരുഭൂമിയുടെ തരിശുനിലങ്ങളിലേക്ക്‌ ഇറങ്ങിപ്പോകുന്നതിനുപകരം അത്‌ രാക്ഷസരുടെ കറുത്തിരുണ്ട ഗളങ്ങളെ കുരുക്കി! പടർന്നുകയറുന്ന  മിന്നൽപ്പിണരിന്റെ കുരുക്ക്‌ രാക്ഷസരുടെ പ്രാണനിൽ മരണപാശമായി മുറുകുന്നത്‌ കണ്ണുകൾ ഇറുക്കിയടച്ചെങ്കിലും ഏലിയേസർ അകക്കണ്ണിൽ ദർശിച്ചു. പിന്നീട്‌ എപ്പോഴോ സാവധാനം മിഴികൾ തുറന്നു. അപ്പോൾ തൊട്ടുമുമ്പിൽ പ്രാണനുവേണ്ടിപിടയുന്നു, ഭീകരരാക്ഷസർ...!
ഭയം അമ്പരപ്പിന്‌ വഴിമാറി. കൺമുമ്പിലെ കാഴ്ച ഉൾക്കൊള്ളാനാവാത്തവിധം അവിശ്വസനീയമാണ്‌. ജീവനും ജീവിതവും കഠിനമായ വിഭ്രമത്തിലേക്ക്‌ വലിച്ചടുപ്പിച്ച ദുർഭൂതങ്ങളെ യജമാനന്റെ കർത്താവ്‌ ഒരൊറ്റ ഗർജനംകൊണ്ട്‌ നിലംപരിശാക്കിയിരിക്കുന്നു! അവിടുത്തെ ശക്തി എത്ര അപ്രതിരോധവും ഭയാനകവുമാണെന്നതിന്‌ സ്വന്തം കണ്ണുകൾതന്നെ സാക്ഷി...
ഏലിയേസറും സഹഭൃത്യന്മാരും മണ്ണിൽ കമഴ്‌ന്നുവീണ്‌ കർത്താവിന്‌ നന്ദി പറഞ്ഞു.
ഇരുട്ടിൽ ജ്വലിക്കുന്ന ഒരു രൂപം അവരുടെ അടുത്തേയ്ക്ക്‌ നടന്നുചെന്നു. അയാളിൽനിന്ന്‌ പ്രകാശം നിർഗമിച്ചിരുന്നതിനാൽ അത്‌ കർത്താവിന്റെ ദൂതനാണെന്ന്‌ ഏലിയേസർ തിരിച്ചറിഞ്ഞു അയാൾ ദൂതനെ താണുവണങ്ങി. സന്തോഷാധിക്യത്താൽ അയാൾ വിതുമ്പിപ്പോയി. ആ പാദങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചെങ്കിലും ദൂതൻ തടഞ്ഞു.
"അരുത്‌. മഹത്വവും ആരാധനയും ദൈവത്തിനുള്ളതാണ്‌. അവിടുത്തെ മുമ്പിൽ മാത്രമേ  മുട്ടുകൾ മടങ്ങാവൂ. ഞാനവിടുത്തെ ഒരു ദൂതൻമാത്രം."
 അയാളുടെ ഹൃദയം കൃതജ്ഞതകൊണ്ട്‌ നിറഞ്ഞു. സന്തോഷാധിക്യത്താൽ എന്തുപറയണമെന്ന്‌ അയാൾക്കപ്പോൾ നിശ്ചയമില്ലായിരുന്നു.
"നീ ദൈവത്തിന്റെ വാഗ്ദാനത്തെയും ശക്തിയെയും സംശയിച്ചതെന്ത്‌?" ദൂതൻ ചോദിച്ചു.
"പ്രഭോ... അടിയനു തെറ്റിപ്പോയി."
"നിന്റെ യജമാനൻ എല്ലാം പറഞ്ഞിരുന്നതല്ലേ?"
"ഉവ്വ്‌ പ്രഭോ... അടിയൻ അതെല്ലാം..."
"ദൈവം കാരുണ്യവാനാണ്‌. ആത്മാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്‌ സമീപസ്ഥനും. ചഞ്ചലമാനസ്സർക്ക്‌ പരീക്ഷണങ്ങളെ നേരിടേണ്ടിവരും."
"ഇപ്പോൾ അടിയനത്‌ അറിയുന്നു. വിശ്വസിക്കുന്നു..."
"ഏതു പ്രവർത്തിയും ശങ്കയില്ലാതെ ചെയ്തുകൊള്ളുക. പരീക്ഷണങ്ങൾ മാറിപ്പോകും."
ദൂതൻ അപ്രത്യക്ഷണായി. ഭയലേശമന്യേ ഭൃത്യർ രാക്ഷസരുടെ സങ്കേതത്തിൽ കൂടാരനിർമാണം ആരംഭിച്ചു. ഇരുട്ടിനുമേൽ പ്രകാശം എവിടെനിന്നോ ഒഴുകിവീണു. ഒട്ടകങ്ങൾക്ക്‌ തീറ്റകൊടുത്ത്‌ അവയെ വിശ്രമത്തിനായി കെട്ടി. ജീവൻ രക്ഷിച്ച കർത്താവിന്‌ നന്ദിപറഞ്ഞ്‌ അവർ അത്താഴം പങ്കിട്ടു.
പിതൃഭവനത്തിൽനിന്ന്‌ യജമാനനെ വിളിച്ചുകൊണ്ടുവന്ന ദൈവമായ കർത്താവ്‌ അദ്ദേഹത്തോട്‌ വർത്തിച്ച കാരുണ്യത്തിന്റെ തുടർന്നുള്ള കഥ കേൾക്കണമെന്നായി സഹഭൃത്യന്മാർ. ഫറവോയുടെ കൊട്ടാരത്തിൽനിന്ന്‌ സാറായി യജമാനത്തിയുമായി പുറത്തെത്തുന്നതുവരെയുള്ള സംഭവങ്ങൾ ഏലിയേസർ അവരോട്‌ യാത്രാമദ്ധ്യേ വിവരിച്ചിരുന്നു. ഏലിയേസർ തുടർന്നു-
"വാഗ്ദത്ത പുത്രനായ ഇസഹാക്കിനെ വന്ധ്യയും പടുവൃദ്ധയുമായ സാറായി യജമാനത്തിയുടെ ഗർഭപാത്രത്തിലേയ്ക്ക്‌ കർത്താവ്‌ കനിഞ്ഞനുഗ്രഹിച്ചു നൽകിയ കഥ പറയാം."
ഏലിയേസർ പഴയ സംഭവങ്ങൾ ഓർത്തെടുക്കുംപോലെ നിശബ്ദനായി.
-യജമാനന്‌ തൊണ്ണൂറ്റൊമ്പത്‌ വയസ്സുള്ളപ്പോൾ കർത്താവ്‌ ഒരുനാൾ അദ്ദേഹത്തിന്‌ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞു. 'എന്റെ മുമ്പിൽ വ്യാപരിക്കുക, സദാ കുറ്റമറ്റവനായിരിക്കുക. നീയുമായി ഞാനൊരു ഉടമ്പടി സ്ഥാപിക്കും. നീ അനവധി ജനതകൾക്ക്‌ പിതാവായിരിക്കും. നിന്നിൽനിന്ന്‌ ജനതകളും രാജാക്കന്മാരും പുറപ്പെടും. ഇനി മുതൽ നിന്റെ പേര്‌ അബ്രാഹം എന്നായിരിക്കും. നിന്റെ ഭാര്യ സാറായെന്ന്‌ വിളിക്കപ്പെടും. നിനക്കുശേഷം നിന്റെ സന്തതികളുമായി എന്നേയ്ക്കുമായി ഒരു ഉടമ്പടി ഞാൻ ഉറപ്പിക്കും. നിനക്കും നിന്റെ സന്തതികൾക്കും ഞാൻ ദൈവമായിരിക്കുകയും ചെയ്യും. നീ പരദേശിയായി വസിക്കുന്ന ഈ കാനാൻദേശം നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ നൽകും.'
അതിനായി കർത്താവ്‌ യജമാനന്റെ മുമ്പിൽവച്ച കൽപന ഇതാണ്‌:
'പുരുഷന്മാരായി ജനിച്ചവരെല്ലാം എട്ടാം ദിവസം അഗ്രചർമം ഛേദിക്കണം. നിന്റെ വീട്ടിൽ പിറന്നവനോ സന്താനങ്ങളിൽപ്പെടാത്ത പരദേശിയോ അടിമയോ ആരുമാകട്ടെ, പരിഛേദനത്തിൽനിന്ന്‌ ആരും മുക്തരല്ല. അങ്ങനെ എന്റെ ഉടമ്പടി നിങ്ങളുടെ മാംസത്തിൽതന്നെ ശാശ്വതമാകും. ഈ ഉടമ്പടി എല്ലാ തലമുറകളും കർശനമായി പാലിക്കണം.'
അപ്പോൾ യജമാനൻ ചോദിച്ചു-
'കർത്താവേ, എനിക്ക്‌ സാറായിൽ ജനിച്ച ഒരു സന്താനമില്ലല്ലോ. ഇസ്മായേലിൽകൂടിയാവുമോ എന്റെ പരമ്പരയെ അങ്ങ്‌ സൃഷ്ടിക്കുക?'
'അല്ല. സാറായിൽനിന്നുതന്നെ ഞാൻ നിനക്കൊരു പുത്രനെ നൽകും. അവൾ എല്ലാ ജനതകളുടെയും മാതാവാകും.'
അതുകേട്ട്‌ യജമാനൻ മണ്ണിൽ കമഴ്‌ന്നുവീണ്‌ ചിരിച്ചുകൊണ്ട്‌ ഉള്ളിൽ പറഞ്ഞു:
'തൊണ്ണൂറ്റിയൊമ്പത്‌ വയസ്സായ എനിക്കിനി ഒരു കുഞ്ഞിനു ബീജാവാപം ചെയ്യാൻ എങ്ങനെ സാധിക്കും? തൊണ്ണൂറുകഴിഞ്ഞ പടുവൃദ്ധ പ്രസവിച്ചതായി കേട്ടിട്ടുണ്ടോ?'
യജമാനൻ കർത്താവിനോട്‌ അപേക്ഷിച്ചു-
'അങ്ങെനിക്കുതന്ന ഇസ്മായേൽ ദീർഘായുസ്സോടെ ജീവിച്ചിരുന്നാൽമാത്രം മതി.'
'നിന്റെ ഭാര്യ സാറാ അടുത്ത വർഷം ഇതേ സമയത്ത്‌ നിനക്കൊരു പുത്രനെ നൽകും. അവന്‌ ഇസഹാക്ക്‌ എന്ന്‌ പേരിടണം. അവനുമായാണ്‌ ഞാൻ നിത്യമായ ഉടമ്പടി ഉണ്ടാക്കുക. ഇസ്മായേലിനെ പ്രതിയുള്ള നിന്റെ വേവലാതിയും ഞാൻ കാണുന്നു. അവനിൽനിന്ന്‌ വലിയൊരു ജനതയെ ഞാൻ പുറപ്പെടുവിക്കും. അവൻ പന്ത്രണ്ട്‌ രാജാക്കന്മാർക്ക്‌ പിതാവായിരിക്കും.'
കർത്താവ്‌ യജമാനനെവിട്ടുപോയി. കൽപനയനുസരിച്ച്‌ യജമാനനും ഇസ്മായേലുമടക്കം ഭവനത്തിലെ എല്ലാ പുരുഷന്മാരും പരിഛേദനകർമ്മം നടത്തി.
തുടരും 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...