എന്റെ തെങ്ങ്‌


അനിൽ സേതുമാധവൻ
ഡോൺബോസ്കോ എച്ച്‌ എസ്‌ എസ്‌,  ഇരിങ്ങാലക്കുട, തൃശ്ശൂര്‌ ജില്ല
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
യുപിവിഭാഗത്തിൽ സമാശ്വാസ സമ്മാനം നേടിയ ലേഖനം)

ദേവലോകത്തിലെ നന്ദനോദ്യാനത്തിൽ ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദേവവൃക്ഷത്തിന്റെ പ്രതിരൂപമായി തെങ്ങ്‌ കേരളീയരോടൊപ്പമുണ്ട്‌. ജീവിതച്ചുമടും താങ്ങി അലയുന്ന മലയാളിക്ക്‌ ഏക്കാളവും ആദ്ധ്യാത്മികവും ഭൗതികവുമായ താങ്ങും തണലുമായിരുന്നു തെങ്ങ്‌. പുതിയ കാലത്തിന്റെ ആസുരമായ വേഷപ്പകർച്ചകൾക്കിടയിലും മലയാണ്മയുടെ മയൂരപിഞ്ജമായി കേരനിരകൾ കാത്തൂകൊള്ളുന്നു. ആഹാരം, പാർപ്പിടം, വിശ്വാസം, കല എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും കേരോൽപന്നങ്ങളുടെ പുതിയ അവതാരങ്ങൾ കാലാനുസാരിയായി സംഭവിച്ച്‌ കൊണ്ടിരിക്കുന്നു.
നാളികേരത്തിന്റെ സ്രഷ്ടാവ്‌ വിശ്വാമിത്രനാണെന്ന്‌ ഐതീഹ്യമുണ്ട്‌. എന്നാൽ, പരശുരാമൻ, കേരളത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ദേവലോകത്ത്‌ നിന്നും കൊണ്ടു വന്നതാണ്‌ നാളികേരം എന്നാണ്‌ കേരളീയ വിശ്വാസം. എന്തായാലും നാളികേരത്തിന്റെ പിതൃത്വം  ഉറപ്പിക്കാൻ ഡിഎൻഎ ടെസ്റ്റ്‌ ഒന്നുമില്ലല്ലോ.
'എന്റെ തെങ്ങ്‌' എന്ന വിഷയത്തെക്കുറിച്ച്‌ അറിയാൻ ശ്രമിച്ച എനിക്ക്‌ ഏതാനും കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. പുരാണേതിഹാസങ്ങളിൽ മാത്രമല്ല, ചരിത്രത്തിലും കേരോൽപത്തിയെപ്പറ്റി വിഭിന്നങ്ങളായ അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌.  ആദികാവ്യമായ രാമായണത്തിലും കാളിദാസന്റെ രഘുവംശത്തിലും സംഘകാലത്തെ കൃതികളിലും നാളികേരത്തെപ്പറ്റി പരാമർശമുണ്ട്‌. വിദേശ സഞ്ചാരികളും, ചരിത്രകാരന്മാരും, കവികളും ഈ കൽപതരുവിനെ വാഴ്ത്തിയിട്ടുണ്ട്‌.
മഹാകവി ചങ്ങമ്പുഴ കേരവൃക്ഷങ്ങളെപ്പറ്റി എന്നേ പാടിയിരിക്കുന്നു.
"എന്തു വേണമെന്തു വേണ-
മിങ്ങുപോരു നിങ്ങൾ,
എന്തു വേണമെങ്കിലു
മതേകാമല്ലോ ഞങ്ങൾ
നോക്കുനോക്കു ഞങ്ങളേന്തും
കാഞ്ചനക്കുടങ്ങൾ
കേൾക്കൂ, കേൾക്കു, ഞങ്ങളാണാ
കൽപദ്രുമങ്ങൾ".
'കൊക്കോസ്‌ ന്യുസിഫെറ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തെങ്ങ്‌, ലോകത്ത്‌ ഏറ്റവും കൂടുതൽ ഉപയോഗമുള്ള പത്ത്‌ വൃക്ഷങ്ങളിൽ ഒന്നാണ്‌. ഇതിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ നമുക്ക്‌ പ്രയോജനപ്പെടുന്നു.
തെങ്ങിന്റെ ഫലമായ നാളികേരം മലയാളിക്ക്‌ ശ്രീഫലമാണ്‌. പൂജയാകട്ടെ, ഹോമമാകട്ടെ, ആചാരമോ അനുഷ്ഠാനമോ എന്തുമാകട്ടെ അവിടെയെല്ലാം തേങ്ങയോ, തെങ്ങിന്റെ ഏതെങ്കിലും ഉൽപന്നമോ ഇല്ലാതെ പറ്റില്ല. കേരളത്തിലെ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും. ചാരുത പകർന്ന്‌ തരുന്നത്‌ കുരുത്തോലയും ചെന്തെങ്ങിന്റെ കരിക്കിൻ കുലയും തെങ്ങിന്റെ പൂക്കുലയുമാണ്‌. പള്ളികളിൽ ഓശാന പെരുന്നാളിന്‌ കുരുത്തോലയുമായി പ്രദക്ഷിണങ്ങൾ നടത്തുന്നു.
തേങ്ങ ഒഴിവാക്കിയുള്ള ഭക്ഷണ രീതിയെക്കുറിച്ച്‌ നമ്മൾ മലയാളികൾക്ക്‌ ചിന്തിക്കാനേ സാദ്ധ്യമല്ല. എന്നാൽ വാണിജ്യ തന്ത്രങ്ങളുടേയും മാദ്ധ്യമ പ്രചരണങ്ങളുടേയും ഫലമായി നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെതിരെ കാമ്പില്ലാ കഥകൾ ഉണ്ടാക്കുകയും ചെറിയ അളവിലെങ്കിലും കേരളീയരേയും അത്‌ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്‌. ഇന്നത്തെ തലമുറയുടെ അലസമായ ജീവിതരീതി മൂലം രോഗങ്ങൾ വിളിച്ചുവരുത്തിയിട്ട്‌ ആ കുറ്റം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മേൽ കെട്ടിവെയ്ക്കുന്നത്‌ ശരിയല്ലല്ലോ.
മറ്റ്‌ സസ്യ എണ്ണകളുമായി താരതമ്യം ചെയ്യുമ്പോൾ, സാമാന്യേന നിരുപദ്രവകാരിയായ ഭക്ഷ്യ എണ്ണയാണ്‌ വെളിച്ചെണ്ണയെന്നും ഇതിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും സമീപകാല ഗവേഷണങ്ങൾ തെളിയിക്കുന്നു. ഏതൊരു കേരളീയനേയും പോലെ പുട്ടും മറ്റ്‌ മധുരമൂറുന്ന പലഹാരങ്ങളും തേങ്ങയരച്ച കറികളും ഞാനും ഏറെ ഇഷ്ടപ്പെടുന്നു.
എന്താണ്‌ കേരളത്തിന്റെ തനതായ രുചി? മാമ്പഴം മുതൽ മധുരക്കിഴങ്ങ്‌ വരെ ഒരായിരം രുചികൾ. എന്നാൽ മുന്നിൽ നിൽക്കുന്നത്‌ ഇളനീരിന്റെ മധുരം തന്നെയാണ്‌. വേനലിൽ എരിപൊരി കൊള്ളുമ്പോൾ ഇളനീർ നമ്മേ ആശ്വസിപ്പിക്കുന്നു. രോഗാവസ്ഥയിൽ അത്‌ സിദ്ധൗഷധമാകുന്നു. ദൈവത്തിന്റെ നാടുകാണാനെത്തുന്ന വിദേശികൾക്ക്‌ സ്റ്റാർ ഹോട്ടലുകളിലും മറ്റും നൽകുന്ന "വെൽക്കം ഡ്രിങ്ക്‌" ഈ സ്വർഗ്ഗീയ പാനീയം തന്നെയാണ്‌.
നാളികേര വികസന ബോർഡ്‌ സ്ഥാപിതമായതോടെ നാളികേര സംസ്ക്കരണ രംഗത്തും പുതിയ സാങ്കേതികത കടന്ന്‌ വന്നിട്ടുണ്ട്‌. കൊപ്ര, തൂൾതേങ്ങ, തേങ്ങപ്പാൽ, തേങ്ങപ്പാൽപ്പൊടി, നാളികേരക്രീം തുടങ്ങിയ നാളികേരോൽപന്നങ്ങൾ വ്യാവസായികമായി ഉത്പാദിപ്പിച്ച്‌ വരുന്നു.  നാളികേര സിറപ്പ്‌, നാളികേര വിനാഗിരി, യീസ്റ്റ്‌, മധുരക്കള്ള്‌, തെങ്ങിൻ ചക്കര, പച്ചത്തേങ്ങയിൽ നിന്നുള്ള വെളിച്ചെണ്ണ എന്നിവയും എടുത്ത്‌ പറയേണ്ടവ തന്നെ. വീട്‌ പണിക്കും ഫർണീച്ചർ നിർമ്മാണത്തിനുമുള്ള ഉറപ്പുള്ള തടിക്ക്‌ മാത്രമല്ല വീട്‌ വൃത്തിയാക്കാനുള്ള ചൂലിനും തെങ്ങ്‌ തന്നെയാശ്രയം. പുര മേയാനുള്ള ഓല, തീ കത്തിക്കുവാനുള്ള സാമഗ്രികൾ എന്നിവയും തെങ്ങ്‌ പ്രദാനം ചെയ്യുന്നു.  ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾക്കും, ചിരട്ടക്കരിക്കും പ്രചാരമേറിവരികയാണ്‌.
ഒരു കുട്ടിയായ എന്നെ സംബന്ധിച്ചിടത്തോളം 'എന്റേതെങ്ങ്‌' കളിപ്പാട്ടങ്ങളുടെ ഒരു കലവറ തന്നെയാണ്‌. ഞാനൊരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ എന്റെ മുത്തശ്ശി എനിക്ക്‌ ഓലകൊണ്ട്‌ വാച്ചും, പന്തും ഉണ്ടാക്കിത്തരുമായിരുന്നു. മച്ചിങ്ങ കൊണ്ടുള്ള പമ്പരവും, കുരുത്തോല കൊണ്ടുള്ള കാറ്റാടിയും, ഓലപ്പീപ്പിയും മറ്റും ഇന്നും ഞങ്ങളുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളാണ്‌.
ഉറപ്പിന്റേയും ബലത്തിന്റേയും പര്യായമായ കയർ മനസ്സിന്റെ ഉറപ്പിന്റെ പ്രതീകമാണ്‌. കേരളത്തിന്റെ തീരദേശങ്ങളിൽ ഏകദേശം നാല്‌ ലക്ഷത്തോളം ആളുകൾ കയർ വ്യവസായ രംഗത്തെ ആശ്രയിച്ചുകഴിയുന്നു.
കേരം തിങ്ങിയത്‌ മൂലം കേരളമെന്ന്‌ പേരു വന്ന നമ്മുടെ നാട്ടിൽ കേരവ്യവസായം തളരുകയാണോ? അശാസ്ത്രീയമായ കൃഷിരീതികളാണ്‌ ഇതിന്‌ കാരണം. മികച്ച സങ്കരയിനം തെങ്ങിൻ തൈകൾ തെരഞ്ഞെടുക്കുന്നത്‌ മുതൽ തുടങ്ങണം ശ്രദ്ധ. പൂന്തോട്ടത്തിലെ ഓർക്കിഡ്‌, ആന്തൂറിയം തുടങ്ങിയ ചെടികൾക്ക്‌ വിലകൂടിയ വളമിടാൻ നാം പഠിച്ചുകഴിഞ്ഞു. പക്ഷേ; വീട്ടുമുറ്റത്ത്‌ നിൽക്കുന്ന തെങ്ങിന്‌ എന്ത്‌ രാസവളമാണ്‌ നൽകേണ്ടതെന്ന്‌ നമ്മിൽ മിക്കവർക്കും അറിയില്ല.
കൽപവൃക്ഷമായ തെങ്ങിന്റെ കടയ്ക്കൽ കത്തിവെക്കാൻ പാകത്തിന്‌ രോഗങ്ങൾ നിരവധിയാണ്‌. കാറ്റുവീഴ്ച, കൂമ്പ്‌ ചീയൽ, ചെന്നീരൊലിപ്പ്‌, ഓലവാട്ടം തുടങ്ങിയവ അവയിൽ ചിലത്‌ മാത്രം. ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു, പൂങ്കുലച്ചാഴി, മണ്ഡരി തുടങ്ങിയ കീടങ്ങളും തെങ്ങിനെ ആക്രമിക്കുന്നു. ഈ രോഗങ്ങളെക്കുറിച്ചും നിയന്ത്രണമാർഗ്ഗങ്ങളെക്കുറിച്ചും കേരകർഷകർ അറിഞ്ഞിരിക്കണം.
ഇന്ന്‌ തെങ്ങിലെ വിളഞ്ഞ്‌ മൂപ്പെത്തിയ തേങ്ങ നോക്കി നെടുവീർപ്പിടാനേ, നാം മലയാളികൾക്ക്‌ കഴിയുന്നുള്ളൂ. തെങ്ങുകയറ്റ യന്ത്രങ്ങളെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും അവയൊന്നും സാധാരണക്കാരിലേക്ക്‌ എത്തിയിട്ടില്ല.
തെങ്ങുകൃഷി ആദായകരമാക്കാനായി ആവശ്യമായ സബ്സിഡികളും സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം. ഉൽപന്നങ്ങൾക്ക്‌ ന്യായമായ വില ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുകയും വേണം. തെങ്ങുകൃഷിയെപ്പറ്റിയും ഈ രംഗത്തുള്ള അനന്തസാദ്ധ്യതകളെപ്പറ്റിയും ശരിയായ ബോധവൾക്കരണം അനിവാര്യമാണ്‌. അങ്ങിനെ തെങ്ങിനെ അറിയുന്ന, തെങ്ങിനെ സ്നേഹിക്കുന്ന ഒരു പുതുതലമുറയ്ക്കുള്ള യജ്ഞത്തിൽ നമുക്കും പങ്ക്‌ ചേരാം, അതിനായി ജഗദീശ്വരൻ നമ്മെ സഹായിക്കട്ടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?