കൃഷ്ണജ എം. മേനോൻ
കുര്യാക്കോസ് ഏല്യാസ് എച്ച് എസ്.എസ്., മാന്നാനം, കോട്ടയം
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
യുപിവിഭാഗത്തിൽ സമാശ്വാസ സമ്മാനം നേടിയ കഥ)
കേരാട്ട് എന്ന തറവാടിന്റെ കാരണവർ എന്നു പറയതിനേക്കാൾ അപ്പുണ്ണിയേട്ടനു ചേരുന്നതു കർഷകനെന്ന പേരാണ്. വെറും കർഷകനല്ല, കേരത്തിൻ കർഷകൻ. തന്റെ മൂന്നേക്കർ കൃഷിയിടത്തിൽ തെങ്ങും, മറ്റു പല ഇടകൃഷികളും അദ്ദേഹം വളർത്തിയിരുന്നു. കൽപ വൃക്ഷം അവർക്കു സമൃദ്ധമായി ജീവിക്കാനുള്ളതെല്ലാം നൽകിയിരുന്നു. തന്റെ മക്കളെപ്പോലെ തെങ്ങുകളെ സ്നേഹിച്ചു. മേലേ വീട്ടിലെ ദാമോദര പിഷാരടി തന്റെകൃഷിയിടത്തിലേക്ക് നോക്കി പാടിയ ഈരടികൾ അപ്പുണ്ണിമെനോന്റെ ചുണ്ടിൽ ഉണർന്നുകൊണ്ടേയിരുന്നു,
"കേരം തിങ്ങുന്ന കേരളനാട്"
ഇത് വാസ്തവമാണെന്ന് അപ്പുണ്ണിയേട്ടന്റെ കൃഷിയിടം കണ്ടാൽ ആരായാലും സമ്മതിച്ചു പോകും.
ഒരു നല്ല കേരകർഷകനെന്ന പേര് നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പരിശ്രമത്തിലൂടെ തെങ്ങ് കൃഷി ഒരു വൻ വിജയമാക്കാൻ അപ്പുണ്ണിയേട്ടനു സാധിച്ചു. തന്റെ ജീവിതരീതിയും കൃഷിക്കുവേണ്ടി മെച്ചപ്പെടുത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. നാലരമണിക്ക് എഴുന്നേറ്റ് കൃഷിയിടത്തിലേക്ക് പോയാൽ ഒരു എട്ടു, ഒമ്പതു മണിയാകുമ്പോൾ പ്രാതലിനു വരും. പിന്നെ മക്കൾ ഗോപാലകൃഷ്ണനെയും രാമചന്ദ്രനെയും പള്ളിക്കൂടത്തിലേക്കാക്കിയിട്ട്
അപ്പുണ്ണിയേട്ടനു തന്റെ രണ്ടു മക്കളെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്ന് വലിയ ആഗ്രഹമാണ്. അതിനു വേണ്ട പണമെല്ലാം തന്റെ കൽപവൃക്ഷം തരുമെന്നു അപ്പുണ്ണിയേട്ടൻ എപ്പോഴും ഭാര്യയോട് പറയുമായിരുന്നു. തന്റെ തെങ്ങുകളെ സ്നേഹിക്കുകയും, അതിലൂടെ ജീവിക്കുകയും ചെയ്ത അപ്പുണ്ണിയേട്ടൻ തെങ്ങുകൾക്ക് പ്രഥമ സൗകര്യങ്ങൾ നൽകുകയും, കൃത്യമായി വളവും, വെള്ളവും നൽകുകയും ചെയ്തു. ഇടയ്ക്കെല്ലാം തന്റെ തെങ്ങുകളെ ഓമനിക്കുകയും, പുണരുകയും ചെയ്തിരുന്നു. ഇതൊക്കെ കാരണം തെങ്ങുകൾ നാളികേരം നൽകി അപ്പുണ്ണിയേട്ടനെയും, അപ്പുണ്ണിയേട്ടൻ തന്നെ സഹായിക്കുന്ന തെങ്ങുകളെയും സ്നേഹിച്ചു. തന്റെ കുടുംബത്തിന്റെ ആവശ്യത്തിനും വ്യാപാരത്തിനും വേണ്ടിയുള്ള നാളികേരം അവർക്ക് ലഭിച്ചിരുന്നു. വ്യാപാരത്തിലുടെ അവർക്ക് ലഭിക്കുന്ന പണം കൊണ്ടവർ സുഖമായി ജീവിച്ചു. അതുപോലെ തന്നെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന തേങ്ങ കൊപ്രയാക്കി അത് ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കുകയും, സ്വന്തം ആവശ്യത്തിനും വ്യാപാരത്തിനും ഉപയോഗിക്കുകയും, വമ്പിച്ച തോതിൽ ഉത്പാദിപ്പിക്കുന്ന തേങ്ങകളുടെ ചകിരി കയറുണ്ടാക്കുവാൻ വിൽക്കുകയും ചെയ്തതോടെ അവരുടെ ജീവിതം ഓണനാളുകളേക്കാൾ സമൃദ്ധമായി തീർന്നു. തന്റെ ജീവിതത്തിൽ ഇത്രയും സൗഭാഗ്യങ്ങൾ കൊണ്ടുവന്ന കൽപ വൃക്ഷത്തെ അപ്പുണ്ണിയേട്ടനും ഭാര്യയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു. സ്വന്തം ജീവിതത്തിന്റെ ഏറിയ ഭാഗവും അവർ തെങ്ങുകൾക്ക് വേണ്ടി ചിലവഴിച്ചു.
കാലങ്ങൾ കടന്നുപോയി, അപ്പുണ്ണിയേട്ടനെ തനിച്ചാക്കിയിട്ട് സഹധർമ്മിണി ദാക്ഷായണിയമ്മ പരലോകം പ്രാപിച്ചു. അപ്പുണ്ണിയേട്ടൻ അവശനായി, വാർദ്ധക്യം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. എന്നിട്ടും കൃഷിയിടത്തിലിൽ പോകുകയും തെങ്ങുകളെ പരിപാലിക്കുകയും ചെയ്തുപോന്നു.
അച്ഛന്റെ അവശതയറിഞ്ഞ് നഗരത്തിൽ നിന്ന് മക്കൾ ഓടിയെത്തി. ഇപ്പോളവർ നഗരത്തിൽ വലിയ ജോലിക്കാരാണ്. മൂത്തവൻ എൻജിനീയർ, രണ്ടാമൻ ഡോക്ടർ. മക്കൾ വന്നയുടനെ അവരുടെ വിവാഹം കഴിപ്പിക്കുവാൻ അപ്പുണ്ണിയേട്ടൻ തയ്യാറെടുത്തു. കൃഷ്ണപിഷാരിടിയുടെ മകൾ ലക്ഷ്മിയെകൊണ്ടു ഗോപാലനെയും, ശർമ്മ പിഷാരിടിയുടെ മകൾ സീതയെ കൊണ്ട് രാമചന്ദ്രനെയും വിവാഹം കഴിപ്പിച്ചു. ഭാര്യമാരെയും കൂട്ടി മക്കൾ ഉടനെ നഗരത്തിലേക്ക് മടങ്ങി.
ഗോപാലന്റെ ഭാര്യ ലക്ഷ്മിക്കു എപ്പോഴും തന്റെ ഭർത്താവിന്റെ അച്ഛന്റെ കൃഷിയിടത്തിലേക്കായിരുന്നു ചിന്ത.' ആ കിളവിനിപ്പോൾ അവശനാണ്, ആരുണ്ടവിടെ കൃഷി നോക്കാൻ? ആരുമില്ല. എന്നാപിന്നെ അതങ്ങ് വിറ്റാലോ....ലക്ഷങ്ങൾ കിട്ടും. ഈ ആശയം തന്റെ ഭർത്താവിനു മുന്നിൽ സൗമ്യമായി അവതരിപ്പിച്ചു. തന്റെ അച്ഛനും കൃഷിയിടവും തമ്മിലുള്ള ബന്ധമറിയിരുന്നിട്ടും പണത്തിന്റെ ആർത്തിമൂലം അവനതിനു സമ്മതിച്ചു. തന്റെ അനിയൻ രാമചന്ദ്രനെ വിളിച്ചാലോചിച്ചു, അവനും സമ്മതം. അങ്ങനെ ഭാര്യമാരെയും കൂട്ടിയവർ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. തറവാട്ടിലെത്തിയവർ അച്ഛനോട് കാര്യങ്ങൾ വിശദീകരിച്ചു. ഇതെല്ലാം അറിഞ്ഞപ്പോൾ അപ്പുണ്ണിയേട്ടൻ മരവിച്ചു പോയി പിന്നെ ഒന്നേ പറഞ്ഞുള്ളു "നിന്നെയൊക്കെ ഈ നിലയിലാക്കാൻ സഹായിച്ചവരെ നീ കൊല്ലാൻ പോകുകയാണോ?" ഗോപാലന്റെ ഭാര്യ സീത അതിന്റെ നല്ല ഗുണങ്ങളെ വിശദീകരിച്ചു കൊണ്ടേയിരുന്നു. പക്ഷെ അപ്പുണ്ണിയേട്ടന്റെ തലയിൽ അതൊന്നും കയറിയില്ല.
കുറച്ചുനാളത്തെ തിരച്ചിലിനൊടുവിൽ കൃഷിയിടം വാങ്ങാൻ നഗരത്തിലെ ഒരു പ്രഭുകുടുംബം തയ്യാറായി. അവർ ഗ്രാമത്തിൽ വന്നു. സ്ഥലം കണ്ടു ബോധിച്ചു. വാക്കുറപ്പിച്ചു. ദിവസങ്ങൾക്കുശേഷം വാങ്ങി. അവിടെ ഒരു വലിയ വീട് പണിയാനാണ് അവരുടെ പ്ലാൻ.
ദിവസങ്ങൾ കഴിഞ്ഞു കൃഷിയിടത്തിൽ ചങ്ങല വീണു. അപ്പുണ്ണിയേട്ടന്റെ മനസ്സിൽ ഒരു ചാട്ടവാറടിയായിരുന്നു അത്. അവർ തെങ്ങുമുറിക്കുന്നതിന് മുൻപ് നാളികേരമെല്ലാം പറിച്ചു വിറ്റു. വെളിച്ചെണ്ണയുണ്ടാക്കുന്ന യന്ത്രങ്ങളെല്ലാം ഉപയോഗ ശൂന്യമായി. അവർ തെങ്ങുകൾ മുറിക്കുവാൻ തുടങ്ങി. ഓരോ തെങ്ങും മുറിഞ്ഞു വീഴുമ്പോൾ അപ്പുണ്ണിയേട്ടന്റെ മനസ്സിൽ ഓരോ മുറിവുകളായിരുന്നു. തന്റെ തെങ്ങുകൾ കരയുന്നത് അപ്പുണ്ണിയേട്ടന് കേൾക്കാമായിരുന്നു. ആ നിലവിളികൾ അദ്ദേഹത്തിനു കേട്ടു കൊണ്ടിരിക്കാനായില്ല. തറവാട്ടിലേക്ക് ഓടിയെത്തിയ അപ്പുണ്ണിയേട്ടനെ സ്വീകരിച്ചതു മുറിഞ്ഞു കിടക്കുന്ന തെങ്ങുകളായിരുന്നു. അത് അദ്ദേഹത്തിനു കണ്ടു നിൽക്കാനായില്ല. അവശേഷിച്ച ഒരു തെങ്ങേൽ കെട്ടിപിടിച്ചു കൊ ണ്ട് കണ്ണീരോടെ എന്റെ മക്കളെ കൊല്ലല്ലേ എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. കണ്ണീരോടെ,വേദയോടെ തന്റെ മക്കളായ തെങ്ങുകൾക്കൊപ്പം ജീവൻ വെടിഞ്ഞു. മലയാളം കണ്ട ഒരു നല്ല കേരകർഷകന്റെ ജീവിതം അവസാനിച്ചു.