അച്ചാമ്മ തോമസ്
വർഷങ്ങളുടെ പഴക്കമുള്ള ആ രാത്രിയുടെ, ജനൽപ്പാളി തുറക്കുമ്പോൾ, പുറത്തെവിടെയോനിന്ന് നായ ഓരിയിട്ടു. ഉറക്കമില്ലാത്ത രാത്രിയുടെ കാവൽക്കാർ. മൺകുടം തട്ടിയിട്ടുടച്ച കറുമ്പൻ പൂച്ച, അതിന്റെ പച്ചക്കണ്ണുകൾ തെളിച്ച് ഇരുട്ടിലൂടെ പുറത്തേയ്ക്ക് പാഞ്ഞു. അതിനൊരു നന്ദി പറയാൻ കഴിഞ്ഞില്ല. ഇതെവിടെയാണ്? ഈ കുടുസ്സുമുറി ഏതാണ്? ഒന്നും വ്യക്തമാകുന്നില്ല. കാലം എത്രകഴിഞ്ഞിരിക്കുന്നു. പോരാത്തതിന് തലയുടെ പകുതി നഷ്ടപ്പെട്ടിരിക്കുന്നു. ഓർമ്മകളും പകുതിയേ കാണു. തയിലേയ്ക്കുയർത്തിയ കൈയ്യാകട്ടെ, കൈപ്പത്തിയില്ലാതെ നിന്നു തേങ്ങി. ജീവൻ പാകിവയ്ക്കരുതെന്നുള്ള ക്രൂരതയിൽ വെട്ടുമ്പോൾ, അറ്റുപോകുന്ന ശരീര ഭാഗങ്ങൾ പിന്നീടവയെല്ലാം പെറുക്കിക്കൂട്ടാൻ സാധിച്ചാലായി. അല്ലെങ്കിൽ അവയൊക്കെ മൃഗങ്ങൾക്കു ഒരു നേരത്തെ ആഹാരമായി.
ദൂരെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ഒരു വെളിച്ചം, നിലാവെളിച്ചവുമായി കൂടികളർന്ന്, ഭീകരമായ ഒരു രൂപമായി, വായുവിൽ ലയിച്ചു. കുറുക്കന്മാർ ഓലിയിടുകയും, മുരളുകയും, ചീറുകയും ചെയ്തുകൊണ്ട് ഓടി നടക്കുന്നു. ഇതുപോലൊരു രാത്രിയുടെ ഓർമ്മ, കാഴ്ചയുടെ വിരുന്നൊരുക്കി മുന്നിൽ തെളിഞ്ഞു. ഓർമ്മയുടെ തടാകത്തിൽ ഓളങ്ങളുണ്ടാക്കി, വേദനയുടെയും പകയുടെയും നാഗങ്ങൾ, പരസ്പരം ചുറ്റിപ്പിണഞ്ഞു. ജാതിയുടെയോ, രാഷ്ട്രീയത്തിന്റെയോ, വേലിക്കെട്ടുകളില്ലാതെ, ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ, മനുഷ്യനെ സ്നേഹിച്ചതിനു കിട്ടിയ സമ്മാനം. ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, വഴിയരികിലെ പൊന്തൽക്കാട്ടിൽ നിന്നും, ചാടിവീണ കുറെനിഴലുകൾ, വെട്ടിയും കുത്തിയും അടിച്ചും മൃതപ്രായനാക്കി. എന്താണ് സംഭവിക്കുന്നത്. എന്നറിയാനുള്ള സമയം കിട്ടുന്നതിനു മുമ്പ് വെട്ടുവീണു. ജീവനുവേണ്ടി ചിലപ്പോൾ, തുരുതുരാ വെട്ടുന്നവർക്ക് ജീവൻ ബാക്കി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കേണ്ടിയിരുന്നു. രക്തംകണ്ട് അറപ്പ് മാറിയ ക്രൂരതയുടെ പര്യായങ്ങൾ. ഡ്രാക്കുളയുടെ രീതി കേട്ടിട്ടുണ്ട്. ആർക്കും പിടികൊടുക്കാത്ത ഊർജ്ജം വീണ്ടെടുക്കാൻ രക്തം പാനം ചെയ്യും. പക്ഷേ ജീവൻ എടുക്കില്ല. എന്നാൽ മനുഷ്യൻ അങ്ങനെയല്ല. കരുണയില്ലാത്ത അവനാവശ്യം ജീവനാണ്. എന്നാൽ ചിലരാകട്ടെ നാണയത്തുട്ടുകൾക്കായി ഒരു പരിചയവുമില്ലാത്ത സഹജീവിയെ ചൂണ്ടിക്കാട്ടുമ്പോൾ കൊല്ലാൻ തയ്യാറാകുന്ന മനുഷ്യമനസ്സ്. വെട്ടുകൊണ്ട ചോരക്കളത്തിൽ കിട്ടുന്ന, ശരീരത്തിന്റെ ആത്മാവുവിട്ടുപിരിഞ്ഞുപോകാനാകാ
പക്ഷേ അവരറിഞ്ഞില്ല, സ്വന്തം ജീവിതത്തിന്റെ കടയ്ക്കലാണ് മരണംനട്ട്, രക്തംകൊണ്ട് നനയ്ക്കുന്നതെന്ന്. ഏതായാലും ഇനി ഊഴമൊന്ന് മാറുകയാണ്. കൊത്തിനുറുക്കപ്പെട്ട ശരീരം കണ്ട്, ബോധം മറഞ്ഞ്, പിച്ചും പേയും പറഞ്ഞ്, മരിച്ച അമ്മയ്ക്കായി ചിലത് ചെയ്യാനുണ്ട്. പ്രതികാരത്തിന്റെയും, പകയുടെയും പുകപടലങ്ങൾ, അന്തരീക്ഷത്തിലുയർന്നു. രാത്രി അവസാനിക്കും മുമ്പ് മഞ്ഞയും ചുവപ്പും, കറുപ്പുമായി മേഘപ്പാളികൾ കാറ്റിനൊപ്പം നീങ്ങി. ചിതയിൽ കത്തി ജ്വലിക്കുന്ന അസ്ഥിക്കഷണം പോലെ മഞ്ഞ മേഘപ്പാളികൾക്കിടയിൽ ചന്ദ്രക്കല ഒളിഞ്ഞു കിടന്നു.