മുട്ടം ശ്രീനി
ഇന്നു ഞാൻ ഓർക്കുന്നു കൃഷ്ണേ! നിന്റെ രാജ്യവും, കാന്തന്മാരും
കൈവിട്ടു നിന്നിൽ നിന്നു നീതിയും, നിയമങ്ങളും
അന്യമായ്ത്തീർന്നീലയോ-മാനവും കവർന്നില്ലേ
കള്ളച്ചൂതിനാൽ, നീചരാം രാജാക്കന്മാരുടയാടയഴിച്ചില്ലേ?
ഏറെപ്പുരാതനമൊരു ഗാഥതൻ പുനരാവർത്തന-
മിൻഡ്യയിലിന്ദ്രപ്രസ്ഥം തന്നിൽ കണ്ടു നാം മാനം കെട്ടു
മണമില്ല, നിറമില്ല, ദുർഗന്ധപൂരിതം, വികൃതമായ് നഗരവും
നഗരപ്രാന്തങ്ങളും നേതൃത്വമില്ലാതൊട്ടഴിഞ്ഞാടുന്
മരിക്കില്ല കൃഷ്ണേ! നീ ഈ പ്രപഞ്ചത്തിൻ ശ്വാസമായ്,
മാനവഹൃത്തടങ്ങളിലൊരുശക്തിയായ് സംസ്കാരമായ്
ഇന്നെനിക്കോർമ്മതൻ ജ്യോതിസ്സായ് ജ്വലിക്കുന്നു-
തീഷ്ണമാം സഹനത്തിൻ ഉജ്ജ്വലപ്രതിഭാസമായ്
നീയൊരനാമിക! അമ്മയാണെനിക്കു നീ, പെങ്ങളാ-
ണൊരുനല്ല സൗഹൃദക്കൂട്ടാളിയാണെന്നെസശന്നും ജീവിതം പങ്കാളിയും
ദ്വാരകേ! നിൻമടിക്കുത്തിൽ നിന്നൊരു പിടിച്ചുടുചാരം
കോരിഞ്ഞാനെടുക്കട്ടെ, ദുഃഖസാന്ദ്രമൊരോർമ്മതൻ തുടിപ്പായി
കരയാൻ മനസ്സില്ലെനിക്കൊട്ടും! പ്രതിക്ഷേധകൊടുംകാറ്റിൻ-
ദുദ്ദുഭിമുഴങ്ങട്ടിവിടയീ ഭാരതരാജ്യം തന്നിൽ
ഇന്നെനിക്കോർമ്മതൻ താരാഗണമുജ്വലപ്രഭാവ-
മാണനാമികെ! നിനക്കെന്റെ രക്തപുഷ്പാഞ്ജലി!