24 May 2013

നൂതന വിപണന തന്ത്രങ്ങളുമായി ഉപഭോക്താവിലേക്ക്‌


ദീപ്തി നായർ എസ്‌
മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

ഏതൊരു കാർഷിക വിളയുടെയും വികസനം സാധ്യമാകണമെങ്കിൽ ഉൽപന്നത്തിന്‌ വിപണിയിൽ നല്ല വില ലഭിക്കണം. കർഷകന്‌ ആദായകരമായ വില ലഭിച്ചാൽ മാത്രമെ കാർഷിക പരിപാലനം നടക്കു, മെച്ചപ്പെട്ട വിളവും ലഭ്യമാകു. 2012-13 കാലഘട്ടം നാളികേരത്തിന്റെ വിപണിയെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ടതായിരുന്നില്ല. എന്നിരുന്നാലും വിവിധ വിപണനരീതികളും സംസ്ക്കരണ മാർഗങ്ങളും അവലംബിച്ചതിലൂടെ കേരകർഷകർക്ക്‌ നേരിയ ആശ്വാസം ഉണ്ടായി എന്ന്‌ പറയാതെ വയ്യ. 2011 ന്റെ അവസാനത്തോടു കൂടിയാണ്‌ നാളികേരത്തിന്റെയും നാളികേരോൽപന്നങ്ങളുടെയും വിലയിടിയുവാൻ തുടങ്ങിയത്‌. 2011 മെയ്‌ മാസം വെളിച്ചെണ്ണ വില 10148 രൂപ ക്വിന്റലിന്‌ രേഖപ്പെടുത്തിയത്‌ ഡിസംബറിൽ 7965 രൂപയായി കുറഞ്ഞു. വാർഷിക ശരാശരിയോ 9069 രൂപയും. വിലക്കുറവ്‌ 2012 ൽ തുടരുകയും ചെയ്തു. ഡിസംബർ മാസത്തിൽ വിലയിൽ നേരിയ വർദ്ധനവ്‌ അനുഭവപ്പെട്ടു. ജനുവരിയിലും വർദ്ധനവ്‌ തുടരുകയുണ്ടായി. എന്നാൽ ഫെബ്രുവരി, മാർച്ചിൽ വില പിന്നെയും കുറയുകയാണുണ്ടായത്‌. കൊപ്രയുടെയും നാളികേരത്തിന്റെയും വിലകളുടെ വ്യതിയാനവും ഈ നിലയിൽ തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ കർഷകർക്ക്‌ ആശ്വാസമായത്‌ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന താങ്ങുവിലയ്ക്കുള്ള സംഭരണമാണ്‌.

വിപണി വില തകരുമ്പോൾ കർഷകരെ രക്ഷിക്കുവാനാണ്‌ കേന്ദ്ര ഗവണ്‍മന്റ്‌ താങ്ങുവിലകൾ പ്രഖ്യാപിക്കുന്നത്‌. വിലത്തകർച്ചയുണ്ടാകുന്ന സന്ദർഭങ്ങളിൽ താങ്ങുവിലയ്ക്ക്‌ സർക്കാർ കൊപ്ര സംഭരിക്കുമ്പോൾ അതിനനുസൃതമായി വിപണി വിലകൾ ഉയരുകയും അതിലൂടെ വിപണി സ്ഥിരപ്പെടുകയും ചെയ്യുക എന്നതാണ്‌ താങ്ങുവിലയ്ക്കുള്ള സംഭരണത്തിന്റെ പ്രധാന ഉദ്ദേശ്യം. 2012 സീസണിൽ സർക്കാർ നിശ്ചയിച്ച താങ്ങുവില ആട്ടുകൊപ്രക്ക്‌ ക്വിന്റലിന്‌ 5100 രൂപയും, ഉണ്ടകൊപ്രയ്ക്ക്‌ ക്വിന്റലിന്‌ 5350 രൂപയുമായിരുന്നു. പൊതിച്ച്‌ വെള്ളത്തോടുകൂടിയ പച്ചത്തേങ്ങ സംഭരിക്കുന്നതിന്‌ നിശ്ചയിച്ച താങ്ങുവില കിലോക്ക്‌ 14 രൂപയായിരുന്നു. നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച വേളയിൽ സംഭരണ ഏജൻസികളായി ബോർഡിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളെ അംഗീകരിക്കുകയെന്ന കർത്തവ്യം കേരള സർക്കാരിന്റെ പൂർണ്ണ പൈന്തുണയോടെ ബോർഡിന്‌ നടപ്പിലാക്കുവാൻ സാധിച്ചു. ഇതിലൂടെ നാളികേര ഉത്പാദക സംഘങ്ങൾ അംഗങ്ങളുടെ നാളികേരം ശേഖരിച്ച്‌ കൊപ്ര ഉത്പാദിപ്പിച്ച്‌  സംസ്ഥാനതല സംഭരണ ഏജൻസികൾക്ക്‌ കൈമാറാൻ അവസരമുണ്ടായി. മാത്രമല്ല, നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളെ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്‌ വാങ്ങണം എന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കി. ഇത്‌ വിലത്തകർച്ചയിലും നാളികേര ഉത്പാദക സംഘങ്ങൾക്ക്‌ ഉത്സാഹം നൽകി. സംഘങ്ങൾ ചേർന്ന്‌ മെച്ചപ്പെട്ട കൊപ്ര ഡ്രയറുകൾ വാടകയ്ക്കെടുത്ത്‌ കൊപ്ര ഉത്പാദിപ്പിച്ച്‌ സംഭരണ ഏജൻസികൾക്ക്‌ നൽകി. ഇതിലൂടെ സർക്കാരിന്റെ കൊപ്ര സംഭരണത്തിന്റെ ആനുകൂല്യം നേരിട്ട്‌ കർഷകരിലേക്കെത്തിക്കുവാൻ ബോർഡിന്‌ സാധിച്ചു.
കൃഷിയിലെ വളമുൾപ്പെടെയുള്ള ഉത്പാദനോപാധികൾക്ക്‌ പലമടങ്ങ്‌ വിലകൂടിയ സാഹചര്യത്തിൽ, പ്രഖ്യാപിച്ച താങ്ങുവില തന്നെ കർഷകർക്ക്‌ ആശ്വാസമേകാൻ പര്യാപ്തമല്ല എന്നു മനസ്സിലാക്കിയ ബോർഡ്‌ വിവിധ സർക്കാരുകളുടെ ഭാഗത്തു നിന്നു താങ്ങു വിലയ്ക്ക്‌ പുറമെ ആനുകൂല്യം നൽകുന്നതിന്‌ അഭ്യർത്ഥിക്കുകയുണ്ടായി. കർണ്ണാടക സർക്കാർ ഉണ്ടകൊപ്രയ്ക്ക്‌ താങ്ങുവിലയ്ക്ക്‌ പുറമെ ക്വിന്റലിന്‌ 700 രൂപ കൂടി നൽകുവാൻ തീരുമാനിച്ചപ്പോൾ കേരള സർക്കാർ കൊപ്ര സംഭരണത്തിലേർപ്പെട്ടിരിക്കുന്ന ഏജൻസികൾ/സംഘങ്ങൾക്ക്‌ ക്വിന്റലിന്‌ 500 രൂപ അധികം നൽകുവാൻ തീരുമാനിച്ചു. ഇത്‌ കൊപ്ര സംഭരണത്തിലേർപ്പെട്ട സംഘങ്ങൾക്ക്‌ ആശ്വാസമേകി. കഴിഞ്ഞ സംഭരണകാലത്ത്‌ 54 നാളികേരോത്പാദക സംഘങ്ങൾ ചേർന്ന്‌ 725 ടൺ കൊപ്ര സംഭരണ ഏജൻസികൾക്ക്‌ നൽകി.
ഇതിന്റെ പശ്ചാത്തലത്തിൽ  2013 ലെ താങ്ങുവില പ്രഖ്യാപനത്തിനായി ഉയർന്ന കാർഷിക ചെലവുകൾ കണക്കിലെടുത്ത്‌ ഉയർന്ന തറവില ബോർഡ്‌ ശുപാർശ ചെയ്തെങ്കിലും, 2013 ലെ താങ്ങുവില നേരിയ വർദ്ധനവ്‌ മാത്രം വരുത്തിയാണ്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതു. ആട്ടുകൊപ്രയ്ക്ക്‌ ക്വിന്റലിന്‌ 5250 രൂപയും ഉണ്ട കൊപ്രയ്ക്ക്‌ 5500 രൂപയുമാണ്‌ തറവില നിശ്ചയിച്ചിരിക്കുന്നത്‌. പൊതിച്ച്‌ വെള്ളത്തോടു കൂടിയ പച്ചത്തേങ്ങ സംഭരിക്കുന്നതിന്‌ ക്വിന്റലിന്‌ 14.25 രൂപ താങ്ങുവില നിശ്ചയിക്കുകയുണ്ടായി.
കൊപ്ര സംഭരണ വേളയിൽ ഉത്പാദക സംഘങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കായി നെട്ടോട്ടമോടിയതു കണ്ടു ബോർഡ്‌ നാളികേര ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകളുടെ ആഭിമുഖ്യത്തിൽ കൊപ്ര ഡ്രയറുകൾ, സ്ഥാപിക്കുതിന്‌ ഒരു പദ്ധതി തയ്യാറാക്കി. നാളികേര ഉത്പാദക ഫെഡറേഷനുകൾ സമർപ്പിക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ ഫെഡറേഷനുകൾക്ക്‌ നാളികേര ടെക്നോളജി മിഷന്റെ കീഴിൽ 50 ശതമാനം സബ്സിഡി നൽകുവാൻ തീരുമാനിച്ചു. പരമാവധി 6 ലക്ഷം രൂപയായിരിക്കും സബ്സിഡി തുക.
വിവിധ ജില്ലകളിൽ ഫെഡറേഷനുകളുടെയാഭിമുഖ്യത്തിൽ കൊപ്ര ഡ്രയറുകൾ സ്ഥാപിച്ചു വരുന്നു. കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ആദ്യപടിയാണ്‌ കൊപ്ര ഡ്രയറുകൾ.
വിപണി പ്രോത്സാഹനത്തിന്റെ ഭാഗമായി നാളികേര ടെക്നോളജി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ക്കരണ യൂണിറ്റുകൾക്ക്‌ തങ്ങളുടെ ബ്രാൻഡ്‌ പ്രചരിപ്പിക്കുന്നതിന്‌ 7 ലക്ഷം രൂപയുടെ സബ്സിഡി നൽകുകയുണ്ടായി. ഇതു കൂടാതെ വിവിധ ജില്ലകളിൽ ഇളനീർ പന്തലുകൾ  സ്ഥാപിക്കുന്നതിന്‌ 16 പദ്ധതികൾ അംഗീകരിക്കുകയും 6 ഇളനീർ പന്തലുകൾ സ്ഥാപിക്കുകയുമുണ്ടായി. ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ 3 ഉത്പാദക യൂണിറ്റുകളിലെ പ്രതിനിധികൾ വിദേശ രാജ്യങ്ങളിലെ എക്സിബിഷനുകളിൽ പങ്കെടുക്കുകയും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും നൂതന വിപണികൾ കണ്ടെത്തുകയും ചെയ്തു.
ലോക ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന നമ്മുടെ രാജ്യത്തിനുള്ളിൽ തന്നെ നാം ഇതുവരെ കണ്ടെത്തുകയോ,സാധ്യതകൾ ഉപയോഗിക്കുകയോ ചെയ്യാത്ത ആഭ്യന്തര വിപണി കയ്യടക്കുന്നതിനുള്ള വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതായിരുന്ന പ്രധാന ആശയം. നാളികേര കൃഷി നടത്തുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല നാളികേരമില്ലാത്ത വടക്കേ ഇന്ത്യയിലും  നാളികേരോൽപന്നങ്ങൾക്ക്‌ വിപണി സ്ഥാപിക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്‌ ബോർഡ്‌ ആരംഭിച്ചതു. നാളികേരത്തിൽ നിന്നും ബഹുവിധ ഉൽപന്നങ്ങൾ സാധ്യമാണ്‌ എങ്കിലും ഇവയെക്കുറിച്ച്‌ ഉപഭോക്താക്കളുടെ ഇടയിൽ അവബോധം കുറവാണ്‌.  അതുകൊണ്ടു തന്നെ നഗരികളിലെ ഉപഭോക്താക്കളുടെയിടയിൽ അവതരിപ്പിക്കാവുന്ന നാളികേരോൽപന്നങ്ങളുടെ ഒരു പ്രോഡക്ട്‌ ബാസ്കറ്റ്‌ തിരഞ്ഞെടുത്തു. ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനത്തിലധികം വസിക്കുന്ന പ്രധാന ജനറം നഗരങ്ങളിൽ പ്രസ്തുത ഉൽപന്നങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം.
ഇതുകൂടാതെ ഹരിയാന സ്റ്റേറ്റ്‌ അഗ്രികൾച്ചർ മാർക്കറ്റിംഗ്‌ ബോർഡിന്റെ (ഒടഅങ്ങആ) ആഭിമുഖ്യത്തിൽ ഡൽഹിയിലെ നൗഗറിൽ ഹോർട്ടികൾച്ചർ ഉൽപന്നങ്ങളുടെ  വൻ വിപണി സ്ഥാപിക്കുകയാണ്‌. പ്രസ്തുത വിപണിയിലും ഡൽഹിയിലെ രോഹ്തക്‌ മാളിലും നാളികേരോൽപന്നങ്ങളുടെ വിപണി കയ്യടക്കുന്നതിനുള്ള ശ്രമങ്ങളും ബോർഡ്‌ നടത്തിവരുന്നു. ഇതിലൂടെ ഉത്തരേന്ത്യയിൽ നാളികേരോൽപന്നങ്ങളെ പരിചയപ്പെടുത്തുക, നാളികേരോൽപന്നങ്ങളുടെ വിപണി വികസിപ്പിക്കുക എന്നിവയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.
ഇളനീർ ഉപഭോഗം സാധാരണ ജനങ്ങളിലേക്ക്‌ കൂടുതൽ വ്യാപിപ്പിക്കുക, ഇളനീർ വിപണിയിലൂടെ കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ്‌ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇളനീർപന്തലുകൾ തുടങ്ങുന്നതിനുള്ള പദ്ധതി ആരംഭിച്ചതു. വിവിധ നാളികേരോത്പാദക സംഘങ്ങളുടെയും തൊഴിൽരഹിതരായ ചെറുപ്പക്കാരുടെയും ആഭിമുഖ്യത്തിൽ ഇളനീർപ്പന്തലുകൾ ആരംഭിക്കുന്നതിന്‌ പദ്ധതികൾ സമർപ്പിക്കപ്പെടുകയുണ്ടായി. 6 ഇളനീർപന്തലുകൾ സ്ഥാപിക്കുന്നതിനായി ബോർഡ്‌ സബ്സിഡി  വിതരണം ചെയ്തു.
കർഷകനും സംരംഭകനും ഉപഭോക്താവിനും നാളികേരത്തിനും നാളികേരോൽപന്നങ്ങൾക്കും വിപണിയിലുള്ള നടപ്പ്‌ വില ലഭ്യമാക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വില ശേഖരണത്തിനായി ബോർഡ്‌ നടപ്പിലാക്കിയ പദ്ധതി വിജയകരമായിരുന്നു. ഇതിനെ തുടർന്ന്‌ നാളികേരകൃഷി നിലവിലുള്ള മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും ദൈനദിന വിലവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഒരു ബൃഹദ്‌ പദ്ധതിയാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ പ്രധാന നാളികേര വിപണികളിലെ വിലകൾ കർഷകരിലേക്കും ഉപഭോക്താവിലേക്കും അന്നേദിവസം തന്നെ എത്തിക്കുവാൻ സാധിക്കും എന്നു ബോർഡ്‌ പ്രതീക്ഷിക്കുന്നു.
നാളികേരോൽപന്നങ്ങളുടെ ആഭ്യന്തര വിപണി മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ചലനങ്ങൾ സൃഷ്ടിക്കുവാൻ ബോർഡിന്റെ ശ്രമങ്ങളിലൂടെ സാധിച്ചു. ഈ കഴിഞ്ഞ വർഷം കയറൊഴികെയുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതി ആയിരം കോടി കവിയുമെന്നാണ്‌ കരുതുന്നത്‌. മുൻവർഷങ്ങളിലെ പോലെ ഉത്തേജിത കരിയാണ്‌ കൂടുതൽ കയറ്റുമതി ചെയ്തിരിക്കുന്നത്‌. പച്ചത്തേങ്ങയുടെ കയറ്റുമതി 2012-13ൽ ക്രമാതീതമായി വർദ്ധിച്ചതാണ്‌ കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രത്യേകത. 894 രജിസ്റ്റേർഡ്‌ എക്സ്പോർട്ടർമാരാണ്‌ കയറ്റുമതി മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നത്‌.
വെളിച്ചെണ്ണയുടെ കയറ്റുമതി രംഗത്ത്‌ നിലനിന്നിരുന്ന നയങ്ങളിൽ ബോർഡിന്റെ നിരന്തര പരിശ്രമഫലമായി മാറ്റങ്ങൾ ഉണ്ടായി എന്നത്‌ കയറ്റുമതി രംഗത്തെ കൂടുതൽ ശക്തമാക്കാൻ സഹായിച്ചു. ക്രൂഡ്‌ പാം ഓയിലിന്‌ ഇറക്കുമതി തീരുവ 2.5 ശതമാനമായി നിശ്ചയിക്കുകയുണ്ടായി. ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതിയിലുണ്ടായ വൻവർദ്ധനവും വെളിച്ചെണ്ണയുടെ വിലയിടിവും കേരകർഷകരെയും കേരമേഖലയെയും തളർത്തും എന്നത്‌ സംബന്ധിച്ചു നാളികേര വികസന ബോർഡ്‌ നിരന്തരമായി കേന്ദ്ര സർക്കാരിന്‌ എഴുതുകയും പാമോയിലിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നതിന്റെ ഫലമായിട്ടാണ്‌ ഈ ചെറിയ വർദ്ധനവ്‌ ഉണ്ടായിരിക്കുന്നത്‌. വെളിച്ചെണ്ണയുടെ വിലയിടിയുമ്പോഴും വെളിച്ചെണ്ണയുടെ കയറ്റുമതിയ്ക്ക്‌ നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നതു കൊണ്ട്‌ അന്താരാഷ്ട്ര വിപണിയിലെ സാധ്യതകൾ മുതലെടുക്കുവാൻ നാളികേര സംരംഭകർക്ക്‌ സാധിച്ചിരുന്നില്ല. ബോർഡിന്റെ നിരന്തരശ്രമഫലമായി നിയന്ത്രണം നീക്കം ചെയ്തതുകൊണ്ട്‌ എല്ലാ തുറമുഖങ്ങളിലൂടെയും വെളിച്ചെണ്ണ ഇപ്പോൾ കയറ്റുമതി ചെയ്യാം.
വിലക്കുറവിൽ നട്ടം തിരിയുന്ന നാളികേര കർഷകർക്ക്‌ ആശ്വാസം പകരുവാനും സ്ഥിരമായ വരുമാനം നേടിക്കൊടുക്കുവാനും സാധിക്കുന്ന നീരയുത്പാദനത്തിന്‌ സർക്കാരിന്റെ സമ്മതം വാങ്ങി, സർക്കാർ നയങ്ങളിൽ മാറ്റുമുണ്ടാക്കുക എന്ന കഠിന ശ്രമത്തിലാണ്‌ ഇന്ന്‌ നാളികേര വികസന ബോർഡ്‌. കൊച്ചിയിൽ നടന്ന ഏഷ്യ, പസഫിക്ക്‌ രാജ്യങ്ങളുടെ കൊക്കോടെക്കിൽ ഇന്ത്യോനേഷ്യയിലും,തായ്‌ലന്റിലും,ഫിലിപ്പീൻസിലും നിന്നു വന്ന സംരംഭകർ നീരയും നീരയിൽ നിന്നുള്ള മൂല്യവർദ്ധിതയുൽപന്നങ്ങളായ സിറപ്പും ചക്കരയും പഞ്ചസാരയും നാളെയുടെ ഉൽപന്നങ്ങളാണ്‌ എന്ന്‌ പ്രഖ്യാപിച്ചപ്പോൾ കേരം തിങ്ങും കേരളനാട്‌ നാണിച്ചു തലതാഴ്ത്തി.
ആൽക്കഹോൾ തീരെയില്ലാത്ത നീര ചെത്തുന്നതിന്‌ കേരളത്തിൽ ലൈസൻസ്‌ ആവശ്യമാണ്‌. അബ്കാരി നിയമത്തിൽ നീരയെ സംബന്ധിച്ചുള്ള നയങ്ങൾക്ക്‌ മാറ്റം ആവശ്യമാണ്‌ എന്ന്‌ ബോർഡ്‌ നിരന്തരം നാളികേര കൃഷിയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി അഭിപ്രായം കൈമാറിയിരുന്നു. ഇതിന്റെ ഫലമായി കേരള സർക്കാരിന്റെ ഭാഗത്തു നിന്നും നീരയ്ക്കനുകൂലമായ സമീപനമുണ്ടായി എന്നതിന്റെ ആദ്യ തെളിവായിരുന്നു നീര കമ്മിറ്റിയുടെ രൂപീകരണം. സംസ്ഥാനത്തെ 10 പ്രധാന നാളികേരോത്പാദക ജില്ലകളിൽ നീര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുവാൻ 15 കോടി രൂപ കേരള സർക്കാർ വകയിരുത്തുകയുണ്ടായി. നീരയും നീരയിൽ നിന്നുള്ള ഉൽപന്നങ്ങളും ഉത്പാദിപ്പിക്കുവാനുള്ള അവസരം കർഷകന്‌ കൈവന്നാൽ അത്‌ കേരമേഖലയിൽ ഉളവാക്കുന്നത്‌ വൻ മാറ്റങ്ങളായിരിക്കും. ദൈനദിന വരുമാനം നേടിത്തരുന്ന നീര ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ അത്‌ കർഷക വരുമാനം ഗണ്യമായി വർദ്ധിപ്പിക്കും.
നാളികേര മേഖലയിൽ ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും മെച്ചപ്പെട്ട വിപണി അവതരണത്തിലൂടെയും വികസനം സാധ്യമാക്കാനും അതിലൂടെ കേരകർഷർക്ക്‌ മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കാനുമാണ്‌ നാളികേര വികസന ബോർഡ്‌ പരിശ്രമിക്കുന്നത്‌. കേരകർഷകരുടെ കൂട്ടായ്മകൾ ശക്തി പ്രാപിച്ചുവരുന്ന അവസരത്തിൽ സ്ഥായിയായ വികസനം കേരമേഖലയിൽ സാധ്യമാകും എന്ന ശുഭ പ്രതീക്ഷയിലാണ്‌ നാളികേര വികസന ബോർഡ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...