രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്
അതെ, കേരമേഖലയെ സംബന്ധിച്ചിടത്തോളം കടന്ന് പോയത് ഒരു ചരിത്രവർഷമാണ്. നിരവധി ഒന്നാംസ്ഥാനങ്ങൾ, പലവിധ ആനുകൂല്യങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപനങ്ങൾ, നിരവധി നയപരമായ തീരുമാനങ്ങൾ, നൂതന വിപണന തന്ത്രങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, റെക്കോർഡ് ഫണ്ട് വിനിയോഗം, കർഷക കൂട്ടായ്മകളുടെ ശാക്തീകരണം, ഉയരങ്ങൾ താണ്ടിയ കയറ്റുമതി ....ഇങ്ങനെ സമസ്ത മേഖലകളിലും ചരിത്രം കുറിച്ചുകൊണ്ട് നാളികേര വികസന ചരിത്രത്തിൽ എന്തുകൊണ്ടും വേറിട്ടതായി, 2012-13.
കേരോത്പാദനത്തിലും ഉത്പാദനക്ഷമതയിലും മൂല്യവർദ്ധനവിലും കയറ്റുമതിയിലും ഇന്ത്യയെ ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തിക്കുക, ഇതായിരുന്നു 2012-13 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നാളികേര വികസന ബോർഡ് ലക്ഷ്യമിട്ടത്. ഉത്പാദനം 1694 കോടി നാളികേരമെന്നും ഉത്പാദനക്ഷമത ഹെക്ടറൊന്നിന് 8965 നാളികര മെന്നുമുള്ള ദേശീയ സ്ഥിതിവിവരക്കണക്ക് പുറത്ത് വന്നതോടെ ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം ഒന്നൊന്നായി കരഗതമാകുകയായിരുന്നു. കൂടെ മത്സരിക്കാൻ രാജ്യങ്ങളേറെയാണ്. ഉയർന്ന എക്സ്പോർട്ട് വിഹിതം കൈമുതലായുള്ള ശ്രീലങ്കയും, ഫിലിപ്പീൻസും, ഇന്തോനേഷ്യയുമെല്ലാം മത്സരരംഗത്തുണ്ട്. കയറ്റുമതിയിൽ ഒരു ഉയിർത്തെഴുന്നേൽപ്പ് അസാദ്ധ്യമെന്ന് കരുതിയിരുന്നിട്ടുപോലും ഈ രംഗത്തെ ഇന്ത്യയുടെ മികവ് ഒരു മധുരപ്രതികാരമായി. 2000 കോടിരൂപയോളം കയറുൾപ്പെടെയുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന് നേടിയതോടെ ഇന്ത്യയുടെ ഈ രംഗത്തെ വളർച്ച അരക്കിട്ടുറപ്പിക്കുകയായിരുന്നു
കേരമേഖല ബോർഡിന്റെ നേതൃത്വത്തിൽ നടന്നുകയറിയ സുപ്രധാന പടവുകളെക്കുറിച്ച് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിൽ. പദ്ധതി തിരിച്ചുള്ള നേട്ടങ്ങൾ മറ്റു ലേഖനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
കേരകർഷകരിലെ ഒരുമയും പെരുമയും
അശക്തരും അസംഘടിതരുമായിരുന്ന കേരകർഷകരെ "കൈകോർത്ത് ശക്തരാകുവിൻ" എന്ന സന്ദേശം നൽകി ഉത്പാദക സോസൈറ്റികൾ രൂപീകരിക്കാൻ 2011-12 മുതൽക്കേ ബോർഡ് പ്രയത്നം തുടങ്ങിയിരുന്നു. 2012-13 സാക്ഷ്യം വഹിച്ചതു ഉത്പാദക സംഘങ്ങളുടെ രൂപീകരണത്തിൽ കൈവരിച്ച അപ്രതീക്ഷിത നേട്ടത്തിന് തന്നെയായിരുന്നു. 2295 ഉത്പാദക സംഘങ്ങളും സംഘങ്ങളുടെ ഫെഡറേറ്റഡ് രൂപമായ 121 ഫെഡറേഷനുകളും ബോർഡിൽ രജിസ്റ്റർ ചെയ്തത് ചരിത്ര മുഹൂർത്തമായി. ഈ സംവിധാനങ്ങൾക്ക് കീഴിൽ 68 ലക്ഷം തെങ്ങുകളുടെ ഉടമകളായ ഒന്നര ലക്ഷത്തോളം കൃഷിക്കാരെ ഒന്നിപ്പിക്കാൻ സാധിച്ചതു അശ്രാന്ത പ്രയത്നഫലം തന്നെയായിരുന്നു.
അശരണരായി എന്തുചെയ്യണമെന്നറിയാത്ത ചെറുകിട തെങ്ങുകൃഷിക്കാരെ സംഘടിപ്പിച്ചതുകൊണ്ടുമാത്രമായി
സംഘടിച്ച് ശക്തരാകുന്നതോടൊപ്പം കർഷകർക്ക് തെങ്ങ് എന്ന വിള അസംസ്കൃത വസ്തുക്കളുടെ അനുസ്യൂതമായ കലവറയാണെന്നും ഇതിൽ നിന്നും ലഭ്യമാക്കാവുന്നതിന്റെ ചെറിയൊരംശം പോലും ഇന്ന് ഉപയോഗപ്പെടുത്തുന്നില്ലെന്നും അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് മൂല്യവർദ്ധനവിലേക്കുള്ള വാതായനങ്ങൾ തുറന്ന് കാട്ടിയത്. ലോകോത്തര ഗുണനിലവാരമുള്ള നൂതന നാളികേരോൽപന്നങ്ങൾ നിർമ്മിക്കുവാൻ സാങ്കേതിക, സാമ്പത്തിക സഹായങ്ങളുടെ ഉറവിടം കാട്ടിക്കൊടുക്കുക കൂടിയായിരുന്നു ഈ യത്നത്തിന്റെ പിന്നിലെ ഉദ്ദേശ്യം. തെങ്ങിന്റെ പരിചരണം മെച്ചപ്പെടുത്താനും കരിക്കിന് പറ്റിയ തെങ്ങിനങ്ങൾ വെച്ച് പിടിപ്പിക്കാനും, കൊപ്രഡ്രയറുകൾ, ഇളനീർ പാർലറുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും മൂല്യവർദ്ധനവിനൊപ്പം സോസൈറ്റികളിൽ കൂടി ലക്ഷ്യമിട്ടിരിക്കുന്നു.
ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലെ 27 സിപിഎസുകളും 9 ഫെഡറേഷനുകളും ഏകദേശം 53,000 കുറിയയിനം വിത്തുതേങ്ങകൾ സംഭരിച്ച് നഴ്സറികൾ ആരംഭിച്ചതു ലക്ഷ്യസാക്ഷാത്ക്കാരം ഒന്നൊന്നായി നേടാൻ സാധിക്കുന്നുവേന്നതിന്റെ തെളിവാണ്. 2 ഫെഡറേഷനുകൾ കൊപ്രഡ്രയർ സ്ഥാപിക്കാൻ കെട്ടിട നിർമ്മാണവും യന്ത്രവത്ക്കരണവും പൂർത്തിയാക്കി. പലയിടങ്ങളിലും ഇതിനായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. 54 സംഘങ്ങൾ സംഭരണ കേന്ദ്രങ്ങളായി പ്രവർത്തനം തുടങ്ങിയത് വഴിത്തിരിവായി.
ഉത്പാദക കമ്പനികളാണ് ഈ ശൃംഖലയിലെ അവസാന കണ്ണികൾ. കമ്പനികളുടെ രൂപീകരണത്തിന് തുടക്കമിടാൻ കണ്ണൂർ, പാലക്കാട് ജില്ലകളിൽ കഴിഞ്ഞെങ്കിലും ഇത് കൂടുതൽ ശക്തിപ്പെടുത്തേണ്ടതും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കേണ്ടതും വരും വർഷങ്ങളിലെ പ്രധാന ലക്ഷ്യമാണ്.
സർക്കാർ പ്രഖ്യാപനങ്ങൾ
സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ഏപ്രിൽ 18 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ ബോർഡ് പങ്കെടുത്തിരുന്നു. ഈ മേഖലക്ക് വേണ്ട എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ഉത്പാദക സംഘങ്ങൾ ശക്തിപ്രാപിക്കുന്നതിന് സർക്കാരിന്റെ നിരവധി പ്രഖ്യാപനങ്ങൾ വഴിയൊരുക്കി. ഉത്പാദക സംഘങ്ങളെ, നാളികേര സംഭരണ കേന്ദ്രങ്ങളായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് 2012ൽ സംസ്ഥാന സർക്കാർ ഇറക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന്റെ യഥാർത്ഥഫലം കൊയ്യാൻ സാധിച്ചതു 2012-13 ലാണ്. കിലോഗ്രാമിന് 14 രൂപ നിരക്കിൽ പൊതിച്ച തേങ്ങ ശേഖരിച്ച് ഗുണനിലവാരമുള്ള കൊപ്രയാക്കി താങ്ങുവിലയ്ക്കനുസരിച്ച് അതാത് ജില്ലകളിലെ സംഭരണ ഏജൻസികൾക്ക് നൽകാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ഇത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഉത്പാദക സംഘങ്ങൾക്ക് കൊപ്ര നൽകാൻ കൃഷി ആഫീസറുടെ സാക്ഷ്യപത്രം ഒഴിവാക്കി ബോർഡിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയതും സർക്കാർ പ്രഖ്യാപനങ്ങളിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു
മദ്യരഹിത നീരയും നീര ഉൽപന്നങ്ങളും അടുത്തിടെ ഏറെ ജനശ്രദ്ധ യാകർഷിക്കുകയും കേരകർഷകർക്ക് ഭാവിയിൽ ഒരു സുസ്ഥിര വരുമാനമാർഗ്ഗമാകാമെന്നുമുള്ള അഭിപ്രായം ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തെ 10 പ്രധാന കേരോത്പാദക ജില്ലകളിൽ നീര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ 15 കോടിയും മറ്റ് കേരവികസന പദ്ധതികൾക്ക് 25 കോടിയും ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലൂടെ അനുവദിച്ചതും നയപരമായ തീരുമാനങ്ങളിൽ തെങ്ങ് ശ്രദ്ധിക്കപ്പെട്ടുവേന്നതിന്റെ തെളിവാണ്. നീരയെ സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള സന്ദേഹങ്ങൾ ദുരീകരിക്കുന്നതിനും അബ്കാരി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും ബോർഡ് കൈക്കൊണ്ട നടപടികൾ ഫലപ്രദമാകുന്നുവേന്നതിന്റെ സൊാചനയായി ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തെ കാണാം.
കേന്ദ്ര ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം രണ്ട് കാര്യങ്ങളിൽ ഊന്നൽ നൽകി. ഒന്ന്, തെങ്ങ് പുനരുദ്ധാരണ പദ്ധതി മറ്റു ജില്ലകളിൽ കൂടി വ്യാപിപ്പിക്കുവാൻ 75 കോടി രൂപ അനുവദിച്ചു. രണ്ട്, കർഷക ഉത്പാദക സംഘടനകൾക്ക് യൂണിറ്റൊന്നിന് 10 ലക്ഷം രൂപ വീതം നൽകാൻ 50 കോടി രൂപയും നീക്കിവെച്ചു.
വെളിച്ചെണ്ണയുടെ വിലയിടിവും തുടർന്നുള്ള സർക്കാർ പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. ക്രൂഡ് പാമോയിലിന് ഇറക്കുമതി തീരുവ 20 ശതമാനം വരെ ഉയർത്താമെന്നിരിക്കേ പൂജ്യം ശതമാനത്തിൽ നിലനിർത്തിയതും ശുദ്ധീകരിച്ച പാം ഓയിലിന് 7.5 ശതമാനത്തിൽ തുടരുന്നതും ബോർഡ് ചോദ്യം ചെയ്തിരുന്നു. ഇറക്കുമതി തീരുവ ഉയർത്താൻ ശക്തമായി വാദിച്ചു. ഈ രംഗത്ത് ഭീമമായ പൊളിച്ചെഴുത്ത് നടന്നില്ലെങ്കിലും ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതിച്ചുങ്കം പൂജ്യം ശതമാനമെന്നത് 2.5 ശതമാനമാക്കി ഉയർത്തിയത് നേരിയ ആശ്വാസമായേ കണക്കാക്കാനാകൂ. കേന്ദ്രസർക്കാരിന്റെ പോർട്ട് നിയന്ത്രണവും അളവ് നിയന്ത്രണവും നിലനിന്നിരുന്നതിനെതിരെ ശക്തമായി വാദിച്ചിരുന്നതിന് ഫലമുണ്ടായി. കൊച്ചി തുറമുഖത്ത് നിന്ന് മാത്രമുള്ള കയറ്റുമതി നിയന്ത്രണവും തൂക്കത്തിൽ 20,000 ടൺ മാത്രം എന്ന പരിധിയും വിഘാതം തന്നെയായിരുന്നു. ഈ നിയന്ത്രണം നീക്കം ചെയ്തുകൊണ്ട് എല്ലാ തുറമുഖങ്ങളിൽ നിന്നും അളവ് നിയന്ത്രണമില്ലാതെ കയറ്റുമതി അനുവദിച്ചതു നേട്ടം തന്നെയായി. എങ്കിലും വെളിച്ചെണ്ണ കയറ്റുമതി നിയന്ത്രിതലിസ്റ്റിൽതന്നെ തുടരുകയാണ് ഇപ്പോഴും. ഈ അനിശ്ചിതാവസ്ഥമൂലം വിശേഷ് കൃഷി ഗ്രാമോദ്യോഗ് യോജന പ്രകാരമുള്ള 5 ശതമാനം കയറ്റുമതി പ്രോത്സാഹനം വെളിച്ചെണ്ണ കയറ്റുമതിക്കാർക്ക് നേടിയെടുക്കുവാൻ സാധിക്കുന്നില്ല. സർക്കാരിൽ ഉറങ്ങുന്ന നിവേദനങ്ങളിൽ ഇതും ഉൾപ്പെടുന്നു.
പരിശീലന പരിപാടികൾ
വനിതകൾക്കും സ്വാശ്രയ സംഘങ്ങൾക്കും സംരംഭകർക്കുമെല്ലാം സംരംഭകത്വ പരിശീലനം നൽകുകയെന്നതാണ് ബോർഡിന്റെ വാഴക്കുളത്തുള്ള സാങ്കേതിക വികസന കേന്ദ്രത്തിന്റെ പ്രധാന കർമ്മ മേഖല. തേങ്ങയുപയോഗിച്ചും തേങ്ങവെള്ളമുപയോഗിച്ചും തയ്യാറാക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിന് ഒന്ന്, രണ്ട്, നാല് ദിവസങ്ങൾ വീതം ദൈർഘ്യമുള്ള സംരംഭകത്വ കഴിവ് വികസന പരിപാടിയിലൂടെ 880 പേരാണ് പരിശീലനം നേടിയത്. അനുയോജ്യമായ സംസ്ക്കരണ രീതി തെരഞ്ഞെടുക്കു വാനും, ചെലവ് കുറഞ്ഞ പായ്ക്കിംഗ് രീതി അവലംബിക്കാനും പഠിപ്പിക്കുന്ന തോടൊപ്പം ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ഗുണമേന്മ നിലവാരം പാലിക്കുന്നതിന്റെ ആവശ്യകത എന്നിവയും പാഠ്യപദ്ധതിയിലുണ്ട്. ഒപ്പം, വിപണന തന്ത്രങ്ങളും നേതൃത്വഗുണങ്ങളും.
2011-12ൽ തുടങ്ങിവെച്ച തെങ്ങിന്റെ ചങ്ങാതിമാരെ വാർത്തെടുക്കുന്ന പരിശീലന പരിപാടി പുരോഗമിച്ച വർഷമായിരുന്നു കടന്ന് പോയത്. കേരളത്തിൽ കേന്ദ്രീകരിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച വർഷമായിരുന്നു കഴിഞ്ഞത്. കേരളം കൂടാതെ, ആന്ധ്ര, തമിഴ്‌നാട്, കർണ്ണാടകം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി 6917 ചങ്ങാതിമാരാണ് 2012-13ന്റെ സംഭാവന. ഇതിൽ 572 സ്ത്രീ ചങ്ങാതിമാരായിരുന്നു. ദിവസം 500 മുതൽ 1000 രൂപ വരേയും പ്രതിമാസം 10,000 മുതൽ 15,000 രൂപ വരേയും വരുമാനം നേടിയ മികവുറ്റ വിദഗ്ദ്ധരെയാണ് ബോർഡിന്റെ ചങ്ങാതി പരിശീലനത്തിലൂടെ വാർത്തെടുക്കാൻ സാധിച്ചതു. വിളവെടുപ്പിന് തൊഴിലാളികളുടെ ലഭ്യതയും തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തലും ഇതിന്റെ മറ്റ് നേട്ടങ്ങളായി.
നൂതന വിപണന തന്ത്രങ്ങൾ
കേരോൽപന്നങ്ങൾക്ക് ആഭ്യന്തര വിപണി കണ്ടുപിടിക്കാനുള്ള ഒരു നൂതന തന്ത്രം മെനഞ്ഞ വർഷം കൂടിയായിരുന്നു കടന്ന് പോയത്. അന്താരാഷ്ട്ര വിപണി തേടി കരുനീക്കങ്ങൾ നടത്തുമ്പോഴും ആഭ്യന്തര വിപണിയുടെ ഭീമൻ സാദ്ധ്യത നാമറിയാതെ പോകുന്നു. നമ്മുടെ ഉൽപന്നം വാങ്ങുവാനുള്ള ആഗ്രഹം പേറി, അവയുടെ ഉറവിടം അന്വേഷിച്ച് ബുദ്ധിമുട്ടുന്ന നിരവധി ഉപഭോക്താക്കൾ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്, ഉപയോഗ രീതികൾ വ്യത്യസ്തമാണെന്ന് മാത്രം. തേങ്ങയുടെ ഉപയോഗമെന്ന് കേട്ടാൽ കേരളമെന്നല്ല ഓർക്കേണ്ടതെന്ന് നമ്മെ പഠിപ്പിച്ച ധാരാളം പാഠങ്ങളുണ്ട്. വടക്കേ ഇന്ത്യയിലും കിഴക്ക്, വടക്കുകിഴക്ക് പ്രദേശങ്ങളിലും കരിക്കിൻ വെള്ളവും ചിപ്സും തൂൾതേങ്ങയും ഉണ്ടകൊപ്രയുമെല്ലാം പ്രിയ ഉൽപന്നങ്ങൾ തന്നെ. ഈ ഉൽപന്നങ്ങൾ ജനകോടികളിലേയ്ക്കെത്തിക്കാൻ ഒരു വിപണന തന്ത്രം ആവിഷ്ക്കരിച്ച വർഷമായിരുന്നു കഴിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട പത്ത് ഉൽപന്നങ്ങളടങ്ങിയ ഉൽപന്ന ബാസ്ക്കറ്റ് അവതരിപ്പിച്ചതും ഇവ 63 ജനറം നഗരങ്ങളിലെത്തിക്കാൻ തുടക്കമിട്ടതും വേറിട്ട തന്ത്രമായി. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, പൂന, സൂറത്ത് എന്നീ മഹാനഗരങ്ങളും ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ പട്ടണങ്ങളും ഇതിനായി ലക്ഷ്യമിട്ട നഗരങ്ങളുടെ പരിധിയിൽ വരും.
വളരുന്ന കയറ്റുമതി രംഗം
കയറ്റുമതി രംഗം വളർത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനാധാരമായി വന്നിരിക്കുന്നു. 2011-12 സാമ്പത്തിക വർഷം 835 കോടി രൂപ കയറ്റുമതി മൂല്യം നേടി കേരമേഖല റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിൽ 348 കോടി രൂപ ഉത്തേജിത കരിയുടേതായിരുന്നു. കഴിഞ്ഞ വർഷത്തെക്കണക്കുകൾ ക്രോഡീകരിച്ച് വരുന്നതേയുള്ളൂ. ലഭ്യമായ കണക്കനുസരിച്ച് 2012-13ൽ ആയിരം കോടി രൂപയുടെ കയറ്റുമതി മൂല്യം നേടുവാൻ കേരരംഗം സഹായിച്ചുവേന്നത് ദേശീയ സാമ്പത്തിക രംഗത്ത് തെങ്ങിന് വർദ്ധിച്ചു വരുന്ന സ്വാധീനം തന്നെയാണ് പ്രകടമാണ്.
വെളിച്ചെണ്ണയുടെ ഉപഭോഗത്തിലുണ്ടായിരിക്കുന്ന അസ്ഥിരതയും, വെളിച്ചെണ്ണ വിലയിലെ ഏറ്റക്കുറച്ചിലും വെളിച്ചെണ്ണ കയറ്റുമതിയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പലപ്പോഴും പ്രേരിതരാക്കുന്നു. 7.5 ലക്ഷം ടൺ കൊപ്രയിൽ നിന്നും 4.5 ലക്ഷം ടൺ വെളിച്ചെണ്ണ മാത്രമേ നമ്മൾ ഉത്പാദിപ്പിക്കുന്നുള്ളുവേങ്കി
നടപ്പ് വികസന പദ്ധതികൾ
89 കോടി രൂപയുടെ പദ്ധതികളായിരുന്നു ബോർഡിന്റെ 2012-13 ലെ ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തെങ്ങു പുനരുദ്ധാരണ പദ്ധതിക്ക് 32 കോടി, മറ്റ് തുടർപദ്ധതികൾക്ക് 55 കോടി, പാം ഇൻഷുറൻസിന് 1 കോടി എന്നിങ്ങനെ. തെങ്ങ് പുനരുദ്ധാരണ പദ്ധതിയുടെ അവസാന വർഷമെന്ന നിലയിൽ ലഭിച്ച 32 കോടി രൂപ സാമ്പത്തിക വർഷത്തിന്റെ പകുതിയായപ്പോഴെ ചെലവഴിച്ചുതീർത്ത് നേട്ടം കൊയ്ത വർഷമായിരുന്നു കടന്ന് പോയത്. നിരന്തരമുള്ള ഇടപെടലുകൾ കൊണ്ട് 49.55 കോടി രൂപ വരെ നേടിയെടുത്ത് മുഴുവൻ ചെലവഴിക്കാനായെങ്കിലും 25 കോടി രൂപയുടെ അപര്യാപ്തത്ത വർഷാവസാനം നേരിടേണ്ടി വന്നതും ഒറ്റപ്പെട്ട സംഭവമെന്ന് പറയാം. ഈ ഒരൊറ്റ വർഷം കൊണ്ട് തന്നെ 6.8 ലക്ഷം തെങ്ങുകൾ മുറിച്ച് മാറ്റിയതും 35822 ഹെക്ടർ പ്രദേശത്ത് വളം വിതരണം നടത്തിയതും 3.26 ലക്ഷം തൈകൾ പുനർ നടീൽ നടത്തിയതും നാഴികക്കല്ലായി. 12-12-12ൽ 12-ാമത് സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി യോഗം നടന്നത് അവിചാരിതമായിരിക്കാം, പക്ഷേ അതുമൊരു നാഴികക്കല്ലായി.
ഈ നേട്ടത്തിനിടയിലും വളം വിതരണം പൂർത്തിയാക്കാൻ കഴിയാതെ വന്നതും വെട്ടിയ തെങ്ങുകളുടെ സബ്സിഡി കൊടുത്ത് തീർക്കാൻ കഴിയാത്തതും പോരായ്മയായി. ഈ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള കച്ചിത്തുരുമ്പായി, കേന്ദ്ര ധനകാര്യ മന്ത്രിയുടെ 75 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം. ഈ വിഹിതത്തിന് ഒരു നിർദ്ദിഷ്ട ഉദ്ദേശ്യവും മന്ത്രി പ്രഖ്യാപിച്ചിരുന്നു; കേരളത്തിലെ മറ്റ് ജില്ലകളിൽക്കൂടി പദ്ധതി വ്യാപിപ്പിക്കുകയെന്നത്. അതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കേണ്ടിയിരിക്കുന്നു.
മറ്റു പദ്ധതികളിൽ മുൻനിരയിൽ നിന്നത് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഡെമോൺസ്ട്രേഷൻ തോട്ടങ്ങൾ സ്ഥാപിക്കൽ എന്ന പദ്ധതി 10525 ഹെക്ടറിൽ നടപ്പാക്കിയതാണ്. ഈ പദ്ധതിക്ക് വേണ്ടി 19 കോടി രൂപയാണ് ചെലവഴിച്ചതു. ഇതിൽ കേരളത്തിലെ ഇടുക്കി, കുട്ടനാട് പായ്ക്കേജുകൾക്ക് നൽകിയ വിഹിതവും ഉൾപ്പെടുന്നു. 2250 ഹെക്ടറിലെ തെങ്ങുകൃഷി വ്യാപനവും 11 ലക്ഷം തെങ്ങിൻ തൈകൾ ബോർഡിന്റെ ഡിഎസ്പി ഫാമുകളിൽകൂടി ഉത്പാദിപ്പിച്ചതുമെല്ലാം നേട്ടങ്ങളുടെ മുൻനിരയിൽപ്പെടുത്താം. ബോർഡിന്റെ ഫാമുകളിൽ തൈ ഉത്പാദനത്തിലുണ്ടായ അഭൂതപൂർവ്വമായ വളർച്ച, ബോർഡ് ഊന്നൽ നൽകുന്ന മേഖലയാണ് ഗുണമേന്മയുള്ള തൈ ഉത്പാദനമെന്നതിന്റെ നാന്ദിയായി.
പ്രധാന തെങ്ങുകൃഷി സംസ്ഥാനങ്ങളായ തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ മൂന്ന് പുതിയ ഡെമോൺസ്ട്രേഷൻ ഫാമുകൾ കൂടി സ്ഥാപിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്നു. ഇതിൽ മഹാരാഷ്ട്ര ജില്ലയിലെ പൽഗാറിൽ പുതി ഫാം തുടങ്ങുന്നതിന് 40 ഹെക്ടർ സ്ഥലം ബോർഡ് ഏറ്റെടുത്തതും നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം.
നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്ക് പ്രചോദനമാകുന്ന ടെക്നോളജി മിഷൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതു. 7 കോടി രൂപ ചെലവിട്ട വർഷത്തിൽ 68 പുതിയ പദ്ധതികൾക്ക് ധനസഹായം നൽകി. ഇതിൽ 29 പദ്ധതികൾ സംസ്ക്കരണ മേഖലയിലായിരുന്നു. സങ്കരയിനം തെങ്ങിൻതൈകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻജിഓ കളുമായി ചേർന്ന് തുടങ്ങിയ കൊളാബറേറ്റീവ് റിസർച്ച് രാജ്യത്തു തന്നെ ആദ്യത്തെ ചുവടുവയ്പായി. അഞ്ചു കോളേജുകളും ഒരു എൻജിഓയും തയ്യാറായി മുന്നോട്ടു വന്നതിൽ നാലു കോളേജുകളും മാതൃവൃക്ഷത്തിന്റെ സർവ്വേ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാ
വ്യക്തിഗത സംരംഭകർക്ക് വ്യവസായങ്ങൾ തുടങ്ങാൻ സ്ഥലപരിമിതിയും ഭീമമായ സാമ്പത്തിക ബാദ്ധ്യതയും ഒരു കടമ്പയാണ്. നാളികേരാധിഷ്ഠിത വ്യവസായങ്ങൾ വ്യാപകമാകുന്നതിന് ഈ പരിമിതികൾ വിഘാതമാകുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്‌മന്റ് കോർപ്പറേഷൻ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ 135 ഏക്കറിൽ കേര പാർക്ക് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതു. സംസ്ഥാനത്ത് മൂന്ന് കേര പാർക്കുകൾ തുടങ്ങുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തിന്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു അത്.
നാളികേര വികസന ബോർഡും തെങ്ങുകൃഷിയും മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന വർഷമായിരുന്നു 2012-13. വെളിച്ചെണ്ണയുടെ വിലിയിടിവ് നിരവധി വിമർശനങ്ങളും ആക്ഷേപ പ്രത്യാക്ഷേപങ്ങളും മാദ്ധ്യമങ്ങളിൽ നിറയാനിടയാക്കി. ബോർഡിന്റെ പബ്ലിസിറ്റി വിഭാഗം ഈ സമയത്ത് നടത്തിയ മാദ്ധ്യമ ഇടപെടൽ ശ്ലാഘനീയമായിരുന്നു. പത്രമാദ്ധ്യമങ്ങളിൽ വാർത്ത നിറഞ്ഞതുമൂലം പാർലമന്റിൽ നിരവധി ചോദ്യങ്ങൾ ജനപ്രതിനിധികൾ ഉന്നയിക്കാൻ ഇടയാക്കി. ഇങ്ങനെ തെങ്ങുകൃഷിയെപ്പറ്റി നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടതും വിശദീകരണം നൽകിയതും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് പറയാം. അക്ഷയ പുസ്തക നിധിയുമായി ചേർന്ന് കുട്ടികൾക്കുവേണ്ടി നടത്തിയ രചനാ മത്സരവും സമ്മാനദാനച്ചടങ്ങും സ്മരണീയമാക്കിത്തീർത്തത് കേരവൃക്ഷത്തെ സ്നേഹിക്കുന്ന ശ്രീ ചെമ്മനം ചാക്കോയെപ്പോലെയുള്ള സാഹിത്യകാരന്മാരുടെ പ്രതിഭാസംഗമത്തിലൂടെയായിരുന്നു.
കേരളത്തിൽ നടത്തിയ രണ്ട് നിക്ഷേപക സംഗമങ്ങളും ആന്ധ്രപ്രദേശിൽ നടന്ന ഒന്നും മഹാരാഷ്ട്രയിൽ നടന്ന ലോകനാളികേര ദിനാഘോഷവും കഴിഞ്ഞ വർഷത്തെ മിന്നുന്ന പ്രകടനം തന്നെയായിരുന്നു.
ബോർഡിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ മുഖ്യ ഉപാധിയായ ഇന്ത്യൻ നാളികേര ജേണലിന്റെ വരിക്കാരുടെ എണ്ണം മൂവായിരത്തിൽ നിന്ന് 50000 ആയി ഉയർന്നതും റെക്കോർഡ് നേട്ടമായി.
മറ്റ് സ്ഥാപനങ്ങളുമായി പദ്ധതി നടത്തിപ്പിലുണ്ടായ സമന്വയം പ്രതീക്ഷാനിർഭരമായിരുന്നു. വികസന പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുകയും മുന്നിട്ട് നിൽക്കുകയും ചെയ്ത ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിപോലെയുള്ള പഞ്ചായത്തുകൾ ബോർഡ് പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ മുന്നോട്ട് വന്നത് പ്രതീക്ഷയേകുന്നു.
ചങ്ങാതിക്കൂട്ടം പരിശീലന പദ്ധതി നടത്തിപ്പിന് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എൻആർഎൽഎം) സഹകരണം തേടിയിരുന്നു. കർണ്ണാടകയിൽ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടി സംഘടിപ്പിക്കുവാൻ എൻആർഎൽഎം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
മാണ്ഡ്യ പ്രദർശന വിത്തുത്പാദന തോട്ടം നാളികേരോൽപന്ന നിർമ്മാണ പരിശീലനത്തിന് വേദിയായതും എടുത്തു പറയേണ്ടതാണ്.
തെങ്ങുകളുടെ ഇൻഷൂറൻസിന് ഒരു പ്രത്യേക പദ്ധതി കഴിഞ്ഞ രണ്ട് വർഷമായി നടന്ന് വരുന്നു. 2012-13ൽ കേരളം, കർണ്ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് 82 ലക്ഷം രൂപ ബോർഡിന്റെ വിഹിതമായി ചെലവിട്ടു.
ആശങ്കാജനകമായിരുന്ന വിലനിലവാരം
കർഷകരുടെ ഉത്സാഹവും കേരമേഖലയുടെ വിജയവും ആത്യന്തികമായി ബന്ധപ്പെട്ടിരിക്കുന്നത് കേരോൽപന്നങ്ങളുടെ വിലയിലാണ്. വില ഉയർന്ന് നിന്നാൽ തോട്ടം പരിചരണവും, എന്തിന് തെങ്ങിൻ തൈകൾ വിറ്റഴിക്കുന്നതുപോലും സുഗമമായി നടക്കും. മറ്റു നേട്ടങ്ങളുടെ ഇടയിലും കൊപ്ര വിലയും വെളിച്ചെണ്ണ വിലയും സ്വാഗതാർഹമാംവിധം ഉയർന്നു നിന്നിരുന്നില്ല, കഴിഞ്ഞ വർഷം. 2011 കേരമേഖല കണ്ട ഏറ്റവും ഉയർന്ന വില നിലവാരത്തിലെത്തിയ വർഷമായിരുന്നു. 2011 മേയിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 10148 രൂപയിലെത്തിയിരുന്നു. വർഷത്തിലെ ശരാശരി നിരക്ക് ക്വിന്റലിന് 9069 രൂപയും. ഇത് 2012 ആയപ്പോഴേക്കും 6343 രൂപയായി താഴ്‌ന്നിരുന്നു. വില ഏറ്റവും ഉയർന്നു നിൽക്കേണ്ട ഉത്സവ സീസണായ നവംബറിൽ 6014 രൂപയിലേയ്ക്ക് വില തകർന്ന് വീണത് കർഷകരിൽ പ്രതിക്ഷേധവും നിരാശയും ആളിപ്പടർത്തിയിരുന്നു. പക്ഷേ, സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, അതായത് ഡിസംബർ 2012 മുതൽ വിലയിൽ ഉണർവ്വുണ്ടായിത്തുടങ്ങി. 6014 ൽ നിന്ന് കുത്തനെ വില വർദ്ധിച്ച് 6500 ലെത്തിയിരുന്നു. ജനുവരിയിലെ വില അതിലും മെച്ചപ്പെട്ടു 7062ലെത്തി. ഫെബ്രുവരിയിലും മാർച്ചിലും വിലയിൽ കുറവനുഭവപ്പെട്ടെങ്കിലും വില ഉയരുമെന്ന പ്രത്യാശയിലാണ് കർഷകർ 2013-14 നെ ഉറ്റുനോക്കുന്നത്.
വിലത്തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കാൻ കേന്ദ്ര ഗവണ്‍മന്റ് വിപണിയിൽ ഇടപെടൽ നടത്തുന്നത് തറവില നിശ്ചയിച്ചുകൊണ്ടാണ്. 2012 സംഭരണ സീസണിലേക്ക് ഗവണ്‍മന്റ് ആട്ടുകൊപ്രയ്ക്കും ഉണ്ടകൊപ്രയ്ക്കും തറവില നിശ്ചയിച്ചിരിക്കുന്നത് യഥാക്രമം 5100 രൂപയും 5350 രൂപയുമായിരുന്നു. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 14 രൂപയും. തമിഴ്‌നാട് സർക്കാർ ഉണ്ടകൊപ്ര സംഭരണത്തിന് ക്വിന്റലിന് 700 രൂപ അധികം പ്രഖ്യാപിച്ചതും അതിന്റെ ചുവടുപിടിച്ച് കേരള സർക്കാർ സംഭരണ സോസൈറ്റികൾക്കും സംഘങ്ങൾക്കും ആട്ടുകൊപ്രയ്ക്ക് ക്വിന്റലിന് 500 രൂപ അധികം പ്രഖ്യാപിച്ചതും നേട്ടമായി. 2013 സീസണിലേക്ക് ഉയർന്ന കാർഷികച്ചെലവുകൾ കണക്കിലെടുത്ത് ഉയർന്ന തറവില ശുപാർശ ചെയ്തിരുന്നെങ്കിലും കേവലം 150 രൂപ മാത്രം വർദ്ധിപ്പിച്ച് ആട്ടുകൊപ്രയ്ക്ക് 5250 രൂപയും ഉണ്ടകൊപ്രയ്ക്ക് 5500 രൂപയുമാണ് തറവില നിശ്ചയിച്ച് പ്രഖ്യാപനമുണ്ടായത്; പൊതിച്ച നാളികേരത്തിനു 14.25 രൂപയും. ഇതിനിടെ പൊതിച്ച നാളികേരം കിലോയ്ക്ക് 14 രൂപ വെച്ച് സംസ്ഥാന സർക്കാർ കൃഷിഭവനുകൾ വഴി സംഭരിച്ചതു കർഷകർക്ക് ആശ്വാസമായി. ഗുണമേന്മയുള്ള കൊപ്രയുണ്ടാക്കി തറവിലയ്ക്ക് സംഭരണ ഏജൻസികൾക്ക് നൽകാൻ ഉത്പാദകസംഘങ്ങളേയും ഫെഡറേഷനുകളേയും ചുമതലപ്പെടുത്തിക്കൊണ്ട് നേരത്തെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നതും കർഷകർക്ക് ആശ്വാസമായി.
അന്താരാഷ്ട്ര സമ്മേളനങ്ങൾ
ഏഷ്യ - പസഫിക് രാജ്യങ്ങളുടെ 45-ാമത് കൊക്കോടെക് സമ്മേളനനഗരിയായി കൊച്ചിയെ മാറ്റിയത് 2012-13 ന്റെ നേട്ടങ്ങളിലൊന്നാണ്. കേരവികസനത്തിന്റെ സർവ്വതോമുഖമായ വളർച്ചയും സുസ്ഥിര വികസനവുമെന്ന വിഷയത്തിലൂന്നിയായിരുന്നു സമ്മേളനം. അഞ്ച് വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള സാങ്കേതിക സമ്മേളനങ്ങളിലായി തെങ്ങു വളരുന്ന ഇരുപതിലധികം രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ, പ്രതിനിധികൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഗവേഷകർ, ഉദ്യോഗസ്ഥർ, വ്യവസായ സംരംഭകർ എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തുമുള്ള 250 ലധികം പ്രതിനിധികൾ സമ്മേളിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയും കേരകൃഷി മേഖലയിലെ നേട്ടങ്ങളും പ്രശ്നങ്ങളും പരസ്പര വിനിമയം ചെയ്യപ്പെടുകയുമായിരുന്നു 45-ാമത് കൊക്കോടെക് സമ്മേളനത്തിലൂടെ നടന്നത്. ബഹു കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനം നിരവധി ഉന്നതോദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും കർഷക പ്രമുഖരുടേയും വ്യവസായികളുടേയും മഹനീയ സാന്നിദ്ധ്യം കൊണ്ട് ഒരു ചരിത്രമുഹൂർത്തമായി മാറ്റിയത് ബോർഡിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്.
ഇന്ത്യാ ഗവണ്‍മന്റും റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടുബാഗോയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതു മറ്റൊരു നാഴികക്കല്ലായി. ഏതെങ്കിലുമൊരു കോമൺ വെൽത്ത് രാജ്യവുമായി ധാരണാപത്രം ഒപ്പുവെയ്ക്കുന്നത് ബോർഡി ന്റെ ചരിത്രത്തിൽ ആദ്യമായാണ്. ട്രിനിഡാഡിലെ കേരകൃഷി നവീകരിച്ച് ഒരു മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് ഇന്ത്യൻ വിദഗ്ദ്ധരോടൊപ്പം നമ്മുടെ സാങ്കേതികവിദ്യയും ലഭ്യമാക്കുകയെന്നതായിരുന്നു ധാരണാപത്രത്തിലെ മുഖ്യഘടകം.
മോശാംബിക് കൃഷി മന്ത്രി ശ്രീ. ജോസ് പച്ചിക്കോ നയിച്ച പ്രതിനിധിസംഘം ബോർഡ് ആസ്ഥാനം സന്ദർശിച്ചതും കേരകൃഷിയിലും സംസ്ക്കരണ മേഖലയിലും സാങ്കേതിക വൈദഗ്ദ്ധ്യം ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ ആരാഞ്ഞതും വർഷത്തെ സുപ്രധാന സംഭവ വികാസങ്ങളിലൊന്നായി കണക്കാക്കാം.
പദ്ധതി വിലയിരുത്തൽ
പാറ്റ്നയിലെ ചന്ദ്രഗുപ്ത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മന്റ് ബോർഡിന്റെ 11-ാം പഞ്ചവത്സര പദ്ധതികളുടേയും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്മോൾ എന്റർപ്രൈസസ് ഡെവലപ്‌മന്റ് കേരളത്തിലെ മൂന്ന് ജില്ലകളിൽ നടപ്പിലാക്കിയ തെങ്ങുപുനരുദ്ധാരണ പദ്ധതിയുടേയും മൂല്യനിർണ്ണയം നടത്തി, സുപ്രധാന നിർദ്ദേശങ്ങളും ശുപാർശകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പദ്ധതിയുടെ വരുംകാല നടത്തിപ്പിന് മാർഗ്ഗദർശിയാകും.
നാളികേരോത്പാദനം തിട്ടപ്പെടുത്തുന്നതിന് കേരളം, തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ സർവ്വേ രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവെയ്പായി.
നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, വിലനിർണ്ണയിക്കുന്നതിനും എല്ലാത്തിനുമുപരി കർഷകന് പരമാവധി ഗുണകരമാകുന്നതിനും ഉത്പാദനത്തിന്റെ വർത്തമാനകാല സ്ഥിതി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത് രണ്ടുവർഷം പിന്നിലുള്ള കണക്കാണ്. ഇതു പരിഹരിക്കുകയാണ് ബോർഡ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിലും ഇത്തരം സർവ്വേകൾ തുടരാനും തീരുമാനമെടുത്തിട്ടുണ്ട്.
ഉയർന്ന ഫണ്ട് വിനിയോഗം
ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫണ്ട് വിനിയോഗമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 105.67 കോടി രൂപ. 2010-11 വർഷം ചെലവഴിച്ച 102 കോടി രൂപയാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും വലിയ ധനവിനിയോഗം. പദ്ധതികൾക്ക് ചിലവാക്കിയ തുകയിൽ 54.27 ശതമാനവും (49.66 കോടി രൂപ) വിനിയോഗിച്ചതു തെങ്ങുപുനരുദ്ധാരണ പദ്ധതിക്കാണ്. രണ്ടാം സ്ഥാനം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ള ഡെമോൺസ്ട്രേഷൻ പദ്ധതിയും, 19 കോടി രൂപ (21%). 9.13 കോടി രൂപ ചെലവഴിച്ച് വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ മൂന്നാംസ്ഥാനത്തുണ്ട് (9.97%). നാലാം സ്ഥാനത്ത് 7.64 കോടി രൂപ വിനിയോഗിച്ച് ടെക്നോളജി മിഷൻ പദ്ധതിയാണുള്ളത് (8.35%). ഒരു കോടിയിലേറെ ഫണ്ട് വിനിയോഗിച്ച രണ്ടു പദ്ധതികൾ കൂടിയുണ്ട്. പുതുകൃഷിയും (1.53%) ഡെമോൺസ്ട്രേഷൻ ഫാമുകളും (1.67%). കിട്ടുന്ന മുഴുവൻ ബജറ്റ് വിഹിതവും പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന ഒരു ചരിത്രമാണ് ബോർഡിനുള്ളത്. അതിനാൽ കൂടുതൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള സംഘടിതമായ ശ്രമം ആവശ്യമാണ്.
ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക ഏറെ കണ്ട, ബോർഡിന്റെയും കേരമേഖലയുടെയും സർവ്വോപരി കേരകർഷകരുടേയും ഭാവി ഭാഗധേയം നിർണ്ണയിക്കപ്പെടാവുന്ന നിരവധി നിമിഷങ്ങൾ പിറവിയെടുത്ത ഒരു ചരിത്രവർഷമാണ് കടന്ന് പോയ 2012-13. കൂടുതൽ നേട്ടങ്ങൾ വെട്ടിപ്പിടിക്കാനാകുന്ന മറ്റൊരു വർഷത്തിനായി നമുക്ക് ചുവട് വെയ്ക്കാം.