വീക്കേ സുധാകരൻ
കല്ലല്ല നീ, വെറും കല്ലല്ല നീ; ജീവ-
ചൈതന്യമുള്ളിൽത്തുളുമ്പുന്ന വിഗ്രഹം,
കല്ലുളിത്തുമ്പിനാൽ കൊത്തിക്കളഞ്ഞിടാം
നിന്നെപ്പൊതിഞ്ഞൊരാ പാഴ്ശിലപ്പാളികൾ.
നീ വിശ്വസംസ്കൃതിക്കക്കരെയിക്കരെ
മാനവരാശിയെ കൈപിടിച്ചെത്തിച്ച
സേതുവാ,ണെന്നും നിലക്കാത്തൊരാഴിയെ-
ത്താണ്ടുവാൻ ഞാൻ തീർത്ത പാലമാണിന്നു നീ.
നീയെന്റെ നാടിന്റെ സ്വാതന്ത്ര്യപാതയിൽ
ചോരയും ജീവനും ഹോമിച്ച ധീരരാം
സേനാനികൾക്കു ശ്രദ്ധാഞ്ജലിയേകുന്ന
പാവനമാം രണസ്മാരക മണ്ഡപം!
നീയെന്നഹങ്കാര ദിഗ്വിജയങ്ങൾ
വിളമ്പരം ചെയ്യുന്ന ശാസനക്കല്ലുകൾ!
നീയെൻ പരിക്ഷീണ സഞ്ചാരവേളയിൽ
ഓർമ്മയായ്പ്പിന്നിട്ട നാഴികക്കല്ലുകൾ!
നീയെന്റെ നഷ്ടസ്വപ്നങ്ങൾക്കു കല്ലാര്റ;
നീയെന്നെയേകാകിയാക്കും തടവറ!
നീയെന്റെ ഭഗ്നപ്രണയസ്മരണകൾ
മറവിക്കയത്തിലാഴ്ത്തീടിന വൻശില!
നീയെന്റെ ജീവിതക്ലേശഭാരങ്ങളെ-
യേറ്റുവാങ്ങാൻ കാത്തുനിൽക്കുന്നൊരത്താണി;
നീയെന്റെയേകാന്ത സഞ്ചാര വീഥിയിൽ
ആശ്രയമായ് തണലേകുന്നൊരാൽത്തറ.
നാടിന്റെ സംസ്കാര ഗോപുര മണ്ഡപ
നിർമ്മിതിക്കുള്ളൊരാധാരമാം കല്ലു നീ,
നേരിന്റെ നേരേയെതിർക്കുന്നവർക്കുമേൽ
ഏറുകല്ലായ് വീഴുമാഘാത ശക്തി നീ.
എന്നോ പതിക്കുന്ന രാമപാദത്തിനാൽ
സാഫല്യപൂർത്തി കൊതിക്കുമഹല്യ നീ;
എന്നോ പിരിഞ്ഞ വൈദേഹിക്കു മോചനം
തേടുന്ന രാമന്നു താങ്ങായ സേതു നീ.
കല്ലല്ല നീ,യാപ്പരുക്കൻ പ്രതലമെ-
ന്നച്ച്ഛന്റെ തൂമ്പത്തഴമ്പാർന്ന കൈത്തലം;
കല്ലല്ല നീ,യാക്കുളുർമ്മയെന്നമ്മതൻ
വാത്സല്യമൂറും കവിളിന്റെ മാർദ്ദവം.
കല്ലിലും കാരുണ്യദീപം തെളിക്കുന്ന
കല്ലാണു നീ; വെറും കല്ലല്ല നീ,യെന്റെ
കവിതയിൽ കുടികൊണ്ട മലയാണ്മയാണു നീ
കല്ലാണു നീ; വെറും കല്ലല്ല നീ!