ടി. കെ. ഉണ്ണി
കറുപ്പിനേഴഴക്
കറുത്ത വസ്ത്രങ്ങളിലത്
തിളങ്ങിത്തെളിയും..
കറുപ്പിന്നെളിമയില്ലെങ്കിൽ
വെളിപ്പിന്നഹന്തയുണ്ടാമോ.!
കാക്കയും കാക്കത്തൊള്ളായിരവും
കാക്കകാരണവന്മാരും
കറുപ്പാവാഹിച്ചവർ..
അവരല്ലൊ ഞങ്ങൾ തൻ
പൂർവ്വികർ, ദൈവങ്ങൾ..
വിതയും മെതിയും വിധിച്ചവർ,
വഴിമാറുക വെളുപ്പിന്നായി.!
കീഴ്പ്പെടുക വെളുപ്പിനെ.!
* * *
ഞങ്ങൾ ദരിദ്രർ, ആദിവാസികൾ
ദളിതർ, പതിതർ..
കറുപ്പ് ഞങ്ങളുടെ നിറം
കറുപ്പ് ഞങ്ങളുടെ വസ്ത്രം
കറുപ്പ് ഞങ്ങൾക്ക് ലഹരി
കറുത്ത ചളിയിൽ നിന്നുയിർത്ത
വെളുത്ത പൂമൊട്ടുകൾ
കശക്കിയെറിയുന്ന വെളുപ്പിന്റെ
താണ്ഡവമൊരു ദിനചര്യ.!
* * *
വിത്തിനുള്ളിൽ വിത്തു മുളപ്പിക്കുന്ന
വെളുപ്പിന്റെ സഹാനുഭൂതി
ഔദാര്യമായിട്ടൊരു ചർച്ച..
കറുപ്പിന്റെ നിലനിൽപ്പിനെന്നും
സംസ്കാരത്തനിമക്കെന്നും
വെളുത്ത മേലാളന്റെ തിട്ടൂരം.!
പീഢനവും മാനഭംഗവും
അവകാശത്തൊഴിലാക്കിയ
വെളുപ്പിന്റെ തമ്പുരാക്കൾ
ആബാലവൃദ്ധം വിവസ്ത്രരാക്കുന്നു
ഞങ്ങളെ, പീഢിപ്പിക്കുന്നു സർവ്വധാ
ആനന്ദിച്ചുന്മത്തരാകുന്നു യജമാനരും,
ഇതുവിധിയോ നരകജന്മമോ..
* * *
ഇരുട്ടായ, കറുപ്പായ ഞങ്ങൾക്ക്
ഒളിക്കാനിടമില്ല തമ്പുരാനേ
രക്ഷക്കായ് വഴിയേകൂ പ്രപഞ്ചമേ
കറുത്ത കാക്ക കാരണവന്മാരെ
ദൈവങ്ങളെ, തിരുത്തൂ
നിങ്ങളുടെ വിധികളെല്ലാം
ഈ ദുരിതപർവ്വത്തിൽ നിന്നും
ഞങ്ങൾക്ക് മോചനമേകൂ..
അല്ലെങ്കിലൊരു നാൾ
ഉണർന്നെണീക്കും ഞങ്ങളും
ഞങ്ങൾ തൻ മൂർത്തികളും ശാപങ്ങളും,
പത്തിവിടർത്തിയാടും
ഞങ്ങൾ തൻ കരിനാഗങ്ങൾ
കറുപ്പും തമസ്സും
ദംശിക്കുമതെല്ലാത്തിനെയും.!
അന്നു മുഴങ്ങും, മാറ്റൊലി കൊള്ളും
മേലാളന്റെ പ്രക്ഷോഭങ്ങൾ.!
മുഖ നഖ പുസ്തകങ്ങളും
നാറ്റമാഘോഷിക്കും ചാനലുകളും
കുടിലരും പേനയുന്തികളും
പുണ്യാഹം തെളിച്ചെത്തും.!
ഒപ്പം ദലിതപ്രഭുക്കളും
പരാന്ന ഭിക്ഷാംദേഹികളും.!
അങ്ങ് ദൂരെ
വെളുപ്പിന്റെ ദേവലോകങ്ങളും
രാമരാവണാദികളും ഒന്നിച്ചട്ടഹസിക്കും
മനുവും ശങ്കരനും സിദ്ധാർത്ഥനും
രാജവീഥികളിലെ മനുഷ്യദൈവങ്ങളും
മാതാക്കളും പിതാക്കളുമെല്ലാം
നാടകം കളിക്കും, മൈതാനത്തിന്റെ
കേജരിവാളും ഹസാരെയുമാകും.!!
പേരിൽ വാലുകളുള്ള ഉത്തേജിത യുവത്വം
തെരുവീഥികളിൽ
ഷണ്ഡത്വനൃത്തമാടും.!!
* * *
അന്ന് വിധി കറുപ്പിന്റേതാകും
അധികാരങ്ങളെ തമസ്സാഹരിക്കും
വെളുപ്പിന്റെ അഹന്തയുടെ
പ്രപഞ്ചത്തെ ചുട്ടെരിക്കും
ഭസ്മമാക്കി സകല പ്രപഞ്ചത്തിലും വിതറും,
പുതിയൊരു
ലോകനീതിയുണ്ടാക്കും.!
* * *
കറുപ്പെന്നും പൊറുക്കുന്നവൻ
സ്നേഹവായ്പുള്ളവൻ, നിഷ്ക്കളങ്കൻ
എളിമയും തെളിമയും അവന്റെ സ്നേഹമുദ്ര
അവന്റെ ദൗർബല്യവും അതത്രെ...!
*********
സമർപ്പണം:
ഭരണകൂടത്തിന്റെയും
നീതിന്യായവ്യവസ്ഥിതിയുടെയും സമൂഹത്തിലെ വരേണ്യവർഗ്ഗത്തിന്റെയും ബോധപൂർവ്വമായ അവഗണനയാൽ
കൂടുതൽ ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ദരിദ്രരും ആശ്രയാലംബഹീനരുമായ
ആദിവാസികൾക്കും ദലിതർക്കും മറ്റു പാവപ്പെട്ടവർക്കുമായി ഈ കവിത സമർപ്പിക്കുന്നു.