വിരോധാഭാസം

ഇന്ദിരാബാലൻഅന്ന്  കിഴക്കുദിച്ചുയർന്ന
തീഗോളമായിരുന്നെങ്കിൽ
ഇന്ന്,വെറും വിളറിയ ഒരു ചന്ദ്രക്കല
അതിരുകളില്ലാതെ പരന്നൊഴുകിയിരുന്ന
നിഷ്ക്കളങ്കതയിൽ
ഇറ്റുവീണ വിഷത്തുള്ളികളുടെ
ചവർപ്പ്‌...
ഉറക്കം പടിയിറങ്ങിപ്പോയ രാവുകളിൽ
ഉണർന്ന വീണക്കമ്പിയിൽ
ശ്യാമരാഗത്തിന്റെ മൂളലുകൾ
കൂടൊഴിഞ്ഞുപോയ പഞ്ചവർണ്ണക്കിളികൾ.....
നിലയ്ക്കാതോടുന്ന നാഴികമണിയുടെ
സൂചി പോലും ...നിശ്ച്ചലതയിൽ
ഇടക്കു വഴുതിവീഴുന്ന വാക്കുകൾക്ക്
ഞണ്ടുകളുടെ ഇറുക്കം....
ധൂർത്തോടെ പൂത്തുനില്ക്കുന്ന
ഈ കൊന്നപ്പൂക്കളിൽ പോലും
നഞ്ഞു മണക്കുന്നു
ഇരുണ്ട മൌനത്തിന്‌
ഏരകപ്പുല്ലിന്റെ മൂർച്ച
ഭൂമിയുടെ പാളികൾ പോലും
പിളർക്കുന്ന ശബ്ദവീചികൾ
ചിതറിയ  കടന്നലുകളെപ്പോലെ
ചീറിയണയുന്നു
ഇവിടെ പാരസ്പര്യത്തിന്റെ ഇഴയടുപ്പമില്ല
കൊടുക്കൽ വാങ്ങലുകളുടെ  പെരുക്കങ്ങളും..
കൊമ്പുകോർക്കലുകളും 
മതിലുകളുടെ അകൽച്ചകളും മാത്രം!
പ്രയോജനവാദങ്ങളുയരുന്നു
വിരോധാഭാസങ്ങളുടെ
ആകെത്തുകയായി.......!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ