ടി. കെ. ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്
മിക്കവാറും എല്ലാ കർഷക സദസ്സുകളിലും നാളികേര കർഷകർ ഉയർത്തുന്ന ഒരു ചോദ്യമാണ്, ഏറ്റവും മികച്ച ഉത്പാദനക്ഷമതയുള്ള, രോഗപ്രതിരോധശേഷി കൂടുതലുള്ള, അധികം ഉയരമില്ലാത്ത, മൂന്നാംവർഷം കായ്ച്ച് തുടങ്ങുന്ന തെങ്ങുകളുടെ തൈകളും വിത്തുകളും എവിടെയാണ് ലഭ്യമാകുക എന്നത്. എങ്ങനെയാണ് ഇവ തെരഞ്ഞെടുക്കേണ്ടത്? അംഗീകൃത നഴ്സറികളിലെല്ലാം ഗുണമേന്മ അവകാശപ്പെടുന്ന ധാരാളം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്. എങ്കിലും ആധികാരികതയോടെ തെങ്ങിൻ തൈകൾ നൽകാൻ കഴിയുന്ന നഴ്സറികളുടെ എണ്ണം ഇനിയും വർദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയോളം തെങ്ങിൻ തൈകളുടെ ആവശ്യകതയുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആകെ ഉത്പാദിപ്പിക്കുന്നതാകട്ടെ മുപ്പതോ മുപ്പത്തിയഞ്ചോ ലക്ഷം മാത്രമാണ്. നിലവിൽ ഉത്പാദിപ്പിക്കുന്നതിന്റെ ഏകദേശം ഇരട്ടിയോളം തൈകൾ അധികമായി ഉത്പാദിപ്പിച്ചാൽ മാത്രമേ നാളികേര കർഷകർക്ക് ആവശ്യത്തിന് തെങ്ങിൻ തൈകൾ ലഭ്യമാക്കാൻ കഴിയൂ. ഈയൊരു സാഹചര്യത്തിലാണ് വിത്തിന്റേയും തൈകളുടേയും നാനാവിധ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ലക്കം മാസിക പ്രസിദ്ധീകരിക്കുന്നത്.
അടുത്തയിടെ വടക്കൻ കേരളത്തിലെ നാളികേരോത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും കൂട്ടായ്മയിൽ ഉയർന്ന് വന്ന ഒരു ചോദ്യം ഇതായിരുന്നു. ഒരു വർഷത്തിൽ 100 കരിക്കും 150 നാളികേരവും അത് കൂടാതെ 3 പൂങ്കുലകളിൽ നിന്ന് 300 ലിറ്റർ നീരയും ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ ഇപ്പോൾ നമുക്ക് ലഭ്യമാണോ? ഇത്തരം തൈകൾ ലഭ്യമാക്കാൻ കഴിയുമോ? എങ്കിൽ എവിടെ? എത്രമാത്രം? ചോദ്യം കേട്ട് പരിചയസമ്പന്നരായ പല കർഷകരും പരിഹാസപൂർവ്വം ചിരിച്ച് ഇതിനെ പുച്ഛിച്ചുവേങ്കിലും ഈ ചോദ്യത്തിൽ അന്തർലീനമായ ചില അടിസ്ഥാന ആവശ്യങ്ങളെ അപ്പോഴെ മനസ്സിൽ കുറിച്ചിട്ടു. പരിമിതമായ സ്ഥലം മാത്രം ലഭ്യമായ കേരളത്തിലെ കർഷകർക്ക് അവിടെ നിന്ന് പരമാവധി ഉത്പാദനവും വൈവിദ്ധ്യമാർന്ന ഉൽപന്നങ്ങളും ലഭിക്കുന്ന തരത്തിലുള്ള തെങ്ങിൻതൈകൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന അഭിപ്രായമായി അതിനെ കണക്കാക്കുകയാണ്. വർഷത്തിൽ ശരാശരി 12 പൂങ്കുലകൾ ഉണ്ടാകുന്ന ഒരു തെങ്ങിലെ നാളികേരോത്പാദനം തേങ്ങയ്ക്ക് വിലയിടിവില്ലാത്ത മാസങ്ങളിലേക്ക് ക്രമീകരിക്കാവുന്ന വിധത്തിൽ 4 കുലകളെങ്കിലും കരിക്കായിട്ട് വിളവെടുക്കുവാനും 3 കുലകളിൽ നിന്നെങ്കിലും നീര ഉത്പാദിപ്പിക്കുവാനും കഴിഞ്ഞാൽ കർഷകന് വൈവിധ്യമാർന്ന ഉൽപന്നങ്ങളിലൂടെ മികച്ച വരുമാനം ഉറപ്പ് വരുത്തുവാൻ കഴിയില്ലേ. ഒരു പൂങ്കുലയിൽ നിന്ന് ശരാശരി 3 ലിറ്ററോളം നീര ഒരു ദിവസം ഉത്പാദിപ്പിക്കുവാൻ കഴിയുമെങ്കിൽ, അത്തരത്തിൽ 3 പൂങ്കുലകൾ നീര ഉത്പാദനത്തിനായി മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ 270 ലിറ്ററോളം നീര ഈ തെങ്ങിൽ നിന്ന് ലഭ്യമാക്കാനാകും. ഇത്തരത്തിൽ പന്ത്രണ്ടിൽ 3 കുലകൾ മാത്രം നീര ഉത്പാദനത്തിന് മാറ്റിവെയ്ക്കുമ്പോൾ ആ തെങ്ങിൽ നിന്നുള്ള നാളികേരോത്പാദനം കുറയാതെ തന്നെ നീര ഉത്പാദനം സാധ്യമാകും. ഇനി അടുത്ത നാല് കുലകൾ കരിക്കായിട്ട് വിളവെടുത്താലോ, 100 കരിക്ക് കിട്ടുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമാക്കാം. 10 രൂപ കരിക്കിന് വില ലഭിക്കുന്നതിന് വലിയ പ്രശ്നമില്ല. ബാക്കിയുള്ള 5 കുലകളിൽ നിന്ന് 150 നാളികേരം ലഭ്യമാക്കുവാൻ കഴിയുന്ന ഉത്പാദനക്ഷമതയുള്ള തൈകളെകുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ട കാലമെത്തിയിട്ടില്ലേ? നീര ഉത്പാദനം പോലും ഒരു ദിവസം 3 ലിറ്റർ എന്നത് ശരാശരി കണക്കാണ്. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നന്നായി പരിപാലിക്കുന്ന തെങ്ങുകളിൽ നിന്ന് നാലര മുതൽ ആറ് ലിറ്റർ വരെ നീര പ്രതിദിനം ലഭിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ പ്രതിദിനം 6 ലിറ്റർ നീര ലഭിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും കേട്ടിട്ടുണ്ട്. അങ്ങിനെയെങ്കിൽ 3 കുലകൾ നീര ഉത്പാദനത്തിന് ഉപയോഗിക്കുകയും ഓരോ കുലയിൽ നിന്നും ദിനംപ്രതി 6 ലിറ്റർ നീര ലഭിക്കുകയും ചെയ്താൽ പ്രതിമാസം 540 ലിറ്റർ നീര ഒരു തെങ്ങിൽ നിന്ന് ഉത്പാദിപ്പിക്കുവാൻ കഴിയും. ഇത് മൂന്നും കൂടി ചേരുമ്പോൾ ഒരു തെങ്ങിൽ നിന്ന് തന്നെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ കഴിയും. ഈ മൂന്ന് ഇനങ്ങളിലും പെട്ട വരുമാനത്തിന്റെ ആകെത്തുകയെടുത്താൽ ഇന്ന് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മറ്റേത് തോട്ടവിള കൃഷിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഒരേക്കറിൽ നിന്ന് വരുമാനം കർഷകർക്ക് നേടാൻ കഴിയുന്ന നിലയിലേക്ക് തെങ്ങുകൃഷിയെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ആകെ വേണ്ടത് ഭാവനാപൂർണ്ണമായ പദ്ധതികൾ ആവിഷ്ക്കരിച്ച് മേൽസൂചിപ്പിച്ച ഉൽപന്ന വൈവിധ്യവൽക്കരണത്തിന് സാധിക്കും വിധമുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുകയും അത് കർഷക കൂട്ടായ്മകൾ വഴി വ്യാപകമായി വെച്ച് പിടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്.
അബ്കാരി ആക്ടിന്റെ തടവറയിൽ പെട്ടുപോയ നീരയെ സംസ്ഥാന ഗവണ്‍മന്റുകൾ പൂർണ്ണമായും മോചിപ്പിക്കുകയോ ജാമ്യം നൽകി പുറത്തെടുക്കുകയോ ചെയ്യുന്ന നയം കൂടിയെടുത്താൽ കോഴിക്കോട് ജില്ലയിലെ കർഷകർ ചോദിച്ച ചോദ്യത്തിന് പോസിറ്റീവായ ഉത്തരം നൽകാൻ നമുക്ക് കഴിയേണ്ടതുണ്ട്. ഈ ചിന്തകൾ മനസ്സിൽ വെച്ചുകൊണ്ടാണ് കേരകൃഷി മേഖലയിലെ വിത്തും തൈയ്യും ഉത്പാദനത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. മുൻകാലങ്ങളിൽ എവിടെ നിന്നോ ലഭിക്കുന്ന, ആരോ ഉത്പാദിപ്പിച്ച ഇനമേതെന്നോ പേരേതെന്നോ അറിയാത്ത, വിളവിനെക്കുറിച്ചോ ജനിതക ഗുണങ്ങളെക്കുറിച്ചോ സൊാചനകളൊന്നുമില്ലാത്ത തെങ്ങിൻ തൈകൾ വാങ്ങി നടുകയും വർഷങ്ങളോളം കാത്തിരുന്ന് ഉത്പാദനക്ഷമത കുറഞ്ഞ ഇനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും മിക്കവാറും ഒരു മനുഷ്യായുസ്സിന്റെ മൂന്നിലൊന്ന് കടന്നിട്ടുണ്ടാകും. സമയവും ഭൂമിയും മറ്റ് വിഭവങ്ങളും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഏറ്റവും ഗുണമേന്മയുള്ളതും ഉറപ്പായ ജനിതകഗുണങ്ങളുള്ളതും കഴിയുന്നിടത്തോളം രോഗപ്രതിരോധശേഷിയുള്ളതും അതുപോലെ ഉത്തരവാദിത്വമുള്ള ഉറവിടങ്ങളിൽ നിന്നുമുള്ള തൈകൾ മാത്രമേ പുനർ കൃഷിക്കും ആവർത്തനകൃഷിക്കും ഉപയോഗിക്കാവൂ എന്നു നിഷ്കർഷിക്കണം. കേരളത്തിലൂടനീളം കരിക്കിന്റെ വിൽപ്പന അങ്ങേയറ്റം വർദ്ധിച്ചപ്പോഴും കേരളത്തിൽ തനതായി ഉത്പാദിപ്പിച്ച കരിക്ക് ലഭ്യമല്ലാതായിരുന്നത് നാം അടുത്തയിടെ കണ്ടു. ബോർഡ് ഈ അടുത്തകാലത്ത് നടത്തിയ ഒരു സർവ്വേയിൽ, കേരളത്തിൽ നിലവിലുള്ള തെങ്ങുകളിൽ 1.75 ശതമാനം മാത്രമാണ് കരിക്കിന് പറ്റിയ ഇനങ്ങൾ ഉള്ളത് എന്നു കണ്ടെത്തി. അടിയന്തിരമായി നിലവിലുള്ള തെങ്ങുകളിൽ 25 ശതമാനമെങ്കിലും കരിക്കിന് പറ്റിയ ഇനങ്ങളായി വർദ്ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമം നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഉത്പാദക കമ്പനികളും വഴി ഏറ്റെടുക്കേണ്ടതില്ലേ? നിലവിലുള്ള തോട്ടങ്ങളിലെ ഉയരം കൂടിയ തെങ്ങുകൾക്കിടയിൽ അടിത്തൈ ആയി കരിക്കിന് പറ്റിയ ഇനങ്ങൾ വെച്ച് പിടിപ്പിക്കുകയും അത് വിളവെടുപ്പ് പ്രായമാകുമ്പോൾ മാത്രം പ്രായാധിക്യമുള്ള തെങ്ങുകൾ വെട്ടിമാറ്റുകയും ചെയ്യുന്ന ഒരു പ്രക്രിയ കർഷക കൂട്ടായ്മകൾ വഴി നാം അടിയന്തിരമായി ആരംഭിക്കേണ്ടതാണ്. ഇപ്പോൾ തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും നഴ്സറി പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു. പക്ഷേ അതിന്റെ അളവും വ്യാപ്തിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. കൂടാതെ 2013-14 സാമ്പത്തികവർഷത്തിലെ കേന്ദ്ര ബജറ്റിൽ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി ബാക്കിയുള്ള 11 ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം വന്നിരിക്കുന്നു. രോഗം മൂർച്ഛിച്ചതും ഉത്പാദനക്ഷമത കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ വെയ്ക്കേണ്ടതുണ്ട്. അങ്ങനെ ആവർത്തനകൃഷി ചെയ്യുന്ന പ്രദേശങ്ങളിലും കരിക്കിന് പറ്റിയ തെങ്ങിനങ്ങൾ ധാരാളമായി വെച്ച് പിടിപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം ലക്ഷക്കണക്കിന് തെങ്ങിൻ തൈകൾ വരുന്ന ഒരുവർഷത്തിനുള്ളിൽ നമുക്ക് ആവശ്യമായി വരുമ്പോൾ എവിടെയെല്ലാമാണ് ഗുണമേന്മയുള്ള മികച്ച തെങ്ങിൻ തൈകൾ ലഭ്യമായിട്ടുള്ളത്, എങ്ങിനെയാണ് നാളികേര വികസന ബോർഡിന്റേയും കൃഷി വകുപ്പിന്റേയും കാർഷിക സർവ്വകലാശാലയുടേയും സിപിസിആർഐയുടേയും വിത്തുത്പാദനകേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ തൈകൾ ലഭ്യമാക്കാവുന്നത് എന്ന് ഗൗരവമായി ചിന്തിക്കണം. ഇതിനു പുറമേ ആവശ്യം വരുന്ന തൈകൾ കർഷക പങ്കാളിത്തത്തോടെ കർഷക കൂട്ടായ്മകൾ വഴി നമുക്ക് എത്ര വേഗത്തിൽ ഉത്പാദിപ്പിച്ചെടുക്കാം എന്ന കാര്യവും ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
തെങ്ങുകൃഷി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഗുണമേന്മയുള്ള തൈകൾ ആവശ്യത്തിനു ലഭ്യമല്ല എന്നത് തന്നെയാണ്. നിലവിലെ സാങ്കേതികവിദ്യയും രീതിയുമനുസരിച്ച് ഒരു വിത്തുതേങ്ങയിൽ നിന്ന് ഒരു തൈ മാത്രമേ ഉത്പാദിപ്പിക്കുവാൻ കഴിയൂ. മറ്റ് പല കൃഷികൾക്കും വിത്തുതൈകൾ ഉത്പാദിപ്പിക്കുന്നതിന് നിരവധി പ്രചുര പ്രജനന പരിപാടികൾ ലഭ്യമാണെങ്കിലും തെങ്ങിൽ ഇപ്രകാരം തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പ്രചാരത്തിലായിട്ടില്ല. ചൊട്ട വിരിഞ്ഞ് വിത്തുതേങ്ങയാകുന്ന പന്ത്രണ്ട് മാസക്കാലവും ആ വിത്തുതേങ്ങയിൽ നിന്നൊരു തൈ ഉത്പാദിപ്പിച്ചെടുക്കുന്ന ഒൻപത്, പത്ത് മാസക്കാലയളവും കൂടി ചേരുമ്പോൾ 21-22 മാസക്കാലം എടുത്താണ് ഒരു തൈ തയ്യാറാകുക. ഈ കാലദൈർഘ്യം തന്നെയാണ് ആദ്യത്തെ പ്രശ്നം. രണ്ട്, ഗുണമേന്മയുള്ള മാതൃവൃക്ഷങ്ങളുടെ കണ്ടെത്തലും പരിപാലനവും കണക്ക് സൂക്ഷിക്കലും കൃത്യമായി ചെയ്യേണ്ട ഒരു ജോലിയാണ്. ഇപ്രകാരം തെരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങളിൽ തന്നെ എല്ലാ കുലകളും വിത്തുതേങ്ങ ശേഖരിക്കുന്നതിന് ഉതകുന്നതുമായിരിക്കണമെന്നില്ല. ഒരു കുലയിൽ തന്നെ ലഭ്യമാകുന്ന തേങ്ങകളിൽ നിന്ന് മികച്ച വിത്തുതേങ്ങ തെരഞ്ഞെടുക്കുവാനുള്ള പ്രായോഗിക പരിചയവും അറിവും വേണ്ടതുണ്ട്.
നാളികേരകൃഷിയുടെ ഗുണമേന്മയും ഉത്പാദന വർദ്ധനയും ചിന്തിക്കുമ്പോൾ അടിസ്ഥാനപരമായി തുടങ്ങേണ്ടത് ലഭ്യമായിട്ടുള്ള നല്ല തോട്ടങ്ങളിലെ മികച്ച തെങ്ങുകളിൽ നിന്ന് മാതൃവൃക്ഷമായി തെരഞ്ഞെടുക്കുവാൻ കഴിയുന്നവയുടെ വിവരശേഖരണം തന്നെയാണ്. നമ്മുടെ തൃത്താല കർഷക കൂട്ടായ്മകളായ സിപിഎസ്, ഫെഡറേഷൻ, കമ്പനികൾ എന്നിവ ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കിക്കൂടേ? തങ്ങളുടെ പ്രദേശങ്ങളിലുള്ള കർഷകരുടെ പക്കലുള്ള ഉയരം കൂടിയ ഇനങ്ങളിൽ 15 നും 35നും മദ്ധ്യേപ്രായമുള്ള, ശരാശരി ഒരു വർഷം നൂറ്റിയൻപതോ അതിൽക്കൂടുതലോ നാളികേരം ഉത്പാദിപ്പിക്കുന്നതും രോഗബാധയില്ലാത്തതുമായ തെങ്ങുകൾ കണ്ടെത്തി അവയുടെ വിശദാംശങ്ങൾ ശേഖരിച്ച് ഉത്പാദക സംഘങ്ങൾ വഴി ഫെഡറേഷനിൽ എത്തിക്കാൻ കഴിഞ്ഞാൽ ഭാവിയിലേക്കുള്ള തൈ ഉത്പാദനത്തിന് ഇവയിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കാം. ഉയരം കുറഞ്ഞ ഇനങ്ങളിൽ 8 മുതൽ 25 വരെ വർഷങ്ങൾക്കുള്ളിലുള്ളവയിൽ നിന്നാണ് ഇത്തരത്തിൽ വിത്തുതേങ്ങ ശേഖരിക്കാൻ കഴിയുന്നത്. അതിൽ തന്നെ 100 ന് മുകളിൽ പ്രതിവർഷം കായ്ക്കുന്നതും രോഗബാധയില്ലാത്തതുമായ കാര്യമായിട്ട് ബാധിച്ചിട്ടില്ലാത്തതുമായ തെങ്ങുകളെ മാർക്ക് ചെയ്ത് അവയുടെ പട്ടിക തയ്യാറാക്കി, ഇത്തരം തെങ്ങുകളിൽ നിന്ന് വിത്തുതേങ്ങ ശേഖരിക്കുന്നതിനുളള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഒരുപക്ഷേ കേരളത്തിനകത്ത് നിന്ന് മാത്രം ആവശ്യത്തിന് കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ ശേഖരിക്കാൻ സാധിക്കുന്നില്ലായെങ്കിൽ കർണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് കർഷക കൂട്ടായ്മകൾ വിത്തുതേങ്ങ ശേഖരിക്കുന്നതിനുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷം ബോർഡിന്റെ നേതൃത്വത്തിൽ കർഷക കൂട്ടായ്മകൾക്കും, സിപിഎസുകൾക്കും, ഫെഡറേഷനുകൾക്കും ഇതിനുവേണ്ട മാർഗ്ഗനിർദ്ദേശവും സഹായവും നൽകിയിരുന്നു. പലരും ഇത് പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്
അടുത്ത പ്രധാന മേഖല സങ്കരയിനം തൈകളുടെ പ്രസക്തിയാണ്. ആദ്യം സൂചിപ്പിച്ച രീതിയിൽ വിളഞ്ഞ നാളികേരത്തിനും, കരിക്കിനും, നീരയ്ക്കും കൊപ്രയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് കുറിയ സങ്കരയിനം തെങ്ങിൻ തൈകൾ. ഇവയിൽ നിന്ന് നീരയുത്പാദനത്തിലും ഗണ്യമായ വർദ്ധനവുണ്ടെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സങ്കരയിനം തെങ്ങിൻ തൈകൾ നാളികേര കർഷകന് കൂടുതൽ വൈവിദ്ധ്യമാർന്ന തരത്തിൽ ഉത്പാദനം ക്രമീകരിക്കുന്നതിന് അവസരം നൽകുന്നു. സാധാരണ ഗതിയിൽ കൊപ്രയ്ക്കും എണ്ണയ്ക്കും മാത്രമുതകുന്ന തെങ്ങിൽ നിന്ന് കരിക്ക് ശേഖരിക്കുക ബുദ്ധിമുട്ടാണ്. കരിക്കിന് പറ്റിയ ഇനങ്ങളിൽ നിന്ന് തേങ്ങയ്ക്കും കൊപ്രയ്ക്കും എണ്ണയ്ക്കും വേണ്ടിയുള്ള സാദ്ധ്യതയും കുറവാണ്. ഇത് രണ്ടും കൂടി സംയോജിപ്പിക്കുന്നിടത്താണ് കർഷകരുടേയും കൃഷിയുടേയും ശക്തിയടങ്ങിയിരിക്കുന്നത്.സങ്
അടുത്ത മേഖല വളരെ ഗുണമേന്മയുള്ള തെങ്ങുകളുടെ വൻതോതിലുള്ള പ്രചുര പ്രജനനത്തിന് വേണ്ട ഗവേഷണങ്ങളാണ്. ലോകവ്യാപകമായി പനവർഗ്ഗങ്ങളിൽപ്പെട്ട ചെടികളിൽ ടിഷ്യുകൾച്ചർ സംവിധാനം ഫലപ്രദമാകില്ല എന്ന തെറ്റായ ധാരണയുമായി ദശാബ്ദങ്ങളോളം കർഷകരും കാർഷിക ശാസ്ത്രജ്ഞന്മാരും കാത്തിരുന്നുവേങ്കിലും ഇന്ന് എണ്ണപ്പനയിലും ഈന്തപ്പനയിലും കമുകിലും (ഇവയെല്ലം പനവർഗ്ഗ വൃക്ഷങ്ങൾ തന്നെ) ടിഷ്യൂകൾച്ചർ രീതി വിജയകരമായി പരീക്ഷിക്കുക മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ ഇത്തരം തൈകളെത്തുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ ഈന്തപ്പനകൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ടിഷ്യൂകൾച്ചർ തൈകൾ വന്നതോടെയാണ്. മലേഷ്യയിൽ പാം ഓയിൽ രംഗത്ത് വൻകുതിച്ചുചാട്ടമുണ്ടായതും ഉയരം കുറഞ്ഞ, ഗുണമേന്മയും ഉത്പാദനക്ഷമതയുമുള്ള ടിഷ്യൂകൾച്ചർ എണ്ണപ്പന തൈകൾ എത്തിയതോടെയാണ്. കമുകിലും ഇതേരീതിയിൽ ഇന്ത്യയിൽ തന്നെ ഗവേഷണത്തിലൂടെ ടിഷ്യൂകൾച്ചർ തൈകൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. എന്തുകൊണ്ടാണ് തെങ്ങിലും ഇത്തരത്തിലൊരു മുന്നേറ്റം ഇതുവരെ നടക്കാത്തത്. ഉത്തരം ലളിതമാണ്. തെങ്ങുകൃഷി മിക്കവാറും ഉഷ്ണമേഖല പ്രദേശങ്ങളിലേയും വികസ്വര രാജ്യങ്ങളിലേയും കൃഷിയാണ്. വികസിത രാജ്യങ്ങളിലുള്ള ഒരു വിളയായിരുന്നു തെങ്ങ് എങ്കിൽ എത്രയോ മുമ്പേ ഈ ദിശയിലുള്ള ഗവേഷണങ്ങൾ ആരംഭിക്കുമായിരുന്നു. ടിഷ്യൂകൾച്ചർ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമായിരുന്നു. നാളികേരോത്പാദനം ഇന്ന് കൂടുതലായി നടക്കുന്ന രാജ്യങ്ങളുടെയെല്ലാം ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ വികസിതരാജ്യങ്ങൾക്കൊപ്പം വളർന്നിട്ടില്ലായെന്നത് സത്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ഇന്ത്യക്ക് ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നതിനും നേതൃത്വം കൊടുക്കുന്നതിനും കഴിയേണ്ടതല്ലേ? ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയിലൂടെ ടിഷ്യൂ കൾച്ചർ ഡവലപ്‌മന്റ് പ്രോഗ്രാം നടത്തിയിരുന്നുവേങ്കിൽ തെങ്ങിലും മുന്നേറ്റമുണ്ടാകുമായിരുന്നു.
ഒരു ശാസ്ത്രനേട്ടം, നാം അതിൽ എത്തുന്നതുവരെ 'ഇത് സാദ്ധ്യമല്ല' എന്നാണെല്ലാവരും ചിന്തിക്കുക. അസാദ്ധ്യമെന്ന് കരുതി ഇതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ നമ്മൾ വൈകിച്ചുകൂടാ. സിപിസിആർഐയിൽ നടക്കുന്ന പ്ലുമ്യൂൾ കൾച്ചർ ഗവേഷണത്തെ മറന്നുകൊണ്ടല്ല ഇത്. ഏകദേശം 8-10 വർഷമായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്ന ഗവേഷണം ഫലപ്രാപ്തിയിലെത്താൻ ഇനിയുമെത്രവർഷമെടുക്കുമെന്ന് അറിഞ്ഞുകൂടാ. ഒരു വിത്തുതേങ്ങയുടെ ഉള്ളിൽ നിന്നെടുക്കുന്ന ഭ്രൂണത്തിൽ നിന്ന് 18 വരെ തൈകൾ വികസിപ്പിച്ചെടുക്കുവാൻ ഇതിനോടകം അവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശുഭോദർക്കമായ കാര്യമാണ്. ജനിറ്റിക് എഞ്ചിനീയറിംഗിന്റേയും ബയോ ടെക്നോളജിയുടേയും ആധുനിക സാങ്കേതികവിദ്യ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തിയാൽ ഒരു ഭ്രൂണത്തിൽ നിന്ന് പതിനായിരമോ ലക്ഷങ്ങളോ തൈകൾ വികസിപ്പിച്ചെടുക്കുവാൻ സാധിക്കുകയില്ലേ. പ്ലുമ്യൂളുകളിൽ നിന്ന് മാത്രമല്ല ഉചിതമായ മറ്റ് കോശങ്ങളിൽ നിന്നെല്ലാം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന രീതിയും അതിനുള്ള മാധ്യമവും കണ്ടെത്തുക എന്നതാവണം ഈ രംഗത്തുള്ള ഗവേഷണം. മറ്റ് പന വർഗ്ഗ ചെടികളിൽ ടിഷ്യൂകൾച്ചർ ഗവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞന്മാരും സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഈ രംഗത്ത് ഒരു കുതിച്ചുചാട്ടം നടത്തുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്.
ആദ്യം സൂചിപ്പിച്ചതുപോലെ നീരയും കരിക്കും തേങ്ങയും കൊപ്രയും എണ്ണയും എല്ലാം മികച്ച രീതിയിൽ ലഭിക്കുന്ന രോഗപ്രതിരോധശേഷിയുള്ള നല്ല തെങ്ങുകളുടെ ടിഷ്യൂകൾച്ചർ തൈകൾ ദശലക്ഷക്കണക്കിന് ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടായാൽ തെങ്ങുകൃഷി ഇന്നുള്ളതിൽ നിന്ന് എത്രയോ മടങ്ങ് ആദായകരമാകും. ഈയൊരു കാര്യത്തിൽനമ്മുടെ ശാസ്ത്രജ്ഞന്മാരുടേയും ഗവേഷകരുടേയും കർഷകരുടേയും താൽപര്യം പതിയേണ്ടതുണ്ട്. തെങ്ങുകൃഷി നടക്കുന്ന പ്രധാന പ്രദേശങ്ങളിലെ സംസ്ഥാന സർക്കാരുകളും അവിടെ നിന്നുള്ള എംപിമാർ കേന്ദ്ര ഗവണ്‍മന്റിലും ഇതിനുവേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തുകയും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്താൽ നമുക്ക് ഇക്കാര്യത്തിലും മികച്ച മുന്നേറ്റം നടത്താൻ സാധിക്കും. പക്ഷേ, ഇതിനായി അലസമായി കാത്തിരിക്കുക എന്നതിനപ്പുറത്ത് നമുക്കാകാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുക എന്നുള്ളതായിരിക്കണം ലക്ഷ്യം. ഓരോ വർഷവും നിലവിലുള്ള തെങ്ങുകളുടെ പ്രായാധിക്യമുള്ളതും രോഗം ബാധിച്ചതും ഉത്പാദനക്ഷമത കുറഞ്ഞതുമായ 5 ശതമാനം തെങ്ങുകൾ വീതം വെട്ടിമാറ്റി പുതിയ 5 ശതമാനം തെങ്ങുകൾ നടുന്ന ഒരു രീതി കേരകർഷകകൂട്ടായ്മകൾ വഴി അവലംബിച്ചാൽ വളരെ വേഗത്തിൽ കേരകൃഷിയുടെ ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിന് നമുക്ക് തീർച്ചയായും കഴിയും. അങ്ങനെ തെങ്ങുകൃഷിയുടെ ഭാവിക്കും കേരകർഷകരുടെ ഭാവിസുരക്ഷിതത്വത്തിനും ഏറ്റവും അടിസ്ഥാനപരവും അടിയന്തിരവുമായി ചെയ്യേണ്ടത് ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കുക എന്നതു തന്നെയാണ്. ഇക്കാര്യത്തിൽ കേരകർഷകരുടേയും സിപിഎസുകളുടേയും ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടേയും അടിയന്തിരശ്രദ്ധ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.