മോഹൻ ചെറായി
വഴിയരികൊരു മൂത്രപ്പുരയായ്
കാനകളെ കക്കൂസാക്കി
മലയാളിക്കുറിയാടാമോ:
'മലിനമുക്തം മലനാട് !'
ചാളത്തലയും കുടലും വേസ്റ്റും
ചിക്കൻകുടലും കാലും ചിറകും
നാറ്റം സഹിയാസാധനമൊക്കെ
കിറ്റിൽകെട്ടി കാനയിലാക്കും
മലയാളിക്കുറിയാടാമോ:
'മലിനമുക്തം മലനാട് !'
അറുത്തുതളളിയ മാടിൻ വേസ്റ്റും
ചീഞ്ഞു പുഴുത്തൊരു പച്ചക്കറിയും
പ്ലാസ്റ്റിക് കുപ്പികൾ ചപ്പും ചവറും
പ്ലാസ്റ്റിക് ചാക്കിൽ റോഡിൽ തള്ളും
മലയാളിക്കുറിയാടാമോ :
'മലിനമുക്തം മലനാട് !'
വെള്ളക്കെട്ടിൽ തള്ളിയ വേസ്റ്റിൽ
കൊതുകിൻ ലാർവാ ഫാക്ടറികൾ
ഡെങ്കിപ്പനിയാൽ കൊതുകിൻ കൂട്ടം
നമ്മെ രോഗികളാക്കുമ്പോൾ
മലയാളിക്കുറിയാടാമോ :
'മലിനമുക്തം മലനാട് !'
കൊതുകുനിവാരണ യജ്ഞപ്പേരിൽ
ഫോഗിംങ്ങ് യന്ത്രം മുരളുമ്പോൾ
ഫോഗിങ്ങാലേ നമ്മുടെ നെഞ്ചിൽ
രോഗമിതേറെ വിതക്കും നേരം
മലയാളിക്കുറിയാടാമോ :
'മലിനമുക്തം മലനാട് !'