സി.രാധാകൃഷ്ണൻ
പഴയകാലങ്ങളിൽ അമ്മായിമാർ പറയാറുണ്ട്. 'അതുകേട്ടപ്പോ എനിക്കെന്റെ കാലിന്റെ പെരുവിരലീന്ന് എന്തോ ഒന്ന് അരിച്ചങ്ങട്ട് കയറി. പക്ഷെ, ഞാൻ മൺമറഞ്ഞുപോയോരെ ഒക്കെ ഓർത്ത് എന്നെത്തന്നെ ശാസിച്ചു. നാവേ അവടെ അടങ്ങിക്കെടന്നോ!' ഈ കാലങ്ങളിലും പലരും പറയാറുണ്ടല്ലോ, ഞാനെന്താ ചെയ്യാ, ദേഷ്യം വന്നാൽ പിന്നെ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റുകയില്ല!
ദേഷ്യം അടക്കാനാവാത്തതുകൊണ്ട് നമുക്ക് ഒരുപാട് കഷ്ടനഷ്ടങ്ങൾ വരാറുണ്ടെന്നാലും ദേഷ്യപ്പെടാതിരിക്കാൻ വളരെ പ്രയാസം! ഒരു ചെറിയ ആശ്വാസമുള്ളത് ഈ പ്രയാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും പണ്ടേക്കു പണ്ടെ വളരെ വലിയ താപസന്മാർപോലും മഹാശുണ്ഠിക്കാരായിരുന്നു എന്നുമുള്ള അറിവാണ്. ദുർവാസാവ് എന്നൊരു കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ശാപങ്ങളുടെയും ശാപമോക്ഷങ്ങളുടെയും രസകരങ്ങളായ പുരാണകഥകളിൽ മുക്കാലോഹരിയും ഉണ്ടാകുമായിരുന്നില്ലല്ലോ!
ദേഷ്യം വന്നാൽ മഹർഷിമാർ പോലും വേണ്ടാതീനങ്ങൾ കാണിക്കുമെങ്കിൽ സാധാരണക്കാരായ നമുക്കെന്തുകൊണ്ട് ദേഷ്യപ്പെട്ടുകൂടാ? തപസ്സിദ്ധിയും യോഗസിദ്ധിയും ഒക്കെ ഉണ്ടായാലും ദേഷ്യം വരുമെങ്കിൽ ഇതൊന്നുമില്ലാത്തവർ അരിശം മൂത്ത് പൊട്ടിത്തെറിച്ചാൽ അതിലെന്ത് അത്ഭുതം? ഉരലുവലിച്ചു കിണറ്റിൽ മറിച്ചിട്ടും കെട്ടിയ പെണ്ണിനെ കിട്ടിയ വടികൊണ്ട് ഒന്നു കൊടുത്തിട്ടും മതിയാവാഞ്ഞ് ഒരുത്തൻ തന്റെ പുരയുടെ ചുറ്റും മണ്ടിനടന്നാൽ കുഞ്ചൻനമ്പ്യാരും ആ തുള്ളൽ കാണുന്നവരും എന്തിനു ചിരിക്കണം? കോപപ്രകടനം കണ്ട് ആരെങ്കിലും ചിരിച്ചാൽ കോപം ഇരട്ടിക്കുമെന്നും അനുഭവമുള്ളതല്ലേ?
ഏതായാലും ദേഷ്യമാണ് സമൂഹത്തിലെ മിക്ക അക്രമത്തിനും കാരണം എന്ന് തീർച്ചയുള്ളതിനാൽ ദേഷ്യം നാടുനീങ്ങിയാലേ ക്ഷേമമുണ്ടാവൂ എന്നു നിശ്ചയം. കോപാഗ്നി സ്വയവും അതിനരികെ വരുന്നവരെയും ഒക്കെ ചുട്ടെരിക്കുന്നു. ആകട്ടെ, ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം? ദേഷ്യം വരുമ്പോൾ അതിനെ കടിച്ചുപിടിച്ച് ഒതുക്കണോ? ഒന്നുമുതൽ നൂറുവരെ എണ്ണി ശ്രദ്ധതിരിച്ച് ദേഷ്യത്തെ തോൽപ്പിക്കണോ? നാമം ജപിച്ച് രക്ഷപ്പെടണോ? കാപട്യത്തിന്റെ വെൺചിരി ചുണ്ടത്തണിഞ്ഞ് നിൽക്കണോ?
ദേഷ്യമെന്നല്ല ഒരു വികാരവും അടിച്ചമർത്തപ്പെടരുതെന്നാണ് ആധുനിക മനഃശാസ്ത്രവും പൗരസ്ത്യ ദർശനവും ഒരുപോലെ ശാസിക്കുന്നത്. വേഗങ്ങളെ ഇടുക്കുതൊഴുത്തിലൊതുക്കി മെരുക്കാൻ നോക്കിയാൽ കിട്ടുന്ന ശാന്തി, അടച്ചുപിടിച്ച അഗ്നിപർവ്വതമുഖത്തുള്ള ശാന്തി മാത്രമാണ്. അടുത്ത വരവ് പൂർവാധികം ഊക്കിലാവും. ശ്രദ്ധ തിരിക്കാൻ എന്തുപായം ഉപയോഗിച്ചാലും ഫലം ഇതുതന്നെ. തൽക്കാലത്തേക്ക് രക്ഷ കിട്ടിയേക്കാം, പക്ഷേ, രോഗം അകത്ത് പെറ്റു പെരുകുകയേ ഉള്ളൂ. ഓഫീസിൽ മേലധികാരി ശകാരിച്ചതിനുള്ള കോപം മനസ്സിൽ അടക്കിപ്പിടിച്ച് വീട്ടിൽ കൊണ്ടുവന്ന് നിഷ്കളങ്കരായ കുട്ടികളെ നിസ്സാരകാര്യത്തിന് ശിക്ഷിക്കുന്നതിലൂടെ പലരും അത് റിലീസാക്കാറില്ലേ? അച്ഛനോടുള്ള പിണക്കം തരം കിട്ടുവോളം മാറ്റിവച്ച് അമ്മ കുട്ടിയോടു തീർക്കുന്നതും നമുക്കറിവുള്ള കാര്യമാണ്.
അല്ലാതെ പിന്നെ, എന്തു ചെയ്യണമെന്നാണ്? ഒന്നും വേറെ ആലോചിക്കാനില്ല. ദേഷ്യം വന്നാൽ ദേഷ്യപ്പെടണം. ദേഷ്യപ്രകടനം തനിക്കൊ മറ്റാർക്കെങ്കിലുമോ വേദനയോ പരുക്കോ ഉളവാക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായി. ഇപ്പുറത്ത് വന്ന് ആരും കാണാതെ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിക്കാം. അമർത്തി ചവിട്ടി ഭൂമി കുലുങ്ങുമോ എന്ന് പരീക്ഷിക്കാം. ടോയ്‌ലറ്റിലോ മറ്റോ പോയി ആവുന്നത്ര ഉറക്കെ അലറാം, പല്ലിറുമ്മാം. പുരയുടെ ചുറ്റും മണ്ടിനടക്കാം. ആരെയും കിട്ടിയ വടികൊണ്ടോ കുന്തംകൊണ്ടോ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി.
അല്ലയോ അർജ്ജുനാ, ദേഷ്യമാണ് നിന്റെ മുഖ്യശത്രു, അതിനാൽ അതിനെ ആദ്യം ഇല്ലായ്മ ചെയ്യുക എന്നാണ് ഗീതോപദേശം എന്നിരിക്കെ ഇപ്പറഞ്ഞതെങ്ങനെ ശരിയാവും? ഒന്നുകൂടി ആലോചിച്ചു നോക്കൂ. കോപത്തെ ഇല്ലായ്മ ചെയ്യാൻ കഴിയാത്തിടത്തോളം കാലം കോപിക്കലേ ശരിയാവൂ എന്ന് സ്പഷ്ടമല്ലേ? അഗ്നിപർവതമുഖം ഉരുക്കിന്റെ അടപ്പുകൊണ്ട് സീൽ ചെയ്യാനല്ല അകത്തെ അഗ്നിയെ ഇല്ലായ്മ ചെയ്യാനാണ് ആഹ്വാനം.
അതായത്, വന്ന ദേഷ്യത്തെ അടക്കുന്നതിലും ദേഷ്യമേ വരാതിരിക്കുന്നതിലാണ് ദേഷ്യമെന്ന ശത്രുവിനെ ജയിക്കുന്നതിന്റെ പൊരുൾ ഇരിക്കുന്നത്. തേകിവറ്റിയതുകൊണ്ട് ഉറവ ഇല്ലാതാവില്ല. പാമ്പിനെ കുടത്തിലാക്കി വായ കെട്ടി വച്ചാൽ അതിന്റെ വിഷം പോവും. കാഞ്ചീപുരം പട്ടുകൊണ്ട് ഉടുത്തുകെട്ടിനിന്നാലും തീരാച്ചൊറി എന്ന ശല്യത്തിന് മാറ്റം വരില്ല. അച്ഛൻ പത്തായത്തിലില്ല എന്ന് എത്രവട്ടം എത്ര ഉറക്കെ പറഞ്ഞാലും അച്ഛൻ അവിടെത്തന്നെ ഉണ്ടെന്ന് കൂടുതൽ ഉറപ്പാവുകയേ ഉള്ളൂ.
ദേഷ്യം വരാതിരിക്കണമെങ്കിൽ ദേഷ്യത്തിന്റെ വേര് അറ്റുപോകണം. കാമമാണ് ദേഷത്തിന്റെ വേര്. ധർമ്മത്തിന് വിധേയമാകാത്ത വിരുദ്ധമായ കാമത്തെയാണ് പരാമർശിക്കുന്നതെന്നു മറക്കരുത്. ആ കാമത്തിന് തടസ്സം വരുമ്പോഴാണ് കോപമുണ്ടാകുന്നത്. അതിനാൽ, കോപത്തെ അറത്തുമാറ്റാൻ ഒരു ആയുധമേ ഉള്ളൂ. ആ കാമത്തെ ഇല്ലാതാക്കുന്ന അസംഗം അഥവാ അനാസക്തി.
ഐഹികനായ ഞാൻ പ്രപഞ്ചത്തിൽനിന്നും ഒന്നു വേറെയാണ് എന്ന ചിന്ത അഥവാ അഹന്തയാണ്, ഇക്കണ്ടതെല്ലാം എനിക്കു മാത്രമായി വേണം എന്ന വികാരം-കാമം-ജനിപ്പിക്കുന്നത്. എല്ലാം ഞാനാണ് എന്നും ഞാൻ ഒന്നുമല്ല എന്നും, എല്ലാം എന്റെയാണ് എന്നും ഒന്നും എന്റെ അല്ല എന്നും രണ്ടുതരത്തിൽ പറയുന്നത് ഒരേ കാര്യമാണ് എന്ന നിശ്ചയം കിട്ടിയാലേ അനാസക്തി എന്ന ആയുധം കൈയ്യിൽ ഉറയ്ക്കൂ.
രോഗലക്ഷണത്തെ ചികിത്സിക്കുകയല്ല, രോഗകാരണത്തെ ഇല്ലായ്മ ചെയ്യലാണ് പൗരസ്ത്യരീതി. കോപത്തിന്റെ കാര്യത്തിൽ ഇതിനുള്ള മരുന്നാണ് അനാസക്തി. ഇത് എങ്ങനെ പ്രയോഗിക്കും എന്ന് അന്ധാളിക്കണമെന്നില്ല. വന്ന കോപത്തെ അടക്കാൻ ശ്രമിക്കാതിരിക്കുക, ആർക്കും അപായം വരാതെ അതിനു വഴങ്ങിക്കൊടുക്കുക, പിന്നെ, ആലോചിക്കുക, 'എന്തുണ്ടായി? എന്തിനാണ് ഞാൻ ശുണ്ഠിയെടുത്തത്? എവിടെന്നാണ് ആ തിരയിളക്കം പുറപ്പെട്ടത്?'
അപ്പോൾ മനസ്സിലാവും വ്യക്തിപരമായ ഏതെങ്കിലും ആർത്തിയോ കൊതിയോ പ്രതീക്ഷയെങ്കിലുമോ നടക്കാതെപോയതോ, എനിക്കുണ്ടായി വരുന്നെന്ന് ഞാൻ വിചാരിക്കുന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റെന്ന് എനിക്കു തോന്നിയതോ ആണ് കാരണമെന്ന്. പ്രതീക്ഷയും ആത്മാഭിമാനവും ഒക്കെ ആവശ്യം തന്നെ. പക്ഷെ, ഞാൻ ഇതൊക്കെ മാത്രമല്ലല്ലോ, കൂടുതൽ ചിരന്തനമായ ഒരു യാഥാർത്ഥ്യമായ ഞാൻ എന്തിനീ നുള്ളുനുറുങ്ങുകളെചൊല്ലി ചാടിക്കടിക്കാൻ പുറപ്പെടുന്നു? ച്ഛെ മണ്ടത്തരം! കലിതുള്ളുന്ന എന്റെ ചിത്രം എന്റെ ഭാവനയിൽത്തന്നെ വരുന്നതോടെ ചിരിച്ചുപോയാൽ ഞാൻ രക്ഷപ്പെട്ടു. സമാനാവസരത്തിൽ ഈ ചിരിയാണ് പിന്നെ ഓർമ്മ വരിക. ദേഷ്യം വരില്ല.
എന്നോടു ദേഷ്യപ്പെടുന്ന ആളോട് ഞാൻ സമചിത്തത്ത പുലർത്തിയാൽ അയാളുടെ ദേഷ്യവും കെട്ടടങ്ങും. ഒരു കൂർത്ത നോട്ടം സമം രണ്ടു വാക്കേറ്റം, സമം നാലു കരുങ്കാളി. നാലു കരുങ്കാളി സമം എട്ട് ആയുധക്കളി എന്ന് സഞ്ജയൻ പണ്ട് എഴുതിവെച്ച പെരുക്കപ്പട്ടികയുടെ ചുഴിയിൽ മുങ്ങിത്താണ് ലോകമഹായുദ്ധം വരെ ചെല്ലാതെ രക്ഷ കിട്ടണമെങ്കിൽ എന്റെ ഒരു കവിളത്തടിച്ചവന് വീണ്ടും വേണമെങ്കിൽ അടിക്കാൻ മറുകവിൾകാണിച്ചുകൊടുക്കുകതന്നെ ശരിയായ വഴി. സന്മനസ്സുള്ളവർക്കേ സമാധാനമുള്ളൂ.
അല്ല കോപികൾ ക്ഷിപ്രപ്രസാദികളുമാണെന്ന് സ്വന്തം അനുഭവംകൊണ്ട് അറിയാത്തവർ ഉണ്ടാവില്ല. എന്തിനുമേതിനും ശുണ്ഠിയെടുക്കുന്ന ആളുകളിൽ മിക്കപേരും ശുദ്ധമനസ്കരും കാലുഷ്യമില്ലാത്തവരുമായിരിക്കും
നിഷകളങ്കരായതിനാൽ ക്ഷിപ്രകോപികൾക്ക് അവരുടെ ദേഷ്യത്തിന്റെ വേരറുക്കാൻ ഒരു പ്രായസവുമില്ല; അൽപ്പമൊന്നു മനസ്സുവച്ചാൽ മതി. കുട്ടികളെ നോക്കൂ-സ്ഥായിയായ പാരുഷ്യം അവർക്കില്ല. ചിരിക്കും, കളിക്കും അതിനിടയിൽ പിണങ്ങും, ദേഷ്യപ്പെടും, പിച്ചും, മാന്തും, കടിക്കും, അടിക്കും, ഇടിക്കും, കോക്രി കാണിക്കും. പക്ഷെ, അടുത്ത നിമിഷം ഇതൊക്കെ മറന്ന് തോളിലൂടെ കൈയിട്ട് നടക്കും! അവരുടെ കോപത്തിന് ആണിവേരില്ല. അത്തരം കോപം കൊണ്ട് സാരമായ കുഴപ്പമില്ല. ജീവിതത്തിന് നിറം പകരാൻ അത് ചിലപ്പോൾ ആവശ്യവുമാണ്. പരസ്പരം ദേഷ്യപ്പെടാൻ ഒരു അവസരവുമുണ്ടായിട്ടില്ലാത്ത ദാമ്പത്യം എന്തൊരു മഹാബോറാണ്! പക്ഷെ, അമൃതാകണമെങ്കിൽ ആ ദേഷ്യത്തിന്റെ വേര് അതിരറ്റ പരസ്പരസ്നേഹമാവണം. അല്ലാതെ തലമറന്നാകരുത് എണ്ണതേപ്പ്.
കുട്ടിക്കാലത്ത് ഒരു ദിവസം തൊടിയിൽ നിന്ന് എനിക്കൊരു വൃക്ഷത്തെ കിട്ടി. കാണാൻ നല്ല ചന്തമുള്ള രണ്ടില വിരിഞ്ഞ തൈ! മുറ്റത്തുതന്നെ അത് നടണമെന്ന് ഞാൻ വാശി പിടിച്ചു. കൊയ്തുവയ്ക്കാനും മെതിക്കാനും നെല്ലും വൈക്കോലും ഉണക്കാനും മുറ്റം വേണം. അതിനിടെ ഒരു മരം വളരാൻ വരുന്ന അതൊ ഇത് നായ്ക്കുരണത്തരുണ...എന്ന് അമ്മയും മുത്തശ്ശിയും തലയിൽ കൈ വയ്ക്കുകയും ചെയ്തു. പക്ഷെ, എന്റെ പരാക്രമത്തിനു മുന്നിൽ ഈ വാദമുഖങ്ങളൊന്നും വിലപ്പോയില്ല. അവസാനം, എന്തൊ ആലോചിച്ചുറച്ച് ചെറിയച്ഛൻ പറഞ്ഞു, ശരി.
മുറ്റത്തിനു നടുവിൽ ഒരു കുഴി കുത്തി കിട്ടിയതിൽ തൈ നട്ടു ഞാൻ നിവരുമ്പോൾ ചെറിയച്ഛൻ സ്നേഹപൂർവം ഓർമ്മിപ്പിച്ചു. എന്നും രാവിലെ പൊക്കി നോക്കാൻ മറക്കരുത്. വേരു പിടിക്കുന്നുണ്ടോ എന്നറിയണ്ടേ?
്യൂഞ്ഞാൻ എന്നും രാവിലെ തൈ പൊക്കി നോക്കിക്കൊണ്ടിരുന്നു. പത്തു ദിവസത്തിനകം അതു കരിഞ്ഞുപോയി എന്നു പറയേണ്ടതില്ലല്ലോ.
ഇത്രയേ ഉള്ളൂ കോപത്തിന്റെ കഥയും. ഓർക്കാപ്പുറത്ത് മനസ്സിൽ മുളയ്ക്കുന്ന അതിന് വളവും വെള്ളവും ഒക്കെ നൽകി പരിപാലിച്ചാലും വേണ്ടില്ല, വേരു വരുന്നുണ്ടോ എന്ന് കൂടെക്കൂടെ പൊക്കിനോക്കിയാൽ മതി, മുറ്റം എന്നെന്നും വൃത്തിയായിത്തന്നെ കിടക്കും!