19 Jul 2013

നിയോഗം


ശിവപ്രസാദ്‌ താനൂർ

സമയം രാത്രി 9 മണി. ഒരു മുദൃമന്ദസ്മിതവുമായി പൂമുഖത്തെ ചാരുകസേരയിൽ രവി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഫോണിന്റെ ശബ്ദം ചിന്തയ്ക്ക്‌ ഭംഗം വരുത്തിയെങ്കിലും റിസീവറെടുക്കാൻ തുനിഞ്ഞില്ല.
" എന്താ അച്ഛാ ഫോണെടുക്കാത്തത്‌ ?" ഇളയ മകളുടെ ആധികാരിക ശബ്ദം കേട്ട്‌ ആയാൾ ഫോണിനടുത്തേക്ക്‌ നടന്നു.
ഫോൺ തമിഴ്‌ പേശുന്നു:
ഹലോ ................. രവി അല്ലവാ ? ഇത്‌  ചെന്നൈയിൽ നിന്ന്‌ നീങ്കെ അമ്മാവൻ കൃഷ്ണൻകുട്ടിയിൻ ഫ്രണ്ട്‌ പേശ്‌റത്ത്‌........... അമ്മാവന്റെ ഉടമ്പ്ക്ക്‌ സുഖമില്ലൈ...... ചെന്നൈ മെയിലിൽ കേറ്റി വിട്ട്‌ർക്ക്‌...... നാളെ കാലയിലെ അങ്കെ വന്തുശേർന്നിടും...... നീങ്കെ സ്റ്റേഷനിൽ വെയിറ്റ്‌ പണ്ണുങ്കോ"
തിരിച്ചെന്തെങ്കിലും പറയുന്നതിനുമുമ്പ്‌ അണ്ണാച്ചി റിസീവർ വെച്ചു.
    ആരോടൊന്നും ഉരിയാടാതെ കസേരയിൽ വന്നിരുന്നു. ചിന്തകൾ എവിടെയൊക്കെയോ വ്യാപരിച്ചു. അമ്മാവൻ................. അമ്മയുടെ കൂടെപ്പിറപ്പ്‌............... ചെറുപ്പത്തിലേ നാടുവിട്ടു... ഉണ്ടായിരുന്ന ഭൂസ്വത്ത്‌ വിറ്റ്‌ ചീട്ടും കുതിരപ്പന്തയവും കളിച്ചു. ഏതൊക്കെയോ നാട്ടിലലഞ്ഞു. ഇന്ദ്രിയ സുഖങ്ങളിൽ സന്തോഷം കണ്ടെത്തി. അവസാനം ചെന്നൈ പട്ടണത്തിൽ ഒരു ഹോട്ടലിൽ താവളമുറപ്പിച്ചെന്നറിഞ്ഞു. ഇടക്ക്‌ ജ്യേഷ്ഠന്റെ അവിചാരിതമായ മരണവിവരമറിഞ്ഞ്‌ നാട്ടിൽ വന്നു.അന്നാണ്‌ ആദ്യമായി ആളെ കാണുന്നത്‌. പിന്നീട്‌ ഒന്നു രണ്ടു തവണ കൂടി. ഇപ്പോൾ ഇതാ വർഷങ്ങൾക്കുശേഷം വരുന്നു.
    രവിയുടെ മനസ്സ്‌ പിടഞ്ഞു. എന്തൊക്കെ അസുഖമായിട്ടാണാവോ വരുന്നത്‌ ! തെണ്ടിതിരിഞ്ഞ്‌ നടന്നപ്പോഴൊന്നും ഓപ്പോളെയോ മക്കളേയോ ഓർത്തില്ല. ഇപ്പോൾ വയ്യാതായപ്പോൾ ആശ്രയം ഇവിടെതന്നെ. എന്തൊരു കഷ്ടം ! പ്രായമായ അമ്മയും ഭാര്യയും മക്കളുമായി അല്ലറചില്ലറ പ്രാരാബ്ധങ്ങളോടെ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടുമ്പോഴാണ്‌ ഈ മാരണത്തിന്റെ വരവ്‌................. ഏതായാലും മാന്യദേഹത്തിന്റെ ആഗമനം ആരോടും പറഞ്ഞില്ല.
    രാവിലെ ഇക്കാര്യം ഓർത്തില്ല. പിന്നെ ഓർത്തു... ഓടി റെയിൽവേ സ്റ്റേഷനിലേക്ക്‌. ചെന്നൈ മെയിൽ സ്റ്റേഷനിൽ വന്നു നിന്നു കിതച്ചു; ഒപ്പം രവിയും. വണ്ടിയിൽ കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും അക്രമാസക്തിയിൽ പെട്ടുപോയ വൃദ്ധനായ അമ്മാവൻ, വണ്ടി പുറപ്പെടുന്ന സമയത്താണ്‌ ആരൊക്കെയോ തള്ളിവിട്ടപോലെ പ്ലാറ്റ്ഫോമിലേക്ക്‌ വീഴുന്നത്‌ ! രവി കണ്ടു, വിറക്കുന്ന കൈകൾ..... കാലുകൾ ഭൂമിയിൽ ഉറപ്പിച്ചുനിർത്താൻ പാടുപെടുന്നു...... മുഷിഞ്ഞുനാറിയ വേഷം........ പാറിപ്പറക്കുന്ന മുടി.... കുളിച്ചിട്ട്‌ ആഴ്ചകളോളമായി കാണും. പിന്നിക്കീറിയ ഒരു തുണി സഞ്ചി ചുമലിൽ .... ഒരു മനുഷ്യന്റെ സാമ്പട്യമാവാം.....
"അമ്മാവാ...................."
ആ കണ്ണുകളിൽ ഒരു പാഴ്ജൻമത്തിന്റെ ദൈന്യത തളം കെട്ടിയ രണ്ടു തുളളി കണ്ണനീർ ഉരുണ്ടുകൂടുന്നു.
"വരൂ, പോകാം.................."
രവിയുടെ ചുമലിൽ താങ്ങിപ്പിടിച്ചുകൊണ്ട്‌ അമ്മാവൻ വീട്ടിലേക്ക്‌ നടന്നു.
സദാ ശോകമയമായ അമ്മയുടെ മുഖത്ത്‌ അന്ന്‌ സന്തോഷത്തിന്റെ തിരയിളക്കം കണ്ടു. ആങ്ങളേ വന്നിരിക്കുന്നു. അവസാനമായി വന്നപ്പോൾ ഇനി കാണുമെന്ന്‌ വിചാരിച്ചതല്ല. ഇപ്പോൾ അവശനെങ്കിലും മുന്നിൽ നിൽക്കുന്നു. അമ്മാവൻ തന്റെ തുണി സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത്‌ അമ്മക്ക്‌ നീട്ടി. അഞ്ചാറ്‌ വെറ്റിലയും ഒരു കഷണം പുകയിലയും. അമ്മ പുകയില കഷണമെടുത്ത്‌ രുചിച്ചു നോക്കി.
    " നല്ല എരിവുള്ള പുകയില. എന്റെ മോന്‌ ഇതൊന്നും കിട്ടില്ല. അവൻ വാങ്ങുന്നത്‌ തിന്നാൽ വായ ചൊറിയും എന്തെങ്കിലും പറഞ്ഞാൽ അതും കൂടി കിട്ടില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മിണ്ടാതിരിക്കാ........"
    അമ്മാവൻ രവിയെ ഒന്ന്‌ നോക്കി. രവി ആകാശത്തേക്കും.
    കുട്ടികൾ അമ്മാവനെ കാഴ്ചവസ്തുപോലെ നോക്കി നിന്നു. സഞ്ചിയിൽ നിന്ന്‌ എന്തെങ്കിലും അവരും പ്രതീക്ഷിച്ചു. അതിൽ ഒരു മുറിക്കയ്യൻ ഷർട്ടും രണ്ട്‌ കൗപീനക്കീറും മാത്രമേയുള്ളൂ എന്ന്‌ അവരുണ്ടോ അറിയുന്നു. നല്ല പകുതിയുടെ മുഖത്ത്‌ ഈ സത്വത്തെക്കൂടി ശുശ്രൂഷിക്കേണ്ടതിനെയോർത്തുള്ള വേവലാതി നിഴലിച്ചു നിന്നു.
    ഒരു തീവ്രയത്ന പരിപാടിയെന്നോണം കുടുംബസമേത സഹകരണത്തോടെ അമ്മാവനെ കുളിപ്പിച്ചെടുത്തു. "ആ പാവത്തിന്‌ ഒരാവശ്യം വന്നപ്പോൾ പുറം തിരിഞ്ഞുനിന്ന്‌ രവി ഒരു ജാതി അമേരിക്കക്കാരുടെ സ്വഭാവം കാട്ടി എന്ന്‌ നാട്ടുകാർ പറയരുതല്ലോ..." ഭക്ഷണ ശേഷം ഡോക്ടറെ കണ്ടു. അമിത മദ്യപാനം സകല നാഡീവ്യൂഹത്തേയും തകർത്തിരിക്കുന്നു. ശരീരത്തിന്റെ വിറയൽ മാറണമെങ്കിൽ ഇനി മദ്യം വേണം എന്ന അവസ്ഥയായിട്ടുണ്ട്‌.
ഏതായാലും തൂത്തും കഴുകി തുടച്ചും ഭക്ഷണം കഴിച്ചും ദിവസങ്ങൾ ആഴ്ചകളും, ആഴ്ചകൾ മാസങ്ങളുമായി. ഇപ്പോൾ ശരീരം അൽപം ഭേദപ്പെട്ടിട്ടുണ്ട്‌. 'കുങ്കുമപ്പൂവും പട്ടുസാരിയും' സീരിയലുകളൊക്കെ എന്തായിട്ടുണ്ടാകുമോ ആവോ ? ഭാര്യയുടെ ആരോടെന്നില്ലാത്ത ചോദ്യം രവി കേൾക്കുന്നുണ്ട്‌. അമ്മാവൻ തിരിച്ചുപോകുന്നില്ലേ എന്ന്‌ എങ്ങനെ ചോദിക്കും ? എങ്ങനെ ഇതിനെ തീറ്റിപ്പോറ്റും ? അല്ലെങ്കിലും എങ്ങോട്ട്‌ പോകാൻ ? കിടപ്പിലായാൽ ആര്‌ സംരക്ഷിക്കുംം ? ദിവസവും മദ്യം വാങ്ങി കൊടുക്കാൻ സാമ്പത്തികമെവിടെ ? അമ്മയോട്‌ ഇതിനെക്കുറിച്ചൊന്നും പറയാനും കഴിയില്ല. രവിയുടെ മനസ്സ്‌ കാറ്റുപിടിച്ച കൊന്നത്തെങ്ങു പോലെ ഉലഞ്ഞുകൊണ്ടിരുന്നു.
    ദിവസങ്ങൾ പിന്നെയും പലത്തു കഴിഞ്ഞു. പതിവുപോലെ കുളികഴിഞ്ഞ്‌ രവി അമ്പലത്തിൽ നിൽക്കുമ്പോഴാണ്‌ അടുത്ത ബന്ധു അപ്പുണ്ണ്യേട്ടനെ കണ്ടത്‌. വിവരങ്ങൾ അന്യോന്യം കൈമാറുന്നതിനിടയ്ക്ക്‌ അമ്മാവൻ എന്നാണ്‌ ചെന്നൈയിലേക്ക്‌ തിരിച്ചു പോകുന്നത്‌ എന്ന്‌ ചോദിക്കാൻ അപ്പുണ്ണ്യേട്ടനെ സൂത്രത്തിൽ ശട്ടം കെട്ടി.
    അന്നു വൈകീട്ട്‌ അപ്പുണ്ണ്യേട്ടൻ രണ്ട്‌ ലാർജിന്റെ പിൻബലത്തിൽ വീട്ടിൽകയറിവന്ന്‌ അമ്മാവനെ പൊതിരെ ശകാരിച്ചു;
    "എന്തിനാ ഇപ്പോ ഇങ്ങോട്ട്‌ കെട്ടിയെടുത്ത്‌ ? ആവുന്ന കാലത്ത്‌ തോന്ന്യാസം കാട്ടി നടക്കുമ്പോ പ്രായാവൂംന്ന്‌ കരുതീലേ ? അവിടെതന്നെ വല്ല തമിഴത്തിയേയും കല്യാണം കഴിച്ച്‌ കൂടായിരുന്നില്ലേ ?. ഇപ്പോ എന്താ എല്ലാം മടുത്തോ ?. നാണംല്യേ നിങ്ങൾക്ക്‌ ഇവിടെ വന്ന്‌ കിടക്കാൻ ?. ഇപ്പൊ ഒരു ബന്ധം പറഞ്ഞ്‌ ഇവിടെ കൂടാൻ പറ്റില്ല. പോയേക്കണം ഇവിടന്ന്‌."
ഇതൊന്നുമറിയാതെ ജോലി കഴിഞ്ഞ്‌ രവി വീട്ടിൽ വന്നപ്പോൾ വീട്‌ ശ്മശാന മൂകതയിലാണ്‌. സ്വതവേ ശാന്തസ്വഭാവക്കാരനായ മകൻ തേങ്ങലടിച്ചു  കൊണ്ട്‌ പറഞ്ഞപ്പോഴാണ്‌ അയാൾ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്‌.
    "മോനേ.........., അമ്മാമ എന്നാ പോകുന്നത്‌ എന്ന്‌ ചോദിക്കാൻ മാത്രമേ അച്ഛൻ അപ്പുണ്ണ്യേട്ടനോട്‌ പറഞ്ഞിരുന്നു. അത്രേ ഉണ്ടായുള്ളൂ. കാര്യങ്ങൾ ഇത്രയൊക്കെ വഷളാകും എന്ന്‌ അച്ഛൻ കരുതിയില്ല.."
    മകനെ ആശ്വസിപ്പിച്ചുകൊണ്ട്‌ അൽപം ജാള്യതയോടെ രവി അമ്മാവന്റെ അടുത്തേക്ക്‌ ചെന്നു. ശരീരമാസകാലം വിറച്ചുകൊണ്ട്‌ അമ്മാവൻ പൊട്ടിപ്പൊട്ടി കരയുകയാണ്‌. വ്യർത്ഥമായ ജീവിതത്തിന്റെ നിരാശ ആ തേങ്ങലുകളിൽ നിന്ന്‌ ഉയർന്നു കൊണ്ടിരുന്നു.
    "പോട്ടെ അമ്മാമെ...........അപ്പുണ്ണ്യേ
ട്ടൻ കള്ള്‌ കുടിച്ചെന്തെങ്കിലും പറഞ്ഞൂന്നോർത്ത്‌ ഇങ്ങനെ വിഷമിച്ചാലോ........ സാരമാക്കേണ്ട......."
    "ഇതൊക്കെ ഇവിടെ വന്നുപറയാൻ അപ്പുണ്ണ്യേട്ടനാരാ?" മകളുടെ ശബ്ദത്തിന്‌ കനം വച്ചിരിക്കുന്നു. അമ്മക്ക്‌ സഹിക്കുന്നതിലപ്പുറമുള്ള ഒരു വേദനയായിരിക്കുന്നു ഇത്‌. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ അമ്മ ആരൊക്കെയോ ശപിക്കുന്നുണ്ട്‌. ഈശ്വരാ........... ജീവിതത്തിന്റെ ഗതിവിഗതികൾ ആരറിയുന്നു. എല്ലാവരും കേൾക്കാനും സാന്ത്വനിപ്പിക്കാനുമായി രവി ഉറക്കെപ്പറഞ്ഞു;
    " അമ്മാവൻ ഇനി എവിടേക്കും പോകുന്നില്ല. ഇവിടെ ഉണ്ടാകും...... മരിക്കും വരെ നമ്മുടെ കൂടെ ജീവിക്കും.."
    ഒരു ദീർഘ നിശ്വാസത്തിൽ നിന്നും പരന്ന സന്തോഷത്തിന്റെ പ്രകാശം എല്ലാവരുടെ മുഖത്തും പ്രതിഫലിക്കാൻ തുടങ്ങി. ഭാര്യ നിസ്സംഗയായി നിന്നു.
പിന്നെ അയാൾക്ക്‌ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല . അടുത്ത മദ്യശാലയിൽ നിന്നും ഒരു കുപ്പി ബ്രാണ്ടി വാങ്ങി അമ്മാവന്‌ കൊടുത്തു. അനന്തരം രു കാലനക്കം കേട്ട്‌ തിരിഞ്ഞുനോക്കുമ്പോഴുണ്ട്‌ അപ്പുണ്ണ്യേട്ടൻ സിറ്റൗട്ടിൽ!
    " മോനേ .......... രവീ.... ഞാൻ നീ പറഞ്ഞതുപോലെ ശരിക്കും പറഞ്ഞിട്ടുണ്ട്‌. ഒന്നു മിനുങ്ങാനുള്ള കാശ്‌ എനിക്കും താടാ......."
    രവി കണ്ണിറുക്കി കാട്ടി. വീട്ടുക്കാർ കേട്ടാലോ....... നൂറു രൂപാ നോട്ട്‌ അപ്പുണ്ണ്യേട്ടനും കൊടുത്തു. അപ്പുണ്ണ്യേട്ടൻ പോയി. തിരിഞ്ഞ്‌ നോക്കി. മക്കൾ മുന്നിൽ ! മകന്റെ കണ്ണ്‌ കത്തുന്നു, പന്തം പോലെ !! അത്‌ കണ്ടില്ലെന്ന്‌ ഭാവിച്ച്‌ അയാൾ ചാരുകസേരയിൽ വീണു. അയാൾ ഓർത്തു. ധനനഷ്ടവും മാനഹാനിയും ബാക്കി. അമ്മാവൻ വീട്ടിലെ സ്ഥാനം അരക്കിട്ട്‌ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
    അടുത്ത വഴിയെ കുറിച്ചു ചിന്തിച്ച്‌ രവി ചാരുകസേരിയൽ കണ്ണടച്ചുകിടന്നു...............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...