ദീപു കാട്ടൂർ
വെയിലിൽ തിളച്ച റോഡിൽ നിന്നുയരുന്ന ചൂടും ഉച്ചിക്കുമുകളിൽ കത്തിനിൽക്കുന്ന സൂര്യനും ചേർന്ന് രാഘവന്റെ വിയർപ്പ് ചാലുകൾക്ക് ഗതിവേഗം കൂട്ടിക്കൊണ്ടേയിരുന്നു. പാൻസിന്റെ പോക്കറ്റിൽ തിരുകിയിരുന്ന നനഞ്ഞുകുതിർന്ന തൂവാലകൊണ്ടയാൾ ചെവികൾക്കുപിന്നിലൂടെ മെലിഞ്ഞ കഴുത്തുവഴി താഴേക്കൊഴുകുന്ന വിയർപ്പ് തുടച്ചുമാറ്റി. തൂവാല തിര്യെ ഇടതുപോക്കറ്റിൽത്തന്നെ നിക്ഷേപിച്ചു. വലതുകൈയിൽ പിടിച്ച വെളുത്ത വൃത്തത്തിൽ ചുവന്നനിറങ്ങളിലുള്ള ?മീൽസ് റെഡി? എന്ന ബോർഡ് കൈമാറാൻ പാടില്ല എന്നാണ് കൊച്ചുമുതലാളിയുടെ ഉത്തരവ്. ഹൈവേയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കുനേരെ ബോർഡും നീട്ടിയുള്ള തന്റെ പരാക്രമം റിസപ്ഷനരികിലുള്ള ശീതീകരിച്ച മുറിയിലെ ഗ്ലാസിലൂടെ മുതലാളിക്കു കാണാം. റെസ്റ്റോറന്റ് എന്നെഴുതിയ വലിയ ബോർഡിന്റെ നിഴലിലേയ്ക്കെങ്ങാനും ഇടയ്ക്കൊന്നു മാറിനിന്നാൽ ഉടനെ ഗേറ്റിലെ മണി അടിക്കുകയായി. അത് തനിക്കുള്ള മൂന്നാര്റിയിപ്പാണ്. ഒന്നിൽക്കൂടുതൽ തവണ മണി അടിച്ചാൽ ചീത്ത ഉറപ്പാണ്. തന്റെ ഇളയമകന്റെ പ്രായമേ കാണൂ കൊച്ചുമുതലാളിക്ക് - പക്ഷേ വായിൽ നിന്ന് വരുന്നത് കേട്ടാൽ . . . . . ഹോ! . . . . . വലിയ പഠിപ്പൊക്കെ കഴിഞ്ഞ് വന്ന് ഹോട്ടലിന്റെ ചാർജ്ജേറ്റെടുത്തിട്ട് രണ്ട് മാസം ആയി. പരീക്ഷണങ്ങളും പരിഷ്ക്കാരങ്ങളും ഇപ്പോഴും തീർന്നിട്ടില്ല. വല്യമുതലാളിയായിരുന്നപ്പോൾ തനിക്ക് ഗേറ്റിനരികിൽ ഒരു കസേരയുണ്ടായിരുന്നു. വാഹനങ്ങൾ വന്നു നിർത്തുമ്പോൾ ചാടിയെണീറ്റ് ചിരിച്ച് സലാം വച്ച് അകത്തെ പാർക്കിംഗ് ഏരിയ കാണിക്കുക മാത്രമായിരുന്നു തന്റെ ചുമതല. എന്നാൽ ഇപ്പോൾ ഇരിക്കാനുള്ള കസേര മാറി പകരം കയ്യിലൊരു ബോർഡുവന്നു. റോഡിലൂടെ കടന്നുപോകുന്ന കാറുകൾ മുതൽ മുകളിലേക്കുള്ള ഒരുവണ്ടിയും ബോർഡുകാണിക്കാതെ വിട്ടുകൂടാ എന്നാണ് കൽപന.
താൻ അരയ്ക്കുതാഴേക്ക് ചാർളി ചാപ്ലിനെപ്പോലെയാണെന്ന് പറഞ്ഞത് ക്ലീനിംഗ് ബോയ് മണികണ്ഠനാണ്. പാകമാകാത്ത വലിയ ഷൂസും വലിയ പാന്റ്സും ധരിച്ച താൻ ഒരു കോമാളിയാണെന്ന് തനിക്കും തോന്നിയിട്ടുണ്ട്. കയർ ഫാക്ടറിയിൽ ഒരു ഒറ്റത്തുകർത്ത് മാത്രമായിരുന്നല്ലോ തന്റെ വേഷം.
പല നിറത്തിലുള്ള ചായങ്ങൾ പറ്റിയ മുഷിഞ്ഞ തുകർത്തു ധരിച്ചവനാണെങ്കിലും ഫാക്ടറിയിലെ മൂപ്പനായിരുന്നു താൻ. ആ ഒരു ബഹുമാനം എല്ലാവർക്കും തന്നോടുണ്ടായിരുന്നു. എത്ര ചെറുപ്പക്കാരെയാണ് താൻ ചകിരിത്തടുക്ക് നെയ്ത്ത് പഠിപ്പിച്ചിട്ടുള്ളത്. തറക്കാലിൽ കെട്ടിവച്ച സ്കെച്ച് പേപ്പറിനനുസരിച്ച് പലനിറത്തിലുള്ള ചകിരി ചാക്കിൽ നിന്നെടുത്ത് കൈവെള്ളയിലുരുട്ടി മുഴക്കറ്റയാക്കി താട്ടുകയറിൽ കോർത്തുചേടി കുറുക്കിഴ ഓടിച്ച് വെട്ടുപലകവെച്ച് വലിയ കത്രികയാൽ വെട്ടിയെടുക്കുന്ന തടുക്കിൽ വിരിഞ്ഞ ചിത്രങ്ങൾക്കും അർത്ഥമറിയാത്ത ഇംഗ്ലീഷ് അക്ഷരങ്ങൾക്കും കണക്കില്ല. വളരെ ചെറുപ്പത്തിൽ വെട്ടുമുറി തിരിയാനും പാവോടാനുമായി കയറ്റാഫീസിൽ കയറിയതാണ്. പ്രായമായെങ്കിലും കുടുംബപ്രരാബ്ദ്ധങ്ങൾക്കിടയിൽ വിശ്രമം അറിഞ്ഞിട്ടില്ല. ഓടിത്തളർന്ന ശരീരത്തിനുള്ളിൽ അപ്രതീക്ഷിതമായി ഹൃദയം പണിമുടക്കി. ജീവിതത്തിനും മരണത്തിനുമിടയിലെ നാൽപത്തെട്ടുമണിക്കൂറുകൾ. ഐസിയുവിന്റെ തൊട്ടടുത്ത ബഡിലെ മരണങ്ങൾ കാണുമ്പോഴും മനസ്സു തളർന്നില്ല. മരണത്തെ തോൽപ്പിച്ചെങ്കിലും ഹൃദയം വളരെ ദുർബലമാണെന്നും കഠിനമായ ജോലികൾ ചെയ്യരുതെന്നുമുള്ള ഡോക്ടറുടെ ഉപദേശം മനസ്സുതളർത്തി. മരുന്നിനുതന്നെ മാസം ണല്ലോരു തുക വേണം. കുട്ടികളാണെങ്കിൽ ഒരു കരയ്ക്കെത്തിയിട്ടുമില്ല. അങ്ങനെയാണ് അദ്ധ്വാനം കുറഞ്ഞ ഈ സെക്യൂരിറ്റി പണിക്കുവന്നത്. ആരുടെയൊക്കെയോ അളവിനു തയ്ച്ച യൂണിഫോമും വലിയ ഷൂസും ഏജൻസി തന്നു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളവും അവിടെ നിന്നുതന്നെ. ജോലി ഇവിടെയും കൂലി അവിടെയും . ഇതിനിടയിൽ കമ്മീഷനായി തന്റെ വിയർപ്പിന്റെ ണല്ലോരു പങ്ക് ഏജന്റിന്റെ കയ്യിലുമാകും.
അകത്തെ അടുക്കളയിൽ നിന്നും വരുന്ന കൊതിപ്പിക്കുന്ന മണം തന്റെ വിശപ്പ് കൂട്ടിയതേയുള്ളൂ. മൂന്നുമണിവരെ നല്ല തിരക്കാണ്. അത് കഴിഞ്ഞേ താൻ ഉച്ചഭക്ഷണം കഴിക്കാവൂ എന്നാണ് നിയമം. അടുക്കളയുടെ ഓരത്ത് ചോറും സാമ്പാറും അൽപം മീൻചാറും കൂട്ടിക്കഴിച്ചു കഴിയുമ്പോൾ ചായയുടെ തിരക്കാവും. ഇവിടുത്തെ ഒരു മീൻ വറുത്തതിന് തന്റെ ദിവസവേതത്തിന്റെ ഇരട്ടിവിലയുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ, പലരുടേയും പ്ലേറ്റിൽ പകുതിയിൽ കൂടുതൽ മിച്ചം കാണും. വിലകൂടിയ ആഹാരം എത്രമാത്രം പാഴാക്കുന്നു എന്നതാണിവരുടെ പൊങ്ങച്ചത്തിന്റെ പുതിയ അളവുകോൽ. മണികണ്ഠനും ക്ലീനിംഗിലെ മറ്റുതമിഴ?ാരുമെല്ലാം ഈ പ്ലേറ്റുകൾ ഇടനാഴിയിലൂടെ പുറകിലേക്കുകൊണ്ടുപോകുന്ന വഴി ആരും കാണാതെ ഇത് അകത്താക്കിയിരിക്കും. പാതികഴിച്ച കോഴിക്കാലുകളും മുട്ടയുടെമഞ്ഞക്കുരുവുമെല്ലാം മിക്കവാറും അവർക്ക് കിട്ടാറുണ്ടെന്ന് മണികണ്ഠൻ തന്നെയാണ് തന്നോട് പറഞ്ഞത്. അധികകാലം അതിനി ലഭിക്കുമെന്നും തോന്നുന്നില്ല. വലിയ നഗരങ്ങളിൽ ദരിദ്രനാരയണ?ാർക്കായി സെക്കന്റ് ഹാന്റ് ഭക്ഷണം വിൽക്കുന്ന ഹോട്ടലുകളും മറ്റും ഉണ്ടെന്ന് കഴിഞ്ഞദിവസം കൊച്ചുമുതലാളി പറയുന്നത് കേട്ടു. അതിവേഗം മഹാനഗരമായിക്കൊണ്ടിരിക്കുന്ന ഇവിടെയും താമസിയാതെ ഉച്ചിഷ്ടത്തിനായുള്ള തിരക്കേറിയേക്കാം.
കാതടപ്പിക്കുന്ന ചീത്തവിളികേട്ടു ഞെട്ടിപ്പോയി. ചിന്തയിൽ മുഴുകി യാന്ത്രികമായി ബോർഡുകാണിക്കുന്നതിനിടയിൽ വണ്ടിക്കാരൻ പറഞ്ഞതെന്താണെന്ന് മനസിലായില്ല. എന്നോ മരിച്ച് മണ്ണടിഞ്ഞ തന്തയെയോ തള്ളയേയോഓർമ്മിപ്പിച്ചതാകും. ദിവസവും കുറഞ്ഞത് അഞ്ചാറു തവണയെങ്കിലും വണ്ടിക്കാരുടെ ചീത്തവിളികേൾക്കാം.അവരേയും പറഞ്ഞിട്ടുകാര്യമില്ല. വളരെ വേഗത്തൽ പാഞ്ഞുവരുമ്പോൾ ബോർഡുമായി നിൽക്കുന്ന തന്നെ ട്രാഫിക് പോലീസെന്ന് തെറ്റിദ്ധരിച്ച് വണ്ടിവേഗം കുറയ്ക്കുന്നതിന്റെ അമർഷമാവാം ഈ ചീത്തവിളി. അതൊരു ശീലമായിപോയി. എന്നാലും കണ്ണുകൾ നിറഞ്ഞു. കർച്ചീഫ്കൊണ്ട് കണ്ണും മുഖവും തുടയ്ക്കുന്നതിനിടയിൽ രണ്ടുവണ്ടികൾ കടന്നു പോയി. ഗേറ്റിലെ മണി വീണ്ടും മുഴങ്ങി.