എം.കെ.ഹരികുമാർ
രാവിന്റെ ആഴത്തിലേക്കൊരു
രാപ്പാടിപറക്കുകയാണ്
രാവിൻ പൂക്കൾ
പൊഴിയുന്നപോലെ
രാവ് ഒരു രാഗമായി
ആകാശത്തെ നിറയ്ക്കുകയാണ്
അജ്ഞാതമായ സിംഫണി
ഉദരത്തിലൊതുക്കി
ആ രാപ്പാടി
പറന്നുകൊണ്ടേയിരിക്കുന്നു.
നിശ്ശബ്ദതയ്ക്കുള്ളിൽ
ഒരു മഹാശബ്ദത്തെ
സംഭരിച്ചുകൊണ്ട്
വൃക്ഷാഗ്രങ്ങൾ ചെവിയോർത്തു
രാവ് ഒരു പുരാതനനഗരിപോലെ
ആകാശത്തിനും ഭൂമിക്കുമിടയിൽ
നീലച്ചോലകളായി
ചിന്നിച്ചിതറിക്കിടന്നു
രാവിനെ ഭേദിച്ച്
രാക്കാറ്റിന്റെ
ഇന്ദ്രിയാതീത കമ്പനങ്ങൾ
അറിവിന്നാഴങ്ങളിൽ
മനുഷ്യാതീതമാം മൗനം
ഇപ്പോൾ രാവ്
ഒരു വസ്തുവാണ്
അത് രാവല്ലാത്തതിനെയെല്ലാം
ചേർത്തുപിടിക്കുന്നു.
ഇല്ലാ ഈ രാവ്
ഓരോ വസ്തുവിലുമാണുള്ളത്.